ഇന്ന് ലോക ജല ദിനം. ദേവകളും അപ്സരസ്സുകളും ഗന്ധർവ്വൻമാരും പറന്നിറങ്ങി, താമരപ്പൊയ്കകളിലും അരുവികളിലും ജലകേളികളും നീരാട്ടും നടത്താൻ കൊതിയ്ക്കുന്ന താരാപഥത്തിലെ ഏറ്റവും ദൃശ്യ സുന്ദരമായ നീലഗ്രഹമാണ് നമ്മുടെ ഭൂമി. പൃഥ്വിയിലെ ജലത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരിയ്ക്കുകയാണ് ഈ ജലാഘോഷ ദിനത്തിന്റെ ലക്ഷ്യം എന്ന് ഐക്യരാഷ്ട്ര സഭ. പുനരുൽപാദിപ്പിയ്കാനാകാത്ത ജലം എന്ന അമൂല്യ സമ്പത്ത്, നാളെകളെക്കുറിച്ച് ചിന്തിയ്ക്കാതെ ജനങ്ങൾ ദുരുപയോഗം ചെയ്യുന്നത് മൂലം കിട്ടാക്കനിയായി മാറും...

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

മാർച്ച് 22 ലോക ജലദിനമായി ആഘോഷിയ്ക്കാൻ തുടങ്ങിയത് 1993 മാർച്ച് 22 മുതലാണല്ലോ. 1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയം ആയിരുന്നു ജലദിനം ആഘോഷിയ്ക്കുക എന്നത്.

1992 മാർച്ച് 22 ന് ചേർന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, അടുത്തവർഷമായ 1993 മാർച്ച് 22 മുതൽ വരും വർഷങ്ങളിലെ എല്ലാ മാർച്ച് 22 - ഉം, ലോക ജലദിനമായി ആഘോഷിയ്ക്കാൻ തീരുമാനിയ്ക്കുകയായിരുന്നു.

ഓരോ വർഷവും ജലദിനത്തിന് വെവ്വേറെ പ്രമേയങ്ങൾ ആണ് ഐക്യരാഷ്ട്ര സഭ കൊണ്ടു വരുന്നത്.
" അദൃശ്യമായതിനെ ദൃശ്യമാക്കുന്നു" എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രമേയം. അത് ഭൂഗർഭജലത്തിന്റെ ലഭ്യതയെയും, കാര്യക്ഷമമായ ഉപയോഗക്രമത്തെക്കുറിച്ചും ജനങ്ങളെ ശ്രദ്ധാലുക്കളാക്കാൻ വേണ്ടി ആയിരുന്നു.

publive-image

"മാറ്റം ത്വരിതപ്പെടുത്തുന്നു" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രമേയമാണ് 2023 മാർച്ച് 22 ന് ലോക ജലദിനത്തിൽ ഐക്യരാഷ്ട്ര സഭ ചർച്ചചെയ്യുന്നത്. മാറ്റം ത്വരിതപ്പെടുത്തുന്നു എന്ന വിഷയത്തെ ഐക്യരാഷ്ട്ര സഭ വിവക്ഷിയ്ക്കുന്നത് ഇതാണ്. "ആ മാറ്റം ലക്ഷ്യം കാണാൻ പതിവിലും കൂടുതൽ വേഗം കൈവരിയ്ക്കേണ്ടതും, കൂട്ടായ ഉത്തരവാദിത്തം ഓരോരുത്തരും ഉൾക്കൊണ്ട് പ്രവർത്തിയ്ക്കുന്നതിനും നൂതനമായ പദ്ധതികൾ തയ്യാറാക്കി ഐക്യരാഷ്ട്ര സഭയെ സഹായിയ്ക്കേണ്ട സമയമാണ് ഇത്."

"അപ്പോൾ ലോകത്തിലെ സകലമാന ജനങ്ങളുടെയും ശുചിത്വനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാതലായ മാറ്റങ്ങൾ ത്വരിതപ്പെടുത്താനും, ലോകത്തിലെ ഓരോ പൗരനും ശുദ്ധജലം ലഭ്യമാക്കുവാനും ഞങ്ങൾക്ക് സഭയ്ക്ക് കഴിയും." യു എൻ അസംബ്ലി വ്യക്തമാക്കുന്നു.

publive-image

ഓരോരുത്തരും വിവേകത്തോടെ ജലം ഉപയോഗിയ്ക്കാൻ ശീലിയ്ക്കണം. പല്ല് ബ്രഷ് ചെയ്യുന്നത് ടാപ്പ് തുറന്നിട്ട് കൊണ്ടാകരുത്. കുളിയ്ക്കുമ്പോൾ ബക്കറ്റിൽ വെള്ളം പിടിച്ച് കുളിയ്ക്കുന്നതിനേക്കാൾ ഷവറ് ഉപയോഗിയ്ക്കണം.

പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരണം, വൃക്ഷങ്ങൾ നട്ടു വളർത്തണം, നദീ തീരങ്ങളും കുളങ്ങളും തടാകങ്ങളും ലോക ജലദിനത്തിൽ വൃത്തിയാക്കണം. പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോഴും ഷോപ്പിംഗ് ചെയ്യുമ്പോഴും റീ സൈക്കിൾ ചെയ്തതും ചെയ്യാൻ പറ്റുന്നതും ആയ ക്യാരിബാഗുകൾ ഉപയോഗിയ്ക്കണം, ഓരോ വീടുകളിലും കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ ഉപയോഗം പരമാവധി സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ചർച്ച ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളും ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കേരളം ഒരു ജലകൊട്ടാരം

കേരളത്തിലേയ്ക്ക് വരുന്ന പുറം രാജ്യങ്ങളിലെ സഞ്ചാരികളെ ആകർഷിക്കുന്നത് നമ്മുടെ പടിഞ്ഞാറൻ തീരത്തെ ജലസമൃദ്ധിയാണ്, ഉൾനാടൻ കായലുകളും അതിലേക്ക് ഒഴുകി പടരുന്ന നദികളാണ്, എവിടെ നോക്കിയാലും കാണുന്ന ഹരിതാഭമായ കാഴ്ചകളാണ്.

publive-image

മുപ്പത്തി നാലോളം കായലുകളും,നാൽപ്പത്തി നാലോളം പുഴകളും ആയിരക്കണക്കിന് കാട്ടരുവികളും തോടുകളും കുളങ്ങളും പതിനായിരക്കണക്കിന് കിണറുകളും കുളങ്ങളും കേരളത്തെ ഹരിതാഭമാക്കുന്നു. 62 അണക്കെട്ടുകളും 40 വലിയ ജലസംഭരണികളും, ചെറിയ 5 ജല സംഭരണികളും 7- ഓളം തീരെ ചെറിയ ജലസംഭരണികളും ഒക്കെ ചേർന്ന് കേരളം ഒരു ജലകൊട്ടാരമാണന്ന് ഏതെങ്കിലും സഞ്ചാരിയുടെ കുറിപ്പുകളിൽ കണ്ടേക്കാം.

എന്നാൽ, കേരളത്തിൽ വലിയ വരൾച്ചയും അനുഭവപ്പെടുന്നു എന്ന് പറഞ്ഞാൽ വിശ്വസിയ്ക്കാൻ പ്രയാസമാണ്. ഓരോ വർഷവും വർദ്ധിച്ചു വരുന്ന ചൂട് കേരളത്തിലെ ജലസമ്പത്തിനെ ബാഷ്പീകരിച്ച് ഇല്ലാതാക്കുന്നു.

നൂറുകണക്കിന് കിണറുകൾ, വറ്റാത്ത ഉറവകളുണ്ടായിരുന്ന കിണറുകൾ, വെള്ളം വറ്റി പൊട്ടക്കിണറുകളായി മാറുന്നു. കുളങ്ങൾ നികത്തി നികത്തി കുളങ്ങളെ ഇല്ലാതാക്കുന്നു.

publive-image

ജനങ്ങൾ വെള്ളത്തിനായി പരക്കം പായുന്ന കത്തുന്ന വേനൽക്കാലം. വെള്ളവും കൊണ്ട് ടാങ്കറുകളും ചെറിയ ലോറികളും ചീറിപ്പായുന്ന ഉത്സാഹക്കാലം. വെള്ളമടിക്കാരുടെ നല്ലകാലം. "വെള്ളം വെള്ളം സർവത്ര.. തുള്ളി കുടിയ്ക്കാനില്ലത്രെ" എന്ന് പ്രസിദ്ധമായ രണ്ടു വരികൾ ഓർമ്മിയ്ക്കാം.

മലനാട്, ഇടനാട് തീരപ്രദേശം എന്ന് ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ തിരിച്ചിട്ടുണ്ടല്ലോ. മലനാട്ടിലെ കുന്നിൻ മുകളിൽ കുഴിച്ച കിണറുകളിൽ വെള്ളം സമൃദ്ധമായി ലഭിയ്ക്കുമ്പോൾ ഈയിടെയായി ഇടനാട്ടിലെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന പല മേഖലകളിലും കിണറുകളിൽ കുടിവെള്ളം ലഭ്യമല്ല എന്നത് അമ്പരപ്പ് ഉണ്ടാക്കുന്നു.

ജലം ജീവനാണ്

എന്തിനാണ് ശാസ്ത്ര ലോകം ചൊവ്വയിലും ചന്ദ്രനിലും ജല സാന്നിദ്ധ്യം കണ്ടെത്താൻ നിരന്തരം ശ്രമിയ്ക്കുന്നത്. ജലം ജീവനാണ്, ജലത്തിലാണ് ആദ്യ ജീവൻ ഉണ്ടായതെന്ന് അറിയാവുന്നത് കൊണ്ടല്ലേ. ഭൂമിയ്ക്ക് പുറത്ത് ജീവന്റെ പുതുതുടിപ്പുകൾ ഉണ്ടന്ന് കേൾക്കാൻ കൊതിയ്ക്കുകയാണ് ലോകം.

publive-image

ഭൂമിയുടെ ഒരു ഭാഗം അടർന്ന് പോയി ഉണ്ടായതാണ് ചൊവ്വാ ഗ്രഹം എന്ന് ശാസ്ത്രഞ്ജർ. ഭാരതത്തിലെ പൗരാണിക ജ്യോതിഷികൾ പറഞ്ഞ് വെച്ചത് അവർക്ക് വഴികാട്ടിയായി എന്ന് അനുമാനിയ്ക്കേണ്ടി വരുന്നു. വെള്ളം തേടി ചൊവ്വയിലേയ്ക്കുള്ള യാത്ര ഒരു പക്ഷേ, ഭൂമീ പുത്രനെ, (ധരണീഗർഭസംഭൂതം..)* ഒന്ന് കണ്ടേക്കാമെന്ന് വച്ചിട്ട് കൂടി ആകണം.

പാൽക്കടലിൽ പിറന്ന ഗ്രഹമാണ് ചന്ദ്രൻ എന്ന് അന്തരംഗത്തിൽ അവർ മനനം ചെയ്തതിനെ വിശകലനം ചെയ്തിട്ടാണ് ചന്ദ്രനിലേക്ക് വെള്ളം തേടി യാത്ര ആരംഭിച്ചത്. താരാപഥങ്ങളിലെ ജീവൻ തേടിയുള്ള യാത്ര.

പറഞ്ഞ് വരുന്നത്, ജലം ഉണ്ടെങ്കിൽ ജീവനുണ്ട്, ജലം ഇല്ലങ്കിൽ ജീവനില്ല എന്ന സത്യം. ഭാരതത്തിലെ ഋഷിവര്യരും മുനികളും താപസരുമെല്ലാം ജലത്തെ ദേവതയായി സങ്കൽപിച്ച് ആരാധിച്ചു പോന്നു. മഴയുടെ, ജലത്തിന്റെ ദേവനെ അവർ സൃഷ്ടിച്ച് വരുണൻ എന്ന് പേരിട്ടു.

publive-image

ഭാരതീയരായവരെല്ലാവരും നദികളെ ദേവീ സങ്കൽപത്തിൽ പൂജിച്ച് ആദരിച്ചു. ഗംഗയും യമുനയും സരസ്വതിയും സിന്ധുവും പ്രീയപ്പെട്ടവരായി. സിന്ധുവിന്റെ തടങ്ങളിൽ നാഗരികത വിളഞ്ഞ് സംസ്കാരം തഴച്ചു വളർന്നു. സിന്ധു നദിയുടെ ഓളങ്ങൾ വേദങ്ങളുടെ പിറവിയ്ക്ക് കാഴ്ചക്കാരായി.

ഇങ്ങനെ ഒക്കെ നദികളെ, പ്രകൃതിയെ ആരാധിച്ചിരുന്ന,ബഹുമാനിച്ചിരുന്ന ജനങ്ങളും, നാഗരികതയും സംസ്കാരവും സരസ്വതി നദിയും നിയതിയുടെ കരങ്ങളാൽ പൃഥ്വിയുടെ മാറിലലിഞ്ഞു ചേർന്നു.മറ്റ് നദികൾ അപ്പോഴും പുതിയ നൂറ്റാണ്ടുകളിലേയ്ക്ക് ഒഴുക്ക് തുടർന്നു.

നദികളെ,ജലത്തെ ദേവതയായി സങ്കൽപിച്ച് ആരാധിച്ചു പോന്ന സംസ്കാരം പിൻതുടർന്ന ജനങ്ങൾ ഇന്ന് നദികളെ മലിനപ്പെടുത്തുവാൻ മത്സരിയ്ക്കുകയാണ്. കേരളത്തിലെ എല്ലാ നദികളും കായലുകളും കുളങ്ങളും തടാകങ്ങളും കാട്ടരുവികളും തോടുകളും മാലിന്യ വാഹിനികളായി.

publive-image

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരക്കണക്കിന് ടൺ വരുമെന്ന് പഠന റിപ്പോർട്ട് പുറത്ത് വന്നു. എന്തുകൊണ്ടാണ് നമ്മൾ ജലത്തെ വിലയില്ലാ ചരക്കായി കാണുന്നത്. പുനരുൽപാദിപ്പിയ്ക്കാനാകാത്ത ജലത്തെ, അതിന്റെ ഉറവിടത്തിൽ തന്നെ കൊണ്ടുപോയി കക്കൂസ് മാലിന്യം ഒഴുക്കാൻ പോന്ന മനസ്സാക്ഷി ഇല്ലാത്ത പൈശാചിക മനസ്കരായി മാറിയവരെ കുറിച്ച് എന്ത് പറയാനാണ്.

ഫാക്ടറികൾ പുഴയിലേക്ക് തള്ളുന്ന വിഷലിപ്ത മലിനജലം, രാസമാലിന്യ ജലം പുഴയുടെ നിശ്ശബ്ദ നൊമ്പരമായി. പുഴ പോറ്റി വളർത്തുന്ന കൊച്ചു കൊച്ചു ജീവനുകൾ, തീരത്ത് ചാമരം വീശുന്ന മരങ്ങൾ ഒക്കെ വിഷജലം കുടിച്ച് പിടയുന്നത് ആരറിയാൻ.

publive-image

കുളങ്ങളിലേയ്ക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ള ജൈവ, ഖരമാലിന്യങ്ങളടങ്ങിയ ചാക്ക് കെട്ടുകൾ കുളം മലിനപ്പെടുത്തി ജലത്തെ ഉപയോഗയോഗ്യമല്ലാതാക്കുന്നു. ജലത്തിനോടെന്തിന് ഈ കൊടും ക്രൂരത. തിളച്ച് തൂകുന്ന വെയിലിലൊരു സ്വാന്തനമായി കുഞ്ഞുറവകൾ പലയിടങ്ങളിലും ഇപ്പോഴും കാണാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.

ജലം പാഴാക്കുന്ന കേരളം

വെള്ളം പാഴാക്കി കളയുന്നതിന് കേരളത്തിലെ ജനങ്ങൾക്ക് ഒരു കുറ്റബോധവും ഇല്ല. നാൾക്കുനാൾ ശോഷിച്ചു വരുന്ന ശുദ്ധജലം അവർക്ക് വിഷയവും അല്ല. എങ്ങനെ എങ്കിലും അന്നന്നത്തെ ജലാവശ്യങ്ങൾ നടന്നു കിട്ടിയാൽ മാത്രം മതി.

ജലം പാഴാക്കുന്നതിൽ കേരളീയരെ മാത്രം പഴിചാരുന്നതിൽ അർത്ഥമില്ല.ആഗോളതലത്തിലും ജലം ഗണ്യമായി പാഴാക്കുന്നുണ്ട് എന്നത് കൊണ്ടാണല്ലോ ഐക്യരാഷ്ട്ര സഭ ലോക ജലദിനം പ്രഖ്യാപിച്ച് ബോധവൽക്കരണം നടത്തുന്നത്.

publive-image

വെള്ളം പാഴാക്കാതിരിയ്ക്കാനും ജനങ്ങളെ ശ്രദ്ധാലുക്കളാക്കാനും വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾ എത്രമാത്രം അതിനെ ഉൾക്കൊള്ളുന്നുണ്ട് എന്ന് പറയാൻ പറ്റത്തില്ല. വെള്ളം പോലെ ഒഴുക്കി കളയുന്നു എന്ന് ചില സമയങ്ങളിൽ ചില പ്രവൃത്തികളെ നമ്മൾ വിലയിരുത്താറില്ലേ.

വിലയില്ലാത്ത ഒരു വസ്തു എന്ന നിലയിലാണ് ജലത്തെ കാണുന്നത് എന്ന് ആ തരത്തിലുള്ള പ്രസ്താവന ബോദ്ധ്യപ്പെടുത്തുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഏറ്റവും സങ്കടകരമായ കാര്യം ഇതാണ്. എത്ര മനോഹരികളാണ് നമ്മുടെ കൊച്ചു കേരളത്തിലൂടെ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദികൾ. ആയിരകണക്കിന് കൈത്തോടുകളും കുഞ്ഞരുവികളും ചേർന്ന് നിറച്ച് പോഷിപ്പിച്ച നദികളുടെ ശാലീനസുന്ദരതയെ വർണിയ്ക്കാത്ത കവികളുണ്ടോ. കവികളുടെ വർണ്ണനകളേറ്റവും കൂടുതൽ പുളകിതയാക്കിയത് നിളയെ ആണ്. മലയാളികളുടെ "കാവ്യനദി"യായ വയലാറിന്, പെരിയാർ ശാലിനയായ നാടൻ പെണ്ണാണ്.

publive-image

ദൗർഭാഗ്യവശാൽ നമ്മുടെ നദികളെല്ലാം നാശോന്മുഖമായിക്കൊണ്ടിരിയ്ക്കുന്നത് ആരെയാണ് വേദനിപ്പിയ്ക്കാത്തത്. പെരിയാർ വിഷലിപ്തമായി, പെരിയാർ കൃശഗാത്രയായി. നിള സരസ്വതി നദിയെപ്പോലെ അന്തർദ്ധാനം ചെയ്യുമോ.

നദികൾ പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും കക്കൂസ് മാലിന്യങ്ങളുടെയും സ്ഥിരനിക്ഷേപകേന്ദ്രങ്ങളാക്കി. ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നദികൾ വഹിയ്ക്കുന്നത്. കുളിയ്ക്കുന്നതിനും അലക്കുന്നതിനും, എന്തിന്, ഭക്ഷണം പാകം ചെയ്യുന്നതിന് പോലും നദികളിലെ ജലം ഉപയോഗിച്ചിരുന്ന പിൻ തലമുറകൾ എത്രയോ ഭാഗ്യം ചെയ്തവരായിരുന്നു.

ജലം പാഴാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് ഹോട്ടലുകളും ഇതര ഭക്ഷണ ശാലകളുമാണന്ന് പഠനങ്ങൾ തെളിയിക്കുന്നു. വ്യവസായശാലകൾ, കാർഷിക മേഖലകൾ, സർവ്വീസ് സ്റ്റേഷനുകൾ,റെയിൽവേ,
വൻകിട ഹോട്ടലുകൾ, പാർപ്പിട കോളനികൾ തുടങ്ങി എല്ലാ മേഖലകളിലും ജലത്തിന്റെ ഉപയോഗവും ദുരുപയോഗവും വർദ്ധിച്ച തോതിൽ ആണ്.

publive-image

വഴി നീളെ വാട്ടർ അതോറിറ്റിയുടെ പൊതു ടാപ്പുകൾ പലപ്പോഴും കേടായി ജലം പാഴാക്കുന്നതിന് പുറകിൽ സാമൂഹ്യ വിരുദ്ധർ ആണ്. പിന്നെ വാഹനങ്ങൾ ഇടിച്ച് തകർക്കുന്നവയുമുണ്ട്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കേരളത്തിലെ ശുദ്ധജല വിതരണ കുഴലുകളിൽ കൂടുതലും.

അശ്രദ്ധയോടെയുള്ള റോഡ് നിർമ്മാണതിന്റെ ഫലമായി കേരളത്തിലങ്ങോളമിങ്ങോളം ജലവിതരണ കുഴലുകൾ തകർക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിഡബ്ല്യുഡി വിഭാഗത്തിന്. പിന്നെ കെഎസ്ഇബി യും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും.

ഓരോ തുള്ളി ജലവും നമ്മൾ പാഴാക്കുമ്പോൾ ഓർമിയ്ക്കേണ്ടത്, പലതുള്ളി പെരുവെള്ളം എന്ന യാഥാർത്ഥ്യം ആണ്. പുനരുൽപാദിപ്പിയ്ക്കാനാകാത്ത അതിവിശിഷ്ടമായ രസായനമെന്ന ദിവ്യാമൃതമാണ് ജലം.

publive-image

എന്ത് തന്നെയായാലും ജലം പാഴാക്കുന്നതിന് ഒരു മടിയുമില്ലാത്ത നമ്മളെ കാത്തിരിയ്ക്കുന്നത്, അല്ല നമ്മുടെ വരും തലമുറകളെ കാത്തിരിയ്ക്കുന്നത് ശുദ്ധജലരഹിതമായ ഒരു ഭൂമി ആയിരിയ്ക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ്.

ചൊവ്വയിലെയും ചന്ദ്രനിലെയും ജലം പ്രതീക്ഷിച്ചാണോ ഇരിയ്ക്കുന്നത്. ഇവിടെ സുലഭമായ നിർമ്മലജലം മലിനപ്പെടുത്തി അന്യഗ്രഹങ്ങളിൽ ചേക്കേറിയാൽ അതും മലിനപ്പെടുത്തില്ലേ.

ഏതോ സഞ്ചാരി എടുത്ത മാനസസരസ്സിന്റെ ഒരു ഛായാചിത്രത്തിൽ കണ്ട് കാഴ്ച ഞെട്ടിച്ചു. തീർത്ഥാടകർ ഉപേക്ഷിച്ച് പോയ പ്ലാസ്റ്റിക് മാലിന്യങ്ങൾ, അതിന്റെ പുളിനങ്ങളിൽ പൂജ നടത്തിയതിന്റെ അവശിഷ്ടങ്ങൾ.!

* നവഗ്രഹ സ്തോത്രത്തിൽ ചൊവ്വയുടെ സ്തോത്രം ആരംഭിയ്ക്കുന്നത്.