Advertisment

തലതിരിഞ്ഞവര്‍ എല്ലാ കുടുംബത്തിലും കാണും, നമ്മുടെ പോലീസും അതുപോലെയാണ്; പോലീസ് സേനയില്‍ കൂടുതലുമുള്ളത് നല്ലവര്‍ തന്നെയാണ്; പക്ഷേ, ഒരു കലം കറി വൃത്തികെട്ടതാക്കാന്‍ ഒരു തുള്ളി കനച്ച വെളിച്ചെണ്ണ മതിയല്ലോ ? അടുത്ത ദിവസങ്ങളില്‍ ആഭ്യന്തര വകുപ്പ് ഉണര്‍ന്നിട്ടുണ്ട്‌; ആരാണ് ഉണര്‍ത്തിയതെന്നറിയില്ല ! പിണറായിയും പി. ശശിയും വടിയെടുത്തു തുടങ്ങിയെങ്കില്‍ നന്ന്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

എത്ര തല്ലുകൊണ്ടാലും നന്നാവാത്ത ചില തലതിരിഞ്ഞവര്‍ എല്ലാ കുടുംബത്തിലും കാണും. അതുപോലെയാണു നമ്മുടെ പോലീസ്. ശക്തമായ സേന. ബുദ്ധിയുള്ളവര്‍ കൂടുതല്‍, ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ഇല്ലാത്തവര്‍ സാദാ പോലീസില്‍ പോലും വിരളം. അവരില്‍ നല്ലവരാണധികം. അവര്‍ക്കൊക്കെ പേരുദോഷം വരുത്താന്‍ ചുരുക്കം ചില വേന്ദ്രന്‍മാര്‍ മതി. ഒരുകലം കറി വൃത്തികെട്ടതാക്കാന്‍ ഒരു തുള്ളി കനച്ച വെളിച്ചെണ്ണ മതിയല്ലോ.

അടുത്ത ചില ദിവസങ്ങളില്‍ ആഭ്യന്തര വകുപ്പൊന്നുണര്‍ന്നുവെന്നുവേണം കരുതാന്‍. ആരാണ് ഉണര്‍ത്തിയെടുത്തതെന്നറിയില്ല. പിണറായിയും പി. ശശിയും വടിയെടുത്തു തുടങ്ങിയെങ്കില്‍ നന്ന്.

എന്നും ആഭ്യന്തര മന്ത്രിപദം അതു വഹിച്ചവര്‍ക്കൊക്കെ പൊല്ലാപ്പായിരുന്നു. അല്പമൊക്കെ രാഷ്ട്രീയമാകാം. എന്നാല്‍ എല്ലാറ്റിലും രാഷ്ട്രീയം കലര്‍ന്നാല്‍ പോയി, അല്ലെങ്കില്‍ അതുപോലെ ഉത്തവാദിത്വമുള്ളവരായിരിക്കണം.

അമ്പലപ്പുഴയിലെ ഏരിയാ സെന്‍ററിലെ സോണയെപ്പോലെയുള്ളവര്‍ ഏറെയുണ്ടിപ്പോള്‍ സി.പി.എമ്മില്‍. ചെറ്റപൊക്കാന്‍പോയി പിടിയിലായപ്പോള്‍, നാട്ടുകാര്‍ ഓടിച്ചപ്പോള്‍ കൈയ്യിലിരുന്ന മൊബൈല്‍ ഓടുന്നതിനിടയില്‍ താഴെ വീണതു ഓടിച്ച നാട്ടുകാര്‍ക്കു കിട്ടിയില്ലായിരുന്നെങ്കില്‍, വിവരം പുറത്തറിഞ്ഞായിരുന്നില്ലെങ്കില്‍ സോണ രക്ഷപെട്ടേനേ. ഓടിച്ചവര്‍ക്കും മൊബൈലിനെ കൈവിട്ട വിരലുകള്‍ക്കുമാണ് അതില്‍ നായികമാരാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ നന്ദി പറയേണ്ടത്.

ഒരനുഭവം കൂടി പറ‍ഞ്ഞിട്ടു കാര്യത്തിലേക്കു കടക്കാം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി. കുടപ്പനക്കുന്നില്‍ ഒരു കുടുംബം ആകെ ആത്മഹത്യ ചെയ്തു. ബ്ലേഡു കമ്പനിക്കാരില്‍ നിന്ന് അവര്‍ വായ്പ എടുത്തിരുന്നു. അടക്കാന്‍ കഴിഞ്ഞില്ല. ശല്യം സഹിക്കവയ്യാതെയായപ്പോള്‍ പണത്തിനു പകരം പലിശക്കാര്‍ മറ്റു പലതും ചോദിച്ചു തുടങ്ങിയപ്പോള്‍ ആത്മാഭിമാനുള്ള ആ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു.

രാത്രിയാണ് എനിക്ക് ആഭ്യന്തര മന്ത്രി രമേശിനെ ഫോണില്‍ കിട്ടിയത്. വിവരങ്ങള്‍ വിശദീകരിച്ചുകൊടുത്തു. ഒരു തവണ കലഹിക്കുകയും ചെയ്തു. അന്വേഷിക്കാം, നോക്കട്ടെ എന്ന ഒഴുക്കന്‍ മറുപടി മന്ത്രി പറഞ്ഞപ്പോഴായിരുന്നു കലഹിച്ചത്. അതിന്‍റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ രമേശിനു കഴിഞ്ഞു. രാത്രി 12 മണിക്കാണു രമേശ് വിളിച്ചു നാളെ മുതല്‍ റെയ്ഡുകള്‍ ആരംഭിക്കുമെന്നു പറഞ്ഞത്. രാവിലെ മുതല്‍ ടി.വികളില്‍ റെയ്ഡു വാര്‍ത്ത സ്ക്രോള്‍ ചെയ്തു തുടങ്ങി, ഓപ്പറേഷന്‍ കുബേര എന്നായിരുന്നു പോലീസ് അതിനു പേരിട്ടത്. ആയിരക്കണക്കിനു മനുഷ്യരെയാണ് രമേശ് ബ്ലേഡുകാരുടെ ക്രൂരതയില്‍ നിന്നു രക്ഷിച്ചത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശിന്‍റെ മികച്ച നേട്ടമായാണ് ചരിത്രം ആ നടപടിയെ ഇപ്പോഴും വിലയിരുത്തുന്നത്.


ഇങ്ങനെയായിരിക്കണം ആഭ്യന്തര മന്ത്രിയെന്നു ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല. അടുത്ത കാലത്തായി പോലീസ് തലതിരിഞ്ഞായിരുന്നു പോയിരുന്നത്. പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിട്ടും പുഴുക്കുത്തുകള്‍ നിലനിന്നിരുന്നു. ഇപ്പോള്‍ എന്തായാലും ശക്തമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ഈ രീതി തുടരണം.


ഗുണ്ടകളെ പിടിച്ചു തുടങ്ങി. ക്രിമിനലുകളായ പോലീസുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു തുടങ്ങി. ആദ്യമായാണീ കടുത്ത നടപടി. മംഗലപുരം പോലീസ് സ്റ്റേഷന്‍ എന്ന ഗുണ്ടാ കേന്ദ്രത്തിലെ എല്ലാവരേയും നാടുകടത്തി. ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിയ പോത്തന്‍കോട് എ.എസ്.ഐ ജയനെ സസ്പെന്‍റു ചെയ്തു കേസെടുത്തു. നയന കേസിന്‍റെ തുഴച്ചില്‍ നിന്നു. ലഹരി വിവാദത്തില്‍ മുന്‍ ജില്ലാ നേതാവ് ജോബിന്‍ ജോസിനെ സി.പി.എം. പുറത്താക്കി.

ഖാദി ബോര്‍ഡില്‍ ജോലി കൊടുക്കാമെന്നു പറഞ്ഞു പണം തട്ടിയ സരിത്തിനെ അറസ്റ്റു ചെയ്തു. 59 പോലീസുകാരെ (ക്രിമിനലുകളായ) പിരിച്ചു വിടുന്നു. 9 പേരെ പിരിച്ചുവിട്ടു. കഞ്ചാവു വില്‍പനക്കാര്‍ വിവരം പോലീസിനു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചു മര്‍ദിച്ച വെഞ്ഞാറമൂട്ടിലെ വിദ്യാര്‍ത്ഥിനിക്ക് സ്കൂളില്‍ പോകാന്‍ പോലീസ് സംരക്ഷണം.


ഗുണ്ടകള്‍ക്ക് പോലീസിനെ ഭയമില്ലാതെയായിരിക്കുന്നു. അവരും രാഷ്ട്രീയക്കാരും പോലീസും ചേര്‍ന്ന ഈ അച്ചുതണ്ടു മുറിക്കണം. എങ്കിലേ നിയമം നടക്കൂ. മണ്ണ് - മണല്‍ - റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് ഇപ്പോഴത്തെ പ്രശ്നം. കേരള പോലീസില്‍ സത്യസന്ധരാരെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ പ്രധാന (സെന്‍സിറ്റീവ്) ഏരിയകളില്‍ നിയമിക്കണം.


കേരളത്തില്‍ പോലീസിന് ഏറ്റവും കൂടുതല്‍ കോഴ കിട്ടുന്ന കേന്ദ്രങ്ങളാണ് ആലുവ, വാളയാര്‍, പുനലൂര്‍, ഇടുക്കിയിലെ ഹൈറേഞ്ച് സ്റ്റേഷനുകള്‍ (കഞ്ചാവ്), മൂന്നാര്‍ (ചന്ദനം), പാറശാല (കള്ളക്കടത്ത്), കോവളം (ലഹരി), കൊടുവള്ളി (സ്വര്‍ണ കടത്ത്) തുടങ്ങിയവ. ഇവിടങ്ങളില്‍ കൈക്കൂലിവാങ്ങാത്തവരെ വെക്കണം. ബ്ലേഡു കമ്പനിക്കാര്‍ വിരമിച്ച പോലീസുകാരെയാണ് ഉദ്യോഗസ്ഥരാക്കി നിയമിക്കുന്നത്. അതു തടയണം.

ഗുണ്ടകളുടെ രക്ഷകരാരാണെന്ന് പോലീസില്‍ എല്ലാവര്‍ക്കു അറിയാം. സ്പെഷ്യല്‍ ബ്രാഞ്ചില്‍ പട്ടികയുണ്ട്. പക്ഷേ നടപടിയില്ല. പ്രാദേശിക നേതാക്കളായിരിക്കും രക്ഷകര്‍. അതു അറുത്തു മുറിക്കണം. വനിതാ സമ്മേളനത്തില്‍ കോല്‍കളി നടത്തിയിട്ടോ സ്ത്രീകളെക്കൊണ്ടു സിനിമ പിടിച്ചിട്ടോ സ്ത്രീസൗഹൃദമെന്നു ഫ്ലെക്സു വെച്ചിട്ടോ സെമിനാര്‍ നടത്തിയിട്ടോ കാര്യമില്ല. ഓവര്‍ ബ്രിഡ്ജിനടിയില്‍ക്കൂടി രാത്രി 12 മണി കഴിഞ്ഞ് സിനിമ കണ്ടിട്ട് സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും ഹോസ്റ്റലുകളിലേക്കോ താമസ സ്ഥലങ്ങളിലേക്കോ പോകാനാകുന്ന കാലത്തേ കേരളം സ്ത്രീ സൗഹൃദമാകൂ. അതിനിനി എത്രകാലം കാത്തിരിക്കണം ?

Advertisment