Advertisment

രാഷ്ട്രീയ എതിരാളികളുടെയും പാർട്ടിയിലെ എതിർ ശബ്ദങ്ങളുടെയും വായടപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിച്ചെടുത്തതോടെ വി.ഡി സതീശന്റെ പൊളിറ്റിക്കൽ ​ഗ്രാഫും ഉയരങ്ങളിലേക്ക്. ചേലക്കരയിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള സതീശന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയായത് യുഡിഎഫ് സ്ഥാനാർഥിയുടെ മികവില്ലായ്മ. കോൺ​ഗ്രസിന്റെ രാഷ്ട്രീയ ഭാവി സതീശന്റെ കൈകളിൽ ഭദ്രം !

എടുക്കുന്ന തീരുമാനങ്ങൾ വിജയത്തിൽ എത്തിക്കാൻ കഴിയുന്ന നേതാവാണ് സതീശൻ എന്ന് പാലക്കാട്ടെ വിജയം അടിവരയിടുന്നു

New Update
vd satheesan-15

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളുടെയും പാർട്ടിയിലെ എതിർ ശബ്ദങ്ങളുടെയും വായടപ്പിച്ചുകൊണ്ട് പാലക്കാട് നേടിയ ഉജ്ജ്വല വിജയത്തോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിലെ  ചോദ്യം ചെയ്യപ്പെടാൻ ആവാത്ത നേതാവായി മാറുകയാണ്.

Advertisment

എടുക്കുന്ന തീരുമാനങ്ങൾ വിജയത്തിൽ എത്തിക്കാൻ കഴിയുന്ന നേതാവാണ് സതീശൻ എന്ന് പാലക്കാട്ടെ വിജയം അടിവരയിടുന്നു. കോൺഗ്രസിൽ കെ കരുണാകരന്റെ പ്രതാപ കാലത്തിനു ശേഷം കഴിഞ്ഞ ഏറെ കാലമായി അങ്ങനൊരു നേതൃത്വം ഇല്ലായിരുന്നുവെന്നോർക്കണം.


കോൺഗ്രസ് തീരുമാനങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാവ് എന്ന സ്ഥാനം ഇതോടെ സതീശൻ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പ് അവഗണിച്ച് സ്ഥാനാർത്ഥി ആക്കിയ രാഹുൽ  മാങ്കൂട്ടത്തിലിനെ ഉജ്ജ്വല ഭൂരിപക്ഷത്തോടെ ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞത് പാർട്ടിയിൽ സതീശന്റെ ഗ്രാഫ് ഉയർത്തും എന്നതിൽ സംശയമില്ല.


സ്ഥാനാർഥി എന്ന നിലയിൽ സ്വന്തം തലത്തിൽ വോട്ടുകൾ സമാഹരിക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല മറ്റൊരാൾ ആയിരുന്നെങ്കിൽ ഭൂരിപക്ഷം 25000 കടക്കുന്നതായിരുന്നു പാലക്കാട്ടെ അന്തരീക്ഷം. പാലക്കാട്ടെ വിജയം  പാർട്ടിയിലെ സതീശന്റെ എതിരാളികളുടെ വായടപ്പിക്കുന്നതാണ്. എന്നാൽ സംസ്ഥാന സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം മാറ്റുരയ്ക്കപ്പെട്ട ചേലക്കരയിലെ പരാജയം പ്രതിപക്ഷ നേതാവിന് തിരിച്ചടിയായി. 

ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള സതീശന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ഇടതു സ്ഥാനാർഥിയുടെ വ്യക്തി മികവും യു ഡി എഫ് സ്ഥാനാർഥിയുടെ മികവില്ലായ്മയും തിരിച്ചടിയായി എന്നാണ് ചേലക്കരയിലെ ഫലം വ്യക്തമാക്കുന്നത്.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ആയ  ചേലക്കരയിൽ  രാഷ്ട്രീയ വിജയം നേടുമെന്നായിരുന്നു സതീശന്റെ പ്രഖ്യാപനം. എന്നാൽ ഇടതു സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം നാലിലൊന്നായി പിടിച്ചുനിർത്താനായി എന്നത് ഒഴിച്ചാൽ കാര്യമായ ഒരു ചലനവും ചേലക്കരയിൽ ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല.


ഭരണവിരുദ്ധ വികാരം ജനങ്ങളിൽ എത്തിക്കാനും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനും കോൺഗ്രസ്‌ ടീമിന് കഴിഞ്ഞെങ്കിലും ചേലക്കരയിലെ സ്ഥാനാർഥിയുടെ പെർഫോമൻസ് പോരായ്മയിൽ എല്ലാം തകർന്നു.


എന്നാൽ കോൺഗ്രസിൽ എതിർ ശബ്ദങ്ങൾ ഉയർന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ സ്ഥാനാർത്ഥിയാക്കി മുന്നോട്ടുപോയത് സതീശന്റെ തീരുമാനമായിരുന്നു. ഷാഫി പറമ്പിലിന്റെ നോമിനിയായി രാഹുൽ മാങ്കൂട്ടത്തിൽ കണക്കാക്കപ്പെട്ടെങ്കിലും യഥാർത്ഥത്തിൽ വിഡി സതീശന്റെ പിന്തുണയിലാണ് രാഹുൽ പാലക്കാട് സ്ഥാനാർത്ഥിയായത്.

രാഹുലിൻ്റെ മെച്ചപ്പെട്ട വിജയം അതുകൊണ്ടുതന്നെ സതീശന്റെ രാഷ്ട്രീയ നിലനിൽപ്പിന് തന്നെ പ്രശ്നമായിരുന്നു. രാഹുൽ നേടിയ തകർപ്പൻ വിജയം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന് അഭിമാനകരമാണ്. എടുത്ത തീരുമാനം വിജയത്തിലെത്തിക്കാൻ കഴിഞ്ഞത് നേതാവ് എന്ന നിലയിൽ സതീശനെ വ്യത്യസ്തനാക്കുന്നുമുണ്ട്, അടയാളപ്പെടുത്തുന്നുമുണ്ട്.  


ചേലക്കരയിലെ തോൽവി ഒരേസമയം പൂച്ചെണ്ടും മുൾക്കിരീടവുമണിയാനും സതീശനെ നിർബന്ധിതനാക്കുന്നുണ്ട്. ചേലക്കരയിലെ ഇടതു പക്ഷത്തിന്  വെല്ലുവിളി ഉയർത്തുന്നതിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ദയനീയമായി പരാജയപ്പെട്ടു.


സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം പ്രതിപക്ഷ തന്ത്രം പാളി എന്നതിന്റെ കൃത്യമായ തെളിവാണിത്. തെരഞ്ഞെടുപ്പിനെ മുന്നിൽനിന്ന് നയിച്ച പ്രതിപക്ഷ നേതാവിനാണ് തീരുമാനത്തിന്റെ ഉത്തരവാദിത്വം.

സ്ഥാനാർത്ഥി നിർണയം പിഴച്ചതിലൂടെ ചേലക്കരയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നീങ്ങുന്ന സതീശന് കൂടുതൽ കരുതൽ അനിവാര്യമാക്കുന്നു.

 

Advertisment