Advertisment

അയ്യപ്പനായി വന്നത് കേരളപൊലീസാണെന്നു കാണിക്കലാണോ രക്ഷകനായ പൊലീസായി വന്നതും ഞാൻ തന്നെയാണെന്ന് പറയുന്ന അയ്യപ്പനെ കാണിച്ചു തരുന്നതാണോ ഒരു ഭക്തി സിനിമയിൽ വേണ്ടത് ? മാളികപ്പുറം സിനിമയുടെ സംവിധായകനും കഥാകാരനും കൂട്ടുത്തരവാദിത്തത്തോടെ ഉത്തരം പറയേണ്ടുന്ന ചോദ്യമാണിത്... (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

Advertisment

കൗമാര ചാപല്യമോ ? ഭക്തിയുടെ വേലിയേറ്റമോ ? അയ്യപ്പനെ കാണാൻ മോഹിച്ച കല്ലു എന്ന പെൺകുട്ടി ആരോരുമറിയാതെ മലയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നു. തന്നെ ഒറ്റയ്ക്കങ്ങനെ വിടാൻ പറ്റില്ല - പീയൂഷ് ഉണ്ണി എന്ന ബോയ് ഫ്രണ്ട് പയ്യനും കൂടെക്കൂടി. കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്ത അജയന്റെ (സൈജു കുറുപ്പ്) മകളാണ് കല്ലു.

പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിൽ വെച്ച് മാംസക്കച്ചവട മാഫിയയോ അവയവക്കടത്ത് മാഫിയയോ - മഹി എന്നൊരു തമിഴൻ വില്ലനായി വന്ന് കുട്ടികളെ നോട്ടമിടുന്നു. ഇടയ്ക്കുവെച്ച് ബസ്സിലേക്ക് കയറിപ്പറ്റുന്ന യുവസ്വാമിയായി വന്നെത്തുന്നത് (ഉണ്ണിമുകുന്ദൻ) അയ്യപ്പൻ തന്നെ എന്ന് കുട്ടികൾ കരുതുന്നു.

ബസ്സിറങ്ങി പമ്പയും കരിമലയും താണ്ടുമ്പോൾ വില്ലന്റെ കഴുകൻ വേട്ടക്കണ്ണുകൾ രക്ഷകനായി കൂടെ വന്നു ചേർന്ന യുവസ്വാമിയിൽ നിന്ന് കുട്ടികളെ അടർത്തിയെടുക്കാൻ തക്കം പാർത്തെത്തുന്നു. തുടർന്ന് അയ്യപ്പൻ അടിച്ച് എല്ലൊടിക്കലും അമ്പെയ്തൊടുക്കലും ആകപ്പാടെ ഇടിപൊടിപൂരം. കുട്ടികളുടെ സ്വാമിയേ ശരണം വിളിയും. ഒടുവിൽ ആ ശത്രുസംഹാരമൂർത്തി തന്നെ കാത്തെടുത്ത് കുട്ടികളെ മലയിൽ എത്തിക്കുന്നു.

എന്തൊക്കെയാണീ കാണിച്ചു വെച്ചിരിക്കുന്നത് ശക്തരിൽ ശക്തൻ ഡിങ്കനെപ്പോലെ ഇരിക്കുന്നല്ലോ അയ്യപ്പൻ. ചോദ്യം വരും. സംവിധായകനു പരിഭ്രമമായി. സിനിമ തീരാൻ പത്തു മിനിട്ടു കൂടിയേ ബാക്കിയുള്ളൂ. എന്തെങ്കിലും ചെയ്തേ പറ്റൂ.

മെല്ലെ പതിനെട്ടാം പടി മുന്നിലെ കൂട്ടത്തിൽ വെച്ച് അയ്യപ്പനെ എടുത്തു മാറ്റിയേക്കാം. അവിടന്നങ്ങോട്ട് കുട്ടികളുടെ കൂടെ വന്ന അയ്യപ്പനില്ല.

എവിടെ ? അയ്യപ്പാ... കുട്ടിമാളികപ്പുറം നീട്ടി വിളിച്ചു. സംവിധായകൻ തന്റേതായ മാർഗത്തിലൂടെ അവസാനനിമിഷങ്ങളിൽ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടാക്കുകയാണ്.

വീട്ടുകാർ പരാതി കൊടുത്തെത്തുന്നതും പോലീസ് കൺട്രോൾ റൂമിൽ നിന്ന് കുട്ടികളെ സുരക്ഷിതമായി കൊണ്ടു പോകുന്നതു മാണ് പിന്നെ നമ്മൾ കാണുന്നത്. കുട്ടികളെ രക്ഷിക്കാൻ വന്ന രക്ഷകയുവസ്വാമി മറ്റാരുമല്ല പൊലീസ് ഓഫീസർ സാക്ഷാൽ ഉണ്ണിമുകുന്ദപ്പനാണെന്ന് അവിടെ വെച്ച് പറഞ്ഞു തരികയാണ്.

മനോജ് കെ ജയന്റെ സർകിൾ ഇൻസ്പെക്ടർ ഹനീഫിനെക്കൊണ്ട് കുട്ടികൾ ഇറങ്ങിയതു മുതൽ എപ്പോ എവിടെയൊക്കെ വെച്ച് എങ്ങനെ ഉണ്ണിമുകുന്ദപ്പൊലീസ് വന്നിടപെടുന്നു എന്ന് വിസ്തരിച്ചു പറയിക്കുന്നുമുണ്ട്.

യുവസ്വാമി അയ്യപ്പൻ തന്നെ എന്നു കരുതിയ കുട്ടികളെയും പാവം ഭക്ത പ്രേക്ഷകനെയുമൊക്കെ വെറും ഊശിയാക്കുന്ന ഏർപ്പാടായിപ്പോയി സത്യത്തിൽ അവസാനം. പടിക്കൽ കൊണ്ട് കുടമുടച്ചു എന്നൊക്കെ കേട്ടിട്ടേയുള്ളൂ.

തോന്നിയ പോലെ ആരോടും പറയാതെ ഇറങ്ങിപ്പുറപ്പെട്ട് ഞങ്ങളെപ്പോലെ പൊലീസുകാർക്ക് പണിയുണ്ടാക്കല്ലേ എന്ന മട്ടിൽ ഗുണദോഷവും ഉപദേശവും. ഒന്നും പറയണ്ടാ. വന്ന ഭക്തി തീയറ്ററിനപ്പുറത്തെ കണ്ടം വഴി ഇറങ്ങി ഓടിയില്ലെങ്കിലാണ് അത്ഭുതം. ഭക്തി സിനിമയാണത്രേ ഭക്തി സിനിമ.

ഭക്തി സിനിമ എന്നൊന്നും പറയണമെന്നില്ല. ഏതോ ഷെട്ടിമാർവന്ന് കാന്താര എന്നും പറഞ്ഞ് വീണു ചാകാൻ കിടന്നവനെ ഗുളികൻ അലറി ഊതിയുണർത്തുന്നതും പഞ്ചുരുളി ദേഹത്ത് കയറിയ അവൻ ഉയിർത്ത് ശത്രുക്കളെ തറപറ്റിക്കുന്നതും അനുഗ്രഹം പൊഴിക്കുന്നതും കാണിച്ചപ്പോൾ തീയറ്റർ ശ്വാസമടക്കി കോൾമയിർ കൊണ്ടിട്ട് അധിക കാലമായില്ല. ഭക്തിക്കെന്ത് കുറവാണ് അവിടെ ഉണ്ടായത്. വല്ല യുക്തിഭംഗവും എവിടെയെങ്കിലുമുണ്ടോ ?

എന്നിട്ട് മലയാളത്തിലൊരു ഭക്തി സിനിമ വന്നത് ഇമ്മാതിരി ഇടപാടായിപ്പോയി. അയ്യപ്പനോ ? ഏയ്. രക്ഷകനായി വന്നത് കേരള പൊലീസാണെന്ന വാസ്തവം പറയാൻ തിരക്കായി. യുക്തിയുടെ അവബോധബലം പുരോഗമിച്ച ഒരു നാട്ടിലെ ഭക്തി സിനിമയുടെ പോക്കു നോക്കണേ.

ഏതായാലും പതിനെട്ടു പടിക്കുമുകളിലെ സന്നിധാനവും ശ്രീകോവിലും അയ്യപ്പനും ഒന്നും സിനിമയ്ക്ക് പിന്നീട് ബാധകമല്ലാത്ത പോലെയാണ്. സത്യസ്വരൂപന്റെ സന്നിധാനത്തിലേക്കോ മാളികപ്പുറത്തേക്കോ പ്രവേശിക്കാൻ കോടികളുടെ ക്ലബ്ബിൽ കയറിയാലും വിധിവശാൽ ഉണ്ണിമുകുന്ദന് കഴിഞ്ഞില്ല.

പടിക്കു താഴെ വെച്ച് രക്ഷകനായ യുവസ്വാമിയെ കാണാതായെങ്കിലും പടികയറി സന്നിധിയിലെത്തി നടതുറക്കുമ്പോൾ ശ്രീലകത്ത് ചിന്മുദ്ര കാട്ടി കുട്ടികളോട് പുഞ്ചിരിക്കുന്ന മുഖം രക്ഷക യുവ സ്വാമിയുടേതു തന്നെ എന്നു കാണിക്കാത്തതെന്ത് ? പിന്നീട് പൊലീസുകാരനാണ് എന്നു വന്നാലും കുട്ടികൾക്ക് അയ്യപ്പനോടുള്ള താദാത്മ്യത്താൽ അങ്ങനെ തോന്നിയാൽ എന്തു യുക്തിഭംഗമുണ്ടാകും അതിൽ ?

കഥയിൽ ചോദ്യമില്ല. പൊട്ടക്കഥയിൽ തീരെയില്ല. ആരോരുമറിയാതെ കുട്ടികൾ ഇരുമുടി നിറച്ച് വീട്ടിൽ നിന്നിറങ്ങുന്നതെങ്ങനെ എന്നൊന്നും ദയവായി ആലോചിക്കരുതേ. എന്തായാലും കാട്ടിൽ രക്ഷകനായി കൂടെ വന്നതും രക്ഷിച്ച് സുരക്ഷിത കരങ്ങളിലേക്ക് എത്തിച്ച പൊലീസായതും ശ്രീലകത്തിരുന്ന് കുട്ടികളെ നോക്കി ചിരിക്കുന്നതായിക്കണ്ട ശക്തിയും ഒന്നെന്ന് ഒരു ഭക്തി സിനിമ ആവശ്യപ്പെടുന്ന മട്ടിൽ ഭാവനാപുഷ്കലതയോടെ ചിത്രീകരിക്കാൻ കഴിയാതെ പോയത് വൻ പാളിച്ചയായി മാറി. യുക്തിയുടെ ന്യായമൊന്നും അവിടെ ഒരു പ്രശ്നവും സൃഷ്ടിക്കില്ല ചങ്ങാതീ. അതാണ് കലയുടെ മാന്ത്രിക വിദ്യ.

അല്ലെങ്കിൽ തന്നെ അങ്ങനെയൊരു ദിവ്യദർശനം തരാൻ കഴിയാത്ത ശക്തിയാണോ അദ്വൈതപ്പൊരുളും തത്വമസിപ്പൊരുളുമായ സാക്ഷാൽ അയ്യപ്പൻ ?ചിത്രത്തിന്റെ ശിൽപികൾ നല്ല പോലെ പോയിരുന്ന് ഒന്നൂടൊന്ന് ചിന്തിച്ചു വരണം. ഇതിപ്പോൾ ശബരിമല അയ്യപ്പൻ മാത്രം വേറെ.

ഭക്തിയെ പടി മുന്നിൽ ഉപേക്ഷിച്ചിട്ട് യുക്തിയുടെ പിറകേ ചുരുളഴിക്കാനുള്ള പുറപ്പാടാണ്. സത്യമായ പൊന്നു പതിനെട്ടാം പടിമുകളിലെ ഭക്തിയുടെ കേന്ദ്രമായ അയ്യപ്പനുണ്ടല്ലോ.. പടി മുകളിലെ ആ ദർശനാനുഭവത്തെപ്പറ്റി ചിത്രം ഏതാണ്ട് മൂകമാണ്.

അയ്യപ്പനെക്കാണാൻ കൊതിയോടെ ഓടി വന്ന കുട്ടികൾക്ക് എന്തു കിട്ടി ? യുക്തിദർശനം കിട്ടി അതു തന്നെ. എല്ലാം അവസാനത്തെ പത്തുമിനിറ്റിൽ യുക്തിഭദ്രമായി പറഞ്ഞൊപ്പിക്കാതെ സംവിധായകന് ഒരു സമാധാനവുമില്ലാ. കുട്ടികളെ ഗുണദോഷിച്ച് വീട്ടുകാരുടെ ഒപ്പം മലയിറക്കി നാട്ടിലേക്ക് തിരിച്ചയക്കുകയാണ്. തിരിച്ച് നാട്ടിലെത്തിയ പാവം ആ കുട്ടികൾ പത്രക്കാരുടെ ചോദ്യങ്ങൾക്കു മുന്നിലിരിക്കുന്ന രംഗങ്ങളിലേക്ക് കടും കൈ പോലെ ചിത്രം പ്രവേശിച്ചേക്കുമോ എന്നുവരെ തോന്നിപ്പോയി.

അറിവില്ലാതെ പറ്റിപ്പോയ താണ്. ഞങ്ങളുടെ തെറ്റാണ്. നമ്മളിങ്ങനെ പറയാതെ വീട്ടിൽ നിന്നിറങ്ങി വന്ന് വല്ല അബദ്ധത്തിലും പെട്ടാൽ ഒരു ദൈവവും സഹായിക്കാൻ ഒണ്ടാകത്തില്ലെന്നു മനസ്സിലായി. ഉത്തരവാദപ്പെട്ട പൊലീസും പട്ടാളവുമേ കാണത്തൊള്ള്. എന്നൊക്കെ കുട്ടികളെക്കൊണ്ട് പറയിച്ച് പാവം ഭക്തരെ കാണിച്ചു വിടാനും ഇവർ മടിക്കില്ല.

മലയ്ക്കു പോകാൻ മാലയിട്ടു കാത്തിരുന്ന കുഞ്ഞുമാളികപ്പുറം രവിചന്ദ്രന്റെയും വൈശാഖൻ തമ്പിയുടെയും വീഡിയോ ഗൂഗിളിൽ തിരയുന്നതും പിന്നീട് എസൻസ് ഗ്ലോബലിൽ എത്തിച്ചേരുന്നതുമായ വിശേഷം പറയാനേ ഏതായാലും ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടെങ്കിൽ കഴിയൂ. അത്ര കട്ടയുക്തിയിലേക്കാണ് സിനിമ ഒടുക്കം ചെന്നു ചേർന്നത്. സംവിധാനം ചെയ്ത വിഷ്ണു ശശിശങ്കറിനും എഴുതിയ അഭിലാഷ് പിള്ളയ്ക്കും കൂട്ടുത്തരവാദിത്തമാണുള്ളത്.


പറയണം. അയ്യപ്പനായി വന്നത് കേരളപൊലീസാണെന്നു കാണിക്കലാണോ രക്ഷകനായ പൊലീസായി വന്നതും ഞാൻ തന്നെയാണെന്ന് പറയുന്ന അയ്യപ്പനെ കാണിച്ചു തരുന്നതാണോ ഒരു ഭക്തി സിനിമയിൽ വേണ്ടത്. കോടികളിറക്കി കോടികൾ കൊയ്യാമെന്നല്ലാതെ സഹോദരൻ അയ്യപ്പൻ ജീവിച്ച നാട്ടിൽ ക്യാമറയും തൂക്കി ഇറങ്ങിയാൽ ഭക്തി സിനിമയുണ്ടാകുമോ ? അതിനിനിയും ഭക്തിയും ഭാവനാശക്തിയും വേണ്ടി വരും.


സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കാമോ എന്നെല്ലാം സന്ദേഹിക്കുന്ന സിനിമയ്ക്ക് ഉണ്ണിമുകുന്ദന്റെ നായകനെ പടിക്കുതാഴെയല്ലാതെ സന്നിധാനത്തേക്കോ മാളികപ്പുറത്തേക്കോ കയറ്റിവിടാൻ സാധിക്കാഞ്ഞത് നമ്മൾ കാണാതിരുന്നു കൂടാ. ഭക്തി സിനിമകളിൽ സാധാരണയായി കാണിക്കാറുണ്ടെങ്കിലും പേരിലല്ലാതെ മാളികപ്പുറമോ സന്നിധാനമോ ശബരിമല തിരുനടയോ ഒരു നോക്കു കാണാൻ കിട്ടിയതു പോലുമില്ല സിനിമയിൽ. സത്യസ്വരൂപന്റെ സന്നിധാനത്തിലേക്ക് പ്രവേശിക്കാനുള്ള വിഭവശേഷിയോ പ്രതിഭാവിശേഷമോ സങ്കൽപ്പ ബലമോ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവർക്കില്ല എന്നു തന്നെ പറയേണ്ടി വരും.

ദോഷം മാത്രം പറയരുതല്ലോ. കാട്ടിൽ നിന്നുള്ള സംഘട്ടന രംഗങ്ങൾ ദൃശ്യവിരുന്നൊരുക്കി എന്നു പറയാം. ഉണ്ണിമുകുന്ദന്റെ കണ്ണിറുക്കലും വശ്യമായ പുഞ്ചിരിയും മാനറിസങ്ങളും സുന്ദരം തന്നെ എന്നതും കാണാതിരിക്കുന്നില്ല. ടീജീരവിയും പിഷാരടിയും കുട്ടികളുമെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചപ്പോൾ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രം സന്നിധാനം സിഐ, ഹനീഫ്, ഘർവാപസി ആചരിക്കാനോ ദേശീയ മുസ്ലീം ആകാനോ താമസിയാതെ തയ്യാറായി വരും എന്ന മട്ടിൽ ഭക്തവേഷത്തിൽ നിൽക്കുന്നത് മറ്റൊരു പ്രതീക്ഷയാകുന്നു.

ശബരിമല സ്ത്രീ പ്രവേശനമെന്ന സുപ്രീം കോടതി വിധിതീർപ്പായ ആ വലിയ വിഷയമുണ്ടല്ലോ. അതിനെ പെണ്ണുങ്ങൾക്ക് ശബരിമലയിൽ പോകാമോ എന്ന് കുട്ടികളെ കൊണ്ട് പറയിപ്പിച്ച് കുട്ടിക്കളിയാക്കി സമാധാനിക്കുന്ന ചിത്രത്തിന് ഉണ്ണിമുകുന്ദനെ ചിന്മുദ്രാങ്കിതനായി ധ്യാനയോഗ പീഠത്തിൽ വിരിഞ്ഞിരിക്കുന്നത് കാണിക്കാൻ ത്രാണിയുണ്ടാകുമെന്നു കരുതിയോ. നിങ്ങൾക്കു തെറ്റി.

താരാരാധകരേ ഭക്തരേ, ശാന്തരാകുവിൻ. നന്ദനം മോഡൽ തോന്നലുകളും ഉണ്ണി മുകുന്ദൻ ബാഹുബലിയെപ്പോലെ ചാടിപ്പറന്ന് അമ്പയക്കുന്നതുമൊക്കെ കണ്ട് തൽകാലം സമാധാനിക്കുക.

Advertisment