Advertisment

എല്ലാം 'വിൽക്കാനാവുന്ന കണ്ടൻറ്' മാത്രം തേടുന്ന ഡിജിറ്റൽകാല വാർത്താവതരണ രീതിയുടെ പരിണിതഫലങ്ങള്‍; ഇവിടെ മുതലെടുത്തത്‌ വൈകാരിക പ്രതികരണങ്ങള്‍ 'തലയില്‍ വയ്ക്കുന്ന' മാധ്യമ സമ്പ്രദായം ? അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിയെങ്കില്‍ അതിലേക്ക് നയിച്ചതും ലൈക്കും ഷെയറും മാത്രം ലക്ഷ്യമാക്കുന്ന മാധ്യമരീതി തന്നെ, 'മിന്നുന്നതെല്ലാം പൊന്നല്ല' !

'മിന്നുതെല്ലാം പൊന്നല്ല' എന്നും പ്രസക്തമായ പഴഞ്ചൊല്ലാണ്‌

New Update
arjun family 1

കോട്ടയം: 'മിന്നുതെല്ലാം പൊന്നല്ല' എന്നും പ്രസക്തമായ പഴഞ്ചൊല്ലാണ്‌. ഗംഗാവലി പുഴയിൽ കാണാതായെ അർജുനെ കണ്ടെത്തിയശേഷം ഉണ്ടായിരിക്കുന്ന പുതിയ സംഭവ വികാസങ്ങളാണ് ഈ പഴഞ്ചൊല്ലിൻെറ പ്രസക്തി ഒന്നുകൂടി ഓർമ്മിപ്പിക്കുന്നത്.

Advertisment

അർജുനെ കണ്ടെത്താനായി അക്ഷീണം പ്രയത്നിച്ചു എന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും കൊണ്ടാടിയ മനാഫ്, ഈശ്വർ മാൽപേ എന്നിവർക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയരുന്നത്.

അർജുൻെറ കുടുംബമാണ് ഇവർക്ക് രണ്ടുപേർക്കും എതിരെ ആക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നുമുണ്ട്. അർജുനെ നഷ്ടപ്പെട്ട കുടുംബത്തിൻെറ വൈകാരികത മുതലെടുത്ത് പണപ്പിരിവും സ്വന്തം യൂട്യൂബ് ചാനലിൻെറ പ്രൊമോഷനും നടത്തുന്നു എന്നാണ് അർജുൻെറ കുടുംബം ഉന്നയിക്കുന്ന പരാതി.

എന്തെങ്കിലും നാല് വാക്കുകളോ അല്ലെങ്കിൽ വൈകാരികമായ ഏതെങ്കിലും പ്രതികരണങ്ങളോ കാണുമ്പോൾ അവരെ വലിയ ആളുകളാക്കി കൊണ്ടാടുന്നത്  മാധ്യമങ്ങളുടെയും സമൂഹ മാധ്യമ ചാനലുകളുടെയും പതിവായി മാറിയിരിക്കുകയാണ്.


കാര്യങ്ങൾ ശരിയായി ഗ്രഹിക്കാതെയും വിലയിരുത്താതെയും പ്രശ്നങ്ങളെ സമീപിക്കുന്നതിൽ നിന്നുണ്ടാകുന്ന പിഴവാണിത്. അതിൻെറ ഒടുവിലത്തെ ഉദാഹരണമാണ് മനാഫും ഈശ്വർ മാൽപെയും.


മനാഫിനെ സാഹോദര്യത്തിൻെറയും സൗഹാർദ്ദത്തിൻെറയും പ്രതീകമായും ഈശ്വർ മാൽപേയെ നിസ്വാർത്ഥനും സാഹസികനുമായ രക്ഷകനുമായാണ് കൊണ്ടാടിയത്. അർജുൻെറ സംസ്കാര ചടങ്ങുകൾ നടന്ന ദിവസവും ഇത്തരത്തിലുളള കൊണ്ടാടലുകൾ നടന്നിരുന്നു.

എന്തിലും 'വിൽക്കാനാവുന്ന കണ്ടൻറ്'' മാത്രം തേടുന്ന ഡിജിറ്റൽകാല വാർത്താവതരണ രീതിയാണ് മാധ്യമങ്ങളെയും സമൂഹ മാധ്യമങ്ങളെയും പൊയ്മുഖങ്ങളെ ഏറ്റെടുത്ത് ആഘോഷിക്കാൻ പ്രേരിപ്പിക്കുന്നത്.

ലൈക്കും ഷെയറും വ്യൂസും ലക്ഷ്യമിട്ട് വസ്തുത പരിശോധിക്കാതെയും രണ്ടാമതൊന്ന് ആലോചിക്കാതെയും ആളുകളെ പൊക്കിവിടുന്ന പുതിയ മാധ്യമരീതി പലപ്പോഴും കച്ചവടക്കണ്ണുമായി കളത്തിലിറങ്ങുന്നവർക്ക് സുവർണാവസരമാണ് സൃഷ്ടിച്ച് കൊടുക്കുന്നത്.

അർജുൻെറ കുടുംബത്തിൻെറ ആരോപണങ്ങൾ ശരിയാണെങ്കിൽ മനാഫും മാൽപേയും എല്ലാം അത്തരം സുവർണാവസരം ഉപയോഗപ്പെടുത്താൻ ശ്രമിച്ചവരാണ്. ക്യാമറകൾക്ക് മുന്നിൽ വന്ന് എന്തും പറയാനും കാണിക്കാനും തയാറായി വരുന്ന പുതിയ പ്രവണതയും ഇതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്.

എന്നാൽ ഇങ്ങനെ വരുന്നവരെല്ലാം ഉദ്ദേശശുദ്ധിയുളളവരും മറ്റ്  അജണ്ടകളില്ലാത്തവരുമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അപ്പോഴും മാധ്യമങ്ങൾക്കാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.


മാധ്യമ പ്രവർത്തനത്തിൻെറ അടിസ്ഥാന പ്രമാണമായ ഉറപ്പുവരുത്തൽ ഡിജിറ്റൽകാലത്ത് കൈമോശം വരുന്നതിൻെറ തെളിവാണ് ഇത്തരം സംഭവങ്ങളെന്നും മാധ്യമ രംഗത്ത് അനുഭവസമ്പത്തുളളവർ പറയുന്നു.


അർജുൻ ഓടിച്ച ലോറിയുടെ ഉടമ എന്ന നിലയിൽ തിരച്ചിലിൻെറ ഓരോ ഘട്ടത്തിലും കിട്ടിയ മാധ്യമ പരിഗണന മനാഫും മുങ്ങൽ വിദഗ്ധൻ എന്ന നിലയിൽ ലഭിച്ച ശ്രദ്ധ ഈശ്വർ മാൽപെയും ചൂഷണം ചെയ്തുവെന്ന സംശയം ജനിപ്പിക്കുന്നതാണ് അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം.

അർജുനെ കണ്ടെത്താൻ മനാഫും മാൽപെയും നടത്തിയ പ്രയത്നത്തെ ആർക്കും തളളാനാവില്ലെങ്കിലും അതിൻെറ പേരിൽ പണപ്പിരിവും യൂട്യൂബ് ചാനൽ പ്രൊമോഷനും നടത്തിയെങ്കില്‍ അത്‌ നീതികരിക്കാൻ ആവുന്നതല്ല.

അർജുൻെറ മകൻ അയാൻെറ ചിത്രം കാണിച്ചും കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ്‌ മനാഫ് പണം പിരിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

''മനാഫ് അർജുൻ്റെ പേരിൽ പണം സ്വീകരിച്ചു. ഞങ്ങളോട് ചോദിക്കാതെയാണ്‌ വാങ്ങുന്നത്. ഞങ്ങളുടെ പേരിൽ ആരും പണം കൊടുക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. എല്ലാ ഇടത്തും ഞങ്ങളുടെ ദാരിദ്ര്യം പറഞ്ഞ് പൈസ വാങ്ങുന്നു. ഞങ്ങളുടെ പഠനത്തിന് അർജുൻ്റെ ശമ്പളം തികയുന്നില്ലെന്ന് അയാൾ പറയുന്നു. ഞങ്ങളുടെ വിദ്യാഭ്യാസം കഴിഞ്ഞിട്ട് വർഷങ്ങളായി.

ഇനിയും പണപ്പിരിവ്  തുടർന്നാൽ നിയമപരമായി നേരിടും. കുടുംബത്തെ മറ്റുള്ളവരുടെ മുന്നിൽ വ്യക്തിഹത്യ ചെയ്യരുത്. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹസിക്കരുത്. ഇനിയും അവഹേളിക്കൽ തുടർന്നാൽ നിയമ വഴി നോക്കും. ഇപ്പോൾ പി ആർ വർക്കാണ് നടക്കുന്നത്.

ആദ്യഘട്ടത്തിൽ ഒരുമിച്ചായിരുന്നു. പിന്നീട് യൂട്യൂബ് ചാനൽ ഉണ്ടാക്കി ഞങ്ങളെ ബുദ്ധിമുട്ടിച്ചു. ഈശ്വർ മാൽപെ ഭരണകൂടം ഒന്നിനും സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാൽ അത് ശരിയല്ലെന്ന് ഞങ്ങൾക്ക് അറിയാം. ആര് ഇറങ്ങണം ഇറങ്ങേണ്ട എന്നൊക്കെ തീരുമാനിക്കണ്ടത് ജില്ല ഭരണകൂടമാണല്ലോ. അർജുന് വേണ്ടി ആത്മാർത്ഥമായി നിന്നത് ലോറിയുടെ രജിസ്റ്റേഡ് ഓണർ മുബീൻ ആണ്.

മാൽപെയും മനാഫും നാടകം കളിക്കുകയായിരുന്നു. മൂന്നാം ഘട്ട തിരച്ചിലിൽ മാൽപെയുടെ ആവശ്യമുണ്ടായിരുന്നില്ല. രണ്ട് ദിവസം നഷ്ടമാക്കി. മാൽപെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങൾ പറഞ്ഞു. മനാഫിനും യൂട്യൂബ് ചാനലുണ്ട്. യൂടൂബ് ചാനലിന് വേണ്ടിയുള്ള നാടകമായിരുന്നു'' അർജുൻെറ ഭാര്യാ സഹോദരനും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിൻെറ ആരോപണങ്ങൾ തളളിക്കൊണ്ട് മനാഫും രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് ലഭിച്ച മാധ്യമ ശ്രദ്ധയിലും പ്രശസ്തിയിലും ബുദ്ധിമുട്ട് തോന്നിയിട്ടാവണം അർജുൻെറ കുടുംബം ഇങ്ങനെ ആരോപണം ഉന്നയിച്ചതെന്നാണ് മനാഫിൻെറ പ്രതികരണം.

Advertisment