Advertisment

മാധ്യമ പ്രവർത്തകർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയേപ്പോലെ ആകണമെന്ന ഉപദേശം നമ്മൾ കേട്ടു തഴമ്പിച്ചതാണ്. എന്തിനാണ് സ്വദേശാഭിമാനിയെ നാടുകടത്തിയതെന്നറിയുമോ ? പെണ്ണു പിടിയനായിരുന്ന അന്നത്തെ ദിവാനെ കുതിരച്ചമ്മട്ടികൊണ്ടു തല്ലണമെന്ന് എഴുതിയതിന്. ഇന്നത്തെ ഭരണാധികാരികളായിരുന്നെങ്കില്‍ കുറെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി പിടിച്ചകത്തിടുമായിരുന്നു. ഫ്രീയായി കുറെ പോക്സോയും. കാലം മാറിയിട്ടും സ്വദേശാഭിമാനിയുടെ നാടുകടത്തൽ സാഹചര്യം ഇന്നും പ്രസക്തമാണ്. അങ്ങനെ സ്വദേശാഭിമാനിയാകാൻ ആർക്ക് കഴിയും ? നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയിട്ട് ഇന്ന് 112 വര്‍ഷമായിരിക്കുന്നു. ഇന്നത്തെ പത്രങ്ങളിലൊന്നും പൊടിപോലും കണ്ടുമില്ല. 1910 സെപ്തംബര്‍ 26 നായിരുന്നു അത്. അതും 32 -ാം വയസില്‍.

1916 മാര്‍ച്ച് 28 ന് കണ്ണൂരില്‍ വച്ചു മരിക്കുമ്പോള്‍ പ്രായം 38. പയ്യാമ്പലത്തിപ്പോള്‍ ഒരു മണ്ഡപമുണ്ട്. അദ്ദേഹം ജനിച്ച നെയ്യാറ്റിന്‍കരയിലെ 'കൂടില്ലാ വീട്' ഇന്നും സര്‍ക്കാര്‍ സ്മാരകമാക്കിയിട്ടില്ല.

publive-image

സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടോ ബ്രിട്ടനെതിരെ പടപൊരുതിയിട്ടോ ആയിരുന്നില്ല സ്വദേശാഭിമാനിയെ നാടുകടത്തിയത്.

അന്നത്തെ ദിവാന്‍ രാജ ബഹാദൂര്‍ സര്‍ രാജഗോപാലാചാരി ഒരു പെണ്ണു പിടിയനായിരുന്നു. അതു പുറത്തു കൊണ്ടുവന്നതിനായിരുന്നു നാടുകടത്തല്‍ എന്നതാണു സത്യം.

അദ്ദേഹത്തിന്‍റെ മരണ ശേഷം ഭാര്യ ബി. കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ട സ്മരണകള്‍' അനുസ്മരണ ഗ്രന്ധത്തിലും ഇതേക്കുറിച്ചു പറയുന്നില്ല. രാജാവ് നാടുകടത്തിയെന്നേ പറയുന്നുള്ളു. മറ്റൊരു സ്ത്രീ ലമ്പടനും ഷണ്ഡനുമായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയായിരുന്നു അന്നത്തെ രാജാവ്. ശ്രീമൂലത്തിന്‍റെ പണി എന്ന ഒരു ആപ്തവാക്യം ഇന്നും അശ്ലീലമായി ആണുങ്ങള്‍ക്കിടയിലുണ്ട്.


1910 ഓഗസ്റ്റ് 24 നായിരുന്നു രാജഗോപാലാചാരിക്കെതിരെ റിപ്പോര്‍ട്ട് സ്വദേശാഭിമാനി എഴുതിയത്. പെണ്‍പള്ളിക്കുടത്തില്‍ അതിഥിയായെത്തിയ ദിവാന്‍ സുന്ദരികളായ അധ്യാപികമാരെ കണ്ടപ്പോള്‍ ഹാലിളകി അശ്ലീല ഗോഷ്ഠികാട്ടി. ഇത് ദിവാന്‍റെ നിത്യതൊഴിലായിരുന്നു.


വൈകുന്നേരം ഓഫീസു വിടുമ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതനായി അടിവസ്ത്രമില്ലാതെ മുണ്ട് മടക്കി കുത്തി മുകളിലെ നിലയിലെ മട്ടുപ്പാവില്‍ ദിവാന്‍ നില്‍ക്കും. താഴെകൂടി നടന്നു പോകുന്നവര്‍ മുകളിലേക്കു നോക്കി തൊഴും.

publive-image

ദിവാന്‍റെ അധികാര വലുപ്പം ബോധ്യമാകുന്നവര്‍ അകത്തേക്കു കയറും. പിന്‍വാതിലിലൂടെ. വാല്യക്കാര്‍ സ്വീകരിച്ചു കിടക്കമുറിയിലേക്ക് ആനയിക്കും. അതും ഒരു മൃഗയാ വിനോദമായിരുന്നത്രെ ദിവാന്.


പെണ്‍പള്ളിക്കുടത്തില്‍ സ്ത്രീകളെ അശ്ലീല ഗോഷ്ഠി കാട്ടിയ ദിവാനെ കുതിരച്ചമ്മട്ടികൊണ്ടു തല്ലണമെന്ന് സ്വദേശാഭിമാനി എഴുതി. അധികാരം ആചാരിയെന്ന കുരങ്ങന്‍റെ കൈയ്യില്‍ കിട്ടിയ പൂമാലയെന്നും എഴുതി.


ഇതിനേക്കാള്‍ മൂര്‍ച്ചയുള്ളതായിരുന്നു മുമ്പെഴുതിയ മുഖപ്രസംഗങ്ങള്‍. ഇവയിലൂടെ രാമകൃഷ്ണപിള്ള സര്‍ക്കാരിനെ പരിഹസിക്കുകയും മഹാരാജാവിനെ പോരിനു വിളിക്കുകയും ചെയ്തതായി സര്‍ക്കാര്‍ കണ്ടെത്തി. പക്ഷേ നാടുകടത്തല്‍ ഉത്തരവില്‍ ഇതൊന്നും പറയുന്നില്ല.

ജനവിരുദ്ധരായ രാജാക്കന്‍മാര്‍ക്ക് പോര്‍ത്തുഗലില്‍ സംഭവിച്ച അനുഭവം ശ്രീമൂലം തിരുനാളും ഓര്‍ക്കണമെന്നും സ്വദേശാഭിമാനി എഴുതി. അവിടെ രാജാവിനെ ജനങ്ങള്‍ കൊലപ്പെടുത്തുകയായിരുന്നു.

ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമന്‍റെ ഗതിയും മുഖപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ( യുദ്ധങ്ങളിലൂടെ സാമ്പത്തികമായി ഇംഗ്ലണ്ടിനെ തകര്‍ത്ത ചാള്‍സ് ഒന്നാമനെ ജനങ്ങള്‍ തെരുവു യുദ്ധത്തിലൂടെ തോല്‍പ്പിച്ചു. ജയിലിലാക്കി. വിചാരണയുമായി രാജാവ് സഹകരിച്ചില്ല. കോടതി വധശിക്ഷക്കു വധിച്ചു. തല കോടാലികൊണ്ടു വെട്ടി മാറ്റിയാണ് വധശിക്ഷ നടപ്പാക്കിയത് ).

publive-image

മുസാഫര്‍പൂറില്‍ നടന്ന ബോമ്പേറും ഓര്‍ത്തോളാനായിരുന്നു മുന്നറിയിപ്പ്. കൊലപാതകികളെയും നീചന്‍മാരെയും കൈക്കൂലിക്കാരെയും സംരക്ഷിക്കുന്ന ദിവാന്‍റെ പാവയായിരുന്നു രാജാവ്. സ്വന്തമായി ബുദ്ധിയില്ല. കൊട്ടാരം ആശ്രിതന്‍മാരാണ് ഭരിക്കുന്നത്.

ദിവാന്‍ വേശ്യാ ലമ്പടനാണ്. ഉദ്യോഗസ്ഥര്‍ ദിവാനു വേശ്യകളെ സംഭരിച്ചു കൊടുക്കുന്നു. കൊട്ടാരം സേവകര്‍ പൊതുമുതല്‍ കക്കുന്നു. രാജഭക്തി രാജാവിനോടുള്ള ഭക്തിയല്ല, രാജ്യത്തോടുള്ള ഭക്തിയാണ്. രാജാവില്‍ ദൈവികാംശമില്ല.

ധര്‍മ്മരാജ്യം എന്ന പേരു മാറ്റി അഴിമതി രാജ്യം എന്നാക്കണം. അതിന്‍റെ ഭരണകര്‍ത്താവാണ് രാജാവ്. മഹാരാജാവ് അമ്മച്ചിമാര്‍ക്ക് (ഇടക്കിടെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍) രമ്യഹര്‍മ്യം നിര്‍മ്മിക്കാന്‍ പ്രജകളുടെ പണം ഉപയോഗിക്കരുത്. തഹസില്‍ദാരാകാന്‍ 2500 രൂപയും പേഷ്കാരാകാന്‍ 5000 രൂപയുമാണ് കൈക്കൂലി.

കൊട്ടാരത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദുര്‍നടത്തക്കാരാണ്. മേലുദ്യോഗസ്ഥര്‍ക്ക് വേശ്യകളെ ശേഖരിക്കുകയാണവരുടെ തൊഴില്‍ - കാമസാധനത്തിനായി. രാജ്യം മൃഗശാലയായി മാറുന്നു. ഉദ്യോഗസ്ഥര്‍ ഭ്രാന്തന്‍മാരും.


അക്കാലത്ത് മനോരമയേയും സ്വദേശാഭിമാനി പരിഹസിച്ചു. മനോരമ എഴുതി: രാജാക്കന്‍മാരെ കൂടെ കൂടെ കാണാന്‍ പ്രജകള്‍ക്ക് അവസരമുണ്ടാകുന്നതിനേക്കാള്‍ രാജഭക്തിവര്‍ധനക്ക് ഉത്തമമായ മാര്‍ഗം വേറേയില്ല.


സ്വദേശാഭിമാനിയുടെ മറുപടി: രാജാക്കന്‍മാരുടെ ശരീരത്തെ കാണുന്നതുകൊണ്ടല്ല മറിച്ച് അവരുടെ ഗുണങ്ങള്‍ കൊണ്ടാണ് പ്രജകള്‍ക്ക് ഭക്തി ഉണ്ടാകേണ്ടത്.

ഉയര്‍ന്ന ഉദ്യോസ്ഥന്‍ ശങ്കരന്‍ തമ്പി അധമ സാമ്രാട്ടാണ്. പേട്രിയട്ട് എന്ന പത്രത്തില്‍ രാജാവും കൂട്ടരും സ്വദേശാഭിമാനിക്കെതിരെ എഴുതിച്ചു. അതിനെതിരെ പിള്ള മദ്രാസില്‍ കേസു കൊടുത്തു. ദിവാനു വേണ്ടി (രാജഗോപാലാചാരി) യും പേട്രിയട്ടിനു വേണ്ടിയും ഹാജരായത് കുപ്രസിദ്ധനായ സര്‍ സിപി രാമസ്വാമി അയ്യര്‍.

ശങ്കരന്‍ തമ്പി എന്ന പ്രമാണിക്കു മുമ്പില്‍ നായന്‍മാര്‍ പത്തിമടക്കിയെന്ന് ഒരു ചോദ്യത്തിനുത്തരമായി പിള്ള പറഞ്ഞു. അപ്പോള്‍ കോടതി ചോദിച്ചു. ആരാണ് ശങ്കന്‍ തമ്പി - രാമകൃഷ്പപിള്ള: മഹാരാജാവിന്‍റെ ഇപ്പോഴത്തെ ഭാര്യയുടെ മുന്‍ ഭര്‍ത്താവ്.

കോടതിക്ക് സംശയം. സര്‍ സിപി ചെവിയില്‍ പറഞ്ഞു: നായര്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ഇഷ്ടമുള്ളപ്പോള്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിക്കുകയോ പിരിച്ചയക്കുകയോ ചെയ്യാം. അതാണ് സംബന്ധം. തമ്പിയെ പിരിച്ചയച്ചിട്ടാണ് അവര്‍ രാജപത്നി ആയത്.


അന്ന് നായന്‍മാരും തമ്പിമാരും തമ്മിലൊരു ശീതസമരം നടന്നു. പന്തി ഭോജനത്തില്‍ തമ്പിമാര്‍ നായന്‍മാര്‍ക്കൊപ്പം ഇരിക്കാതെയായി. ഒരുമിച്ചല്ലാതെ കഴിക്കില്ലെന്നു പറഞ്ഞു നായന്‍മാര്‍ പന്തിഭോജനം ബഹിഷ്കരിച്ചു.


മഹാരാജാവ് അമ്മച്ചി വീട്ടില്‍ (തമ്പിയുടെ മുന്‍ ഭാര്യ) എല്ലാവരെയും പന്തിഭോജനത്തിനു ക്ഷണിച്ചു. അതേക്കുറിച്ച് പിള്ള എഴുതി: നായന്‍മാര്‍ അനുസരണയോടെ ചെന്നിരുന്നു മൂക്കു മുട്ടെ തിന്നു. നായർ നെറികേട് എന്നായിരുന്നു തലക്കെട്ട്.

ദിവാന്‍ രാജഗോപാലാചാരി പത്രാസു കാണിക്കാന്‍ വിവാഹങ്ങള്‍ക്ക് കിന്നരിവച്ച തലപ്പാവ് ചാര്‍ത്തുന്നതും സ്വദേശാഭിമാനിയുടെ വിമര്‍ശനത്തിനു പാത്രമായി. സ്വകാര്യ ചടങ്ങില്‍ ഔദ്യോഗിക ചിഹ്നമായ തലപ്പാവു പാടില്ല.

വക്കം അബ്ദുള്‍ ഖാദറായിരുന്നു സ്വദേശാഭിമാനിയുടെ ഉടമ. ഉണ്ടായിരുന്നതൊക്കെ രാമകൃഷ്ണപിള്ള പത്രത്തില്‍ മുടക്കിയിരുന്നു. ഇത് 1910 - 1920 കാലത്തെന്നോര്‍ക്കണം.


ഇന്നത്തെ ഭരണാധികാരികളായിരുന്നെങ്കില്‍ പിടിച്ചകത്തിട്ട് കുറെ ജാമ്യമില്ലാ കേസുകള്‍ ചാര്‍ത്തിക്കൊടുത്തേനേ. കൂടാതെ ഫ്രീയായി കുറെ പോക്സോയും. (ആദരവോടെയേ അന്നത്തെ പോലീസ് പിള്ളയെ നാടുകടത്തിയുള്ളു). ഒരിക്കലും പുറത്തു വരാത്ത തരത്തില്‍ പൂട്ടിയേനെ.


ഇന്നത്തേപ്പോലെ അന്നും പത്രരംഗത്ത് കാലുവാരികളുണ്ടായിരുന്നു. ഭൂരിപക്ഷവും രാമകൃഷ്ണപിള്ളക്കെതിരെ തിരിഞ്ഞു ദിവാനു കുഴലൂതി. ദിവാന്‍റെ പെണ്ണു പിടിക്കു ചൂട്ടു പിടിച്ചു കൊടുത്തു.

ആരാണ് ഈ ദിവാന്‍ രാജഗോപാലാചാരിയെന്നറിയുമോ ? മുന്‍ കെ.പി.സി.സി പ്രസിഡന്‍റും ധനമന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് എസ്. വരദരാജന്‍ നായരുടെ അച്ഛന്‍. ഇപ്പോഴത്തെ കെ.പി.സി.സി ട്രഷററും മുന്‍ പത്രപ്രവര്‍ത്തകനും പരമ സാത്വികനുമായ വി. പ്രതാപചന്ദ്രന്‍റെ അപ്പൂപ്പന്‍.

  • - ഓണററി എഡിറ്റർ
Advertisment