Advertisment

''ഉർവശീ ശാപം ഉപകാരം'' അൻവറിൻെറ മിന്നലാക്രമണത്തിൽ മുറിവേറ്റെങ്കിൽ ആരോപണങ്ങളെ പ്രതിരോധിക്കൽ പാർ‍ട്ടിയുടെ തലയിൽവെച്ച് മുഖ്യമന്ത്രി. ലാവലിൻ മുതൽ തുടരുന്ന തന്ത്രം അൻവറിൻെറ ആക്ഷേപങ്ങളിലും ഫലപ്രദമായി ആവിഷ്കരിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പാർട്ടി വഴിപാട് പോലെ പ്രസ്താവനയിറക്കി തടിതപ്പി നിൽക്കുമ്പോഴുളള അൻവറിൻെറ ആക്ഷേപങ്ങൾ ഉപകാരമായെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രിയുടെ ക്യാമ്പ്

അൻവറിൻെറ ഗുരുതര ആരോപണത്തിന് പിന്നാലെ പാർട്ടിയേയും വർഗബഹുജന സംഘടനകളെയും രംഗത്തിറക്കി പ്രതിരോധം തീർക്കാൻ മുഖ്യമന്ത്രിക്ക് സമർത്ഥമായി കഴിഞ്ഞു. എന്നാൽ വ്യാഴാഴ്ച അൻവർ ഗുരുതര ആരോപണങ്ങൾ ഉയർത്തും വരെ അതായിരുന്നില്ല സ്ഥിതി.

New Update
pv anvar pinara vijayan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പി.വി.അൻവർ കുടുംബത്തിനും വ്യക്തിപരമായും ഗുരുതര ആരോപണം ഉന്നയിച്ചതോടെ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് മുഖ്യമന്ത്രി.

Advertisment

അൻവറിൻെറ ഗുരുതര ആരോപണത്തിന് പിന്നാലെ പാർട്ടിയേയും വർഗബഹുജന സംഘടനകളെയും രംഗത്തിറക്കി പ്രതിരോധം തീർക്കാൻ മുഖ്യമന്ത്രിക്ക് സമർത്ഥമായി കഴിഞ്ഞു. എന്നാൽ വ്യാഴാഴ്ച അൻവർ ഗുരുതര ആരോപണങ്ങൾ ഉയർത്തും വരെ അതായിരുന്നില്ല സ്ഥിതി.

അൻവറിന് മറുപടി പറഞ്ഞുകൊണ്ടുളള പത്ര സമ്മേളനത്തിനും പാർട്ടി സെക്രട്ടേറിയേറ്റിൻെറ പ്രസ്താവനയും പാർട്ടിവൃത്തങ്ങളിൽ ചലനം ഉണ്ടാക്കാതെ പോയത്, അൻവറിൻെറ ഗുരുതരമായ ആരോപണത്തോടെ പരിഹരിച്ചെടുക്കാൻ മുഖ്യമന്ത്രിക്കായി.


തൻെറ നേർക്ക് അൻവർ എം.എൽ.എ ഉന്നയിച്ച ആക്ഷേപങ്ങളെ പ്രതിരോധിക്കേണ്ട എല്ലാ ഉത്തരവാദിത്തവും പാർട്ടി നേതൃത്വത്തിൻെറ ചുമലിലിട്ട് കൊടുത്ത് മുഖ്യമന്ത്രി കൈകഴുകി. ലാവലിൻ ആഴിമതി ആരോപണം വന്നകാലം മുതൽ പിണറായി സ്വീകരിക്കുന്ന തന്ത്രപരമായ സമീപനമാണിത്.


പാർട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് കൊണ്ടാണ് ഈ ആക്ഷേപങ്ങളെല്ലാം ഏൽക്കേണ്ടി വരുന്നതെന്നും അപ്പോൾ തനിക്കെതിരെ നടക്കുന്ന ആക്രമണം പാർട്ടിക്ക് നേരെ ഉളളതാണെന്നും സ്ഥാപിച്ച് കൊണ്ടായിരുന്നു അന്നൊക്കെ പിണറായി തനിക്കെതിരെ വരുന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പാർട്ടിയെ കളത്തിലിറക്കി പോന്നിരുന്നത്.

എന്നാൽ പി.വി.അൻവർ ഉന്നയിച്ച ആക്ഷേപങ്ങൾ കാലങ്ങളായി പാർട്ടിയിലുളളവർ പറയുന്നതും പറയാനാഗ്രഹിക്കുന്നതും ആയിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിയെ ആദ്യമെ കളത്തിലിറക്കുന്ന തന്ത്രം വിലപ്പോയിരുന്നില്ല. മാത്രമല്ല പത്രസമ്മേളനത്തിനും പാർട്ടി സെക്രട്ടേറിയേറ്റിൻെറ പ്രസ്താവനക്കും ഒന്നും പ്രവർത്തകർക്കിടയിൽ വലിയ ഓളം സൃഷ്ടിക്കാനും കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ്  മകൾക്കും മരുമകനും വേണ്ടിയാണ് അജിത് കുമാറിനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപം അൻവർ‍ ഉയർത്തുന്നത്. ഇതോടെ മുഖ്യമന്ത്രിയ്ക്ക് പിന്നിൽ അണിനിരക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന നിലയിലേക്ക് പാർട്ടിയും എത്തി.


നേരത്തെ സംശയിച്ചത് പോലെ തന്നെ അൻവർ മുൻകൂട്ടി തയാറാക്കിയ അജണ്ടക്കൊത്താണ് കാര്യം  നീക്കുന്നതെന്നും അൻവറിൻെറ ആക്ഷേപങ്ങൾ പാർട്ടിക്കും മുന്നണിക്കും എതിരാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ പാർട്ടിയെ ഒന്നടങ്കം  കളത്തിലിറക്കാനുളള വഴി തുറക്കുകയും ചെയ്തു.


എന്നാൽ തന്നെ സംശയത്തിൻെറ നിഴലിലാക്കി കൊണ്ട് സ്വർ‍ണക്കടത്ത് ഹവാല ബന്ധം ആരോപിച്ച പശ്ചാത്തലത്തിൽ പി.വി. അൻവറിന് മുഖ്യമന്ത്രിയ്ക്കെതിരെ തിരിയുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു.

പ്രതിപക്ഷം പോലും പറയാൻ മടിച്ച ആക്ഷേപങ്ങൾ മുഖ്യമന്ത്രിക്ക് നേരെ ചൊരിഞ്ഞുകൊണ്ട് ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രിയെ ഇളക്കാനും പി.വി.അൻവറിനായി.


നിരന്തരമുളള പത്രസമ്മേളനങ്ങളിലൂടെ അൻവർ പൊലിസിലെ ഉന്നതർക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ പരാതികൾ ഉന്നിയിച്ച രീതി തെറ്റാണെന്ന് വിലയിരുത്തി പാർട്ടി സെക്രട്ടറിയും നേതാക്കളും അത് പരസ്യമാക്കിയിട്ടും പാർട്ടി പ്രവർത്തകരിൽ നിന്നും താഴെത്തട്ടിൽ നിന്നുളള നേതാക്കളിൽ നിന്നും അൻവറിന് വലിയ പിന്തുണ ലഭിച്ചിരുന്നു.


കാരണം പാർട്ടി വേദികളിൽ കാലങ്ങളായി മുഴങ്ങി കേൾക്കുന്ന ആക്ഷേപങ്ങളായിരുന്നു അതെല്ലാം. അന്വേഷണ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അൻവർ വീണ്ടും രംഗത്തിറങ്ങിയപ്പോൾ അതിന് മറുപടിപറയാൻ മുഖ്യമന്ത്രിക്ക് നേരിട്ട് കളത്തിലിറങ്ങേണ്ടി വന്നു.

അതുവരെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് നേരെ മാത്രമായിരുന്ന ആരോപണങ്ങൾ തൻെറ നേർക്കും വരുന്നുവെന്ന് മനസിലാക്കിയാണ്  നീണ്ട മൗനത്തിന് ശേഷം മുഖ്യമന്ത്രി വാതുറന്നത്. 


അൻവറിൻെറ ആക്ഷേപങ്ങൾക്ക് നല്ല മറുപടി  നൽകിയെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും  ആർ.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ച തെറ്റാണെന്ന് പറയാൻ കൂട്ടാക്കാത്തത് കൊണ്ട് പാർട്ടിക്കകത്ത് വലിയ ചലനം ഉണ്ടാക്കാൻ പത്ര സമ്മേളനത്തിനായില്ല.


സ്വർണക്കടത്ത് ബന്ധമെന്ന  ദുസൂചനയിൽ പ്രകോപിതനായ അൻവർ രൂക്ഷമായ പ്രതികരണവുമായി വന്നതോടെ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിനെ കൊണ്ട് പ്രസ്താവനയിറക്കിക്കാനും മുഖ്യമന്ത്രിക്കായിരുന്നു. 

എന്നാൽ മൃദു സ്വരത്തിലുളള സെക്രട്ടേറിയേറ്റിൻെറ വഴിപാട് പ്രസ്താവനയും പാർട്ടിയിൽ വൻതോതിൽ സ്വീകരിക്കപ്പെട്ടില്ല.കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് അൻവർ മരുമകനെ കൂടി ചാരി മുഖ്യമന്ത്രിക്ക് നേരെ തിരിഞ്ഞത്. അത് ഒരുതരത്തിൽ അനുഗ്രഹമായ അവസ്ഥയിലേക്ക് എത്തിക്കാനായതിൻെറ ആശ്വാസത്തിലാണ് മുഖ്യമന്ത്രി.

Advertisment