/sathyam/media/post_attachments/APtYw0otprEwsoukH6b2.jpg)
ലുസൈല്‍: ജയം ഉറപ്പിച്ച് ഇറങ്ങിയ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് മെസിയും സംഘവും. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളൊന്നിനാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ സൗദി അറേബ്യന്‍ സംഘത്തിന് വിജയം ഒരുക്കിയത് അവരുടെ ഒത്തൊരുമയുള്ള 'ടീം വര്‍ക്ക്' ആണെന്ന് നിസംശയം പറയാം.
മത്സരത്തിലുടനീളം അക്രമണം അഴിച്ചുവിട്ട അര്‍ജന്റീനയെ സൗദി തളച്ചത് ഓഫ്‌സൈഡ് ട്രാപ്പ് ഒരുക്കിയായിരുന്നു. മികച്ച പ്രകടനത്തിന് സൗദി ഗോളിയും അഭിനന്ദനം അര്‍ഹിക്കുന്നു. പത്താം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് മെസിയിലൂടെ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്.
ഇരുടീമുകള്‍ക്ക് പിന്തുണ കൊടുക്കാന്‍ മലയാളികള്‍ അടക്കമുള്ള നിരവധി ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇന്നത്തെ മത്സരം കാണുവാൻ ഇന്ന് ഉച്ചക്ക് ശേഷം സൗദി അറേബ്യയിലെ ഗവർമെന്റ് മേഖലയിലെ എല്ലാ ഓഫീസുകൾക്കും ഗവൺമെന്റ് അവധി പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പിലെ മുന്നോട്ടുള്ള മത്സരങ്ങളിലെ പ്രകടനം എന്തായാലും, അര്‍ജന്റീനയെ തറപ്പറ്റിച്ച തങ്ങളുടെ താരങ്ങള്‍ക്ക് മികച്ച സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് സൗദി സമൂഹം. താരങ്ങള്‍ക്ക് വന്‍ പാരിതോഷികം അടക്കം പ്രതീക്ഷിക്കാം.