/sathyam/media/media_files/uJ4QyyyHn3SbDHfbjBBr.jpg)
മലേഷ്യയിൽ വച്ച് നടക്കുന്ന ‘ദി ഗുഡ് വൈബ്സ്’ എന്ന സംഗീതോത്സവത്തിനിടയിൽ ഒരു ഇംഗ്ലീഷ് മ്യൂസിക് ബാൻഡിൽ നിന്നുള്ള രണ്ട് താരങ്ങൾ പരസ്പരം ചുംബിച്ചതിന്റെ പേരിൽ സംഗീതോത്സവ പരിപാടികൾ മലേഷ്യ റദ്ദ് ചെയ്തു. പ്രമുഖ അന്താരാഷ്ട്ര മ്യൂസിക് ബാൻഡുകൾ അണിനിരക്കുന്ന സംഗീതോത്സവമാണ് ‘ദി ഗുഡ് വൈബ്സ്’. ബ്രിട്ടീഷ് പോപ്പ് റോക്ക് ബാൻഡായ ‘ദി 1975’ ന്റെ മുൻനിര താരമായ മേറ്റി ഹീലി ആണ് അതേ ബാൻഡിലെ സഹ താരത്തെ ചുംബിച്ചത്.
ക്വാലാലംപൂരിൽ വച്ച് മൂന്ന് ദിവസമായി നടക്കേണ്ടിയിരുന്ന സംഗീതോത്സവമാണ് ഇപ്പോൾ റദ്ദ് ചെയ്യപ്പെട്ടിട്ടുള്ളത്. മുസ്ലീം രാജ്യമായ മലേഷ്യയിൽ സ്വവർഗരതി തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ കർശനമായ എൽജിബിടി നിയമങ്ങളെ പരസ്യമായി വിമർശിക്കുവാനായി ആണ് മേറ്റി ഹീലി സംഗീത വേദിയിൽ വെച്ച് സഹ പുരുഷതാരത്തെ ചുംബിച്ചത്.
വേദിയിലെ ചുംബനത്തിന് മുൻപ് തന്നെ മലേഷ്യയുടെ എൽജിബിടിക്യു നയങ്ങളോടുള്ള പ്രതിഷേധം മേറ്റി ഹീലി സദസ്സിനോട് വെളിപ്പെടുത്തിയിരുന്നു. ” ‘ദി 1975’ ഈ പരിപാടിയിൽ നിന്നും പിന്മാറാനാണ് ആഗ്രഹിക്കുന്നത്, എന്നാൽ മലേഷ്യയിലെ ഞങ്ങളുടെ ആരാധകരെ ഓർത്ത് മാത്രമാണ് ഇപ്പോൾ ഇവിടെ സംഗീത പരിപാടി അവതരിപ്പിക്കാൻ തയ്യാറാകുന്നത് ” എന്നായിരുന്നു ഷോ തുടങ്ങുന്നതിനു മുമ്പ് സദസ്സിനോട് ഹീലി പറഞ്ഞത്. ത
ങ്ങളുടെ ബാൻഡിനെ ഒരു രാജ്യത്തേക്ക് ക്ഷണിച്ചു വരുത്തിയിട്ട് തങ്ങൾ ആരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്ന് ആ രാജ്യം പറയുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തിന് ശേഷം മേറ്റി ഹീലി ബാൻഡിന്റെ ബാസിസ്റ്റ് ആയ റോസ് മക്ഡൊണാൾഡിനെ ചുംബിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് മലേഷ്യ ഈ സംഗീതോത്സവം തന്നെ റദ്ദ് ചെയ്തത്. ‘ദി 1975’ ബാൻഡിന്റെ ഗാനങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. മേറ്റി ഹീലിയുടെ സ്റ്റേജ് പ്രതിഷേധം ഇതാദ്യമായല്ല. 2019-ൽ കടുത്ത എൽജിബിടി വിരുദ്ധ നിയമങ്ങളുള്ള യുഎഇയിലെ ഒരു സംഗീത പരിപാടിക്കിടെ ഹീലി ഒരു പുരുഷ ആരാധകനെ ചുംബിച്ചുകൊണ്ടും മുസ്ലിം രാജ്യങ്ങളുടെ എൽജിബിടിക്യു വിരുദ്ധതയോട് പ്രതിഷേധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us