Advertisment

പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് പുതുവര്‍ഷപ്പിറവി; 2023 ന് സ്വാഗതമരുളി രാജ്യം

New Update

publive-image

Advertisment

തിരുവനന്തപുരം: പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം. 2022ന് വിടചൊല്ലി 2023 പിറക്കുമ്പോള്‍, ഓരോ പുതുവര്‍ഷത്തെയും പോലെ ഏവരുടെയും മനസുകളില്‍ പുതുപ്രതീക്ഷകളും നിറയുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തടക്കം ആഘോഷങ്ങള്‍ നടന്നു. കൊച്ചി കാര്‍ണിവല്‍ അടക്കമുള്ള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷ പരിശോധനയും ഉണ്ടായിരുന്നു.

വിവിധ വിദേശരാജ്യങ്ങള്‍ നേരത്തെ തന്നെ പുതുവര്‍ഷത്തെ വരവേറ്റിരുന്നു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും യഥാക്രമം പുതുവര്‍ഷമെത്തി.

ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരവും, സിഡ്‌നിയും പുതുവര്‍ഷത്തെ വരവേറ്റത്. ഹാർബർ ബ്രിഡ്ജിലും ഓപ്പെറ ഹൌസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് നിരവധി പേര്‍ സാക്ഷിയായി.

publive-image

പ്രമുഖരുടെ ആശംസകളിലൂടെ:

മുഖ്യമന്ത്രി പിണറായി വിജയന്‍

ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടത്. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു.

Advertisment