Advertisment

മാർ ജോസഫ്‌ പാംപ്ലാനിയുടെ പരാമര്‍ശം സംസഥാനത്ത് ഒരു രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുന്നു; ഏഴ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഒരിക്കലും റബർ കർഷകരുടെ ഒപ്പം നിന്നിട്ടില്ല; ഏഴ് വർഷമായി കേരളം ഭരിക്കുന്ന സി.പി.എമ്മും റബ്ബർ കർഷകർക്ക് വേണ്ടി എന്ത് ചെയ്തു ? ഇരുപാര്‍ട്ടികള്‍ക്കും മാർ ജോസഫ്‌ പാംപ്ലാനിയെ വിമര്‍ശിക്കാന്‍ അവകാശമില്ല; എന്തായാലും പാംപ്ലാനി പിതാവ് എയ്ത് വിട്ട അസ്ത്രം പലരുടെയും ബോധം കെടുത്തി - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

1957 ലെ ഇഎംഎസ് മന്ത്രിസഭയുടെ അന്ത്യം കുറിച്ചത് വിമോചന സമരമായിരുന്നു. അന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ എൻഎസ്എസും വിവിധ കത്തോലിക്കാ സഭകളും ചേർന്ന് നടത്തിയ ജന മുന്നേറ്റത്തിന്റെ പരിസമാപ്തിയായി പ്രധാനമന്ത്രി നെഹ്റു ഇഎംഎസ് മന്ത്രിസഭയെ പിരിച്ചു വിട്ടു.

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലാണ് എൻഎസ്എസിനേയും ക്രൈസ്തവ സഭകളേയും ചൊടിപ്പിച്ചത്. വീണ്ടും കേരള രാഷ്ട്രീയം ഒരു ദശാസന്ധിയിൽ എത്തി നിൽക്കുകയാണോ ? ആണെന്ന് തന്നെ പറയേണ്ടിവരും.


തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ്‌ പാംപ്ലാനി കഴിഞ്ഞ ദിവസം നടത്തിയ ഒരു വെളിപ്പെടുത്തൽ സംസഥാനത്ത് ഒരു രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുന്നു. റബ്ബറിന്റെ തറവില കിലോഗ്രാമിന് 300 രൂപയാക്കി വർധിപ്പിച്ചു തീരുമാനമെടുക്കാമെങ്കിൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം എന്നാണ് പാംപ്ലാനി പിതാവ് പറഞ്ഞത്.


അതോടെ പിതാവിന്റെ മേൽ പൊങ്കാല ഇടാൻ തുടങ്ങി. സിപിഎമ്മിന് ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എംഎൽഎ ഇതിനെ പുച്ഛിച്ച് തള്ളി. മതന്യൂനപക്ഷങ്ങൾ മോദിക്ക് മുമ്പിൽ തല കുനിക്കുന്നു എന്ന് വേറെ ചിലർ. വിമർശനം കനത്തപ്പോൾ പാംപ്ലാനി പിതാവ് പറഞ്ഞത് ഇതാണ്.

ഇതുവരെ മാറി മാറി ഭരിച്ച കോൺഗ്രസ്, സിപിഎം മന്ത്രിസഭകൾ കേന്ദ്രത്തിലാവട്ടെ, കേരളത്തിലാവട്ടെ റബ്ബർ കർഷകരെ സഹായിക്കുന്ന ഒരു നിലപാടും എടുത്തിട്ടില്ല. കേന്ദ്രം ഭരിക്കുന്നവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു. സഭയ്ക്ക് ഒരു രാഷ്ട്രീയവുമില്ല. താൻ കർഷക പക്ഷത്ത് നിന്നാണ് സംസാരിക്കുന്നത്. റബ്ബർ കർഷകരുടെ സ്ഥിതി വളരെ പരിതാപകരമാണ് - പാംപ്ലാനി പറഞ്ഞു.

കേരളത്തിൽ യുഡിഎഫിന് 19 എം.പിമാരില്ലേ ? മോദിയെ ചീത്തവിളിക്കുകയല്ലാതെ കേരളത്തിലെ കർഷകർക്ക് വേണ്ടി, റബ്ബർ വില കൂട്ടാൻ വേണ്ടി ഇവർ പാർലമെന്റിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ? യുഡിഎഫിന് പാംപ്ലാനി പിതാവിനെ വിമർശിക്കാൻ ധാർമ്മിക അവകാശമുണ്ടോ ? കഴിഞ്ഞ ഏഴ് വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയൻ റബ്ബർ കർഷകർക്ക് വേണ്ടി എന്ത് ചെയ്തു ?

അപ്പോൾ എൽഡിഎഫിനും പാംപ്ലാനി പിതാവിനെ വിമർശിക്കാൻ അവകാശമില്ല. സിപിഎമ്മിന് ഒരു കാര്യം പറയാം. തങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നിട്ടില്ല എന്ന്. എന്നാൽ കോൺഗ്രസിന് അതും പറ്റില്ല. ഏഴ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഒരിക്കലും റബർ കർഷകരുടെ ഒപ്പം നിന്നിട്ടില്ല.

വൻകിട ടയർ കമ്പനികളിൽ നിന്നും കോടികൾ വാങ്ങി റബ്ബറിന്റെ ഇറക്കുമതി തീരുവ എല്ലാക്കാലത്തും കുറച്ചു കൊടുത്തു കോൺഗ്രസ്. ഈ വീക്ഷണകോണിൽ നിന്ന് വേണം പാംപ്ലാനി പിതാവിനെ നോക്കാൻ.


റബ്ബറിന്റെ തറവില 300 രൂപയാക്കും എന്ന ഉറപ്പ് തന്നാൽ ബിജെപിക്ക് കേരളത്തിൽ എംപിഇല്ല എന്ന കുറവ് ഞങ്ങൾ നികത്തി തരാം എന്നാണ് അദ്ദേഹം പറഞ്ഞത്. നെറ്റിചുളിയുന്നവരുടെ ചോദ്യം ക്രിസ്ത്യാനികൾ ബിജെപിക്ക് എതിര് നിൽക്കാൻ നിയോഗിക്കപ്പെട്ടവരല്ലേ. അതായത് സിപിഎമ്മും കോൺഗ്രസും നൽകുന്ന ഉച്ഛിഷ്ടം ഭക്ഷിച്ച് ക്രിസ്ത്യാനികൾ കിടന്നോളണം എന്ന്.


ഇവിടെ മറ്റൊരു വിമോചന സമരത്തിന് ഉള്ള സാധ്യതയില്ല. കാരണം അന്നത്തെ പോലെ എൻഎസ്എസ് നേതൃത്വം ശക്തമല്ല. എൻഎസ്എസും എസ്എൻഡിപിയും പിണറായിയുടെ ശൗര്യത്തിന് മുമ്പിൽ ഓച്ഛാനിച്ച് നിൽക്കുകയാണ്.

അപ്പോൾ ക്രൈസ്തവ സഭകൾ മാത്രമേ കർഷകർക്ക് ആശ്രയമുള്ളു.

കർഷകരോട് ചേർന്ന് നിൽക്കുന്ന ഒരു സഭയ്ക്കും സഭാദ്ധ്യക്ഷനും പാംപ്ലാനിപിതാവിന്റെ നിലപാടിനെ തള്ളാനാവില്ല. അധികാരത്തിൽ ഇരുന്ന സമയങ്ങളിൽ കർഷകരെ സഹായിക്കാതെ ഇപ്പോൾ പാംപ്ലാനി പിതാവിനെ ചീത്ത പറഞ്ഞിട്ട് എന്ത് കാര്യം ?


കേരളത്തിലെ ക്രൈസ്തവ സഭകൾ ബിജെപിക്ക് ഒപ്പം നിന്നാൽ അതിൽ അദ്ഭുതപ്പെടാനില്ല. കൊടിയുടെ നിറവും പാർട്ടി ചിഹ്നവുമല്ല കർഷകർക്ക് പ്രധാനം. അവർ ഉദ്പാദിപ്പിക്കുന്ന നാണ്യവിളകൾക്ക് ന്യായമായ വില കമ്പോളത്തിൽ കിട്ടുക എന്നതാണ്‌ പ്രധാനം.


എന്തായാലും ബിജെപിക്ക് കേരളത്തിൽ ഒരു വാതിൽ തുറന്ന് കൊടുത്തിരിക്കുകയാണ്. ഇത് പാംപ്ലാനി പിതാവിന്റെ മാത്രം ബുദ്ധിയിൽ നിന്ന് ഉദിച്ചതാണെന്ന് കരുതുക വയ്യ. വിവിധ സഭാ മേലധ്യക്ഷൻമാർ ഒന്നിച്ചിരുന്ന് എടുത്ത തീരുമാനമാവാനാണ് വഴി.

പാംപ്ലാനി പിതാവ് എയ്ത് വിട്ട അസ്ത്രം ഏറ്റ് പലരും ബോധം കെട്ടിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചി മാറിത്തുടങ്ങിയിരിക്കുന്നു.

Advertisment