Advertisment

കോട്ടയം കൈയ്യടക്കി ഗുണ്ടാ സംഘങ്ങള്‍. പകല്‍ പോലും പുറത്തിറങ്ങാന്‍ ഭയപ്പെട്ട് ജനം. ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന അക്രമ സംഭവങ്ങള്‍ പോലീസിനു നാണക്കേട്

കഞ്ചാവും മയക്കുമരുന്നും ക്വട്ടേഷനുമെല്ലാം ഇത്തരക്കാര്‍ക്കു വരുമാനമാര്‍ഗമാണ്. ഇതിനു തടസം നില്‍ക്കുന്നവരെ അടിച്ചമര്‍ത്താനും വീട്ടില്‍കയറി മര്‍ദിക്കാനുമൊക്കെ ഇവര്‍ മുതിരുന്നത് പതിവാണ്.

New Update
gundas-2
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ജില്ലയില്‍ വീണ്ടും തലപൊക്കി ഗുണ്ടാ സംഘങ്ങള്‍, ജനം ദുരിതത്തില്‍. ജനങ്ങള്‍ക്കു സുരക്ഷ ഒരുക്കുന്ന പോലീസിന് ഇതൊന്നും തടയിടാനാകുന്നില്ല. പകല്‍ പോലും ജനങ്ങള്‍ക്കു ഭീഷണി ഉണ്ടാകുന്ന തരത്തിലാണ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം.

Advertisment

കഞ്ചാവും മയക്കുമരുന്നും ക്വട്ടേഷനുമെല്ലാം ഇത്തരക്കാര്‍ക്കു വരുമാനമാര്‍ഗമാണ്. ഇതിനു തടസം നില്‍ക്കുന്നവരെ അടിച്ചമര്‍ത്താനും വീട്ടില്‍കയറി മര്‍ദിക്കാനുമൊക്കെ ഇവര്‍ മുതിരുന്നത് പതിവാണ്. മുന്‍പ് വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറിയ ഗ്രാമ പ്രദേശങ്ങളില്‍ പോലും ഇക്കൂട്ടര്‍ സജീവമായി.


ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ പോലീസ് സംവിധാനത്തിനാകെ നാണക്കേടാണ്. തങ്ങള്‍ക്കെതിരേ ആരെങ്കിലും നീങ്ങിയാല്‍ അവരെ കൊന്നുതള്ളും എന്ന മട്ടിലാണു ഗുണ്ടാ സംഘങ്ങളുടെ പോക്ക്.  


മുന്‍പു പോലീസ് കര്‍ക്കശ നടപടികള്‍ സ്വീകരിക്കുകയും ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും അകത്താക്കുകയും ചെയ്തിരുന്നെങ്കിലും ഒരു കൂട്ടരെ അടിച്ചമര്‍ത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ രംഗത്തു വരുന്ന കാഴ്ചായണു കാണുന്നത്.  


ക്വട്ടേഷന്‍ അക്രമങ്ങളുടെയും മയക്കുമരുന്നു കച്ചവടത്തിന്റെയും മറവിലാണു ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും പെരുകുന്നതെന്നാണു വിലയിരുത്തല്‍.


വിദ്യാലയ പരിസരങ്ങളും ബസ് സ്റ്റാന്‍ഡുകളുമൊക്കെ കേന്ദ്രീകരിച്ചു മയക്കുമരുന്നു കച്ചവടക്കാര്‍ പെരുകുന്നതും അതു മറ്റ് അക്രമങ്ങളിലേക്കു നയിക്കുന്നതും സമൂഹഭദ്രതയെ തകര്‍ക്കുന്ന നിലയില്‍ വളരുകയാണ്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു നാട്ടുകാര്‍ പറയുന്നു. 

പകല്‍ പോലും ഗുണ്ടകളേ പേടിക്കേണ്ടിവരുന്ന അതിരമ്പുഴക്കാര്‍

gundas-3

അതിരമ്പുഴയില്‍ അക്രമാസക്തരായ കഞ്ചാവ് സംഘങ്ങള്‍ രണ്ടു കടകള്‍ അടിച്ചുതകര്‍ത്തു ജനങ്ങളെ ഭീതിയിലാഴ്ത്തിയതു നാലു ദിവസങ്ങള്‍ക്കു മുന്‍പാണ്. ആക്രമണത്തില്‍ കടയിലെ രണ്ടു ജീവനക്കാര്‍ക്കു പരുക്കേറ്റു. അക്രമികളെ പിടികൂടാന്‍ പോലീസ് എത്തിയതോടെ പോലീസിനു നേരെ മുളക് സ്‌പ്രേ അടിച്ച സംഘം ഉദ്യോഗസ്ഥരെ മര്‍ദിക്കുയും ചെയ്തു.


അക്രമികളില്‍ 3 പേരെ പോലീസ് സാഹസികമായി കീഴടക്കി. അപ്പോഴേയ്ക്കും മറ്റുള്ളവര്‍ കടന്നുകളഞ്ഞു. ആക്രമണം നടത്തിയത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അച്ചു സന്തോഷിന്റെ കൂട്ടാളികളാണെന്നു നാട്ടുകാര്‍ പറഞ്ഞത്. സംഭവത്തില്‍ നാട്ടുകാരും വ്യാപാരികളും അടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.  


അതിരമ്പുഴ ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന അഞ്ജലി സ്റ്റോഴ്‌സ്, സമീപത്തെ മൊബൈല്‍ കെയര്‍ എന്നീ സ്ഥാപനങ്ങളിലാണ് ആക്രമണം നടന്നത്. അതിരമ്പുഴ സ്വദേശിയായ യാസ്മിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കെയര്‍ എന്ന കടയില്‍ മൂന്നംഗ സംഘം എത്തുകയും സാധനങ്ങളുടെ വില സംബന്ധിച്ചു തര്‍ക്കമുണ്ടാക്കുകയുമായിരുന്നു.

കടയിലെ ജീവനക്കാരെ അസഭ്യം പറഞ്ഞ സംഘം പോയ ശേഷം കൂടുതല്‍ ആളുകളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. അക്രമി സംഘത്തില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. അതിരമ്പുഴയില്‍ ഇത് ആദ്യത്തെ സംഭവമല്ലെന്നും നാട്ടുകാർ പറയുന്നു. പകല്‍ പോലും ഇത്തരക്കാരെ ഭയന്നു പുറത്തിറങ്ങാനാവുന്നില്ലെന്നാണു ജനങ്ങളുടെ പരാതി.

അശാന്തി പടരുന്ന കുമാരനല്ലൂര്‍

പൊതുവേ അക്രമ സംഭവങ്ങള്‍ കുറഞ്ഞ പ്രദേശമാണ് ഗാന്ധിനഗര്‍ പോലീസിന്റെ കീഴില്‍ വരുന്ന കുമാരനല്ലൂര്‍. എന്നല്‍, കഴിഞ്ഞ കുറച്ചു നാളുകളായി കുമാരനല്ലൂര്‍ ലഹരി മാഫിയുടെയും ഗുണ്ടാ സംഘങ്ങളുടെയും പറുദീസയായി മാറിക്കഴിഞ്ഞു.


ലഹരിയില്‍ പിതാവിനെ മകന്‍ അടിച്ചു കൊന്നതും നായപരിശീലന കേന്ദ്രത്ത്രിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടന്നതുമെല്ലാം കുമാരനല്ലൂരിലാണ്. ഇതിനിടെ ഗുണ്ടാ സംഘങ്ങള്‍ പരസ്പരം ഏറ്റമുട്ടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതും പതിവായി മാറിയെന്നു നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഇത്തരം സംഘങ്ങളുടെ പിടിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.


ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്ന വെച്ചൂര്‍

വെച്ചൂര്‍ പഞ്ചായത്തിലെ മുച്ചൂര്‍ക്കാവ് കേന്ദ്രീകരിച്ച് ഗുണ്ടാ സംഘങ്ങള്‍ വിലസുകയാണ്.  ഒരാഴ്ച മുമ്പ് അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശവാസികളെ ഭയപ്പെടുത്തിയതു ചോദ്യം യുവാവിനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു.

police patroling-2


ലഹരി മരുന്ന് ഇടപാടുള്‍പ്പെടെ ഇവിടെ നടക്കുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. സന്ധ്യ കഴിഞ്ഞാല്‍ തോട്ടാപ്പള്ളി വേരുവള്ളി - മുച്ചൂര്‍ക്കാവ് റോഡിലെ കലുങ്കുകളില്‍ തമ്പടിക്കുന്നവര്‍ വിദ്യാര്‍ഥികളോടും പണി കഴിഞ്ഞ് വൈകി വരുന്ന യുവതികളോടും മോശമായി പെരുമാറുന്നതിനാല്‍ ഇതുവഴി പോകാന്‍ ജനം ഭയക്കുകയാണ്.


അക്രമികളെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും വൈക്കം പോലീസിനും 65 കുടുംബങ്ങള്‍ ഒപ്പിട്ട പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പ് പ്രതിഷേധപ്രകടനം നടത്തിയതോടെയാണ് അക്രമി സംഘത്തിന്റെ ആക്രമണവും ഭീഷണിയും വര്‍ധിച്ചത്.  

ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം ആളുമാറി ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തിലെ പ്രതികള്‍ മുച്ചൂര്‍ക്കാവില്‍ നിന്ന് പോയവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. മുച്ചൂര്‍ക്കാവില്‍ അക്രമിസംഘം തമ്പടിക്കുന്നിടം ഒഴിവാക്കാന്‍ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 80 കുടുംബങ്ങള്‍ ഒപ്പിട്ട പരാതി അടുത്ത ദിവസം നല്‍കാനാണു നാട്ടുകാരുടെ തീരുമാനം.  

ഗുണ്ടകളുടെ സ്വന്തം ചങ്ങനാശേരി


ജില്ലയിലെ മികച്ച പോലീസ് സ്‌റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചങ്ങനാശേരി ഗുണ്ടകളുടെ കേന്ദ്രമാണ്. സിന്തറ്റിക് ലഹരിക്കച്ചവടം മുതല്‍ ക്വട്ടേഷനും മോഷണവുമെല്ലാം ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തില്‍ സജീവമാണ്.


മാസങ്ങള്‍ക്കു മുന്‍പാണു നഗരമധ്യത്തില്‍ ഗുണ്ടാ കുടിപ്പകയെ തുടര്‍ന്നു യുവാവിനെ വാഹനം ഇടിച്ചുവീഴത്തിയും ഒടിച്ചിട്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും. കടയില്‍ സാധനം വാങ്ങി നിന്ന യുവാവിനെ ഗുണ്ടാ സംഘം തലക്കടിച്ചു വീഴ്ത്തിയിരുന്നു.

gunda-1

നഗരത്തില്‍ എത്തിയ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും തടഞ്ഞുവെച്ചതും പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതും മാസങ്ങൾക്കു മുൻപാണ്. അന്നു പ്രതികളെ നാട്ടുകാരാണ് പിടികൂടിത്.

പത്തുമിനിറ്റുകൊണ്ട് എത്താന്‍ സാധിക്കുന്നിടത്ത് അന്നു പോലീസ് എത്തിയത് ഏറെ വൈകിയാണ്. അപ്പോഴേയ്ക്കും പ്രതികളില്‍ ഒരാള്‍ രക്ഷപെടുകയും ചെയ്തിരുന്നു.

Advertisment