തിരുവനന്തപുരം: മധുരയില്‍ ട്രെയിന്‍ കോച്ചില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയത് സുരക്ഷാ വീഴ്ച. ഐ.ആര്‍.സി.ടി.സി. സംഘടിപ്പിക്കുന്ന ടൂര്‍ പാക്കേജില്‍ ആര്‍പിഎഫോ, സുരക്ഷാ ഉദ്യോഗസ്ഥരോ പരിശോധന നടത്താറില്ലെന്നാണ് ആക്ഷേപം.
പുനലൂര്‍-മധുര (16730) എക്‌സ്പ്രസില്‍ വെള്ളിയാഴ്ച നാഗര്‍കോവില്‍ ജങ്ഷനില്‍ വച്ചായിരുന്നു അപകടമുണ്ടായ കോച്ച് ചേര്‍ത്തത്. നാഗര്‍കോവില്‍ വച്ചോ ട്രെയിന്‍ മധുരയില്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് എത്തിയതിനു ശേഷമോ പരിശോധന നടന്നിരുന്നില്ല. ഞായറാഴ്ച കൊല്ലം-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസില്‍ (16824) നിര്‍ദ്ദിഷ്ട കോച്ച് അറ്റാച്ച് ചെയ്യാനിരുന്നതാണ്.
കോച്ചുകളില്‍ എന്തൊക്കെ കൊണ്ടുപോകാമെന്നതിനെക്കുറിച്ച് ഐആര്‍സിടിസി വേണ്ടത്ര യാത്രക്കാരെ ബോധ്യപ്പെടുത്തിയിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ടൂറിസ്റ്റ് കോച്ചുകളില്‍ മണ്ണെണ്ണ് സ്റ്റൗ കൊണ്ടുപോകുന്ന പതിവുണ്ട്. ഇത് വില്‍ക്കാനോ, അപകട സാധ്യത പറഞ്ഞു മനസിലാക്കാനോ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകാത്തതാണ് ദുരന്തത്തിനു കാരണമായത്. ഈ മാസം 17നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഘം യാത്ര പുറപ്പെട്ടത്.