Advertisment

വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന പോര്‍ട്ട് വകുപ്പിലോ സെക്രട്ടറിയേറ്റിലെ സെക്ഷനിലോ അന്താരാഷ്ട്ര രംഗത്ത് മികച്ച തുറമുഖങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരാള്‍ പോലുമില്ല; ഗൂഗിള്‍ നോക്കി പുസ്തകം എഴുതുന്ന വിദഗ്ദ്ധന്‍മാരാണ് കേരളത്തിലെ മാരിടൈം നിയമവിദഗ്ദ്ധരില്‍ ഭൂരിപക്ഷവും; മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കുമ്പോള്‍ വിമര്‍ശകരെ ചീത്ത പറഞ്ഞിട്ടു കാര്യമില്ല-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

സത്യം ഓണ്‍ലൈനിലെ 'നിലപാട്' കോളത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയേക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തിയത് ചിലരെയെങ്കിലും ചൊടിപ്പിച്ചു. വികസന വിരുദ്ധനായി തീര്‍ന്നോ എന്നുവരെ കമന്‍റുകള്‍ ഉണ്ടായി. ഒരു വന്‍ വികസന പദ്ധതി നടപ്പാക്കുമ്പോള്‍ സ്വീകരിക്കേണ്ട യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് വിഴിഞ്ഞത്താകെ പുലിമുട്ടുകള്‍ ഇടാനാരംഭിച്ചതെന്നു പറയുമ്പോള്‍ ബിഷപ്പ് സൂസാപാക്യത്തില്‍നിന്നെത്ര എനിക്കു കിട്ടിയെന്ന മുറിപ്പത്തല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടു കാര്യമില്ല. കാരണം വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവര്‍ അദാനിയുടെ ആദായം പേറുന്നവരാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. നിരീക്ഷണങ്ങളെ ഇങ്ങനെയാണോ കാണേണ്ടത് ?

വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന പോര്‍ട്ട് വകുപ്പിലോ സെക്രട്ടറിയേറ്റിലെ സെക്ഷനിലോ തുറമുഖ മന്ത്രിയുടെ ഓഫീസിലോ അന്താരാഷ്ട്ര രംഗത്ത് മികച്ച തുറമുഖങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരാള്‍ പോലുമില്ല. ഡിഗ്രി പാസായ ശേഷം പരീക്ഷയെഴുതി (അത് പോര്‍ട്ടിനെക്കുറിച്ചല്ല) പി.എസ്.സി സെലക്ഷന്‍ കിട്ടി തുറമുഖ വകുപ്പിലെത്തപ്പെട്ടവരാണ് കൂടുതലും. ഇന്ന് ഭക്ഷ്യവകുപ്പാണെങ്കില്‍ നാളെ തുറമുഖം. ഐ.എ.എസുകാരുടെ സ്ഥിതിയും ഇതുതന്നെ.


കപ്പലില്‍ ഒരിക്കല്‍പ്പോലും കയറാത്തവരാണ് നയതീരുമാനങ്ങള്‍ എടുക്കുന്നത്. ഉള്ളത് ചില റിട്ടയേര്‍ഡ് ക്യാപ്റ്റന്‍മാരാണ്. കപ്പല്‍ ഡ്രൈവര്‍മാര്‍. കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പിടിച്ച് എം.ഡിയാക്കിയാല്‍ എങ്ങിനെ ഇരിക്കും ?


തുറമുഖം ആരംഭിക്കും മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

ഒന്ന്: കടലെടുക്കുന്ന സ്ഥലങ്ങള്‍ ഏവ ? മുപ്പതു ശതമാനം കരയും 70 ശതമാനം കടലും ചേര്‍ന്നതാണ് ഒരു തുറമുഖം. രണ്ടിടങ്ങളിലും എന്ത് പാരിസ്ഥിതികാഘാതമാണ് പദ്ധതി സൃഷ്ടിക്കുക എന്നാരു പഠിച്ചു ? കനത്ത ഫീസു വാങ്ങി പഠനറിപ്പോര്‍ട്ടെഴുതി തരുന്ന കണ്‍സള്‍ട്ടന്‍റുമാരുണ്ടാകും. നിയമോപദേശം പോലെയാണ്. ഒരേ വിഷയത്തില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരസ്പരവിരുദ്ധമായ നിയമോപദേശം നല്‍കുന്ന നിയമ വിദഗ്ദ്ധരെ കണ്ടില്ലേ. അതുപോലെയാണിതും.

രണ്ട്: തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ കയറ്റി അയക്കാന്‍ സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ആരാണ് പ്ലാനുണ്ടാക്കിയത് ? മനുഷ്യരല്ലാതെ മണലുപോലും കേരളത്തില്‍ നിന്നു കയറ്റി അയക്കാനാവില്ല. കാര്‍ഷികോല്‍പ്പാദനമില്ല. പിന്നെ എന്തു കയറ്റി അയക്കാനാണ് ഈ പോര്‍ട്ട്. കള്ളക്കടത്തിനു പറ്റിയതായി ഭവിക്കും അവസാനം.

മാരിടൈം നിയമത്തെക്കുറിച്ച് ഇവിടെ ആര്‍ക്കെന്തറിയാം. ഇതു സംബന്ധിച്ച് കൊച്ചിയിലെ സമുദ്ര സര്‍വ്വകലാശാലയില്‍ ഒരു കോഴ്സുണ്ടായിരുന്നു. അത് പൂട്ടിക്കെട്ടിയത് അടുത്ത കാലത്താണ്. അന്താരാഷട്ര തലത്തില്‍ അനേകം നിയമങ്ങള്‍, പ്രഖ്യാപനങ്ങള്‍, ഉടമ്പടികള്‍ ഒക്കെയുണ്ട്. അതാര്‍ക്കറിയാം.


ഓരോ രാജ്യത്തിനും പ്രത്യേകം നിയമങ്ങളുണ്ട്. അതൊക്കെ അറിയാവുന്നവര്‍ കേരളത്തിലെത്രപേര്‍ ? വെല്ലുവിളിക്കുന്നു. ഗൂഗിള്‍ നോക്കി പുസ്തകം എഴുതുന്ന വിദഗ്ദ്ധന്‍മാരാണ് കേരളത്തിലെ മാരിടൈം നിയമവിദഗ്ദ്ധരില്‍ ഭൂരിപക്ഷവും.


ചരക്കു പോര്‍ട്ടിലൂടെ കയറ്റുമ്പോഴും ഇറക്കുമ്പോഴും നൂലാമാലകള്‍ ഏറെ. ഒരു വസ്തു ബുക്കുചെയ്താല്‍ അഡ്രസുകാരന്‍റെ പക്കലെത്തണം. ലോജിസ്റ്റിക്സ് വേണം. പലതരം രേഖകള്‍ തയ്യാറാക്കണം. അതൊക്കെ അറിയാവുന്നവര്‍ ആരുണ്ട് തലപ്പത്തും താഴെയും. ആരുമില്ല. ക്രൂയിസില്‍ യാത്രചെയ്തു വെള്ളമടിച്ചു കിടന്നാല്‍ മാരിടൈം പഠനമാവില്ല.

ഇപ്പോഴത്തെ അവകാശവാദം കോവിഡു കാലത്ത് കേരളത്തിലെ ചത്തു കിടന്ന പോര്‍ട്ടുകള്‍ക്കു ജീവന്‍ വച്ചതിനേക്കുറിച്ചാണ്. തുറമുഖമുണ്ടായിരുന്ന രാജ്യങ്ങള്‍ അവ അടച്ചുകളഞ്ഞു. തീരത്ത് കപ്പലടുക്കാന്‍ പോലും അനുവദിച്ചില്ല. രോഗം പടരാതിരിക്കാന്‍. നാം വിമാനത്തില്‍ വന്ന ഇന്ത്യക്കാരെ ശരിപ്പെടുത്തി കപ്പലില്‍ വന്നവര്‍ക്കു താമസിക്കാന്‍ അനുമതി നല്‍കി. മറ്റെങ്ങും അവര്‍ക്കിറങ്ങാന്‍ ആകുമായിരുന്നില്ല. ഇന്ധനവുമില്ല അങ്ങനെ കിട്ടിയ ചില്ലിക്കാശാണ് ഇപ്പോഴത്തെ തുറുപ്പു ചീട്ട്.

ആരെ പറ്റിക്കാനാണിത് ? ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചില്ല. സിംഗപ്പൂരോ മലേഷ്യയിലോ പോയി ഈ പണി ചെയ്തു പരിചയമുള്ള പത്തുപേരെ കോണ്ടുവന്നു തലപ്പത്ത് തുടക്കത്തിലെ വച്ചിരുന്നെങ്കില്‍ നൂലാമാലകളില്‍ നിന്നു രക്ഷപെടാമായിരുന്നില്ലേ ? കമ്മീഷനാണ് മുഖ്യമെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും.

Advertisment