Advertisment

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് താന്‍ ശക്തനെന്ന്‌ തെളിയിക്കുക മാത്രമായിരുന്നില്ല കാനത്തിന്റെ ലക്ഷ്യം; ദിവാകരന്‍, ഇസ്മയില്‍ തുടങ്ങിയ വിമതര്‍ക്കുള്ള താക്കീതുകൂടിയായിരുന്നു ഇത്; ഇവിടെയും കാനം ജയിച്ചു! 'പ്രായപരിധി' തങ്ങള്‍ക്ക് പണിയാകുമെന്ന് മനസിലായപ്പോഴാണ്‌ ഇസ്മയിലും ദിവാകരനും ഇടഞ്ഞത്; പന്ന്യനെയും 'പ്രായഭൂതം' പിടിക്കുമോ? ദിവാകരനെയും ഇസ്മയിലിനെയും സംസ്ഥാന കൗണ്‍സിലില്‍ നിലനിര്‍ത്തിയുള്ള ഒത്തുതീര്‍പ്പിന് രാജയെത്താനും സാധ്യത, ബാക്കി പാവങ്ങള്‍ക്കൊക്കെ ദയാവധം തന്നെ! -നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

സി.പി.ഐയുടെ സംസ്ഥാന സമ്മേളനം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ വേദിയാകുമെന്നുറപ്പായി. ഒരിടത്തും നടക്കാത്ത രീതിയില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി. രാജയെ ഒതുക്കി മൂലക്കിരുത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബാറ്റണ്‍ കൈയ്യിലേന്തി. ഇനിയും രാജയും രാജേന്ദ്രനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തീപാറുമോ രക്തം ചിന്തുമോ എന്നൊക്കെയേ അറിയാനുള്ളു.

സെപ്തംബര്‍ 30 നു നടന്ന പൊതു സമ്മേളനത്തേക്കുറിച്ച് രാജക്കൊരു വിവരവും ഇല്ലായിരുന്നു. അഥവാ സംസ്ഥാന നേതാക്കള്‍ രാജയെ അറിയിച്ചുമില്ല ക്ഷണിച്ചുമില്ല. രാജ ഗസ്റ്റ് ഹൗസില്‍ വെറുതെ ഇരുന്നു. സാധാരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുക അഖിലേന്ത്യാ നേതാവാണ്. അത് തടഞ്ഞ് കാനം തന്നെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു താന്‍ തന്നെ ശക്തനെന്നു തെളിയിച്ചു. സി. ദിവാകരന്‍, കെ.ഇ ഇസ്മയില്‍ തുടങ്ങിയ വിമതര്‍ക്കു നല്‍കിയ ശക്തമായ താക്കീതുകൂടിയായിരുന്നു ഇത്.


കുറെകാലമായി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധത്തിലല്ല. ഇവിടുത്തെ ഇടതു ഭരണത്തില്‍ ഡി. രാജയുടെ ഭാര്യ ആനി രാജ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് കാനത്തെയും കൂട്ടരെയും പ്രകോപിപ്പിക്കുന്നത്. ഇവിടുത്തെ കാര്യം അവര്‍ നോക്കേണ്ടന്നുവരെ കാനവും കൂട്ടരും പറഞ്ഞുവച്ചു.


ഇടതു ഭരണത്തില്‍ പങ്കാളിയാകുമ്പോള്‍തന്നെ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കണമെന്ന പക്ഷക്കാരാണ് രാജയും കേന്ദ്രവും. കാനമാകട്ടെ ഇടതു മുന്നണിയുടെ ഭാഗമായി ഇരുന്നുകൊണ്ട് ഭരണത്തെയും സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയരുതെന്ന നയക്കാരനും. കാനമാണ് സാധാരണ വിജയിക്കുക. ഇവിടെയും അതുതന്നെയാണു സംഭവിച്ചത്. കാനത്തിന്‍റെ നിലപാടിനൊരു പടക്കം കൂടി എറി‍ഞ്ഞിട്ടാണ് രാജ ഇന്നലെ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചത്.

75 വയസായവരെ സംസ്ഥാന കൗണ്‍സിലില്‍ എടുക്കേണ്ടന്ന നിലപാട് നേരത്തെ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിരുന്നു. സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ കെ.ഇ ഇസ്മയിലും സി. ദിവാകരനും അപകടം മണത്തില്ല, ഇരുവരെയും വെട്ടാനുള്ള കത്തി അതിലൊളിഞ്ഞിരിപ്പുണ്ടെന്ന്. താഴെ തട്ടില്‍ കിളവന്‍മാരെ ദയാവധം ചെയ്തതോട്ടെ എന്നവരും കരുതിക്കാണും. ഒടുവില്‍ കത്തി തങ്ങളുടെ കഴുത്തിനു നേരെ വന്നപ്പോഴാണ് ഇസ്മയിലും ദിവാകരനും ഇടഞ്ഞത്. ഇവരെ പിന്തുണക്കുന്ന നിലപാടാണ് രാജയെടുത്തത്. 75 വയസ് നിര്‍ബന്ധമാക്കിയിട്ടില്ല. അതത് സംസ്ഥാനങ്ങള്‍ക്ക് വേണ്ടതു ചെയ്യാം.

publive-image

നേരത്തേ പ്രായ പ്രശ്നത്തില്‍ തുറന്ന് അഭിപ്രായം പറഞ്ഞ ഇസ്മയിലിനെതിരെ കാനം വെടിപൊട്ടിച്ചിരുന്നു. എന്തുവന്നാലും സംസ്ഥാന കൗണ്‍സില്‍ തീരുമാനം നടപ്പാക്കുമെന്നായിരുന്നു കാനത്തിന്‍റെ പ്രഖ്യാപനം. പ്രായമെന്തായാലും താന്‍ പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ കാണുമെന്നു തിരിച്ചടിച്ചാണ് ഇസ്മയില്‍ പൊതുയോഗത്തിനെത്തിയത്. വേദിയില്‍ കയറാതെ പിണങ്ങി നിലത്തിരുന്ന ദിവാകരനെ നേതാക്കള്‍ അനുനയിപ്പിച്ചു വേദിയിലേക്കു കയറ്റുന്ന പടം പ്രാധാന്യത്തോടെയാണ് പത്രങ്ങള്‍ നല്‍കിയത്.


ഒരു വസ്തുതയുണ്ട്. സി.പി.ഐ കാനത്തിന്‍റെ കാലത്ത് വളര്‍ന്നു എന്നത് വസ്തുതയാണ്. സി.പി.എമ്മില്‍ നിന്ന് വിഘടിച്ചു നിന്ന വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ശേഷിച്ചവര്‍ പോയത് ബി.ജെ.പിയിലേക്കാണ്. ഹിന്ദുക്കള്‍ സി.പി.എമ്മിനെ ഉപേക്ഷിച്ചാല്‍ ബി.ജെ.പിയിലേക്കാണല്ലോ പോകുന്നത് മറിച്ചും. ഇതിനിടയിലാണ് കാനം കുറെ പേരെ പിടിച്ചത്. പാര്‍ട്ടി അംഗസംഖ്യ വര്‍ധിച്ചതിന്‍റെ നേട്ടവും കാനത്തിനു തന്നെ.


മന്ത്രിമാരായ കെ. രാജനും പി. പ്രസാദും കാനത്തിന്‍റെ പക്ഷത്ത് ഉറച്ചുനില്‍ക്കുന്നതിനാല്‍ ഭരണത്തിന്‍റെ ശീതളിമയും അണികള്‍ക്കു ലഭിക്കുക സ്വാഭാവികം.

എങ്കിലും രാജയെ കൊണ്ടുചെന്ന് ഒരു മുറിക്കുള്ളിലാക്കിയത് ശരിയായില്ല. അതേക്കുറിച്ചൊക്കെ സ്വാഗത സംഘത്തിനോടു ചോദിക്കാനാണ് കാനം പറഞ്ഞത്. സ്വാഗത സംഘമെന്നാല്‍ മന്ത്രി ജി. ആര്‍. അനില്‍. കാനത്തിന്‍റെ മറ്റൊരു കൈ. ഒക്കെ കാനത്തിന്‍റെ കളികളാണെന്നു വിശ്വസിക്കാന്‍ ഇതോക്കെ പോരേ ?

പാവം പന്ന്യനെയും പ്രായമെന്ന ഭൂതം പിടിക്കുമോ എന്നറിയില്ല. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ രണ്ടു വയസു കൂട്ടിയാണ് വച്ചത്. തെളിവു ചോദിച്ചാല്‍ കുഴങ്ങും. ആകെ കാണുക വീട്ടുകാര്‍ എഴുതിയ ജാതകമായിരിക്കും. വൈരുദ്ധ്യാത്മക ഭൗതിക വാദത്തില്‍ ജാതകത്തിനു യാതൊരു പ്രസക്തിയുമില്ല. പിന്നെ തീരുമാനിക്കുന്നവരുടെ മനോനിലയാണ്. നിലനിര്‍ത്താനും വെട്ടിക്കളയാനും ഉള്ള വക പന്ന്യനുണ്ട്.

ഇസ്മയിലും ദിവാകരനും പൊട്ടിത്തെറിച്ച സ്ഥിതിക്ക് ഒത്തുതീര്‍പ്പുമായി കേന്ദ്രവും രാജയും വന്നുകൂടായ്കയില്ല. ചിലര്‍ക്ക് ചില ഇളവുകള്‍. ദിവാകരനും ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിലനിര്‍ത്തുക. പ്രത്യേക പരിഗണന. ബാക്കി പാവങ്ങള്‍ക്കൊക്കെ ദയാവധം.

കേരളത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുത്ത എം.എന്‍. ഗോവിന്ദന്‍ നായര്‍ സി.പി.ഐയില്‍ നിന്നും പദവികളൊക്കെ നഷ്ടപ്പെട്ട് നിരായുധനായപ്പോള്‍ യാത്ര ചെയ്യാന്‍ കാറു പോലും ആരും നല്‍കിയില്ലെന്നു കേട്ടിട്ടുണ്ട്. സംസ്ഥാന നേതൃത്വം അങ്ങനെയാണ്. റിട്ടയര്‍ ചെയ്താല്‍ പിന്നെ അവരെ മൈന്‍ഡു ചെയ്യില്ല. കാറുമില്ല, മുറിയുമില്ല. ഭേദം സി.പി.എമ്മാണ്. എസ്. രാമചന്ദ്രന്‍ പിള്ളക്ക് താമസ സൗകര്യം നല്‍കിയില്ലേ ? എം.എന്‍. സ്മാരകത്തില്‍ അതിനുള്ള സൗകര്യവുമില്ല. പക്ഷെ ചെല്ലുന്നവര്‍ക്കൊക്കെ ഇലയില്‍ ഉച്ചഭക്ഷണം ഫ്രീയാണ്. അത് എം.എന്‍. സ്മാരകത്തിന്‍റെ മാത്രം പ്രത്യേകതയാണ്.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബൂര്‍ഷ്വാ പാര്‍ട്ടി രീതികളിലേക്കു പതുക്കെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. അധികാര കേന്ദ്രീകരണമാണ് അതില്‍ പ്രധാനം.


ഇയിടെ സി.പി.എം നേതാക്കള്‍ക്കുള്ള പാര്‍ട്ടി ക്ലാസ് ഇ.എം.എസ് അക്കാദമിയില്‍ നടന്നു. ക്ലാസെടുത്ത എസ്.ആര്‍.പി പറഞ്ഞു:

"ഇപ്പോള്‍ രണ്ടു ദിവസത്തെ സംസ്ഥാന കമ്മറ്റി ഒരു ദിവസം കൊണ്ടു പിരിയും. ഒരു ദിവസത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അര ദിവസം കൊണ്ടു തീരും. ചര്‍ച്ചയില്ല. അതാണ് അപചയം".

എസ്.ആര്‍.പിക്കിതു പറയാം. പെന്‍ഷന്‍ പറ്റി. ഇനി ആദര്‍ശം പറഞ്ഞിരുന്നാല്‍ മതി. സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും നിറയെ ചെറുപ്പക്കാരാണ്. അവര്‍ക്കവരുടെ ഭാവി നോക്കണ്ടേ

Advertisment