Advertisment

ആനാവൂരും ആര്യയും എന്തൊക്കെ പറഞ്ഞാലും സി.പി.എമ്മുകാര്‍ ഒരാള്‍പോലും ആ കത്തുകള്‍ വ്യാജമെന്നു കരുതുന്നില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്; സി.പി.എം സെക്രട്ടറിമാരുടെ മുഖ്യ ജോലിതന്നെ കത്തെഴുത്താണ്; അണികള്‍ക്കു വേണ്ടതും കത്തുകളാണ്; കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ ചട്ടി ! ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്താണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ആയുധം; ഈ നാടകങ്ങള്‍ കൊണ്ടൊന്നും സര്‍ക്കാരിനു മുഖം രക്ഷിക്കാനാകുമെന്നു തോന്നുന്നില്ല; നഷ്ടപ്പെടാനുള്ളത് സി.പി.എമ്മിനാണ്, ഗവര്‍ണര്‍ക്കല്ല-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

ചൊറിയുക സുഖമുള്ള ഏര്‍പ്പാടാണ്. പ്രത്യേകിച്ച് മലയാളിക്ക്. അപ്പൂപ്പന്‍മാര്‍ ചുക്കിച്ചുളുങ്ങിയ തൊലി പുറത്തേക്കു വലിച്ച് നീട്ടാന്‍ ചെറുമക്കളെ ഉപയോഗിക്കും. ഭര്‍ത്താക്കന്‍മാര്‍ക്ക് പുറം ചെറിഞ്ഞു കൊടുക്കുക വര്‍ത്തമാനകാല ഭാര്യമാരുടെ മുഖ്യജോലികളിലൊന്നാണ്. വേറെ പണിനോക്കെന്നു സ്ത്രീകള്‍ പറഞ്ഞുതുടങ്ങിയതുകൊണ്ടാകാം പുറം ചൊറിയാന്‍ നീണ്ട വിരലുകള്‍ മടങ്ങി നില്‍ക്കുന്ന ഒരു തടി കൈ ചിലര്‍ വിപണിയിലിറക്കിയത്. സ്വന്തം വിരലുകള്‍ കടന്നുചെല്ലാത്തിടത്ത് ചൊറിയാന്‍ ബസ്റ്റാണ് ഈ തടി കൈ.

രാഷ്ട്രീയത്തില്‍ സ്വന്തം നേതാക്കളെ ചൊറിഞ്ഞു സുഖിപ്പിക്കുന്നതിലൂടെ സ്ഥാനമാനങ്ങള്‍ നേടിയവര്‍ എത്രയോ ? എതിരാളികളെ പക്ഷേ മാന്തിതോല്‍പ്പിക്കും. "എന്‍ പൃഷ്ടം നീ ചൊറിഞ്ഞീടില്‍ നിന്‍ പൃഷ്ടം ഞാന്‍ ചൊറിഞ്ഞിടും" എന്ന ആപ്തവാക്യം ഇതു സംബന്ധിച്ച് പ്രചാരത്തിലുണ്ട്.

ഇത്രയും വിശദമായി പറഞ്ഞത് ഗവര്‍ണറെ സര്‍ക്കാര്‍ വെറുതെ ചൊറിഞ്ഞു മാന്തി വ്രണമാക്കുന്നതു കണ്ടാണ്. ഒരു കൊതുകു കടിച്ച് തൊലി തടിച്ചാല്‍ അതു ചൊറിഞ്ഞും മാന്തിയും വ്രണമാക്കുന്നതും നമ്മുടെ ശൈലിയാണ്. "ജാത്യാലുള്ളത് തൂത്താല്‍ മാറില്ല" എന്ന വാക്യവും നിലവിലുണ്ട്.


സി.പി.എം വ്യാപകമായി നടത്തിയ, നടത്തുന്ന ബന്ധുനിയമനങ്ങള്‍ക്ക് മറയിടാന്‍ ഗവര്‍ണര്‍ നടത്തിയ ശിപാര്‍ശകത്തു പുറത്തുവിട്ടുകൊണ്ടാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. ചില കത്തുകള്‍ ബൂമറാംഗാണ്. പോയതിനേക്കാള്‍ വേഗത്തില്‍ സ്വന്തം മുഖത്തു വന്നടിക്കും.


നഗരസഭാ മേയറും ആനാവൂരും നല്‍കിയ കത്തിന്‍റെ കേട് തീര്‍ന്നിട്ടില്ല. പോലീസിനെ പൊട്ടന്‍കളിപ്പിച്ച് ജനരോഷം തണുപ്പിക്കാന്‍ നോക്കിയതും നടന്നിട്ടില്ല. കേസൊക്കെ ചീറ്റിപ്പോകും. പക്ഷേ കത്തുകള്‍ ഒക്കെ സത്യമാണെന്ന വസ്തുത നിലനില്‍ക്കും. ആനാവൂരും ആര്യയും അനിലും എന്തൊക്കെ പറഞ്ഞാലും സി.പി.എമ്മുകാര്‍ ഒരാള്‍പോലും ആ കത്തുകള്‍ വ്യാജമെന്നു കരുതുന്നില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. സി.പി.എം സെക്രട്ടറിമാരുടെ മുഖ്യ ജോലിതന്നെ കത്തെഴുത്താണ്. മേല്‍ കമ്മറ്റികളിലേക്ക്. അണികള്‍ക്കു വേണ്ടതും കത്തുകളാണ്. കിട്ടിയാല്‍ കിട്ടി. അല്ലെങ്കില്‍ ചട്ടി.


രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവരാരും ഈ ഗവര്‍ണറുടെ കാലത്ത് നിയമിക്കപ്പെട്ടവരല്ല.


ഭാര്യമാര്‍ക്കു വഴിവിട്ട നിയമനങ്ങള്‍ നല്‍കി നാണംകെട്ടിരിക്കുമ്പോഴാണ് ഈ കത്തിലൂടെ ഗവര്‍ണറെ വരച്ച വരയില്‍ നിര്‍ത്താനുള്ള ശ്രമം. 22 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന് കത്തയച്ചതാണ് മറ്റൊരു കുറ്റം. ഇത്ര വൈകിയതെന്തേ എന്നല്ലേ ചോദിക്കേണ്ടത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് അഞ്ചും ആറും മാസം താല്‍ക്കാലികജോലി ചെയ്ത ആയിരങ്ങളെയല്ലേ സ്ഥിരപ്പെടുത്തിയത് ? 20 കുടുംബശ്രീക്കാര്‍ 4 വര്‍ഷമായി ജോലി ചെയ്യുന്നു. അവരെ വെയ്റ്റര്‍, ഗാര്‍ഡനര്‍, സ്വീപ്പര്‍, അറ്റന്‍റന്‍റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികകളില്‍ സ്ഥിരനിയമനം നടത്തണമെന്നതാണ് മറ്റൊരു പ്രശ്നം.


ഇവരെ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചതല്ല. കുടുംബശ്രീക്കാര്‍ ആരും യു.പിക്കാരുമല്ല. അതും ചെറിയ തസ്തികകളില്‍. പ്രൊഫസര്‍ തസ്തികകള്‍ പിന്‍വാതിലിലൂടെയും വിസി. തസ്തിക വിറ്റും നിയമനം നടത്തുന്ന വിദ്വാന്‍മാരാണിതിനെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്നത്.


മാത്രമല്ല, ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്താണ് ആയുധമാക്കി പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കയച്ച കത്തും ഖാന്‍ പുറത്തുവിട്ടിട്ടില്ല, അതേപടി. ഇവിടെ ഫോട്ടോസ്റ്റാറ്റ് ലീക്ക് ചെയ്തിരിക്കുന്നു. ഈ നാടകങ്ങള്‍കൊണ്ടൊന്നും സര്‍ക്കാരിനു മുഖം രക്ഷിക്കാനാകുമെന്നു തോന്നുന്നില്ല. ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയ പോരാട്ടം തുടങ്ങിക്കഴിഞ്ഞല്ലോ. ഖാനെന്താണു നഷ്ടപ്പെടാനുള്ളത് ? പ്രത്യേകിച്ച് ബി.ജെ.പി പിന്തുണയുള്ളപ്പോള്‍. നഷ്ടപ്പെടാനുള്ളത് സി.പി.എമ്മിനാണ്. ഇന്ത്യയില്‍ ആകെയുള്ള ഒരു ഇടതുപക്ഷ മുഖ്യമന്ത്രി.

ഏക സാമ്പത്തിക സ്രോതസ്. പോളിറ്റ് ബ്യൂറോക്കാര്‍ക്ക് ചായമുതല്‍ ബ്ലൂലേബല്‍ വരെ കഴിക്കണമെങ്കില്‍ ഇവിടുത്തെ സഖാക്കള്‍ കനിയണം. കാറിലും വിമാനത്തിലും കയറണമെങ്കില്‍ പാവങ്ങള്‍ പിരിക്കണം. എങ്ങനെയാണ് പടത്തലവന്‍മാരെ പാവങ്ങള്‍ സൃഷ്ടിക്കുന്നതെന്നറിയാമല്ലോ.

കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ 90 കോടി ഡെപ്പോസിറ്റും തിരുവനന്തപുരത്തെ 40 കോടിയുമൊന്നും ആരും കുടുംബം വിറ്റ് നിക്ഷേപിച്ചതല്ലല്ലോ. കുടുംബം വിറ്റ് നിക്ഷേപിച്ച ഒരാള്‍ മകള്‍ മാലതിക്ക് വോയില്‍ സാരി കടം വാങ്ങാന്‍ കൊടുത്തയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നുണ്ട്. നിയമസഭയിലേക്കു ശാന്തി നഗറില്‍ നിന്ന് നടന്നായിരുന്നു അന്ന് ഇ.എം.എസിന്‍റെ പോക്ക്. മുഖ്യമന്ത്രിയായപ്പോള്‍ മാത്രം കാറില്‍. താമസം അന്നും എന്നും ശാന്തി നഗറില്‍. അന്നൊക്കെ സി.പി.എമ്മിന് ഒരു അംബാസിഡര്‍ കാറേയുള്ളു. സംസ്ഥാന കമ്മറ്റിക്ക്. ഇന്നോ, ഇന്നോവകളുടെ നിരകള്‍ തന്നെയുണ്ട്. കാര്‍ ഇല്ലാത്ത ഒരു ഏരിയാ സെക്രട്ടറിയുണ്ടോ ? ബൂര്‍ഷ്വ സൗകര്യങ്ങള്‍ തൊഴിലാളിവര്‍ഗവിപ്ലവത്തിന് ഉപയോഗിക്കുക എന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രീതി...

ശശി തരൂര്‍ പറഞ്ഞതാണു ശരി. ഗവര്‍ണര്‍ ഒരു തെറ്റേ ചെയ്തുള്ളു. മന്ത്രി കെ.എന്‍. ബാലഗോപാലിനോടുള്ള പ്ലഷര്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രിയെ അറിയിച്ചത്. നിയമപരമായി അതു തെറ്റല്ലെങ്കിലും, ബാക്കി ഗവര്‍ണറുടെ നടപടികള്‍ ശരിയെന്നു ജനം വിശ്വസിക്കുന്നു. സി.പി.എമ്മിനെ അന്ധമായി വിശ്വസിക്കുന്നവരല്ല കേരളത്തില്‍ ഭൂരിപക്ഷമെന്നോര്‍ക്കണം. പാര്‍ട്ടി ശത്രുക്കളെ വകവരുത്തണമെന്നു ചിന്തിക്കുന്ന അന്ധവിശ്വാസികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഓര്‍ക്കണം. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. അതു നല്ലതാണ്.

Advertisment