Advertisment

അച്ചടക്ക നടപടിയെന്ന വാള്‍ സ്വന്തം തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുകയാണെന്ന് തരൂരിനറിയാം; അതിന്‍റെ മുന തലയില്‍ പതിക്കാതെ തന്ത്രപൂര്‍വമായ നീക്കങ്ങളാണ് തരൂര്‍ നടത്തുന്നത്‌; എം.കെ രാഘവന്‍, കെ.എസ് ശബരീനാഥ് തുടങ്ങിയവരുടെ ഒരു നിര പിന്നിലുണ്ട്‌; പാര്‍ട്ടിയുടെ പോക്കിലും സ്വന്തം പദവികളിലും അസംതൃപ്തരായവരെ ഇനിയും തരൂരിന് കിട്ടും; നിരവധി പ്ലസ് പോയിന്റുകള്‍ ഉണ്ടെങ്കിലും, ഒരുപാട് കടമ്പകളും തരൂരിന് മറികടക്കേണ്ടതുണ്ട്‌-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ചെറുതല്ല. തുടര്‍ ചലനങ്ങള്‍ അവസാനിച്ചിട്ടില്ല. അച്ചടക്ക നടപടിയെന്ന വാള്‍ സ്വന്തം തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുകയാണെന്ന് തരൂരിനറിയാം. അതിന്‍റെ മുന തലയില്‍ പതിക്കാതെ തന്ത്രപൂര്‍വ്വമാണിപ്പോള്‍ തരൂരിന്‍റെ നീക്കം. എം.കെ രാഘവന്‍, കെ.എസ് ശബരീനാഥ്, റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ക്കൊപ്പം ചെറുപ്പക്കാരുടെ ഒരു നിര പിന്നില്‍ അണിനിരന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ അസംതൃപ്തരാണവര്‍.

പാര്‍ട്ടിയുടെ പോക്കിലും സ്വന്തം പദവികളിലും അസംതൃപ്തരായവര്‍. ആ തരക്കാരെ ഇനി എത്ര വേണമെങ്കിലും ലഭിക്കുകയും ചെയ്യും. പ്രത്യേകിച്ച് ഗ്രൂപ്പു നേതാക്കള്‍ക്കുപോലും അറിയില്ല അണികള്‍ ഏതു ഗ്രൂപ്പിലാണെന്ന്. നേതാക്കള്‍ തന്നെയും ഏതു ഗ്രൂപ്പില്‍ കയറിയിരിക്കണം എന്ന സന്ദേഹത്തിലാണ്. അതിനാല്‍ എല്ലാ ഗ്രൂപ്പിലും തൊട്ടു തലോടിയാണ് നേതാക്കളുടെ നില്‍പ്പ്. രമേശിനെ രാവിലെയും ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ ഉച്ചയ്ക്കും കെ.പി.സി.സി ഓഫീസില്‍ 4 മണിക്കും കണ്‍ടോണ്‍മെന്‍റ് ഹൗസില്‍ 6 മണിക്കും പോകുന്ന ഇക്കൂട്ടര്‍ തരൂരിനെ കാണാന്‍ രാത്രിയില്‍ പോകും. കൂടാതെയാണ് കെ. മുരളീധരന്‍, ചാണ്ടി ഉമ്മന്‍, എം.എം. ഹസന്‍ തുടങ്ങിയവരെ കാണേണ്ടത്.

ഉമ്മന്‍ ചാണ്ടിയുടെ തൊണ്ടയിലെ ക്യാന്‍സര്‍ ബാധയും കെ. സുധാകരന്‍റെ ഓര്‍മ്മക്കുറവും സൃഷ്ടിച്ച വിടവു നികത്തുവാന്‍ സംഘടനാ - ഗ്രൂപ്പു തലത്തില്‍ മറ്റുള്ളവര്‍ക്കു കഴിഞ്ഞിട്ടില്ല. കാരണം പരസ്യമായി ഗ്രൂപ്പെന്നു പറയാനിപ്പോള്‍ തന്‍റേടം കാണിക്കുന്നത് രമേശ് മാത്രമാണ്. അതു ശോഷിച്ചിരിക്കുന്നു.


വി.ഡി സതീശന്‍ മുതല്‍ തരൂര്‍ വരെയുള്ളവര്‍ ഗ്രൂപ്പില്ലാ ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നിലംതൊടാനാവില്ലെന്ന് അവര്‍ക്കും അറിയാം. ആദര്‍ശവും ഗ്രൂപ്പുകാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടിയതും അവരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. അവസരം വരുമ്പോള്‍ ഗ്രൂപ്പിന്‍റെ മുഖമെടുത്തണിയാന്‍ പാകത്തില്‍ സജ്ജരായി നില്‍ക്കുകയാണവര്‍.


ഇതിനെല്ലാം മേലെയാണ് കെ.സി വേണുഗോപാലിന്‍റെ ഹൈക്കമാന്‍റു ഗ്രൂപ്പ്. വേണു ഉടന്‍ നിലംപരിശാകുമെന്നും ഹിന്ദിക്കാര്‍ വേണുവിനെ പുകച്ചു ചാടിക്കുമെന്നുമൊക്കെ പറഞ്ഞു നടന്നവര്‍ നാവടക്കിയ മട്ടാണ്. വേണു കേന്ദ്രത്തില്‍ പിടിമുറിക്കിക്കഴിഞ്ഞുവെന്നവര്‍ സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.

തരൂരിന്‍റെ പ്ലസ് പോയിന്‍റുകള്‍:

വിശ്വ പൗരന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, ഇംഗ്ലീഷിലുള്ള പ്രസംഗം, മറ്റ് ഭാഷകളിലെ സ്വാധീനം, രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള ശേഷി, അന്താരാഷ്ട്ര ബന്ധങ്ങള്‍, വന്‍ തോക്കുകളുമായുള്ള ബന്ധം, ഉറച്ച സാമ്പത്തിക അടിത്തറ, വ്യക്തിപരമായുള്ള സാംസ്കാരിക ഔന്നത്യം, സ്ത്രീകളെ ആകര്‍ഷിക്കുന്ന തലയെടുപ്പ്, ഓര്‍മ്മയും അറിവും, എന്‍.എസ്.എസ് ബന്ധം, ലീഗിനുള്ള താല്‍പര്യം, മറ്റ് യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും ഉള്ള സ്വീകാര്യത, മാധ്യമ ശ്രദ്ധ, സാധാരണ ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ്, (വി.എസിനു ശേഷം അതാര്‍ജിച്ചത് തരൂര്‍ മാത്രം). എവിടെ ചെന്നാലും താരപദവി, പ്രത്യേക ഗ്രൂപ്പിന്‍റെ ഭാഗമാകാത്തത്, കോണ്‍ഗ്രസ് അധ്യക്ഷനായി മല്‍സരിച്ച് - 1000 ലധികം വോട്ടു നേടാന്‍ കഴിഞ്ഞത്.

തരൂരിനുള്ള ന്യൂനതകള്‍:

സാധാരണക്കാര്‍ക്കു ബന്ധപ്പെടാന്‍ ആകാത്തത്, തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ അപ്രാപ്യനായി കരുതുന്നു. മലയാളം വായിക്കാനറിയില്ല, വീട്ടില്‍ സന്ദര്‍ശകര്‍ക്കു കയറാനാകുന്നില്ല (ഉമ്മന്‍ ചാണ്ടി കിടക്കമുറിയിലും കരുണാകരന്‍ മറ്റ് എല്ലാ മുറികളിലും അണികളെയും നേതാക്കളെയും കയറ്റുമായിരുന്നു). പ്രാദേശിക നേതാക്കള്‍ക്ക് അപ്രാപ്യന്‍, ഫോണില്‍ കിട്ടില്ല, ശിപാര്‍ശകള്‍ ചെയ്യാന്‍ സംവിധാനമില്ല. ശേഷിയില്ലാത്ത ഓഫീസ് സംവിധാനങ്ങള്‍, പ്രശ്നങ്ങളുമായി വരുന്നവര്‍ തൃപ്തരായല്ല മടങ്ങുന്നത്, പാശ്ചാത്യ രീതിയിലുള്ള ഇടപെടലുകള്‍, യു.എന്‍ ശൈലി, വ്യക്തിപരമായി പേരെടുത്തു വിളിക്കാനറിയാവുന്ന നേതാക്കളുടെ കുറവ് (അവരാണല്ലോ അണികളെ രംഗത്തിറക്കേണ്ടത്), കുറച്ചു ദിവസങ്ങളെ കേരളത്തില്‍ ഉണ്ടാകാറുള്ളു, ഇല്ലാത്തപ്പോള്‍ ബന്ധപ്പെടുവാനാകുന്നില്ല, സന്ദര്‍ശകരെ തൃപ്തിപ്പെടുത്തുന്ന പൈങ്കിളി പെരുമാറ്റമില്ല, കോണ്‍ഗ്രസിന്‍റെ റാങ്ക് ആന്‍റ് ഫയലിലുള്ളവരെ സ്വന്തം പക്ഷത്തേക്കു കൊണ്ടുവരാനുള്ള സംഘടനാ ശേഷിയില്ല, അതുള്ളവര്‍ കൂടെയില്ല, പരിചയമില്ലാത്തവര്‍ക്കു മഹാന്‍, പരിചയക്കാര്‍ക്കു അലര്‍ജി, കെട്ടിയെഴുന്നള്ളിക്കാന്‍ കൊള്ളാം, ആഴത്തില്‍ ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷിയില്ലായ്മ അഥവാ താല്‍പര്യക്കുറവ്, മീഡിയയില്‍ സ്വന്തം ലോബിയില്ല, സാംസ്കാരിക - സാമൂഹ്യ നേതാക്കളുമായി വ്യക്തിബന്ധമില്ല, ബി.ജെ.പി കേന്ദ്ര നേതൃത്വത്തോടുള്ള മൃദു സമീപനം, പിണറായിയെ ഇടക്കിടെ വാഴ്ത്തുന്നത്, കോണ്‍ഗ്രസ് രക്തസാക്ഷികളോടും മര്‍ദനമേല്‍ക്കുന്നവരോടും അനുകമ്പ കാണിക്കുന്നതിലുള്ള പിശുക്ക്, പുറമെയുള്ള ജഗപൊക പെരുമാറ്റമെന്ന തോന്നല്‍, രാഷ്ട്രീയത്തിനു പുറത്ത് ഉന്നതന്‍മാര്‍ക്കു മാത്രം നല്‍കുന്ന അമിത പ്രാധാന്യം, കേര്‍പ്പറേറ്റ് ബന്ധു എന്ന പ്രതിഛായ തുടങ്ങിയവ.

ഇവയൊക്കെ ഒറ്റയടിക്കു ശരിപ്പെടുത്താനാവില്ല. ദൈവം വിചാരിച്ചാല്‍ പോലും. പിന്നെങ്ങിനെ കെ. കരുണാകരനും എ.കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും ഇരുന്ന കസേരയില്‍ ഇരിക്കാനാവും ? നിരാശ വേണ്ട ജാഗ്രത മതി.

Advertisment