തിരുവനന്തപുരം: വ്യക്തമായ ലക്ഷ്യങ്ങളോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലുള്ളതെന്ന് ആഴ്ചകൾക്ക് മുൻപ് സെക്രട്ടേറിയറ്റിൽ പത്രസമ്മേളനം വിളിച്ച് വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാക്കുമാറ്റിപ്പറഞ്ഞു.
ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്താക്കുറിപ്പ് വ്യക്തമാക്കി.
ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.
വെടിക്കെട്ടിൻ്റെ മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിർപ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ ഓഫ് ചെയ്യുന്നതുൾപ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്.
പുലർച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി. ചില ആചാരങ്ങൾ ദേവസ്വങ്ങൾ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്.
സംഭവിച്ചതിന്റെയെല്ലാം കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നത് ? പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങൾ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
അവ തുറന്നുകാട്ടുമ്പോൾ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താല്പര്യമായി മാറിയിരിക്കുന്നുവെന്നും പിണറായി വിമര്‍ശിച്ചു.
ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും. ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വർഷങ്ങളിൽ കുറ്റമുറ്റരീതിയിൽ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേത്- മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാൽ പൂരത്തിനിടെ ശരിയല്ലാത്ത ഇടപെടലുകളുണ്ടായെന്നും പൂരത്തിന്റെ അവസാന സമയത്താണ് അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായതെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പൂരം എക്സിബിഷൻ, തറവാടക അടക്കം തുടക്കത്തിലുണ്ടായ പ്രശ്നങ്ങൾ സർക്കാർ പരിഹരിച്ചിരുന്നു. ഹൈക്കോടതിയുടെയും കേന്ദ്രഏജൻസികളുടെയുമടക്കം നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിറുത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ടെന്നാണ് എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിൽ അനേകം ഇടപെടലുകളെക്കുറിച്ച് ഈ റിപ്പോർട്ടിലുണ്ട്.
അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കും. സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ല. പ്രകൃതി ദുരന്തങ്ങളും മറ്റ് പ്രയാസകരമായ അവസ്ഥകളുമുണ്ടായപ്പോൾ മുൻപ് തൃശൂർ പൂരം ചുരുക്കേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ചില പ്രത്യേക രീതിയോടെയുള്ള ഇടപെടലിലൂടെ പൂരാഘോഷങ്ങൾ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇത്തവണയുണ്ടായത്. അത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളിലേക്ക് കടക്കും. ഇക്കാര്യങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് മുഖ്യമന്ത്രി ഇന്ന് മാറ്റിപ്പറയുന്നത്.
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായിട്ടുള്ളതുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിനു പിന്നാലെ വിവാദം കൊഴുക്കുകയാണ്.
പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞതാണെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോൾ, പൂരം കലങ്ങിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചേലക്കരയിലും പാലക്കാടുമുളള പൂരപ്രേമികളുടെ വോട്ടാണ് വിവാദങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ- തൃശൂർ പൂരം കലക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അത് വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അക്കാര്യം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്.