സന്തോഷവും ആരോഗ്യവും ഉള്ള വായ സന്തോഷമുള്ള ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. വേദന വരുമ്പോൾ പറിച്ചു കളയാവുന്ന നിസ്സാരമായ സ്ഥാനം മാത്രം പല്ലുകൾക്ക് കൊടുത്തിരുന്ന കാലത്തിൽ നിന്നും നമ്മളൊരുപാട് മുന്നോട്ട് വന്നു. പല്ല് പറിക്കൽ എന്നത് ദന്തചികിത്സയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള നടപടിക്രമങ്ങളിൽ ഒന്നാണ്.
ഇന്ന് പല്ലുകൾ ഏതൊക്കെ രീതിയിൽ സംരക്ഷിച്ചു നിർത്താം എന്ന മേഖലയിൽ നൂതനമായ പല ചികിത്സാ രീതികളും വികസിച്ചു കൊണ്ടേയിരിക്കുന്നു. ലോകമെമ്പാടുമുള്ള മനുഷ്യർക്ക് മെച്ചപ്പെട്ട ദന്താരോഗ്യം ആസ്വദിക്കാനുള്ള വഴികളാണ് അതിലൂടെ തുറക്കപ്പെടുന്നത്. അങ്ങനെ ഉയർത്തപ്പെടുന്നത് മനുഷ്യരുടെ ജീവിത നിലവാരം കൂടിയാണ്. പിഞ്ചുകുഞ്ഞു മുതൽ പ്രായമായവർ വരെയുള്ള സകല മനുഷ്യരുടെയും ദന്താരോഗ്യത്തിന് അതിന്റെതായ പ്രാധാന്യമുണ്ട്.
കഴിക്കുന്ന ഭക്ഷണം നന്നായി ചവച്ചരക്കുന്നതിലൂടെയാണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്. കേടുവന്നതും വേദനയുള്ളതും പൊട്ടിയതും പുളിപ്പുള്ളതും വിടവുകളുള്ളതും നഷ്ടപ്പെട്ടതുമായ പല്ലുകൾ, മോണയെ ബാധിക്കുന്ന രോഗങ്ങൾ ഇവയൊക്കെ ഭക്ഷണം ചവച്ചരയ്ക്കുക എന്ന പ്രക്രിയയ്ക്ക് തടസ്സങ്ങൾ ഉണ്ടാക്കുന്നു.
വായയുടെയും പല്ലിന്റെയും ആരോഗ്യം ശാരീരിക പ്രശ്നങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഈ ഒരു കാര്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്. പല്ലിനുണ്ടാകുന്ന കേടുകളും മോണരോഗങ്ങളും ദന്തശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത തലവേദന സന്ധിവേദന, പേശീവേദന തുടങ്ങി നിരവധി അനാരോഗ്യകരമായ അവസ്ഥകൾക്ക് കാരണമാകുന്നു.