തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ ഹബാക്കുമെന്ന് സർക്കാർ നാഴികയ്ക്ക് നാൽപ്പതുവട്ടം ആവർത്തിക്കുന്ന കേരളത്തിൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ബി.എ പാസാവാതെ എം.എയ്ക്ക് പ്രവേശനം ലഭിച്ചു.
സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ കോളേജായ മഹാരാജാസിലാണ് ഈ നടുക്കുന്ന അട്ടിമറി. മഹാരാജാസ് കോളേജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി. എം. ആർഷോ ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസായില്ലെങ്കിലും പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം ലഭിച്ചു.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ് 10 ശതമാനം ഹാജർ മാത്രമുള്ള ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകിയത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകുവാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി ജി ക്ലാസിൽ പ്രവേശനം നൽകിയത്.
കേരള സർവ്വകലാശാലയുടെ കീഴിലുള്ള കായംകുളം എം.എസ്.എം കോളേജിൽ ബികോം പാസ്സാകാത്ത എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന നിഖിൽ തോമസിന് എംകോമിന് പ്രവേശനം നേടിയതിന് സമാനമായാണ് ആർഷോയുടെയും പ്രവേശനം. കാലടി സംസ്കൃത സർവ്വകലാശാലയിലും കഴിഞ്ഞ വർഷം ബി എ പാസ്സാകാത്ത ആറു വിദ്യാർഥികൾക്ക് എം എ യ്ക്ക് പ്രവേശനം നൽകിയത് പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.
ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന അർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു.
തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസൾട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം പരീക്ഷ എഴുതാൻ യോഗ്യത ഇല്ലാത്ത ആർഷോയെ കൂടി പിജി ക്ലാസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആർഷോയ്ക്ക് എം.എ ക്ലാസിലേയ്ക്ക് കയറ്റം നൽകുന്നതിന് വേണ്ടിയായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്ന് ആരോപണമുണ്ട്.
മഹാരാജാസ് കോളേജ് ഓട്ടോണമസ് ആയതു കൊണ്ട് കോളേജ് പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ കോളേജിന് അഫിലിയേഷൻ നൽകിയിട്ടുള്ള എംജി സർവകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പോലും സർവകലാശാലാ അധികൃതർ തയ്യാറാവാറില്ല.
കോളേജ്പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്ന ചുമതലയാണ് സർവകലാശാലയ്ക്കുള്ളത്. 13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റർ പിജി വിദ്യാർത്ഥിയും കെഎസ്യു ഭാരവാഹിയുമായ അമൽ ടോമി ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ അനുവദിച്ചുവെങ്കിലും, നിശ്ചിത ശതമാനം ഹാജരില്ലെന്നപേരിൽ കോളേജിൽ നിന്നും നീക്കം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ആറാം സെമസ്റ്ററിൽ 10 % മാത്രം ഹാജരുള്ള, ആറാം സെമസ്റ്റർ ബിരുദപരീക്ഷ ജയിക്കാത്ത ആർഷോയ്ക്ക് പിജി പ്രവേശനം നൽകിയത്.
യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75% ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ.
ഒന്നു മുതൽ ആറു വരെ സെമസ്റ്റർ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥയുണ്ട്. പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് ഏഴു മുതൽ 10 വരെ സെമസ്റ്ററുകളിൽ 80 ക്രെഡിറ്റ് നേടിയാൽ പിജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളിൽ നിന്നും ബി എ പരീക്ഷ പാസാകുന്നവർക്ക് ഏഴാം സെമസ്റ്ററിൽ ലാറ്ററൽ എൻട്രി വഴി എം.എ ക്ലാസ്സിൽ പ്രവേശന നൽകുവാനും വ്യവസ്ഥയുണ്ട്.
ഈ വ്യവസ്ഥ നിലനിൽക്കവേയാണ് ആറാം സെമസ്റ്റർ പരീക്ഷ പാസ്സാകാത്ത, ആറാം സെമസ്റ്റർ പരീക്ഷ എഴുതാൻ യോഗ്യത പോലും ഇല്ലാത്ത ആർഷോയ്ക്ക് പിജി ക്ലാസിൽ രഹസ്യമായി പ്രിൻസിപ്പൽ പ്രവേശനം നൽകിയത്. ഇദ്ദേഹം പതിവായി ക്ലാസ്സിൽ ഹാജരാക്കാത്തത് കൊണ്ട് അധ്യാപകർക്കോ സഹപാഠികൾക്കോ കോളേജിൽ തുടർപഠനം നടത്തുന്നതായി അറിവില്ല. എന്നാൽ ആർഷോ ബിരുദം കഴിഞ്ഞുള്ള പഠനം തുടരുന്നതായാണ് കോളേജിലെ ഔദ്യോഗിക രേഖകൾ.
കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കൺട്രോളറുടെയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത്. ആർഷോ ആദ്യ സെമസ്റ്റർ പരീക്ഷയിൽ നൂറിൽ നൂറു മാർക്കും നേടിയത് വലിയ വിവാദമായിരുന്നു. സിപിഎം ആഭിമുഖ്യമുള്ള സർക്കാർ കോളേജ് അധ്യാപകസംഘടനയുടെ മുൻ നേതാവും എംജി സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗവുമാണ് കോളേജ് പ്രിൻസിപ്പൽ.
എം.ജി സർവകലാശാല അംഗീകരിച്ച റെഗുലേഷന് വിരുദ്ധമായി നിശ്ചിത ഹാജരോ, ക്രെഡിറ്റോ ഇല്ലാതെ ആർഷോയ്ക്ക് പിജി സെമസ്റ്ററിൽ പ്രവേശനം നൽകിയ കോളേജ് പ്രിൻസിപ്പൽനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും, ആർഷോയെ കോളേജ് റോളിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർ, എം ജി സർവകലാശാല വി സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.