Advertisment

കേരളം ഇ-വാഹന തരംഗത്തിലേക്ക്. കഴിഞ്ഞമാസം രജിസ്റ്റർ ചെയ്തത് 91,568 ഇലക്‌ട്രിക് വാഹനങ്ങൾ ! ഇ-കാർ വില്പനയിൽ 80 ശതമാനവും കൈയ്യടക്കി ടാറ്റ. സ്കൂട്ടറുകളിൽ ഹീറോയെ പിന്നിലാക്കി ഒല ഇലക്‌ട്രിക് ! അടിപൊളി ഫീച്ചറുകളുള്ള അത്യാധുനിക മോഡലുകളുമായി ഇലക്ട്രിക് കാറുകൾ. ഇലക്ട്രിക് പോസ്റ്റുകളിലും ചാർജ്ജിംഗ് സൗകര്യമൊരുങ്ങിയതോടെ ഇ-വാഹന വിപണിയിൽ കേരളം വൻ കുതിപ്പിലേക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന തരംഗം അലയടിക്കുന്നു. എല്ലാ ജില്ലകളിലും കെ.എസ്.ഇ.ബി വാഹന ചാർജ്ജിംഗ് സൗകര്യമൊരുക്കിയതോടെ വൻതോതിൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റുപോവുകയാണ്. പൊതുസ്ഥലങ്ങളിൽ ഇലക്ട്രിക് ചാർജ്ജിംഗ് കിയോസ്കുകൾ ഒരുക്കുന്നതിന് പുറമേ, ഇലക്ട്രിക് പോസ്റ്റുകളിൽ വാഹന ചാർജ്ജിംഗിന് കെ.എസ്.ഇ.ബി സൗകര്യമൊരുക്കുന്നുണ്ട്.


ചാർജ്ജിംഗിന് സൗകര്യമുണ്ടായതോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടിയത്. സെപ്തംബറിൽ എല്ലാ ശ്രേണികളിലുമായി ആകെ 91,568 ഇലക്‌ട്രിക് വാഹനങ്ങളാണ് രജിസ്‌റ്റർ ചെയ്യപ്പെട്ടത്. ഇത് എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പനയാണ്.


ആഗസ്‌റ്റിലെ 86,066 യൂണിറ്റുകളേക്കാൾ 6 ശതമാനവും 2021 സെപ്തംബറിനേക്കാൾ 167 ശതമാനവും അധികമാണിത്. 2022ലുടനീളം ഇലക്‌ട്രിക് വാഹനവില്പന മികച്ച നേട്ടമാണ് കുറിച്ചത്; ഏപ്രിലിലും മേയിലും മാത്രം തിരിച്ചടി നേരിട്ടു. ഇലക്‌ട്രിക് ടൂവീലറുകളിലെ ബാറ്ററി പൊട്ടിത്തെറി സംഭവങ്ങൾ സൃഷ്‌ടിച്ച ആശങ്കയാണ് ആ മാസങ്ങളിൽ തിരിച്ചടിയായത്.

publive-image

മാർച്ചിൽ 50,764 ഇ-ടൂവീലറുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. മേയിൽ ഇത് 40,089ലേക്ക് കൂപ്പുകുത്തി. പിന്നീട്, കഴിഞ്ഞമാസമാണ് വീണ്ടും 50,000 യൂണിറ്റുകൾ വിറ്റുപോയത്.


9,600 യൂണിറ്റുകളുമായി സെപ്തംബറിൽ ഒല ഇലക്‌ട്രിക് ഏറ്റവും ഉയർന്ന വില്പനനേട്ടം രേഖപ്പെടുത്തി. ഒകിനാവ (8,200 യൂണിറ്റുകൾ) രണ്ടാമതും ഹീറോ ഇലക്‌ട്രിക് (8,000 യൂണിറ്റുകൾ ) മൂന്നാമതുമാണ്.


കേരളത്തിൽ ഏറ്റവുമധികം വിറ്റഴിയുന്നത് ഇലക്ട്രിക് ഓട്ടോകളാണ്. ഇതിന് സർക്കാരിന്റെ മുപ്പതിനായിരം രൂപ അല്ലെങ്കിൽ വാഹന വിലയുടെ 25ശതമാനം സബ്സിഡിയുമുണ്ട്. വിൽപ്പനയിൽ 9.71ശതമാനം കാറുകൾ, 9.02ശതമാനം ടൂ വീലറുകൾ, 1.49 ശതമാനം ട്രാക്ടറുകൾ എന്നിങ്ങനെയുണ്ട്.

publive-image

ടൂവീലറുകളിൽ 27.98 ശതമാനം വിപണിവിഹിതവുമായി ഹോണ്ടയാണ് മുന്നിൽ. കാറുകളിൽ മാരുതി സുസുക്കി (39.88 ശതമാനം)​. ത്രീവീലറിൽ ബജാജ് ഓട്ടോ (30.47 ശതമാനം)​,​ വാണിജ്യ വാഹനങ്ങളിൽ ടാറ്റ (40.17 ശതമാനം)​,​ ട്രാക്‌ടറിൽ മഹീന്ദ്ര (22.91 ശതമാനം)​.


മൊത്തം വാഹനവില്പനയിൽ ഇ-വാഹനങ്ങളുടെ വിഹിതം ആദ്യമായി ആറ് ശതമാനം കടന്നിട്ടുണ്ട്. കാറുകളിൽ ടാറ്റയാണ് ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിൽ.


4,239 ഇലക്‌ട്രിക് കാറുകളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. ആഗസ്‌റ്റിനേക്കാൾ രണ്ട് ശതമാനം കുറവാണിത്; എന്നാൽ 2021 സെപ്തംബറിനേക്കാൾ 2.5 ശതമാനം അധികവുമാണ്. മൊത്തം ഇ-കാർ വില്പനയിൽ 80 ശതമാനവും ടാറ്റയുടെ മോഡലുകളാണ്.

publive-image

എല്ലാ ശ്രേണികളിലുമായി കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത് 14.61 ലക്ഷം വാഹനങ്ങളാണ്. 2021 സെപ്തംബറിലെ റീട്ടെയിൽ വില്പന 13.19 ലക്ഷമായിരുന്നു. സെമി-കണ്ടക്‌ടർ (ചിപ്പ്)​ ക്ഷാമം കുറഞ്ഞതും പുത്തൻ ലോഞ്ചുകളും ഫീച്ചർ സമ്പന്നമായ പുതിയ മോഡലുകളുമാണ് വാഹനവിപണിക്ക് ഉണർവാകുന്നത്.

Advertisment