Advertisment

ആറ് വർഷത്തെ ഇടത് ഭരണം - അഴിമതിയുടെ നാറിയ കഥകളുടെ ബാക്കിപത്രമായി മാറുകയാണോ - പ്രതികരണത്തിൽ തിരുമേനി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പിണറായി വിജയൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ആറ് വർഷം പൂർത്തിയാക്കുമ്പോൾ ഭരണത്തിന്റെ ബാലൻസ് ഷീറ്റിൽ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും ആരോപണങ്ങൾ നിറയുന്നു. ഇക്കാലയളവിൽ സംസ്ഥാനം നേരിട്ട ദുരന്തങ്ങൾ എല്ലാം രാഷ്ട്രീയമായി മുതലാക്കി.

ഓഖിയുടെ പേരിൽ ലഭിച്ച സഹായം, പ്രളയത്തിന്റെ പേരിൽ ലഭിച്ച സഹായം, കോവിഡിന് ലഭിച്ച കോടികളുടെ സഹായം ഇതെല്ലാം എവിടെപ്പോയി? പി പി ഇ കിറ്റ് വാങ്ങിയതിലെ കൊടിയ അഴിമതിയുടെ ഫയൽ പോലും കാണാനില്ല. പ്രളയ ഫണ്ട് തട്ടിയെടുത്ത സഖാവിനെ പൂർവാധികം ശക്തിയോടെ പാർട്ടിയിൽ തിരിച്ചെടുത്തു.

കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയിൽ പാവങ്ങൾക്ക് വീട് വയ്ക്കാൻ നൽകിയ പണം ലൈഫ് മിഷൻ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തിന്റേതാക്കി മാറ്റിയെടുത്തു. കോവിഡ് കാലത്ത് കേന്ദ്രം നൽകിയ പണം എടുത്ത് കിറ്റാക്കി സംസ്ഥാനത്തിന്റെ അക്കൗണ്ടിൽ ജനങ്ങൾക്ക് നൽകി വോട്ടാക്കി മാറ്റി.

പ്രളയ ഫണ്ടിന്റേയും ഓഖി ഫണ്ടിന്റേയും കണക്ക് ഇത് വരെ ഓഡിറ്റ് പോലും ചെയ്തിട്ടില്ല. ആരോഗ്യ രംഗത്ത് അഴിമതി നിറഞ്ഞാടുകയാണ്. കൈക്കൂലി നൽകാതെ ഡോക്ടർമാർ രോഗികളെ നോക്കുകയില്ല.

കൈക്കൂലി നൽകാതെ വില്ലേജ് ഓഫീസർമാർ സർട്ടിഫിക്കറ്റുകൾ നൽകുകയില്ല. കൈക്കൂലി നൽകാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവയിൽ നിന്ന് നിർമ്മാണ അനുമതി നൽകുകയില്ല. ക്വാറി ഉടമകൾ, മദ്യ വ്യവസായികൾ തുടങ്ങിയവരിൽ നിന്ന് കോടികളാണ് കൈക്കൂലി വാങ്ങുന്നത്.

ഘട്ടംഘട്ടമായി മദ്യവർജനം നടപ്പാക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ അറുനൂറിലേറെ ബാറുകൾക്ക് അനുമതി നൽകി. ഇപ്പോഴിതാ മയക്ക്മരുന്ന് കച്ചവടത്തിലും സഖാക്കൾ പെട്ടിരിക്കുന്നു. താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകർക്ക് നക്കാപ്പിച്ച എറിഞ്ഞ് കൊടുത്ത് പാർട്ടിയോടൊപ്പം നിൽക്കുന്ന വ്യവസായ ലോബിയെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്.

ഇതിനെല്ലാം പുറമേയാണ് സ്വർണകടത്ത്, ഡോളർ കടത്ത്, റിവേഴ്സ് ഹവാല തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങൾ. ഇത് നടത്തുന്നത് സാദാ ക്രിമിനലുകൾ അല്ല. ഭരണത്തിലിരിക്കുന്നവരാണ്.

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ രേഖകൾ ആണ് സ്പ്രിംഗ്ളറിന് നൽകി കോടികൾ ഉണ്ടാക്കിയത്.

ജനങ്ങളെ തെരുവ് തെണ്ടികൾ ആക്കി തീർക്കുന്ന ഭരണമാണ് പിണറായിയുടേത്. പണ്ടൊക്കെ ഇടത് മുന്നണികൾ ഭരിക്കുമ്പോൾ പാർട്ടിയുടെ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ പിണറായി എന്ന സർവാധിപതിയുടെ മുമ്പിൽ പാർട്ടി എന്നൊന്നില്ല. പിണറായി മാത്രം.

ഇതിനെല്ലാം പുറമേയാണ് ഖജനാവിലെ പണം എടുത്ത് നടത്തുന്ന ധൂർത്ത്.

പഠിച്ച് പരീക്ഷ എഴുതുന്ന പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ട ജോലി പിൻവാതിലിലൂടെ കയറുന്നവർ കൈക്കലാക്കുന്നു. വൻ അഴിമതി ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് കെ - റയിൽ. അത് നടന്നില്ല. ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് നൽകുന്നത് വഴി കോടികളുടെ ഇടപാട് നടക്കും എന്ന് പറയപ്പെടുന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കരാർ ലഭിച്ച വ്യക്തി തന്നെയാണ് കൃത്രിമമായി അഗ്നിബാധ സൃഷ്ടിച്ചത് എന്നാണ് പുതിയ ആരോപണം. ഉന്നതനായ സി പി എം നേതാവിന്റെ മരുമകനാണ് ഇയാൾ. കോടികൾ കൈപ്പറ്റിയ ശേഷം മാലിന്യം സംസ്ക്കരിക്കാതെ തീയിട്ടുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ അഴിമതികൾക്കെല്ലാം സർക്കാർ കൂട്ടുനിൽക്കുകയാണ്.

സർക്കാർ മാത്രമല്ല പ്രതിപക്ഷവും ബി.ജെ.പിയും പലതും കണ്ടില്ലെന്ന് നടിക്കുന്നുവെന്നത് സംശയം ജനിപ്പിക്കുന്ന ഒന്നാണ്. ഇന്ന് ഭരണം എന്നത് അഴിമതിയായി മാറിയിരിക്കുന്നു.  ഇങ്ങിനെ കരുതുന്നവരെ തെറ്റ് പറയാൻ പറ്റില്ല.

Advertisment