Advertisment

എ.ഡി.ജി.പിക്കെതിരായ അന്വേഷണം നാളെ അവസാനിക്കാനിരിക്കെ നടപടി എടുക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയില്ലെങ്കിൽ അപകടമെന്ന വികാരത്തിൽ ഘടകകക്ഷികൾ. നടപടിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സി.പി.ഐ. നാളത്തെ സംസ്ഥാന എക്സിക്യൂട്ടിവ് തുടർനിലപാട് ചർച്ച ചെയ്തേക്കും. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

ആർ.എസ്.എസ്  നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നൽകാനുളള സമയപരിധി നാളെ അവസാനിക്കാനിരിക്കെ നടപടി സ്വീകരിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ഏറുന്നു

New Update
bonoy viswam pinarai vijayan mr ajith kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആർ.എസ്.എസ്  നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നൽകാനുളള സമയപരിധി നാളെ അവസാനിക്കാനിരിക്കെ നടപടി സ്വീകരിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ഏറുന്നു.

Advertisment

സർക്കാരിൻെറയും മുന്നണിയുടെയും നയത്തിന് വിരുദ്ധമായി പെരുമാറിയ എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെ മാർഗമില്ലെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയില്ലെങ്കിൽ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ കടുത്ത നിലപാടിലേക്ക് പോകുമെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. സി.പി.ഐയുടെ ദേശീയ നേതാക്കളടക്കം ഇക്കാര്യത്തിൽ കൃത്യമായ സൂചന നൽകിയിട്ടുണ്ട്.


ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നകാര്യത്തിൽ അനന്തമായി കാത്തിരിക്കാൻ ആവില്ലെന്നാണ് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.പ്രകാശ്ബാബു നടത്തിയ പ്രതികരണം. നടപടി വൈകുന്നതിലുളള സി.പി.ഐ യുടെ അതൃപ്തിയാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.


ഒരുവശത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നടപടിയുടെ കാര്യത്തിൽ മാധ്യമങ്ങളുടെ ധൃതി പാർട്ടിക്കില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പ്രകാശ് ബാബു നിലപാട് കടുപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 എത്ര വേഗം അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നോ അത്രകണ്ട് ആശ്വാസകരമായിരിക്കും എന്ന അഭിപ്രായം സി.പി.ഐ നേതാക്കൾക്ക് മാത്രമല്ല ഇതര ഘടകകക്ഷികളും സി.പി.എം നേതാക്കളും പങ്കുവെയ്ക്കുന്നുണ്ട്.

നടപടിയില്ലാതെ മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമായിരിക്കും എന്നുളള അഭിപ്രായവും മുന്നണിയിലും സി.പി.എമ്മിലുണ്ട്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ മലപ്പുറം ജില്ലയ്ക്കെതിരെ വന്ന പരാമർശം ഉണ്ടാക്കിയ വിവാദവും ആളിക്കത്തിക്കൊണ്ടിരിക്കെ  മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ തോതിൽ എതിർ വികാരമുണ്ട്.

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ നാടായും ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ലയായും ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പി.വി. അൻവർ ഉന്നയിച്ച പരാതികളോടെ തന്നെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സർക്കാരിനെതിരെ വലിയ സംശയങ്ങൾ ഉയർന്നിരുന്നു.

അതിന് പിന്നാലെയാണ് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുറത്തുവിട്ടത്.


ഇതോടെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സർക്കാരിനും സി.പി.എമ്മിനും വലിയ വിശ്വാസ്യതാ നഷ്ടമാണ് സംഭവിച്ചത്. പി.വി.അൻവറിനെ തളളിക്കൊണ്ട് സെപ്റ്റംബർ 21ന് മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനത്തിൽ എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചയെ തെറ്റെന്ന് പറയാത്തതും ന്യൂനപക്ഷങ്ങൾക്കിടയിലെ അതൃപ്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.


സംഘപരിവാറിനെ പ്രതിരോധിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന സി.പി.എമ്മിൻെറയും ഇടത് മുന്നണിയുടെയും അവകാശവാദമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേ തീരൂ.

മുഖ്യമന്ത്രി അതിന് തയാറാകുമോ എന്നതാണ് ചോദ്യം. നേരത്തെ തെറ്റ് ബോധ്യപ്പെട്ടാൽ എ.ഡി.ജി.പിക്ക് എതിരെ നടപടി വരുമെന്ന് പറഞ്ഞിരുന്ന സി.പി.എം മന്ത്രിമാർ ഇപ്പോൾ ചുവട് മാറ്റിയിട്ടുണ്ട്.

ആർ.എസ്.എസ് നേതാക്കളുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താൻ എ.ഡി.ജി.പിക്ക് അവകാശമുണ്ടെന്നും അതിന് നടപടി എടുക്കാനാവുമോ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ മന്ത്രി സജി ചെറിയാൻെറ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഇത് സർക്കാർ നിലപാടിൽ വരുന്ന മാറ്റത്തിൻെറ സൂചനയാണോയെന്ന് സംശയം ഉയർന്നിട്ടുണ്ട്.


ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ നടപടി വൈകിച്ചത് ഉചിതമായില്ല എന്ന വിമർശനം ഇടത് മുന്നണിയിൽ തന്നെ ശക്തമാണ്.


സംഭവം സ്ഥിരീകരിക്കപ്പെട്ടപ്പോൾ തന്നെ നടപടി എടുക്കുന്നതായിരുന്നു രാഷ്ട്രീയമായി നല്ലത്.അതുണ്ടാകാത്തത് വീഴ്ചയാണെന്നാണ് സി.പി.ഐ, എൻ.സി.പി, ആർ.ജെ.ഡി തുടങ്ങിയ ഘടകകക്ഷികൾ പങ്കുവെയ്ക്കുന്ന വിമർശനം.

രാഷ്ട്രീയ നയ വ്യതിയാനമാണ് കൂടിക്കാഴ്ചയിലൂടെ സംഭവിച്ചത്. അത് വ്യക്തമാകാൻ പൊലീസ് മേധാവിയുടെ അന്വേഷണത്തിൻെറ ആവശ്യമില്ല എന്നാണ് സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ആർ എസ് എസ് നേതാക്കളുമായി  കൂടിക്കാഴ്ച്ച നടത്തിയ എ.ഡി.ജി.പി അജിത്കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന്  എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ ഇന്നും ആവശ്യപ്പെട്ടു.

ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയാണ് എ.ഡി.ജി.പിയെ മാറ്റാത്തതെന്നും പി.സി.ചാക്കോ തുറന്നടിച്ചു. എ.ഡി.ജി.പിയെ മാറ്റി നിർത്തി അന്വേഷണം നടത്തിയാൽ സർക്കാരിന്റെ മുഖം രക്ഷിക്കാം അല്ലെങ്കിൽ ദോഷം ചെയ്യുമെന്നുമാണ് ചാക്കോയുടെ പ്രതികരണം.

Advertisment