പാട്‌ന: തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് യുവാവ്. പാമ്പ് ഒരു തവണയാണ് യുവാവിനെ കടിച്ചത്. യുവാവ് തിരിച്ച് രണ്ട് തവണ പാമ്പിനെ കടിച്ചു. ഒടുവില്‍ പാമ്പ് ചത്തു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ യുവാവ് രക്ഷപ്പെട്ടു. ബിഹാറിലെ രാജൗലിയിലാണ് സംഭവം.
രജൗലിയിലെ റെയിൽവേ ലൈൻ പദ്ധതിയിലെ തൊഴിലാളിയായ സന്തോഷ് ലോഹറിനാണ് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച രാത്രി ബേസ് ക്യാമ്പിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. പാമ്പിന്റെ കടിയേറ്റാല്‍ തിരികെ കടിക്കണമെന്നും, അങ്ങനെ വിഷം നീര്‍വീര്യമാക്കമെന്നുമാണ് സന്തോഷിന്റെ ഗ്രാമത്തിലെ അന്ധവിശ്വാസം. അതുകൊണ്ടാണ് യുവാവ് പാമ്പിനെ രണ്ടു തവണ കടിച്ചത്.
സംഭവം അറിഞ്ഞയുടൻ റെയിൽവേ അധികൃതർ സന്തോഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ജാർഖണ്ഡ് സ്വദേശിയായ സന്തോഷ് ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഫിസിഷ്യൻ ഡോ. സതീഷ് ചന്ദ്ര പറഞ്ഞു.