Advertisment

പരീക്ഷ: നന്മകൾ സമ്മാനിക്കുന്ന നല്ല കൂട്ടുകാരൻ മാത്രം... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

രാകിയാണ് വജ്രം മിനുസപ്പെടുത്തുന്നത് പരീക്ഷണങ്ങൾക്കും പ്രയാസങ്ങൾക്കും വിധേയനായാണ് മനുഷ്യനും പൂർണ്ണനാകുന്നത്. പരീക്ഷയെ ഭയപ്പെടുന്നവരാണ് ഇന്നത്തെ വിദ്യാർത്ഥികളിൽ അധികപക്ഷവും. നിങ്ങളും അത്തരക്കാരിൽ പെട്ടവരാണെങ്കിൽ ഹൃദയത്തിന്മേൽ കൈ വെച്ച് ഒരു സെക്കൻഡ് കണ്ണടച്ചിരുന്ന് ചിന്തിക്കുക. പരീക്ഷ നിങ്ങൾക്ക് ഇതുവരെ എന്ത് പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പേനഎടുത്ത് പേപ്പറിൽ എഴുതുക.1, 2 അധികം എണ്ണം എഴുതാൻ കഴിയില്ല നിങ്ങൾക്ക്. കാരണം പരീക്ഷ നിങ്ങൾക്ക് ഗുണം മാത്രമേ നൽകിയിട്ടുള്ളൂ. എന്നാൽ മറ്റൊന്നു കൂടി ചിന്തിക്കുക, പരീക്ഷ നിങ്ങൾക്ക് നൽകിയ നന്മകൾ എന്തെല്ലാമാണെന്ന് എഴുതുക. ധാരാളമുണ്ട് നമുക്കെല്ലാവർക്കും എഴുതാൻ.

പഠനം തുടങ്ങിയ അന്നുമുതൽ പരീക്ഷയാണ് നമുക്ക് വിജയം തന്നിട്ടുള്ളത്. വിജയിച്ച നമുക്ക് രക്ഷിതാക്കളും സ്കൂൾ അധികൃതരും കൂട്ടുകാരും സമൂഹവും തന്നിട്ടുള്ള ആദരവും സമ്മാനവും പരീക്ഷ വാങ്ങിത്തന്നതാണ്. പരീക്ഷ നമുക്ക് ഒരുപാട് പുതിയ കൂട്ടുകാരെയും, പുതിയ ജീവിതാനുഭവവും, പുതിയ സ്ഥാപനങ്ങളും, സ്വപ്നങ്ങളും സമ്മാനിച്ചു എന്നത് മറക്കരുത്.

ചുരുക്കത്തിൽ പരീക്ഷയെ കുറിച്ച് നാം മനസ്സിലാക്കിയത് മാറ്റാതെ പരീക്ഷ ഭയത്തെ മാറ്റാൻ കഴിയില്ല. പരീക്ഷ എന്നാൽ നമുക്ക് വിജയം സമ്മാനിക്കാൻ വർഷാവർഷം വരുന്ന വിരുന്നുകാരൻ ആണ്. ഈ വിരുന്നുകാരനെ നാം മാസങ്ങളായി നേടിയെടുത്ത അറിവും, കഴിവും ഉപയോഗിച്ച് സൽക്കരിക്കാൻ നമുക്ക് കഴിഞ്ഞാൽ പരീക്ഷ വിജയം തന്ന് അടുത്തവർഷം വരാം. ഇനിയും വിജയം തരാം. എന്ന് ആശംസിച്ച് യാത്രയാകും. ഈ അർത്ഥത്തിൽ പരീക്ഷയെ മനസ്സിലാക്കാൻ കഴിഞ്ഞാൽ പരീക്ഷ നമ്മുടെ കൂട്ടുകാരൻ ആകും നമ്മുടെ സ്വന്തം കൂട്ടുകാരൻ.

പരീക്ഷാഭയം

പരീക്ഷ ഭയം 2 വിധമാണ് കണ്ടുവരുന്നത്‌. ആന്തരിക ഭയവും ബാഹ്യ ഭയവും. ആന്തരിക ഭയം ഉണ്ടാകുന്നതിന്റെ പ്രധാനകാരണങ്ങൾ എന്തെല്ലാം ചോദ്യം വരും, അറിയാവുന്നവ ആയിരിക്കുമോ, തിരഞ്ഞെടുത്ത് പഠിച്ചാൽ മതിയോ,

സിലബസ് മുഴുവൻ പഠിക്കണോ, എന്നീ ചിന്തകൾക്ക് പുറമെ, നമ്മുടെ കുറവുകളെ കുറിച്ചുള്ള ചിന്തയും കാരണമാകാറുണ്ട്. അക്ഷരത്തെറ്റ് കയ്യക്ഷരം അവതരണ ശൈലി എന്നിവയെ കുറിച്ച് ചിന്തിച്ച്, ആവശ്യമില്ലാതെ ഭയം ഹൃദയത്തിൽ ഉടലെടുക്കുന്നു.

ബാഹ്യഭയം ഉണ്ടാകുന്നതിന്റെ പ്രധാനകാരണങ്ങൾ . ബാഹ്യഭയം ഉണ്ടാവുന്നത് ചിന്തയില്ലാതെയുള്ള ചില രക്ഷിതാക്കാളുടെയും, അധ്യാപകരുടെയും, മാനേജ്മെന്റിന്റെയും ഇടപെടലുകൾ മൂലമാണ്. പേപ്പർ നോക്കുന്ന രൂപം, പരീക്ഷ എഴുതേണ്ടരൂപം, കുട്ടികളുടെ കുറവുകൾ എന്നിവ പറഞ്ഞ് അധ്യാപകർ കുട്ടികളെ ഉപദേശിച്ച് ഭയപ്പെടുത്തുന്നു. 100 മേനി വിജയമില്ലെങ്കിൽ വിലപിക്കുന്ന അധ്യാപകരും മാനേജ്മെന്റും വിദ്യാർത്ഥികളിലെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്നു. രക്ഷിതാക്കളും കുടുംബത്തിലെയും, അയല്പക്കത്തെയും കുട്ടികളോട് താരതമ്യം ചെയ്ത് വിദ്യാർത്ഥികളിലെ ആത്മവിശ്വാസം തല്ലിത്തകർക്കുന്നു.

പരിഹാരങ്ങളും പഠനമാർഗവും

ചോദ്യങ്ങളെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കാൻ മുൻകാല ചോദ്യക്കടലാസുകൾ നോക്കി ഉത്തരമെഴുതി പരിശീലിക്കുന്നത് നല്ലതാണ്. ഏതെല്ലാം ചോദ്യങ്ങൾ വരും എന്ന ആശങ്ക ഒഴിവാക്കാൻ പ്രധാനപ്പെട്ടത് തിരഞ്ഞെടുത്ത് പഠിക്കുന്നത് നന്നാകും. സിലബസ് മുഴുവൻ പഠിക്കുന്നതിനൊപ്പം പ്രധാനപ്പെട്ട ഭാഗങ്ങൾ പ്രത്യേകം മാർക്ക്‌ ചെയ്ത് പഠിക്കാൻ തയ്യാറാവണം.

അർത്ഥമറിയാതെ എന്തിനെയും മനപാഠമാക്കുന്ന സ്വഭാവം നല്ലതല്ലാ. മറിച്ച് ആലോചിച്ചും അപഗ്രഥിച്ചും സ്വന്തമായി മനസ്സിലാക്കിയാൽ അത് മനസ്സിൽ നിൽക്കും. മനപാഠമാകുന്നതിനേക്കാൾ ഉപകരിക്കും. ഫോർമുലകൾ രാസവാക്യങ്ങൾ, സൂത്രവാക്യങ്ങൾ എന്നിവ പ്രത്യേക വിഷയങ്ങൾ തിരിച്ച് പട്ടികയാക്കി എഴുതി സൂക്ഷിക്കുകയും ഇടയ്ക്ക് എടുത്ത് നോക്കുകയും ചെയ്യുന്നത് നന്നാവും.

അതുപോലെതന്നെ പഠനം എളുപ്പമാക്കാൻ സ്വന്തമായി ചിലത് നാം ശീലിക്കേണ്ടതുണ്ട്, ഉപന്യാസങ്ങൾ പഠിക്കാൻ പ്രധാന പോയിന്റുകൾ കുറിച്ചെടുത്ത അവയെ മാത്രം കൂട്ടിച്ചേർത്ത് വിബ്ജിയോർ പോലുള്ള ചുരുക്കെഴുത്തുകൾ, കവിതകളിലെ പാരഗ്രാഫുകളുടെ തുടക്കം എന്നിവ ചെറിയ ലിസ്റ്റ് ആക്കി കൈകളിൽ വെച്ച് ഇടയ്ക്കിടെ നോക്കി ചൊല്ലി പഠിക്കുക.

ക്രമനമ്പർ നൽകി പാരഗ്രാഫ് തിരിച്ച് അർത്ഥം മനസ്സിലാക്കി മനപ്പാഠമാക്കുക. ചിത്രങ്ങൾ വരച്ചു പഠിക്കലും. ദിവസവും കാണുന്ന സ്ഥലങ്ങളിൽ തൂക്കിയിട്ട് അതിലൂടെ വിരലുകൾ കൊണ്ട് വരക്കന്നത്തും നന്നാവും. നമ്മുടെ കുറവുകളെ കുറിച്ച് മാത്രം ചിന്തിക്കാതിരിക്കുക കഴിവുകളും കുറവുകളും ഒരുപോലെ മനസ്സിലാക്കിയും അമിത പ്രതീക്ഷ കൊണ്ട് നടക്കാതെയും പരമാവധി പഠിക്കുക. ഫലം താനേ വന്നു കൊള്ളും. നാം ആത്മാർത്ഥമായി ചെയ്യുന്നത് ദൈവം കാണുന്നു ഫലം തരേണ്ടത് അവനാണ് ആത്മാർത്ഥമായ പ്രാർത്ഥനയും ഉണ്ടാവണം.

പരീക്ഷയുടെ തലേന്ന് പഠിക്കാനുള്ള ദിവസമല്ല. പുതിയ പാഠങ്ങൾ ധൃതിപിടിച്ച് പഠിക്കുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും. നേരത്തെ പഠിച്ചത് ഒന്നു മറിച്ചു നോക്കാനും ഓർമ്മ പുതുക്കാനും ഉള്ളതാണ് ആ ദിവസം. വായിക്കുമ്പോൾ എപ്പോഴും ഒരു പേനയും നോട്ടുബുക്കും അടുത്ത് കരുതണം പ്രധാന പോയിന്റുകൾ ഇതിൽ കുറിച്ചു വെക്കുക.

പരീക്ഷയ്ക്ക് ഇനിയുള്ള ദിവസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു കലണ്ടർ രൂപപ്പെടുത്തി സമയം ചിട്ടപ്പെടുത്തുക പ്രയാസകരമായ വിഷയങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുക.

ഒരു ദിവസം ഒരു വിഷയം എന്ന രീതിയിൽ പഠിക്കാതെ ഓരു മണിക്കൂർ എന്ന രൂപത്തിൽ ക്രമീകരിക്കുന്നത് ആയിരിക്കും നന്നാവുക. ഓരോ വിഷയത്തിനും ഇടയിൽ കുറച്ചുസമയം ഇടവേളയും ക്രമീകരിക്കണം. ഇടവേളകളിൽ റിലാക്സ് ചെയ്യാൻ ശുദ്ധമായ വെള്ളം, ജ്യൂസുകൾ, കട്ടൻ ചായ എന്നിവ കുടിക്കുന്നത് നന്നാവും.

ശേഷം ബെഡ്ഷീറ്റോ പായയോ വിരിച്ച് തറയിൽ മലർന്നു കിടക്കുക. കൈകൾ അകറ്റി വെക്കുക കണ്ണുകൾ അടച്ച് ഉന്നത വിജയശേഷം നമ്മെ മറ്റുള്ളവർ അനുമോദിക്കുന്നത് മാത്രം ചിന്തിച്ച് റിലാക്സ് ചെയ്തു 10 മിനിറ്റ് കിടക്കുക. എത്ര സമയം പഠിക്കുന്നു എന്നല്ല കിട്ടിയ സമയം കൃത്യമായും ഫലവത്തായും ഉപയോഗപ്പെടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.

അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ്

സ്റ്റാറ്റസും നൂറുമേനിയും പറഞ്ഞ് വിദ്യാർത്ഥികളെ ആത്മവിശ്വാസം തന്നെ നിർവീര്യമാക്കുന്നവർ ഒരിക്കലും അതല്ല ചെയ്യേണ്ടത് ഓരോ കുട്ടികളുടെയും വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി അത് ഏത് വിധത്തിൽ അവരുടെ പരീക്ഷയിലും ജീവിതവിജയത്തിനും അനുകൂലമാകാം എന്ന് ചിന്തിച്ച് അവരുടെ കഴിവിനും കപ്പാസിറ്റിക്കും യോജിക്കുന്ന തരത്തിൽ ഫസ്റ്റ് ക്ലാസ്, റാങ്ക്, സെക്കൻഡ് ക്ലാസ്, എന്നീ ലക്ഷ്യങ്ങൾ പഠനവർഷാരംഭത്തിൽ തന്നെ നിർണയിച്ച് അതിലെത്തിക്കാൻ ആവശ്യമായ സഹായവും സപ്പോർട്ടും പ്രോത്സാഹനവുമാണ് നൽകേണ്ടത്.

പരീക്ഷക്കും അതിന്റെ ഫലത്തിനും നൽകുന്ന അമിത പ്രാധാന്യവും പരീക്ഷയെ ഒരു ജീവന്മറരണ പോരാട്ടമാക്കി മാറ്റിയും രക്ഷിതാക്കളും ഭയത്തിന് ആക്കം കൂട്ടുന്നു.പഴയതിനേക്കാളേറെ പദവിയും ധനാർത്ഥിയും ഒക്കെ ആഗ്രഹിക്കുന്നവരായി നാം മാറിയതോടെ മക്കളെ പണവും, പദവിയും സമ്പാദിക്കാനും പറയാനുമുള്ള ഒരു ഉപാധിയായി മാതാപിതാക്കൾ കാണുന്നുവെന്ന ദുഃഖസത്യം മറച്ച് വെക്കാൻ കഴിയില്ല.

ഉണ്ണാനോ, ഉറങ്ങാനോ അൽപനേരം കളികളിൽ ഏർപ്പെടാനോ, ഒന്നും സമയം നൽകാതെ പഠിക്ക് എന്ന് പറഞ്ഞ് അവരുടെ ക്ഷമ കെടുത്തുന്ന ഇത്തരക്കാർ കുട്ടിയോടോത്തിരുന്ന് ആത്മവിശ്വാസം പകർന്നു കൊടുക്കാനോ ചിട്ടയോടെ കാര്യങ്ങൾ ചെയ്ത് തീർക്കാനോ സഹായിക്കുകയാണ് വേണ്ടത്.

ഫലം വരുമ്പോൾ അഥവാ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ലെങ്കിൽ നിരാശപ്പെടുത്താതെ ആ മാർക്ക് കൊണ്ട് കിട്ടാവുന്ന മറ്റു മേഖലകളിലേക്ക് തിരിയാൻ കുട്ടികളെ പര്യാപ്തമാക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. മണ്ടന്മാരാണെന്ന് മുദ്രകുത്തപ്പെട്ട പല കുട്ടികളും പിൽക്കാലത്ത് ലോക ചരിത്ര ഗതി തന്നെ മാറ്റിമറിക്കാൻ തക്ക പ്രവർത്തികൾ ചെയ്തു ശ്രദ്ധേയരായിട്ടുണ്ട്.

നന്നായി ഉറങ്ങണം പഠിച്ചത് സൂക്ഷിക്കപ്പെടാൻ

വളരെ കൂടുതൽ സമയം ഉറക്കം ഒഴിവാക്കി പഠിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കൾ ഉണ്ട്.എന്നാൽ ഗവേഷണ ഫലങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല ഉറങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നത് അത് എങ്ങനെ പഠനപ്രക്രിയയെ ബാധിക്കും എന്ന് നോക്കാം.

എല്ലാ അവയവങ്ങളും പരിപൂർണ്ണ വിശ്രമത്തിലാണ് പഞ്ചേന്ദ്രിയങ്ങൾ എല്ലാം അടച്ച് പുറം ശല്യങ്ങളെല്ലാം ഒഴിവാക്കി പകൽ സംഭവിച്ച കാര്യങ്ങളെല്ലാം ക്രമപ്പെടുത്തി ദീർഘകാലസ്മരണയുടെ ഇടങ്ങളിൽ സ്ഥാപിക്കുന്ന ഒരു ക്രീയ നിദ്ര വേളയിൽ അന്തരംഗത്ത് നടക്കുന്നുണ്ടത്രേ. ഉറങ്ങുമ്പോൾ കൃഷ്ണമണി ചലിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.

കണ്ണിന്റെ അതിവേഗത്തിലുള്ള ചലനം തലച്ചോറിന്റെ പ്രവർത്തനത്തിന്റെ പ്രതിഫലനമായി കണക്കാക്കാം. പകൽ അനുഭവങ്ങളെ തരംതിരിച്ച് പാകപ്പെടുത്തി സൂക്ഷിച്ചു വെക്കുക എന്ന പണി വളരെ സാവധാനം നടക്കുന്ന പ്രക്രിയയായതിനാൽ കുറഞ്ഞത് അതിനാവശ്യമായ സമയം ഏഴുമണിക്കൂർ എങ്കിലും തുടർച്ചയായി ഉറങ്ങേണ്ടതുണ്ട്.

അതില്ലാതെ വരുമ്പോഴാണ് ഉറക്കം തികഞ്ഞില്ലാത്തതിനാൽ അബദ്ധങ്ങളും, ആക്സിഡന്റുകളും മറ്റും പിണയുന്നത്.

മൃദു നിദ്ര,ഗാഡ നിദ്ര,അധിഗഡനിദ്ര എന്നിങ്ങനെ തീവ്രതയനുസരിച്ച് ഉറക്കത്തെ തരം തിരിക്കാം. ഈ ഉറക്കത്തിന്റെ ഘട്ടങ്ങളെല്ലാം രാത്രി പലതവണ സംഭവിക്കുന്നുണ്ട് അപ്പോഴെല്ലാം പല അളവിൽ നേരത്തെ സൂചിപ്പിച്ച പാകപ്പെടുത്തൽ പ്രക്രിയ നടക്കുന്നുണ്ട്.

ഈ പ്രക്രിയകൾ കൃത്യമായി നടക്കുന്ന കുട്ടികൾ സാധാരണഗതിയിൽ മുടങ്ങാതെ ക്ലാസ് ശ്രദ്ധിച്ച് കുട്ടികൾക്ക് പരീക്ഷ ഹാളിൽ ഇരിക്കുമ്പോളും, ചോദ്യങ്ങൾ വായിക്കുമ്പോളും, കണക്കുകൾ ചെയ്യുമ്പോഴും, കവിതകൾ എഴുതുമ്പോഴും അധ്യാപകൻ ക്ലാസിൽ ചെല്ലുന്നത്/ ചെയ്യുന്നത് ഓർമ്മയിൽ എത്തുകയും അതുവഴി ഉത്തരമെഴുതാൻ കഴിയുകയും ചെയ്യും. ചുരുക്കത്തിൽ കുട്ടികളുടെ ഉറക്കം ക്രമത്തിൽ അധികം കുറക്കുന്നത് വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കാനുള്ള അവസരങ്ങളെ ഇല്ലാതാക്കലാണ്.

പരീക്ഷാ സമയങ്ങളിലെ ഭക്ഷണത്തിലും, കളികളിലും വേണം അല്പം ശ്രദ്ധ

എപ്പോഴും കിട്ടിയതെല്ലാം വലിച്ചുവാരി കഴിക്കുന്നത് ശരിയല്ല. എന്നതുപോലെതന്നെ പരീക്ഷാ സമയങ്ങളിലും ശ്രദ്ധിക്കേണ്ടതാണ്. അമിതാഹാരവും, ശരിയായ അളവിൽ വെള്ളം ലഭിക്കാത്തതും മലബന്ധത്തിനും, മറ്റും കാരണമാവുകയും അത് ശാരീരിക മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

മിതാഹാരവും, ദ്രവ ഭക്ഷണങ്ങൾ അധികരിപ്പിക്കലും നല്ലതാണ് പച്ചക്കറികറി, ഇലക്കറി, പഴവർഗങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുക. എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. അൽപ്പാൽപ്പമായി പതുക്കെ ചവച്ചരച്ച് കഴിക്കുക. എണ്ണ പലഹാരങ്ങൾ, ബേക്കറി വിഭവങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക.

പരീക്ഷയ്ക്ക് മുമ്പുള്ള ഈ കുറഞ്ഞ ദിവസം കളികളിൽ നിന്നും അമിതമായ ഓൺലൈൻ ഗെയിമുകളിൽ നിന്നും സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നും വിട്ടുനിൽക്കണം. മാക്സിമം ഒരു ദിവസം അരമണിക്കൂർ വരെ കളികളിൽ മുഴുകാവുന്നതാണ് എങ്കിലും കൈകാലുകൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുന്നതും, മാനസിക സംഘർഷങ്ങൾ ഉളവാക്കുന്നതുമായ കളികളിൽ നിന്ന് വിട്ടുനിൽക്കുവാൻ ശ്രദ്ധിക്കണം.

ഓൺലൈൻ ഗെയിമുകളും സോഷ്യൽ മീഡിയ സൈറ്റുകളും നമ്മുടെ പഠനസമയത്തെ കവർന്നെടുക്കുകയും, പഠന താല്പര്യത്തെ ഇല്ലാതെയാക്കുകയും, കണ്ണിനും കഴുത്തിനും ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളും വിഷാദരോഗങ്ങളും സമ്മാനിക്കുകയും ചെയ്യുന്നു. ഇതെല്ലാം നമ്മുടെ പരീക്ഷയിലെ ഉന്നത വിജയത്തെ സാരമായി ബാധിക്കും.

ചടുലതയോടെ പരീക്ഷാ ഹാളിലേക്ക്

ഹാൾടിക്കറ്റ് വാങ്ങിക്കഴിഞ്ഞാൽ അതിലെ നിർദ്ദേശങ്ങളും ടൈംടേബിളും ശ്രദ്ധിച്ചു വായിക്കുക. പരീക്ഷയുടെ സമയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുക. ചോദ്യപേപ്പറിൽ ലഭിച്ചാൽ ഉടനെ ചോദ്യ കടലാസും മാതൃകയാക്കി ഉത്തരമെഴുതാൻ തുടങ്ങരുത് ഉത്തരം എഴുതേണ്ടതിനെ തിട്ടപ്പെടുത്തി ചില ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരം എഴുതിയാൽ മതിയാവും എന്നാൽ മറ്റു ചില ചോദ്യങ്ങൾ മൂന്നെണ്ണത്തിന് ആയിരിക്കും ഇവയെല്ലാം കൃത്യമായി മനസ്സിലാക്കാൻ വേണ്ടത്ര സമയം എടുക്കണം.

ചില ഉത്തരങ്ങൾ നന്നായി അറിയുന്നതിനാൽ അത് സന്തോഷത്തോടെ നീട്ടി എഴുതുന്നത് മറ്റു ചോദ്യങ്ങൾക്ക് സമയം കിട്ടാതെ വരാൻ കാരണമാക്കും. എന്നാൽ സമയത്തിനുള്ളിൽ എല്ലാം കഴിഞ്ഞു പോകുന്നവരും ഉണ്ട്. ഉത്തരക്കടലാസിലെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് ആദ്യം തന്നെ നമ്പർ പേര് എന്നിവ അതാത് കോളങ്ങളിൽ അക്ഷരത്തിലും, അക്കത്തിലും, വലിയ, ചെറിയ, അക്ഷരം എന്നിവ ശ്രദ്ധിച്ച് എഴുതണം.

ചോദ്യപേപ്പർ വായിക്കുന്നതിനായി 5 - 10 മിനിറ്റ് നഷ്ടപ്പെടുത്തുന്നതിൽ തെറ്റില്ല. ആദ്യത്തെ വായനയിൽ അറിയുന്ന ഉത്തരങ്ങളും അതിന് ലഭിക്കുന്ന മാർക്കുകളും നോക്കി വെക്കണം. രണ്ടാം വായനയിൽ ആദ്യമാദ്യം എഴുതാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ മാർക്ക് ചെയ്യണം. ആദ്യവും അവസാനവും നന്നായി അറിയുന്ന ഉത്തരങ്ങൾ എഴുതാനും ചോദ്യങ്ങളുടെ നമ്പർ തെറ്റാതെ ചോദ്യത്തിന്റെ വചനങ്ങൾ കൊണ്ടുതന്നെ ഉത്തരങ്ങൾ തുടങ്ങാനും ആദ്യത്തെയും അവസാനത്തെയും വാചകങ്ങളിൽ പരമാവധി തെറ്റ് ഒഴിവാക്കി എഴുതാനും ശ്രദ്ധിക്കണം.

ചോദ്യത്തിലെ വാക്കുകൾ കൊണ്ട് തുടങ്ങുന്നതിനാൽ ചില വകുപ്പുകളിലെ ചോദ്യങ്ങളിൽ ഏതാണ്ട് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് പരിശോധകന് വേഗം മനസ്സിലാവും. ഉപന്യാസങ്ങളിൽ തുടക്കത്തിൽ ആകർഷണീയമോ യോജിച്ചതോ ആയ ഒരു ഉദ്ധരണി ഉണ്ടാകുന്നത് നിങ്ങളെക്കുറിച്ചുള്ള ചിത്രം വ്യക്തമാക്കും.

കാടും, പടലും, പൊടിപ്പും, തോങ്കലും എഴുതി വലുതാക്കാതെ ചെറിയ ഖണ്ഡികകളിലുള്ള ഉത്തരങ്ങൾ ആക്കി എഴുതുക.

എന്താണ് എഴുതുന്നത് എന്നല്ല എങ്ങിനെ എഴുതുന്നു എന്നതും തൂക്കത്തിലേറെ ഗുണത്തിനായിരിക്കും പരിശോധകർ വില കൽപ്പിക്കുക എന്നതും ഓർക്കുക. വലിച്ചുവാരിയെഴുതി പരിശോധകരെ പരീക്ഷിക്കാനോ, പഠിപ്പിക്കാനോ നിൽക്കരുത്. അറിയാവുന്ന കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി എഴുതുന്നതാണ് നല്ലത്.

എഴുതിയതെല്ലാം രണ്ടാമത് ഒരു ആവർത്തി കൂടി വായിച്ചു നോക്കാൻ സമയം കണ്ടെത്തണം. അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകൾ ഒഴിവാക്കാൻ ഈ വായന പ്രധാനമാണ്. ശ്രദ്ധിക്കുക ഒരിക്കൽ കൂടി. പരീക്ഷയുടെ ഫസ്റ്റ് ബെല്ലിന് മുമ്പ് ഹാളിൽ എത്തുക. പരീക്ഷാ ദിവസം അമിതാഹാരം ഒഴിവാക്കുക. പരീക്ഷ ഹാളിൽ കയറും മുമ്പ് ഒരു അവസാന മിനുട്ട് പഠനം ഉണ്ട് അത് ഒഴിവാക്കുക. ഏറ്റവും നന്നായി അറിയുന്ന ഉത്തരങ്ങൾ ആദ്യം എഴുതി തീർത്ത് ചോദ്യപേപ്പറിൽ മാർക്ക് ചെയ്ത് പ്രയാസം ഉള്ള ചോദ്യങ്ങളിലേക്ക് കടക്കുക. ഏറ്റവും പ്രയാസമുള്ളത് ഏറ്റവും അവസാനത്തിലേക്ക് മാറ്റുക.

മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ശ്രമിക്കുക.അറിയാവുന്ന ഉത്തരങ്ങൾ അറിയാവുന്നത്ര വൃത്തിയിലും കൃത്യമായും എഴുതുക. പരീക്ഷാസമയത്തിന്റെ പത്തു മിനിറ്റ് മുമ്പങ്കിലും എഴുതി തീർക്കാൻ ശ്രദ്ധിക്കണം. പരീക്ഷാ സമയത്തിന്റെ മുൻപേ കഴിഞ്ഞാലും സമയം കഴിഞ്ഞു മാത്രം ഹാൾ വിടുക. എല്ലാ പ്രിയ കൂട്ടുകാർക്കും ഉന്നത വിജയം ആശംസിക്കുന്നു.

Advertisment