Advertisment

ശ്രേഷ്ഠ ബാവാ ലാളിത്യ ജീവിതം കൈമുതലാക്കിയ ഇടയന്‍. മാര്‍പ്പാപ്പ മുതല്‍ സാധാരണക്കാര്‍ വരെ സൗഹൃദ വലയത്തില്‍. ആധുനിക യാക്കോബായ സഭയുടെ ശില്‍പി എന്നും വിശേഷണം

ഇടപെടുന്ന ഓരോരുത്തരെയും മോളേ.. മോനേ. പെങ്ങളേ, മക്കളേ തുടങ്ങി ലാളിത്യമാര്‍ന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ വിളി ഏറെ പ്രസിദ്ധമായിരുന്നു

New Update
Baselios Thomas I1

കോട്ടയം: ഇടപെടുന്ന ഓരോരുത്തരെയും മോളേ.. മോനേ. പെങ്ങളേ, മക്കളേ തുടങ്ങി ലാളിത്യമാര്‍ന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ വിളി ഏറെ പ്രസിദ്ധമായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ ഏവരോടും സൗഹൃദം സൂക്ഷിക്കുന്ന പെരുമാറ്റം.

Advertisment

അദ്ദേഹത്തിന്റെ വിളി വീട്ടിലെ കാരണവരുടേതു പോലെയാണു വിശ്വാസികള്‍ കേട്ടിരുന്നത്. ബാവയുടെ ബന്ധങ്ങള്‍ക്കും സൗഹ്യദങ്ങള്‍ക്കും ജാതി, മത വേലിക്കെട്ടുകളോ വലിപ്പച്ചെറുപ്പമോ ഇല്ല.

 മാര്‍പാപ്പ മുതല്‍ വാഹനമോടിച്ചിരുന്ന ബേബിയും അരമന കുശിനിക്കാരായിരുന്ന തോമസും സാലി, മേരി എന്നിവരുടെയൊക്കെ കുടുംബാംഗങ്ങളും വരെ നീളുന്നു ആ പരിചിതശൃംഖല.


 ഇടപെടുന്ന ഓരോരുത്തരെയും മോളേ. മോനേ, പെങ്ങളേ, മക്കളേ, പുള്ളേ എന്നും അടുത്തറിയാവുന്നവരെയെല്ലാം പേരുചൊല്ലിയും വിളിക്കും. സദാ കരുതുന്ന ചോക്ലേറ്റുകള്‍പോലെ വരുന്നവര്‍ക്കെല്ലാം ബാവ സ്‌നേഹം ആവോളം വിളമ്പുമായിരുന്നു എന്നു വിശ്വാസികള്‍ ഓര്‍ത്തു പറയുന്നു.


പ്രാര്‍ഥനയാണു തന്റെ ശക്തി സ്രോതസ് എന്ന വിശ്വാസക്കാരനായിരുന്നു ബാവ. പുലര്‍ച്ചെ ഉണര്‍ന്നാല്‍ രാവേറെ നീളുന്ന പ്രാര്‍ഥനയും ധ്യാനവും വൃതാനുഷ്ടാനവും മുദ്രചാര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ദിവസവും. 

വൃതശുദ്ധമായ സന്യാസജീവിതത്തിലെ മുടങ്ങാത്ത അനുഷ്ഠാന നിഷ്ഠ അദ്ദേഹം പാലിച്ചിരുന്നു. ആഴത്തിലുള്ള വേദാനുഭവത്തിന്റെ പ്രകാശനങ്ങളാണ് ഉപമകളും ഉദാഹരണങ്ങളും സ്വന്തം അനുഭവങ്ങളോടു കൂട്ടിയിണക്കിയ അടുക്കും ചിട്ടയുമുള്ള ലളിതമായ പ്രസംഗങ്ങള്‍.

സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ കുറവിനെ അനുഭവജ്ഞാനവും വിവേകവും കൊണ്ട് ബാവ പിന്നിലാക്കി. ആ ഔചിത്യവും പ്രായോഗികതയും ആരെയും അമ്പരപ്പിക്കും.


ബാവയുടെ കുര്‍ബാനാനുഷ്ഠാനങ്ങള്‍ക്കുമുണ്ടു വിശ്വാസികളുടെ ഹൃദയങ്ങളെ തൊട്ടുതലോടുന്ന അനന്യമായ ആത്മീയ ചൈതന്യം.  ബാവയുടെ പ്രാര്‍ഥനകളിലും ധ്യാനപ്രസംഗങ്ങളിലും കുര്‍ബാനകളിലും ലയിച്ചവര്‍ സ്വര്‍ണ നാവുകാരനെന്നും വിളിച്ചാദരിച്ചിരുന്നു.


 1Baselios Thomas I

യാക്കോബായ സുറിയാനി വിശ്വാസിസമൂഹത്തെ വിഘടിതവിഭാഗം എന്ന പരിഹാസത്തില്‍നിന്നും സുസംഘടിതരാക്കി ഇതര സഭകളുടെയും സമുദായ ങ്ങളുടെയും സര്‍ക്കാരുകളുടെയും അംഗീകാരം നേടിയെടുക്കുന്ന നിലയിലേക്കു വളര്‍ത്തിയ ആധുനിക യാക്കോബായ സഭയുടെ ശില്‍പിയായി ശ്രേഷ്ഠ ബാവയെ വിശേഷിപ്പിക്കുന്നവരുമുണ്ട്.

മൂന്നു പതിറ്റാമുമ്പ് മൂന്നു മെത്രാപ്പോലീത്താമാരും ഏതാനും പുരോഹിതരും മാത്രമുണ്ടായിരുന്ന സഭയെ കഠിനാധ്യാനവും കര്‍മ്മശേഷിയും കൊണ്ട് ശ്രേഷ്ഠ ബാവാ മുപ്പതിലേറെ മെത്രാപ്പൊലീത്തമാരും അനേകം പള്ളികളും വിദ്യാലയങ്ങളും മികച്ച ആസ്ഥാനമന്ദിരവും വൈദിക സെമിനാരിയും അസംഖ്യം ആത്മീയ സ്ഥാപനങ്ങളുമൊക്കെയുള്ള സുസംഘടിത ശക്തിയായി വളര്‍ത്താനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.    

Advertisment