Advertisment

എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ വരുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കും. സിബിഐയെ തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യത. സിബിഐ വന്നാല്‍ ബിനാമി ഇടപാടുകള്‍ പുറത്താവും. മുഖംമൂടികള്‍ അഴിഞ്ഞുവീഴും. പാര്‍ട്ടിക്ക് ദിവ്യ സത്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവും. സിബിഐ അന്വേഷണ ആവശ്യം രാഷ്ട്രീയ വിവാദമായി മാറുന്നു

സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുറന്നുപറഞ്ഞിട്ടുണ്ട്.

New Update
mv govindan naveen babu vd satheesan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ക്രൂരമായ അധിക്ഷേപം കാരണം ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം ആവശ്യപ്പെട്ട സി.ബി.ഐ അന്വേഷണത്തെ ഹൈക്കോടതിയിൽ സർക്കാർ എതിർക്കും.

Advertisment

നിലവിൽ പ്രത്യേക അന്വേഷണ സംഘം നല്ല രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പ്രതിയായ ദിവ്യയെ റിമാൻഡ് ചെയ്തെന്നും കോടതിയെ അറിയിക്കും.

സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുറന്നുപറഞ്ഞിട്ടുണ്ട്.

mv govindan master-2


സി.ബി.ഐ അന്വേഷണം വേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. ഇതോടെ എ.ഡി.എമ്മിന്റെ മരണത്തിലെ സിബിഐ അന്വേഷണം വൻ രാഷ്ട്രീയ വിവാദമായി വളരുകയാണ്.


പി.പി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദനെന്നാണ് സതീശൻ ആരോപിക്കുന്നത്. അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ എം.വി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചത്.

സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും സി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എം.വി ഗോവിന്ദനും സി.പി.എമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നത്.


നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തിയെ മതിയാവൂ - സതീശൻ പറഞ്ഞു.


vd satheesan-16

നവീന്റേത് കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിക്കുന്നത്. 

ഏക പ്രതിയായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ രക്ഷിക്കുന്ന തരത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളെന്ന് ഹർജിയിൽ പറയുന്നു. ദിവ്യയുടെ സ്വാധീനത്തിന് ജില്ലാ കളക്ടർ വഴങ്ങിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു.

തെറ്റു ചെയ്തതായി നവീൻ പറഞ്ഞെന്ന നിലയിൽ പിന്നീട് കളക്ടർ അരുൺ കെ.വിജയൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗവും പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തന്റെ പേരിൽ കെട്ടിച്ചമച്ച കത്തുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്.

arun k vijayan

നവീൻ അഴിമതിക്കാരനാണെന്ന് പ്രസംഗിച്ച ദിവ്യ അതു പ്രചരിപ്പിക്കാൻ ക്യാമറാമാനെയും വരുത്തിയിരുന്നു. നവീൻ ബാബു ജോലി ചെയ്യേണ്ടിയിരുന്ന പത്തനംതിട്ട ജില്ലയിലെ ഓഫീസിലേക്ക് അടക്കം അയച്ചുകൊടുത്തു. മരണത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണിവ.


പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണത്തിന് യാതൊരു താത്പര്യവും കാട്ടുന്നില്ല. തെളിവുകൾ മറച്ചുവയ്ക്കാനാണ് ശ്രമം. അതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണ പുരോഗതി റിപ്പോർട്ടും സമർപ്പിക്കണം. സി.ബി.ഐയ്ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.

കണ്ണൂർ എ.ഡി.എമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ.നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പൊലീസ് കേസ്.


പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏക പ്രതി ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്. എന്നാൽ നവീന്റെ മരണം കൊലപാതകമാണെന്ന സംശയമാണ് ഭാര്യ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.


manjusha

പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ സി.ബി.ഐ വന്നാലേ സത്യം തെളിയൂ എന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതി സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കണ്ണൂർ സർവകലാശാല സെനറ്റംഗം, കരിക്കുലം കമ്മിറ്റിയംഗം, കുടുംബശ്രീ മിഷൻ ഭരണസമിതിയംഗം, ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സൺ എന്നീ പദവികളും വഹിക്കുന്നു. 


 പ്രത്യേക അന്വേഷണ സംഘത്തിൽ  ലോക്കൽ പൊലീസിലുള്ളവരാണ് പലരും. പ്രോട്ടോകോളിൽ പ്രതിയേക്കാൾ താഴെ നിൽക്കുന്ന ഇൻസ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ സംരക്ഷിക്കുന്ന വിധം തെളിവുകൾ ഉണ്ടാക്കുന്നെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.


നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രശാന്തനെ സി.പി.എം സംരക്ഷിക്കുന്നത് ബിനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്.

പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment