Advertisment

പുതുപ്പള്ളിയില്‍ ഒരിടവഴിവക്കത്ത് പന്ത് തട്ടുന്ന കുട്ടികള്‍ യാത്രക്കാരുടെ അനക്കം കേട്ടപ്പോള്‍ കളി നിര്‍ത്തി, അപ്പോഴാണ് കണ്ടത് നടന്നുവരുന്നയാളെ, 'അത് ഉമ്മന്‍ ചാണ്ടിയാ.. കളിച്ചോടാ' എന്നൊരുത്തന്‍ ! പന്ത് തലയിലടിച്ചാലും ഉമ്മന്‍ ചാണ്ടി ചിരിക്കയല്ലേ ഉള്ളു ! ഒസി ഊര്‍ജം സ്വീകരിക്കുന്നത് ഭക്ഷണത്തില്‍നിന്നല്ല, ചുറ്റുമുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നാണ്. പുതുപ്പള്ളിക്കാർ ഏറ്റവുമധികം കേട്ട ശബ്ദമിതാണ് - 'ഹലോ ഞാന്‍ ഉമ്മന്‍ ചാണ്ടിയാണേ' ! പുതുപ്പള്ളിക്കാര്‍ കാത്തിരിക്കുകയാണ്... ചികിത്സ കഴിഞ്ഞ് ആരോഗ്യവനായി ഓസിയെത്തുന്നത്

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

ഉമ്മൻചാണ്ടി എന്ന പേരിന് ഉണ്ട് പറഞ്ഞറിയിക്കാനാവാത്ത ഊർജ്ജം. രാഷ്ട്രീയപ്രവർത്തന രംഗത്ത് നേരിന്റെയും, എളിമയുടെയും, മനുഷ്യത്വത്തിന്റെയും വേറിട്ട മുഖം നൽകിയ അനിതരസാധാരണമായ വ്യക്തിത്വം. കേരളത്തെ, കേരളരാഷ്ട്രീയത്തെ ചലനാത്മകമാക്കിയിരുന്ന ഉമ്മൻചാണ്ടിയ്ക്ക് അധികാരം ആഡംബരമായിരുന്നില്ല. ജനപ്രതിനിധി എന്തായിരിക്കണം, എങ്ങനെ ആയിരിയ്ക്കണം എന്ന് മറ്റുള്ളവരെ തന്റെ വിനീതവും കുലീനവുമായ പെരുമാറ്റത്തിലൂടെ, അദ്ദേഹത്തിന്റെ രോഗാവസ്ഥയിലും ഇന്നും ബോദ്ധ്യപ്പെടുത്തുന്നു ഈ മനുഷ്യസ്നേഹി.

വിനയവും ലാളിത്യവും മുഖമുദ്ര

"നീ എത്ര മാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാകുക" എന്ന ദൈവ തിരുവചനം ഉമ്മൻചാണ്ടിയോട് മാത്രമായാണോ ദൈവം അരുളിയത് എന്ന് തോന്നിയ്ക്കും, അദ്ദേഹം ജീവിതത്തിൽ ഉടനീളം പുലർത്തുന്ന എളിമ നമ്മൾ അനുഭവിച്ചറിയുമ്പോൾ.

ഏത് ചടങ്ങിനിടയിലും തന്നെ കാണാൻ വന്നിരിയ്ക്കുന്ന സാധാരണക്കാരനെ തിരയും അദ്ദേഹത്തിന്റെ മിഴികൾ. അവരറിയാതെ അവരെ നിരീക്ഷിയ്ക്കുന്ന കരുണാർദ്രമായ കണ്ണുകൾ. തന്നെക്കാണാൻ വരുന്ന ആളുകളുടെ കൈയ്യിൽ ചുരുട്ടി പിടിച്ചിരിയ്ക്കുന്ന പേപ്പർ ചുരുളുകളിൽ ഉടക്കുന്ന മിഴികൾ, പിന്നീട് അവരെ വേദിയിലേക്ക് ക്ഷണിയ്ക്കും.

അതല്ലെങ്കിൽ, പരിപാടികൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവർക്ക് കാണാൻ അവസരം കൊടുക്കും. ഒരാൾക്ക് പോലും മറുപടി കിട്ടാതിരുന്നിട്ടില്ല.

വീമ്പിളക്കാത്ത നായകന്‍

വീരവാദങ്ങളോ, അട്ടഹാസങ്ങളോ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. കൽപനകളും തീട്ടൂരങ്ങളും പുറപ്പെടുവിച്ചിരുന്നില്ല. രാഷ്ട്രീയ എതിരാളികൾ കുത്തിനോവിച്ചാലും തിരിച്ച് അവരെ മറുവാക്ക് പറഞ്ഞ് മുറിപ്പെടുത്താറില്ല.

ശ്ലീലമല്ലാത്ത ഒരു പദപ്രയോഗവും രാഷ്ട്രീയ എതിരാളികൾക്ക് എതിരെ പരസ്യമായോ രഹസ്യമായോ ഉപയോഗിച്ചിട്ടില്ല.

publive-image

ചെയ്യാൻ പറ്റുന്ന കാര്യങ്ങളേ പറയൂ, പറയുന്നത് ചെയ്തിരിയ്ക്കും. രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുമ്പോൾ അത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിയ്ക്കണമെന്ന് നിർബ്ബന്ധം ഉള്ള ദയാലുവായ ഭരണാധികാരി.


അദ്ദേഹം, കേരളത്തിലെ പതിനാല് ജില്ലകളിലും നടത്തിയ ജനസമ്പർക്ക പരിപാടികൾ ഇന്ത്യയിൽ മറ്റ് ഒരിടത്തും കാണാൻ കഴിയാത്തത്. ആ പരിപാടികളിൽ അദ്ദേഹം കണ്ടത് ജനങ്ങളെ ആയിരുന്നു, അവരിലെ രാഷ്ട്രീയത്തെ അല്ല.


രാഷ്ട്രീയത്തിലെ 'ദൈവം' !

കീറക്കടലാസിൽ നിവേദനം നൽകിയാലും അത് സന്തോഷത്തോടെ സ്വീകരിച്ച് കൃത്യമായി നടപടി എടുക്കുന്ന അന്യാദൃശമായ ഉത്തരവാദിത്വബോധം. ആയിരകണക്കിന് അശരണർക്കും രോഗികൾക്കും ദൈവമായിരുന്നു ഉമ്മൻചാണ്ടി.

പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരം ആണ് ഉമ്മൻചാണ്ടി. കെഎസ്‌യു ക്കാരൻ വളർന്ന് സംസ്ഥാന മുഖ്യമന്ത്രി ആയപ്പോഴും കൈവിടാതെ വിനയവും ലാളിത്യവും. "ഉമ്മൻചാണ്ടീ" എന്ന് ആര് പേരെടുത്തു വിളിച്ചാലും നിരസമോ അതൃപ്തിയോ ലവലേശമില്ലാതെ വിനയത്തോടെ തലകുനിച്ച്, ചെവി ചായ്ച്ച് അവരുടെ പരാതികൾ ശ്രദ്ധയോടെ കേൾക്കുന്ന ആത്മാർത്ഥത.

publive-image

അങ്ങിങ്ങ് കീറിയ ഖദർ ഷർട്ടും മുണ്ടും അദ്ദേഹത്തിന്റെ ലാളിത്യത്തെ ഉയർത്തി കാട്ടുന്നതായിരുന്നു. കളഞ്ഞ് പോയ ഒരു മുറിപെൻസിൽ തിരഞ്ഞ് കണ്ടെടുത്ത് ആഹ്ലാദിച്ച ഗാന്ധിജിയെ നമുക്ക് ഓർമ്മപ്പെടുത്തി തരുന്നു. എതിരാളികൾക്ക് ഒരിക്കലും എത്തിനോക്കാനാവാത്ത, ചിന്തിയ്ക്കാൻ കഴിയാത്ത ഉപഭോഗ സംസ്കാരത്തിന്റെ പാരമ്യത. അതാണ് ഉമ്മൻചാണ്ടി.

കരിങ്കല്ലുപോലുള്ള ആദര്‍ശം !

ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷ ആയിരുന്ന കോൺഗ്രസ്സ്കാരി അല്ലാതിരുന്ന ഒരംഗം, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അവരുടെ പറമ്പിൽ വലിയ മതിൽ പണിതുടങ്ങി. വലിയ വിവാദമായിരുന്നു ആ നിർമ്മാണം.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് നെൽകൃഷി ഉണ്ടായിരുന്നു. കണ്ടത്തിൽ മടവീഴ്ച എപ്പോഴും ഉണ്ടാകും. തോടിന്റെ കര കരിങ്കല്ല് കെട്ടി ബലപ്പെടുത്തുന്നതിന് നെൽകൃഷിക്കാർ നിവേദനം കൊടുത്ത്, ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തോട് കരിങ്കല്ല് കെട്ടി. എല്ലാവരുടെയും കണ്ടത്തിന്റെ അതിര് കെട്ടിതീർന്നിട്ടും ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ കണ്ടത്തിന്റെ ഭാഗം കെട്ടിയില്ല. അവസാനം നാട്ടുകാർ ഇടപെട്ടാണ് ആ പണി ചെയ്യിപ്പിച്ചത്.

publive-image

ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്ന് ആ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചതാണ്.

ആനയും കടലും ഉമ്മന്‍ ചാണ്ടിയും

അടുപ്പമുള്ള പുതുപ്പള്ളിക്കാർക്ക് ഉമ്മൻചാണ്ടി 'കുഞ്ഞൂഞ്ഞാണ്.' അത് മുദ്രാവാക്യത്തിലും പ്രകടമാകും. "കണ്ണേ കരളേ കുഞ്ഞൂഞ്ഞേ..

ധീരതയോടേ നയിച്ചോളൂ", "കണ്ണേ കരളേ ഉമ്മൻചാണ്ടീ.." "കണ്ണേ കരളേ ഉമ്മച്ചാ.." ഇങ്ങനെ അത് തരാതരം സന്ദർഭം അനുസരിച്ച് വിളികൾ മാറിമറിയും.

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആകും എന്ന് പുതുപ്പള്ളിക്കാർ നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. ഒരിക്കൽ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മീനടം മണ്ഡലത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിന് ഉമ്മൻചാണ്ടി വന്നു.


ഉമ്മൻചാണ്ടിയെ കണ്ടാൽ പിന്നെ എല്ലാവർക്കും ആവേശമാണ്. ആനയെയും കടലിനെയും എത്രകണ്ടാലും മതിവരില്ലല്ലോ ! അതുപോലെയാണ്, ഉമ്മൻചാണ്ടിയെ കണ്ടാലും കണ്ടാലും മതിവരത്തില്ല.


അന്ന് ഉമ്മൻചാണ്ടി പതിവുപോലെ വണ്ടിയിൽ നിന്നും ഇറങ്ങി. ഇറക്കി എന്നു പറയുന്നത് ആണ് ശരി. വണ്ടിയുടെ ചുറ്റും പ്രവർത്തകർ പൊതിഞ്ഞു, പതിവുപോലെ. മുദ്രാവാക്യം മുഴങ്ങി. വളരെ സീനിയറായ ഒരു ചേട്ടൻ, " കേരള മുഖ്യൻ ഉമ്മൻചാണ്ടി സിന്ദാബാദ്."

അത് കേട്ടിട്ട് എളിമയുടെ നിറവിൽ പ്രകടമായ ലജ്ജയോടെ, ആ ചേട്ടനെ സ്നേഹപൂർവ്വം വിലക്കി. " അങ്ങനെ ഒന്നും വിളിയ്ക്കല്ലേ.!"

publive-image

കരോട്ട് വള്ളക്കാലിലെ കാഴ്ചശ്രീബലി

ഞായറാഴ്ചകളുടെ രാവിലെകൾ പുതുപ്പള്ളിയിലെ "കരോട്ട് വള്ളക്കാലിൽ" കാഴ്ചശ്രീബലിയാണ്. ഭരണകക്ഷി എംഎൽഎ ആയിരിയ്ക്കുമ്പോഴും പ്രതിപക്ഷ എംഎൽഎ ആയിരിയ്ക്കുമ്പോഴും, മന്ത്രിയും മുഖ്യമന്ത്രിയും ആയിരുന്നപ്പോഴും ആ തിരക്കുകൾ എന്നും ഒരുപോലെ ആയിരുന്നു.


ശനിയാഴ്ച പാതിരാത്രി മുതൽ കരോട്ട് വള്ളക്കാലിലേയ്ക്ക് ആളുകളുടെ ഒഴുക്ക് ആരംഭിയ്ക്കും. ഉമ്മൻചാണ്ടിയെ കണ്ട് കാര്യങ്ങൾ പറഞ്ഞ് കഴിഞ്ഞാലും ആളുകൾ അവിടെനിന്ന് പോകണമെങ്കിൽ ഉമ്മൻചാണ്ടി വീട്ടിൽ നിന്നും പുറപ്പെടണം.


പാർട്ടി പ്രവർത്തകർ തമാശയോടെ പറയാറുണ്ട്, "പുതുപ്പള്ളി പെരുന്നാളിന് വരുന്ന ആളുകളേക്കാളും കൂടുതൽ ആണ് ഉമ്മൻചാണ്ടിയുടെ വീട്ടിൽ."

ശനിയാഴ്ചകളിൽ അർദ്ധരാത്രിയോടടുത്തോ,പുലർച്ചയോടടുപ്പിച്ചോ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തും. അതിന് ഒരു മാറ്റവുമില്ല.

അങ്ങനെ വരാതിരുന്ന ദിവസങ്ങൾ വിദേശത്ത് പര്യടനത്തിൽ ആയിരിയ്ക്കും. അതുമല്ലെങ്കിൽ എഐസിസി ആസ്ഥാനത്ത് ഒഴിച്ചുകൂടാനാവാത്ത മീറ്റിംഗ് ഉണ്ടാവണം. പക്ഷേ, അതൊക്കെ വളരെ അപൂർവ്വമായി മാത്രം.

പുതുപ്പള്ളി വിട്ടിലെത്തുന്നതിന്‍റെ രഹസ്യം !

ഏത് പാതിരാത്രിയിൽ വന്നാലും ഉമ്മൻചാണ്ടിയെ വരവേൽക്കുവാൻ ജനക്കൂട്ടം കാത്തിരിയ്ക്കും. അത് അറിയാവുന്നത് കൊണ്ടാണ്, ആ പ്രതീക്ഷകളെ നിരാശപ്പെടുത്താതിരിയ്ക്കാനാണ് ആഴ്ചയുടെ അവസാനം ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്.

publive-image

ഇന്ത്യയിലോ കേരളത്തിലോ ഉണ്ടെങ്കിൽ ശനിയാഴ്ചകളിൽ വീട്ടിലെത്താനുള്ള ഉമ്മൻചാണ്ടിയുടെ സ്വയം നിർബ്ബന്ധം മൂലം ആർക്കും വിശ്വസിച്ച് ഞായറാഴ്ച പുതുപ്പള്ളിയിലെത്താമായിരുന്നു. നിയോജകമണ്ഡലത്തിലെ മാത്രമല്ല കേരളത്തിലെ പതിനാല് ജില്ലകളിലെയും പ്രവർത്തകരെ പേരെടുത്തു വിളിച്ച് അവരെ അത്ഭുതപ്പെടുത്തുന്ന അപാരമായ ഓർമ്മശക്തി ഉമ്മൻചാണ്ടിയുടെ മാത്രം കഴിവാണ്.


ആയിരകണക്കിന് ടെലിഫോൺ നമ്പരുകൾ ഓർമ്മയിൽ സൂക്ഷിക്കാനുള്ള കഴിവും അദ്ദേഹത്തിന് മാത്രം. മൊബൈൽ ഫോണുകൾ പ്രചാരത്തിൽ വരുന്നതിനു മുമ്പുള്ള ലാൻഡ് ഫോൺ നമ്പരുകൾ കോഡ് സഹിതം സെക്രട്ടറിമാരോട് പറഞ്ഞ് കൊടുത്ത് വിളിപ്പിയ്ക്കുന്ന കഴിവ് അസാമാന്യമാണ്.


ഞായറാഴ്ചകളിൽ, തന്നെ കാണാൻ വരുന്ന നൂറുകണക്കിന് പ്രവർത്തകരെയും അവരുടെ ശുപാർശയിൽ വരുന്നവരെയും അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കേൾക്കുന്ന തങ്കമനസ്സ്. വെള്ളം പോകുന്ന വഴിയെ മീനുകളും പോകുന്നപോലെ, ഉമ്മൻചാണ്ടി വീടിനകത്തെ തളത്തിൽ നിന്നും അടുത്ത മുറിയിലേക്ക് പോകുമ്പോഴും അവിടെ നിന്ന് മുറ്റത്തെ വിശാലതയിലേക്കും സപ്പോട്ടമരച്ചുവട്ടിലേയ്ക്കും പോകുമ്പോഴും ആളുകൾ പുറകേ ഒഴുകും.

വീട്ടിലെ പതിവുകള്‍

എട്ടുമണിയോടെ പുതുപ്പള്ളി പള്ളിയിലെ കുർബ്ബാനയിൽ പങ്കെടുക്കുന്നതിന് മുമ്പായി പെട്ടെന്ന് ഒരു കുളി. പള്ളിയിൽ നിന്ന് തിരിച്ചു വരുമ്പോൾ മുറ്റത്തിറങ്ങി വീണ്ടും ജനങ്ങളുടെ ഇടയിലേക്ക്. അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്ന സമയത്ത് കാപ്പി കുടിയ്ക്കാൻ സമയമായെന്നറിയിച്ച് തിരക്കിനിടയിൽ മകനെ നോക്കി നിൽക്കുമായിരുന്നു അവര്‍. മിതമായ ഭക്ഷണ ശൈലി. പലപ്പോഴും ഭക്ഷണം കഴിയ്ക്കാൻ സമയം ലഭിക്കാറില്ല.

publive-image

മാതാപിതാക്കളുടെ മരണശേഷം, സഹോദരൻ അലക്സോ, അലക്സിന്റെ മക്കളോ ആ കാര്യം ഏറ്റെടുക്കും. ആളുകളുടെ ഇടയിൽ നിന്നുകൊണ്ട് പ്രഭാതഭക്ഷണം കഴിച്ചൂ കഴിച്ചില്ല എന്ന് വരുത്തി കാറിലേക്ക്. ഉമ്മൻചാണ്ടിയെ തിക്കി ഞെരുക്കിയ പ്രവർത്തകരുമായി കാർ മണ്ഡലത്തിലെ വിശാലതയിൽ എത്താൻ പൊടിപറപ്പിയ്ക്കും.

ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ പന്ത് കുഴപ്പമില്ല !

മണ്ഡലങ്ങളിലെ കല്യാണവീടുകൾ, മരണവീടുകൾ, കേറിത്താമസം, ക്ലബ്ബുകളുടെ പരിപാടികൾ, ഉത്സവം, പെരുന്നാൾ, പാർട്ടി കമ്മിറ്റികൾ, വികസനകാര്യങ്ങൾ എന്ന് വേണ്ട എല്ലാത്തിനും എല്ലായിടത്തും ഉമ്മൻചാണ്ടി എത്തിയിരിയ്ക്കും.

ഒരിക്കൽ, മണ്ഡലത്തിലെ ഒരു വീട്ടിലേക്ക് ഉമ്മൻചാണ്ടിയും സഹപ്രവർത്തകരും ചേർന്ന് പോവുകയായിരുന്നു. ആ വീട്ടിലേയ്ക്ക് വാഹനം ചെല്ലാനുള്ള വഴി ഇല്ലാതിരുന്നതിനാൽ ഉമ്മൻചാണ്ടിയുടെ വാഹനം റോഡരികിൽ ഒതുക്കി നിർത്തി ഉമ്മൻചാണ്ടിയും കൂട്ടരും നടന്നു.

നടന്ന് പോകുന്നവരെ കാണാൻ പറ്റാത്ത വിധത്തിലുള്ള ഉയർന്ന കയ്യാലകൾക്ക് നടുവിലൂടെയുള്ള ഇടവഴിയായിരുന്നു അത്. ഇടവഴിയിലൂടെ ആളുകൾ പോകുന്നത് പറമ്പിൽ നിൽക്കുന്നവർക്ക് കാണാനും സാധിയ്ക്കത്തില്ല.


കയ്യാലയ്ക്ക് മുകളിലുള്ള പറമ്പിൽ കുട്ടികൾ ക്രിക്കറ്റ് കളിയ്ക്കുന്നുണ്ട്. ഒരു കുട്ടി അടിച്ച ബോൾ തെറിച്ചു വീഴുന്നത് ഇടവഴിയിലൂടെ പോകുന്ന ഉമ്മൻചാണ്ടിയുടെ മുന്നിൽ. അപ്പോൾ മുകളിൽ നിന്ന് ഒരു കുട്ടി, "പതുക്കെ അടിയ്ക്കടാ താഴെക്കൂടെ ആളുകൾ പോകുന്നുണ്ട് " എന്ന് പറഞ്ഞു. ഉടന്‍ മറ്റൊരു കുട്ടി ഓടിവന്ന് നോക്കിയിട്ട് പറഞ്ഞു, "സാരമില്ലടാ... അത് നമ്മുടെ ഉമ്മൻചാണ്ടിയാടാ."


നിഷ്കളങ്കമായ അവന്റെ സംസാരം ഉമ്മൻചാണ്ടിയെയും കൂടെഉള്ളവരെയും ചിരിപ്പിച്ചു. കളിക്കാരെല്ലാം കയ്യാലയ്ക്ക് മുകളിൽ എത്തി. അവരോട് തമാശ പറഞ്ഞ് പേരൊക്ക ചോദിച്ച് ഉമ്മൻചാണ്ടി പന്തെടുത്ത് അവരുടെ നേരെ എറിഞ്ഞ് കൊടുത്തു. ആർത്ത് വിളിച്ച് അവർ പോയി.

ഹലോ... ഉമ്മന്‍ ചാണ്ടിയാണേ...

കുട്ടികളോടായാലും മുതിർന്നവരോടായാലും പണമുള്ളവരോടായാലും ഇല്ലാത്തവരോടായാലും ഒരേപോലെയുള്ള പെരുമാറ്റം. അവർ പറയുന്നത് മുഴുവനും കേൾക്കാൻ കാണിയ്ക്കുന്ന ക്ഷമ. അത് കേട്ടിട്ട് ഉചിതമായ നടപടി ഉടൻ. സങ്കീർണമായ പ്രശ്നങ്ങൾ ആണെങ്കിൽ അടുത്തദിവസം അങ്ങോട്ട് വന്ന് കണ്ടുകൊള്ളാമെന്ന ആശ്വസിപ്പിയ്ക്കൽ.

അത് പോലെ സർവ്വീസിലിരിയ്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയോ, സാധാരണ ഉദ്യോഗസ്ഥനെയോ മറ്റോ ഫോണിൽ വിളിയ്ക്കുമ്പോൾ, "ഹലോ.. ഉമ്മൻചാണ്ടിയാണേ.. എന്ന് തുടങ്ങുന്ന വിനയാന്വിതമായ സംസാരം ഫോൺ എടുക്കുന്നവരെയും, കേട്ടുകൊണ്ട് അടുത്ത് നിൽക്കുന്നവരെ അതിശയിപ്പിയ്ക്കാറുണ്ട്.

publive-image

ഒരിക്കൽ, അദ്ദേഹം ആഭ്യന്തരമന്ത്രി ആയിരിയ്ക്കേ എസ്എഫ്ഐ പ്രവർത്തകർ അദ്ദേഹത്തെ പാലായിലോ മറ്റോ വെച്ച് വഴിയിൽ തടഞ്ഞു. പോലീസ് അവരെ അറസ്റ്റ് ചെയ്തു. അന്ന് വൈകുന്നേരം പള്ളിയ്ക്കത്തോട്, മുക്കാലിയിൽ വനിതകളുടെ ട്രേഡ് സെന്റർ ഉദ്ഘാടനത്തിന് വരുമ്പോൾ അന്ന് പാലാ ഡിവൈഎസ്പിയോട് പറഞ്ഞു, "അവരെ വിട്ടേരെ, കേസ് എടുത്ത് ഉപദ്രവിയ്ക്കരുത് !"

മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കണ്ണൂര് വച്ച് വാഹനത്തിന്റെ ചില്ല് ജാലകം തുളച്ചെത്തിയ വലിയ കരിങ്കൽ കഷണം തന്റെ നെഞ്ച് നോക്കി എറിഞ്ഞവനോടും കാണിച്ചു ദയ. അന്നും അതിന് ശേഷവും വലിയ വാഹനവ്യൂഹം അകമ്പടി സേവിയ്ക്കണമെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചില്ല.

ഉമ്മൻചാണ്ടിയെപ്പോലെ ഇച്ഛാശക്തിയും ക്രിയാശക്തിയും ഭരണപാടവുമുള്ള രാഷ്ട്രീയ നേതാവിനെ കേരള ജനത അർഹിയ്ക്കുന്നില്ല. പക്ഷേ, പുതുപ്പള്ളിക്കാർക്ക് അദ്ദേഹത്തെ വേണം.

മണ്ഡലത്തിലെ ഓരോ പ്രവർത്തകരും ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, രീതികൾ ഒക്കെ അനുകരിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർ പ്രവർത്തിയ്ക്കുന്നത് കാണുമ്പോൾ ആർക്കും അങ്ങനെയേ തോന്നുകയുള്ളു. അദ്ദേഹത്തിന് അവർ കൊടുക്കുന്ന ഗുരുദക്ഷിണയാണ് അത്.

തന്റെ മണ്ഡലത്തിലെ ജനങ്ങളെ തന്നോട് ചേർത്ത് പിടിയ്ക്കുന്ന ഒരു ജനപ്രതിനിധി ഇന്നലെയും ഇന്നും നാളെയും ഇന്ത്യയിൽ ഉമ്മൻചാണ്ടി മാത്രമേ ഉള്ളൂ.

ഉമ്മൻചാണ്ടി ആരോഗ്യവാനായി തിരികെ വരുന്നതും കാത്ത് പ്രാർത്ഥനാനിരതരായി കഴിയുകയാണ് പുതുപ്പള്ളിക്കാർ, "ഹലോ.. ഉമ്മൻചാണ്ടിയാണേ..!"എന്ന വിനീതമായ സംസാരം കേൾക്കാൻ.!

Advertisment