വാർത്താ ചാനലുകളെ കയ്യൊഴിഞ്ഞ് പ്രേക്ഷകർ. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണെങ്കിലും പോയിന്റിൽ വൻ ഇടിവ്. രണ്ടാമതുള്ള റിപ്പോർട്ടർ ടിവിയുടെ കരുത്ത് പ്രഭാതഷോയും സായാഹ്ന പരിപാടികളും. മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് തിരിച്ചടിയായത് വാർത്തകളേക്കാൾ ഉപരി ഷോകൾക്ക് മുൻഗണന നൽകുന്ന രീതി. തട്ടുകേടില്ലാതെ മനോരമ നാലാമതും മാതൃഭൂമി അഞ്ചാമതും തുടരുന്നു. ബിഗ് ടിവിയുടെ വരവ് വരും ആഴ്ചകളിൽ ചാനലുകൾക്ക് വെല്ലുവിളിയായേക്കും

New Update
sreekanddan nair vinu v john anto augustine

കോട്ടയം : പുതുതായി ഒരു വാർത്താ ചാനൽ കൂടി വരാനിരിക്കെ, മലയാളം വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയുന്നു. മുൻനിര ചാനലുകൾ ഉൾപ്പെടെയുള്ളവരുടെ റേറ്റിങ്ങ് പോയിൻ്റിൽ കാണുന്ന ഇടിവ് ഇതിൻ്റെ തെളിവാണ്.

Advertisment

ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ അഥവാ ബാർക്ക് (BARC) ഇന്ന് പുറത്തു വിട്ട റേറ്റിംഗ് കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ വാർത്താ ചാനൽ രംഗത്ത് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ടെങ്കിലും പോയിന്റുകളിൽ ഇടിവ് സംഭവിച്ചതായി കാണാം. 


റിപ്പോർട്ടർ ടിവിയും മനോരമ ന്യൂസും ഒഴികെ മറ്റെല്ലാ ചാനലുകൾക്കും പോയിൻ്റ് ഇടിവും പ്രക്ഷക നഷ്ടവും ഉണ്ടായതായി കാണാം.


വലിയ വാർത്തകളൊ സംഭവങ്ങളൊ ഇല്ലാതെ വരുമ്പോൾ വാർത്ത കാണുന്നതിനായി ചാനലുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നത് ഇപ്പോൾ സ്ഥിരം പ്രവണതയായിട്ടുണ്ട്.

anto augustine vinu v john sreekandan nair

 വൻ വാർത്താ മുഹൂർത്തങ്ങൾ ഇല്ലെങ്കിൽ കാഴ്ചക്കാരുമില്ല എന്നതാണ് സ്ഥിതി. പ്രേക്ഷകർ ടെലിവിഷനിൽ നിന്ന് മാറി മൊബൈലിൽ വാർത്താ ചാനൽ വീക്ഷിച്ചു തുടങ്ങിയതും പ്രേക്ഷക പങ്കാളിത്തത്തിലെ കുറവിന് കാരണമാണ്.

മാറി വരുന്ന കാഴ്ചാ ശീലങ്ങൾക്കിടയിൽ പുതിയൊരു വാർത്താ ചാനൽ കൂടി വരുമ്പോൾ എന്താകും അവസ്ഥ എന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യം.


 ഈ പ്രതിസന്ധികൾക്കിടയിലും മലയാളം വാർത്താ ചാനലുകളിലെ കരുത്തുറ്റ സാന്നിധ്യം ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്.


ഇന്ന് പുറത്തുവന്ന റേറ്റിങ്ങിൽ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 85 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നില നിർത്തിയത്. തൊട്ടു മുൻപുള്ള ആഴ്ചയിലെ റേറ്റിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് 5 പോയിൻ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.

asianet channel

പോയ വാരം 90 പോയിൻ്റായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേട്ടം. വാർത്താകളൊ സംഭവങ്ങളൊ ഇല്ലാത്തതാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ പോയിൻറ് നഷ്ടത്തിന് കാരണം.

രണ്ടാംസ്ഥാനത്ത് റിപ്പോർട്ടർ ടിവി തന്നെ. മുൻ ആഴ്ചയിലെ അതേ പോയിൻ്റായ 73 തന്നെയാണ് റിപോർട്ടറിന് ഈയാഴ്ചയും ലഭിച്ചത്. പ്രേക്ഷക പിന്തുണയിൽ നേട്ടമോ കോട്ടമോ ഉണ്ടായിട്ടില്ല എന്നതാണ് റിപോർട്ടറിൻ്റെ അവസ്ഥ.


എന്നാൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടർ ടിവി തങ്ങളുടെ 73 പോയിൻറ് മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട്ഏഷ്യാനെറ്റുമായുള്ള വ്യത്യാസം കുറച്ചു കൊണ്ടുവരുന്നു എന്നത് ശ്രദ്ധേയമാണ്.


70ec0385-f1b6-45f3-8e9b-056b36c15578

മുൻനിര അവതാരകയായ സുജയ പാർവതി ചാനൽ വിട്ട ശേഷവും കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല എന്നതും റിപോർട്ടറിന് ആശ്വാസകരമായ കാര്യം.

 രാവിലെ മുതൽ വൈകുന്നേരം വരെ, പകൽ സമയങ്ങളിൽ റിപോർട്ടർ ടി വി തന്നെയാണ് റേറ്റിങ്ങിൽ മുൻപൻ. ഡോ. അരുൺകുമാർ അവതരിപ്പിക്കുന്ന പ്രഭാത ഷോയാണ് റിപോർട്ടർ ടിവിയുടെ റേറ്റിങ്ങിൻ്റെ നട്ടെല്ല്.

arun kumar

സായാഹ്ന ഷോയിലും റിപോർട്ടറിന് വ്യക്തമായ മേധാവിത്വമുണ്ട്. ബിഗ് ടിവി പ്രക്ഷേപണം ആരംഭിക്കുമ്പോഴും ഇതേ മേധാവിത്വം നിലനിർത്താൻ കഴിഞ്ഞാൽ റിപോർട്ടർ ടിവിക്ക് ആശങ്കകളില്ലാതെ മുന്നോട്ട് പോകാം.


ബിഗ് ടിവിയുടെ വരവിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകാൻ സാധ്യതയുള്ള ചാനലുകളിൽ ഒന്ന് റിപോർട്ടർ ടിവിയാണ്.


മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഈയാഴ്ചയും ട്വൻ്റി ഫോർ ന്യൂസാണ് മൂന്നാമത്. കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 45 പോയിൻ്റാണ് ട്വൻ്റി ഫോറിൻ്റെ സമ്പാദ്യം. മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ട്വൻ്റി ഫോറിന് 3 പോയിൻ്റിൻ്റെ ഇടിവുണ്ട്. 

Sreekandan_nair

ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായരുടെ സംവാദ പരിപാടിയായ "തമ്മിൽ തമ്മിൽ " - ൻ്റെ ബലത്തിലാണ് ട്വൻ്റി ഫോറിൻ്റെ പ്രയാണം എന്നാൽ തമ്മിൽ തമ്മിൽ പരിപാടിയുടെ പ്രേക്ഷക പ്രീതിയും പതിയെ പതിയെ കുറയുകയാണെന്നാണ് റേറ്റിങ്ങ് നഷ്ടം കാണിച്ചു തരുന്നത്.


വാർത്താ ചാനലിൻ്റെ പ്രധാന ഉള്ളടക്കം വാർത്ത തന്നെയാണ് എന്നും വാർത്ത നൽകാതെ മറ്റ് ഷോ കൊണ്ടുള്ള പോയിൻ്റ് നേട്ടം ശാശ്വതം അല്ലെന്നുമാണ് ട്വൻ്റി ഫോറിൻ്റെ ഈ അനുഭവം നൽകുന്ന പാഠം.


പുതിയ അവതാരകരെയും റിപ്പോർട്ടർമാരെയും എത്തിച്ച് തിരിച്ചുവരവിന് ശ്രമിക്കുന്ന ട്വൻ്റി ഫോറിന് നിരാശ പകരുന്നതാണ് പുതിയ റേറ്റിങ്ങ്. മനോരമാ ന്യൂസാണ് റേറ്റിങ്ങിൽ നാലാം സ്ഥാനത്ത്.

തൊട്ടു മുൻപത്തെ ആഴ്ചയിൽ കനത്ത പോയിൻ്റ് നഷ്ടം നേരിട്ട മനോരമ ന്യൂസിന് ഇത്തവണ പോയിൻ്റ് ഉയർന്നിട്ടുണ്ട്. മുൻ ആഴ്ചയിൽ 31 പോയിൻ്റ് ഉണ്ടായിരുന്ന മനോരമാ ന്യൂസിന് ഇക്കുറി 33 പോയിൻ്റുണ്ട്.

johny lukose

ഇതോടെ  അഞ്ചാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിൽ നിന്നുള്ള പോയിൻ്റ് വ്യത്യാസം കൂട്ടാനും കഴിഞ്ഞിടുണ്ട്. അഞ്ചാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിന് 28  പോയിൻ്റാണ് ലഭിച്ചത്.  

ആറാം സ്ഥാനക്കാരായ ന്യൂസ് മലയാളം 24x7 ചാനലിന് 26 പോയിൻ്റും കിട്ടി. മുൻ ആഴ്ചയിൽ മാതൃഭൂമി ന്യൂസുമായി  അഞ്ചാം സ്ഥാനം പങ്കിട്ട ന്യൂസ് മലയാളത്തിന് പോയിൻ്റിടിഞ്ഞതാണ് വിനയായത്.

17 പോയിൻ്റുമായി ജനം ടിവി ഏഴാം സ്ഥാനത്തും 16 പോയിൻ്റുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്. 9 പോയിൻ്റുമായി ന്യൂസ് 18 കേരളം ചാനലാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ.

Advertisment