Advertisment

സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് പാർടിയുടെ വിശ്വാസ്യതയില്ലാതാക്കാൻ കഴിയുമോയെന്ന് ശ്രമിക്കുന്ന വലതുപക്ഷ ശക്തികളുടെ സാക്ഷ്യക്കാരനായി പി വി അൻവർ മാറി; ഏറ്റവും മോശക്കാരനായ രാഷ്ട്രീയക്കാരനായി അൻവറെ അപമാനിച്ചുകൊണ്ടിരുന്ന മാധ്യമങ്ങൾക്ക് ഇതോടെ അദ്ദേഹം അവതാരപുരുഷനായി-പി.വി. അന്‍വറിനെതിരെ മന്ത്രി പി. രാജീവ്‌

സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനും സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഉപകരണമായി പി വി അൻവർ എംഎൽഎ മാറിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണിക്കുന്നതെന്ന് പി. രാജീവ്

New Update
p rajeev pv anvar

തിരുവനന്തപുരം: സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനും സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഉപകരണമായി പി വി അൻവർ എംഎൽഎ മാറിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണിക്കുന്നതെന്ന് മന്ത്രി പി. രാജീവ്.

Advertisment

പാർടിയുടെ ആധികാരികതയും നേതൃത്വത്തിന്റെ വിശ്വാസ്യതയും തകർക്കാൻ യുഡിഎഫും ബിജെപിയും മതമൗലികവാദ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന മഴവിൽ മുന്നണി കുറേക്കാലമായി ശ്രമിക്കുന്നുണ്ട്. അതിന് ഒരു എൽഡിഎഫ് സ്വതന്ത്രനെ ആയുധമായി ലഭിച്ചെന്നത് ഇക്കൂട്ടരെ ആവേശം കൊള്ളിക്കുന്നുവെന്നും രാജീവ് വിമര്‍ശിച്ചു.

പാർടിയുടെ ആധികാരികത ദുർബലപ്പെടുത്തുക, സിപിഎമ്മിന്റെ സ്ഥായിയായ മതനിരപേക്ഷ നിലപാടിൽ അവിശ്വാസം സൃഷ്ടിക്കുകയും അതുവഴി വർഗീയതയ്‌ക്കും മതമൗലികവാദത്തിനും വളർച്ചയ്‌ക്കുള്ള പരിസരം ഒരുക്കുക, നേതൃത്വത്തെയും അതുവഴി പാര്‍ട്ടിയെയും അപകീർത്തിപ്പെടുത്തുക, സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇടതുപക്ഷ നിലപാടുകളാണെന്നത് ചരിത്ര പാഠമാണ്. സിപിഎമ്മിനെ ദുർബലപ്പെടുത്തിയാൽ മാത്രമേ തങ്ങൾക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളൂവെന്ന് ബിജെപി കേന്ദ്രനേതൃത്വംതന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് സിപിഎം മുസ്ലിംപ്രീണന നിലപാട് സ്വീകരിക്കുന്നെന്ന പ്രചാരവേല ഇക്കൂട്ടർ കുറേക്കാലമായി നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

മദ്രസ അധ്യാപകർക്ക് സർക്കാർ ആനുകൂല്യം നൽകുന്നുവെന്നു തുടങ്ങി ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ അടിച്ചു മാറ്റുന്നുവെന്ന കല്ലുവച്ച നുണവരെ വസ്തുതയെന്ന തരത്തിൽ ഇവർ പ്രചരിപ്പിച്ചു. പൗരത്വഭേദഗതിയിലും ഏക സിവിൽ കോഡിലും സ്വീകരിച്ച നിലപാടുകൾ വിമർശിക്കപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം ഈ മുസ്ലിംപ്രീണനമാണെന്ന് പലരും നിരീക്ഷിച്ചു. എന്നാൽ, സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളോടുള്ള സമീപനം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സംരക്ഷണത്തിനുള്ള പ്രവർത്തനത്തിന്റെ അവിഭാജ്യഭാഗമാണെന്ന് രാജീവ് വ്യക്തമാക്കി.

ഈ പ്രചാരവേലയുടെ വക്താക്കൾ കൂടിച്ചേർന്നാണ് സിപിഎം മുസ്ലിംവിരുദ്ധമാണെന്നും ആർഎസ്എസുമായി ധാരണയുണ്ടാക്കിയതാണ് തൃശൂരിലെ ബിജെപി വിജയത്തിന് കാരണമെന്നും ഇപ്പോൾ പ്രചരിപ്പിക്കുന്നത്. സിപിഎമ്മിനും പിണറായി വിജയനും മതന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന്‌ ലഭിക്കുന്ന വിപുലമായ പിന്തുണ ന്യൂനപക്ഷത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന മതരാഷ്ട്ര സംഘടനകൾക്കും മതമൗലികവാദികൾക്കും വല്ലാത്ത അലോസരം സൃഷ്ടിക്കുന്നു.

 ഒരിക്കലും ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കാത്ത ചില മുസ്ലിം സാമുദായിക സംഘടനകൾവരെ പരസ്യമായി സർക്കാർ അനുകൂലസമീപനം സ്വീകരിച്ചത് ഇവരെ വിറളി പിടിപ്പിച്ചു. അവരാണ് പി വി അൻവറിന്റെ നുണകളുടെ പ്രധാന പ്രചാരകർ. ന്യൂനപക്ഷ സംരക്ഷണമെന്നത് വോട്ടിന് വേണ്ടിയാണെന്നും തങ്ങൾക്ക് സിപിഎമ്മിന്റെ സഹായം വേണ്ടെന്നുംവരെ പരസ്യമായി പറഞ്ഞവരാണ് ഇപ്പോൾ മുസ്ലിംവിരുദ്ധതയുടെ കാർഡിറക്കുന്നതെന്ന് പി. രാജീവ് ആരോപിച്ചു.

ആർഎസ്എസിനെയും ബിജെപിയെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത് സിപിഎമ്മാണ്. ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ഏകാധിപത്യ നടപടികൾക്കെതിരെ ഏറ്റവും ആദ്യം ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയമായി ഡൽഹിയെ സമരവേദിയാക്കിയതും സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്നതും ഇടതുപക്ഷമാണ്.

ആർഎസ്എസ് ശാഖയ്‌ക്ക് കാവൽനിന്ന് സംരക്ഷണം നൽകുന്ന, കോൺഗ്രസുള്ള കേരളത്തിൽ നിരവധി സഖാക്കൾ ജീവൻ നൽകിയാണ് വർഗീയവൽക്കരണത്തെ പ്രതിരോധിച്ചത്. ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ബിജെപിക്ക് ലഭിച്ച പ്രാതിനിധ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇല്ലാതാക്കിയതും സിപിഎമ്മാണ്. ഇതെല്ലാം മറച്ചുവച്ചാണ് ഇപ്പോഴത്തെ പ്രചാരവേലയെന്നും മന്ത്രി പ്രതികരിച്ചു.

പി വി അൻവർ ആദ്യം ഉന്നയിച്ച ആരോപണം പൊലീസ് ഉദ്യോഗസ്ഥർക്കെതിരായിരുന്നു. പാർടിക്കൊപ്പം നിൽക്കുന്നവർ സാധാരണ സ്വീകരിക്കുന്ന രീതിയല്ല അൻവർ സ്വീകരിച്ചത്. എല്ലാം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനു ശേഷമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം പരാതി നൽകുന്നതും അതിന്റെ കോപ്പി പാർടി സെക്രട്ടറിക്ക് നൽകുന്നതും. എന്നാൽ, ഈ രീതിയിലെ പാർടി വിരുദ്ധത പരിഗണിക്കാതെതന്നെ ഉന്നയിച്ച പ്രശ്നങ്ങളിൽ അന്വേഷണം തീരുമാനിക്കുകയാണ് സർക്കാർ ചെയ്തത്.

 അതോടൊപ്പം ചില നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഫോൺ റെക്കോഡ് ചെയ്ത് പരസ്യപ്പെടുത്തുന്ന രീതി തെറ്റാണെന്ന് പറഞ്ഞുകൊണ്ടുതന്നെ ആ സംഭാഷണം ആധാരമാക്കി ഉദ്യോഗസ്ഥനെ സസ്‌പെൻഡ്‌ ചെയ്തു. എന്നാൽ, അന്വേഷണത്തിന്റെ ഫലം കാത്തുനിൽക്കാതെ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ അൻവർ ശ്രമിച്ചു. ആർഎസ്‌എസ്‌ നേതാക്കളുമായി എഡിജിപി അജിത് കുമാറിന്റെ കൂടിക്കാഴ്ച സർക്കാർ അന്വേഷണവിധേയമാക്കിയിരുന്നു. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രിതന്നെ പരസ്യമായി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണവും പ്രഖ്യാപിച്ചു.

റിപ്പോർട്ടിന്റെ പരിശോധനയും തുടർനടപടികളും വരികയാണ്. തൃശൂരിൽ ഉൾപ്പെടെ എല്ലാ സീറ്റിലും ബിജെപിക്കെതിരെ ശക്തമായാണ് സിപിഎം പ്രവർത്തിച്ചത്. രാഷ്ട്രീയകാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന പാർടിയല്ല സിപിഎം. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കുന്നത് ഭരണത്തെ ബാധിക്കുന്ന, തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കും. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടാൽ കർക്കശമായ നടപടി സ്വീകരിക്കുകയും ചെയ്യും.

പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാറ്റിനിർത്തുകയും ചെയ്യും. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് പാർടിയുടെ വിശ്വാസ്യതയില്ലാതാക്കാൻ കഴിയുമോയെന്ന് ശ്രമിക്കുന്ന വലതുപക്ഷ ശക്തികളുടെ സാക്ഷ്യക്കാരനായി പി വി അൻവർ മാറി. ഏറ്റവും മോശക്കാരനായ രാഷ്ട്രീയക്കാരനായി അൻവറെ അപമാനിച്ചുകൊണ്ടിരുന്ന മാധ്യമങ്ങൾക്ക് ഇതോടെ അദ്ദേഹം അവതാരപുരുഷനായെന്നും പി. രാജീവ് വിമര്‍ശിച്ചു.

സിറ്റിങ്‌ സീറ്റിൽ കോൺഗ്രസ് മൂന്നാമതായതിനെയും അതുസംബന്ധിച്ച് സ്ഥാനാർഥിയായിരുന്ന കെ മുരളീധരന്റെ പ്രതികരണങ്ങളും ഇക്കൂട്ടർ കണ്ടതായി നടിച്ചില്ല. കേരളത്തിലാകെ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് വർധിക്കുകയാണ് ചെയ്തത്. സിപിഎം നേതൃത്വം നൽകിയ എൽഡിഎഫിന്റെ വിശ്രമരഹിതമായ പ്രവർത്തനമാണ് ഇതിലേക്ക് നയിച്ചത്. എന്നാൽ, ബിജെപി വിജയിച്ചതിനെ ഗൗരവമായി കാണുകയും ഇത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യും. പൂരത്തിലുണ്ടായ സംഭവങ്ങളുടെ എല്ലാവശവും അന്വേഷിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

കേരളത്തിലെ പൊലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നാണ്. കഴിഞ്ഞ ദിവസം നടന്ന എടിഎം കൊള്ളയിലും സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണത്തിലും തുടങ്ങി പ്രതികളെ പിടികൂടുന്നതിൽ പൊലീസ് കാണിച്ച മികവ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പൊലീസ് സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്.

 ഇതേസമയം, പൊലീസ് ഭരണകൂടത്തിന്റെ ഉപകരണമാണെന്ന കാര്യം മറന്നുകൂടാ. പൊലീസിന്റെ ചില രീതികൾ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്യും. എന്നാൽ, ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവൽക്കരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ഘട്ടത്തിൽത്തന്നെ സർക്കാർ നടപടികൾ സ്വീകരിക്കുന്നത് മറച്ചുവയ്ക്കുന്നു. ലോക്കപ്പ് മരണമുണ്ടായാൽ സിബിഐ അന്വേഷിക്കണമെന്ന പൊതുനിലപാട് സ്വീകരിച്ച ഏക സർക്കാർ ഒരുപക്ഷേ കേരളത്തിലായിരിക്കും.

കേരളത്തിലെ പൊലീസിനെ ആർഎസ്എസ് നിയന്ത്രിക്കുന്നെന്ന പ്രതീതി നിർമാണം കുറച്ചുകാലമായി ബോധപൂർവം നടത്തുന്നുണ്ട്. അത് ഇപ്പോൾ ആളിക്കത്തിക്കുന്നു. സമൂഹത്തിലുള്ള വിവിധ സംഘടനകളുടെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിന് അനുസൃതമായി ഏറിയും കുറഞ്ഞും എല്ലാ സംവിധാനങ്ങളിലും അവരുടെ സാന്നിധ്യമുണ്ടാകും. അവരിൽ പലരും റിട്ടയർമെന്റ്‌ കഴിഞ്ഞ് ബിജെപിയുൾപ്പെടെയുള്ള പാർടികളിൽ ചേരുന്നതും കാണാം. യുഡിഎഫിന്റെ കാലത്ത് പൊലീസിന്റെ തലപ്പത്തുണ്ടായിരുന്ന പലരും ബിജെപി നേതൃനിരയിലെത്തിയ അനുഭവം മുമ്പിലുണ്ടല്ലോയെന്നും മന്ത്രി ചോദിച്ചു.

ഇപ്പോൾ, പൊലീസ് ഉൾപ്പെടെയുള്ള ഭരണസംവിധാനത്തിന്റെ നയത്തിൽ വർഗീയശക്തികൾക്ക് ഒരു ഇടവുമില്ല. ചില ജില്ലകളിൽ ആർഎസ്എസ്-എസ്ഡിപിഐ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും തുടർപ്രശ്നങ്ങളിലേക്ക് പോകാതെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞത് മതനിരപേക്ഷ നിലപാടുമൂലമാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ എട്ടരവർഷമായി ഒരു വർഗീയ കലാപംപോലും കേരളത്തിൽ ഉണ്ടാകാതിരുന്നത്. മതന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണം രാജ്യത്ത് ഇപ്പോഴും ശക്തമാകുമ്പോൾ കേരളം വ്യത്യസ്തമാകുന്നതും ഈ സമീപനംമൂലമാണ്. ഇതെല്ലാം മറച്ചുവച്ച് മുസ്ലിംവിരുദ്ധമാണ് സിപിഎമ്മെന്ന നുണപ്രചാരവേല നടത്തി പരാജയപ്പെട്ടവർ ഇപ്പോൾ തങ്ങളുടെ നാവായി അൻവറിനെ മാറ്റിയെന്നുമാത്രം.

സിപിഎമ്മിൽ ജനാധിപത്യമില്ലെന്നും ഭയമാണ് ഭരിക്കുന്നതെന്നും അടിമകളാണ് പാർടി അംഗങ്ങളെന്നുമുള്ള പ്രചാരവേലയും നടത്തുന്നുണ്ട്. മുഖ്യമന്ത്രിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് ഇപ്പോൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബ്രാഞ്ച്‌ മുതൽ സംസ്ഥാന കമ്മിറ്റി വരെ മുഖ്യമന്ത്രിക്കും നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശമുണ്ടായെന്ന് കൊണ്ടാടിയതെന്ന് ഓർക്കുന്നത് കൗതുകകരമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം പാർടിയും സർക്കാരും സ്വീകരിച്ച നടപടികൾ ഉൾപ്പാർടി ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണമാണ്. പാർടിയിൽ അഭിപ്രായം നിർഭയം പ്രകടിപ്പിക്കാൻ ഏതൊരാൾക്കും അവരവരുടെ ഘടകത്തിൽ അവകാശമുണ്ട്. കൂട്ടായ ചർച്ചയ്‌ക്കുശേഷം എടുക്കുന്ന തീരുമാനമായിരിക്കും പിന്നീട് പാർടി അംഗം മുതൽ ജനറൽ സെക്രട്ടറി വരെയുള്ളവരുടെ പൊതുമണ്ഡലത്തിലെ അഭിപ്രായം.

ഇതൊന്നും അറിയാത്തവർ നടത്തുന്ന നുണപ്രചാരവേലകൾ കൊണ്ടാടുന്നത് പാർടിയെ സ്നേഹിക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കാനും പാർടിയുടെ ആധികാരികത ദുർബലപ്പെടുത്താനുമുള്ള വ്യഥാശ്രമത്തിന്റെ ഭാഗമാണ്.

ഇടതുപക്ഷത്തിന്റെ ഭാഗമായി നിയമസഭയിൽ എത്തിയ പി വി അൻവർ പാർടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി മാറിയിരിക്കുന്നു. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾ നിഷ്‌പക്ഷമായി അന്വേഷിക്കുന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ രാഷ്ട്രീയമായി തുറന്നുകാണിക്കേണ്ടത് ഇടതുപക്ഷത്തിന്റെയും മതനിരപേക്ഷ കേരളത്തിന്റെയും ആവശ്യമാണെന്നും രാജീവ് വ്യക്തമാക്കി.

 

Advertisment