Advertisment

ഇത്തവണ ഫുട്‌ബോള്‍ ലോകകപ്പ് ബ്രസീല്‍ പിടിക്കുമെന്ന് ശിവന്‍കുട്ടി, ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടയെന്ന് എം.എം. മണി; അര്‍ജന്റീന ജയിക്കുമെന്ന് ഇ.പി. ജയരാജന്‍! ശിവന്‍കുട്ടിയുടെ പോസ്റ്റിന് താഴെ സിപിഎം നേതാക്കളുടെ 'തമ്മിലടി'

New Update

publive-image

Advertisment

തിരുവനന്തപുരം: കായികലോകം കാത്തിരിക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് ഇനി ഒരു മാസം മാത്രം ബാക്കി. തങ്ങളുടെ പ്രിയപ്പെട്ട ടീമുകള്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ആരാധകരും സൈബറിടങ്ങളില്‍ സജീവമാണ്.

കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ക്കുന്നവരില്‍ പൊതുപ്രവര്‍ത്തകരും ഏറെയാണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. ഫുട്‌ബോള്‍ ലോകകപ്പിന് ഇനി 30 ദിവസം, ഇത്തവണ ബ്രസീല്‍ പിടിക്കുമെന്നായിരുന്നു ശിവന്‍കുട്ടിയുടെ കുറിപ്പ്. എം.എം. മണിയെയും, കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തായിരുന്നു ശിവന്‍കുട്ടി പോസ്റ്റ് പങ്കുവച്ചത്.

''ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമിവരെ എങ്കിലും എത്തണേ'' എന്നായിരുന്നു അര്‍ജന്റീന ആരാധകനായ എം.എം. മണിയുടെ കമന്റ്. കോപ അമേരിക്ക കീഴടക്കി ഫൈനലിസ്മയും നേടി, ഇനി ഖത്തറില്‍ ലോകക്കപ്പിലും മുത്തമിടും, വാമോസ് അര്‍ജന്റീന എന്ന് ഇ.പി. ജയരാജന്‍ കുറിച്ചു.

അര്‍ജന്റീന ആരാധകരായ വി.കെ. പ്രശാന്ത്, കെ.വി. സുമേഷ്, ലിന്റോ ജോസഫ്, എം. നൗഷാദ്, എം. വിജിന്‍ എന്നിവരും ശിവന്‍കുട്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

കെ.എം. സച്ചിന്‍ദേവ് എന്നാല്‍ ശിവന്‍കുട്ടിക്ക് ഒപ്പമായിരുന്നു. കപ്പ് ബ്രസീലിന് തന്നെ, മറ്റുള്ളവര്‍ക്ക് ഖത്തറിലെ കാഴ്ച കണ്ട് മടങ്ങാമെന്നായിരുന്നു സച്ചിന്റെ കമന്റ്. കപ്പ് മഞ്ഞക്കുമില്ല, നീലക്കുമില്ല, കപ്പ് ഇംഗ്ലണ്ടിന് തന്നെയെന്ന വ്യത്യസ്ത നിരീക്ഷണമായിരുന്നു പി.വി. ശ്രീനിജിന്റേത്.

Advertisment