Advertisment

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ബാര്‍ഡ് എന്നിവയ്ക്ക്‌ എതിരാളി; 'ഏണി ബോട്ട്' അവതരിപ്പിച്ച് ബെയ്ദു

author-image
ടെക് ഡസ്ക്
New Update

ചൈനീസ് സേർച്ച് എന്‍ജിൻ ബെയ്ദു വ്യാഴാഴ്ച ഏണി ബോട്ട് എന്നറിയപ്പെടുന്ന നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് അവതരിപ്പിച്ചു. യുഎസ് റിസർച്ച് ലാബായ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് ചൈനയുടെ ഏറ്റവും ശക്തമായ എതിരാളി എന്തായിരിക്കുമെന്നതിന്റെ ഒരു സൂചന കൂടിയാണിതെന്ന് കരുതുന്നു. എന്നാൽ, പ്രതീക്ഷിച്ച പോലെ അത്ര മികച്ചതല്ല ചൈനീസ് ഏണി എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment

publive-image

വിക്ഷേപണത്തറ വിട്ട റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ. ചാറ്റ് ജിപിടിയിൽ കഥയും കവിതയും ലേഖനങ്ങളും മുതൽ മറ്റു ചില ജനറേറ്റീവ് ആർട്ട് പ്ലാറ്റ്ഫോമുകളിൽ പടംവരച്ചും ഡിജിറ്റൽ പെയിന്റിങ് ചെയ്തുമൊക്കെ എഐ സാങ്കേതികവിദ്യ വിലസുകയാണ്. ഈ സമയത്ത് തന്നെയാണ് ചൈനീസ് ഏണി വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സേർച് എൻജിൻ, ഓട്ടണമസ് ഡ്രൈവിങ് ടെക്നോളജി സേവനങ്ങൾക്ക് ചൈനയിലെ അവസാനവാക്കാണു ബെയ്ദു. എല്ലാ പരിശോധനകളും പൂർത്തീകരിച്ചാണ് എഐ സേവനം അവതരിപ്പിച്ചത് എന്നാണ് ബെയ്ദു അധികൃതർ അവകാശപ്പെടുന്നത്. ഇന്ന് ലോകത്തിൽ വളരെ പ്രചാരം നേടിയിട്ടുള്ള ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്കു തത്തുല്യമായ ഒരു ചാറ്റ്ബോട്ടിനെയാണ് ബെയ്ദുവും ലക്ഷ്യമിടുന്നത്. ബെയ്ദുവിന്റെ സേർച്, ക്ലൗഡ് ഉൾപ്പെടെ സേവനങ്ങളിലേക്കും ഈ ചാറ്റ്ബോട്ടിനെ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. സ്മാർട്ട് കാർ, സ്മാർട്ട് സ്പീക്കർ എന്നീ സേവനങ്ങളിലും ഏണി എത്തും.

ബെയ്ജിങ്ങിലെ ഹയ്ഡിയൻ ജില്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബെയ്ദുവിന്റെ സിഇഒയും സ്ഥാപകനുമായ റോബിൻ ലിയാണ് ഏണി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. എഐ സാങ്കേതികവിദ്യ നിർണായക ഘട്ടത്തിലെത്തിയെന്നും ലോകത്തെ എല്ലാ വ്യവസായങ്ങളിലും ഇതിന്റെ അനിവാര്യമായ കടന്നുകയറ്റം ഉടനുണ്ടാകുമെന്നും റോബിൻ ലി നേരത്തേ പറഞ്ഞിരുന്നു.

2000ൽ ആണ് ബെയ്ദു സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഗൂഗിൾ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സേർച് എൻജിൻ ബെയ്ദുവാണ്. സേർച് എൻജിനു പുറമേ ബെയ്ദു മാപ്സ് എന്ന മാപ്പിങ് പ്ലാറ്റ്ഫോമും ബെയ്ദു ബെയ്ക് എന്ന എൻസൈക്ലോപീഡിയയും ബെയ്ദു നൽകുന്നുണ്ട്. 2017ൽ പ്രമുഖ അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ സ്നാപ്പുമായി ബെയ്ദു കരാറിലേർപ്പെട്ടിരുന്നു.

തീർച്ചയായും ഇത് തികഞ്ഞതാണെന്ന് ഞങ്ങൾക്ക് പറയാനാവില്ല, വിപണി ഇത് ആവശ്യപ്പെടുന്നു എന്നത് കൊണ്ടാണ് അതിവേഗം അവതരിപ്പിക്കുന്നതെന്നും ഏണി ബോട്ട് അവതരിപ്പിച്ചുകൊണ്ട് റോബിൻ ലി പറഞ്ഞു. അതേസമയം, ഏണി ബോട്ടിന്റെ അവതരണം ഹ്രസ്വവും മുൻകൂട്ടി റെക്കോർഡ് ചെയ്‌തതുമായ വിഡിയോകളിൽ മാത്രമായി പരിമിതപ്പെടുത്തി. വിപണി പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ബെയ്ദുവിന്റെ ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു.

ചൈനയിൽ ടെക്നോളജി രംഗം കോവിഡ് കാലത്ത് നന്നായി കിതച്ചിരുന്നു. അതിനു മുൻപ് സർക്കാരിന്റെ ടെക്നോളജി മേഖലയിലെ ഇടപെടലുകളും ടെക് കമ്പനികളെ ഉലച്ചു. പല കമ്പനികളും ഊർജം വീണ്ടെടുക്കാനുള്ള കഠിനശ്രമത്തിലാണ്. കഴിഞ്ഞ നവംബർ 30ന് ആണ് ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. വിവിധ തുറകളിലുള്ള ഉപയോക്താക്കൾക്കിടയിൽ ചാറ്റ്ജിപിടി വലിയ ഹിറ്റായി.

ഇന്ത്യയിലെ വ്യവസായ പ്രമുഖനായ ഗൗതം അഡാനി പോലും ചാറ്റ് ജിപിടി തനിക്കു വലിയ താൽപര്യമുള്ള കാര്യമാണെന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ചാറ്റ്ജിപിടിക്ക് ഒരു ബദൽ എന്ന നിലയിലാണു ഗൂഗിളിന്റെ ബാർഡ് രംഗത്തെത്തിയത്. മറ്റൊരു ടെക് വമ്പൻമാരായ മൈക്രോസോഫ്റ്റും ഈ രംഗത്തേക്കു സജീവമായി ഇറങ്ങി കഴിഞ്ഞു.

Advertisment