Advertisment

ത്രിപുരയില്‍ അരങ്ങേറുന്നത് സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ'സംബന്ധ'മാണ്‌; പൊളിഞ്ഞു ദ്രവിച്ചു പഴകിയ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചു സി.പി.എം ത്രിപുര നഷ്ടപ്പെടുത്തുമോ ? തമിഴ്‌നാട്ടിൽ രാഷ്ട്രീയ സഖ്യമുണ്ടാക്കി മല്‍സരിച്ചപ്പോള്‍ ആരുടെയും കൈയ്യില്‍ ദേശീയ പതാകയായിരുന്നില്ല; അവിടെ എല്ലാ പാര്‍ട്ടികളും അവരുടെ പതാകകള്‍ കൈയ്യിലേന്തിയാണ് സംയുക്ത റാലി നടത്തിയത്; അവിടെ രണ്ടു എം.പിമാരേയും കിട്ടി ! എന്തുകൊണ്ടു ഇത്‌ ത്രിപുരയിലും ആയിക്കൂടാ ?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

ശ്രീനാരായണഗുരുവാണ് സത്യത്തില്‍ കേരളത്തിലെ ഹൈന്ദവമതത്തെ രക്ഷിച്ചത്. കാരണം നായന്‍മാര്‍ മുതല്‍ മുകളിലേക്കുള്ളവരുടെ ക്രൂരതകള്‍ക്കിരയായിരുന്നു ഈഴവര്‍. ക്ഷത്രിയന്‍ നമ്പൂതിരിമാരെ ചൂഷണം ചെയ്യും. നമ്പൂതിരിമാര്‍ നായന്‍മാരെ ചൂഷണം ചെയ്യും, അവര്‍ ഈഴവരെ. ഈഴവര്‍ അവര്‍ക്കു താഴെയുള്ളവരെ ചൂഷണം ചെയ്യും. അതിയിരുന്നല്ലോ നാട്ടുനടപ്പ്. എണ്ണത്തില്‍ കൂടുതലുള്ള ഈഴവര്‍ക്ക് വഴി നടക്കാനാവില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാനാവില്ല. മാറുമറക്കാനാവില്ല. മൂക്കുത്തിയും കമ്മലും ധരിക്കാനാവില്ല. കിണറില്‍ നിന്നു വെള്ളം കോരാനാവില്ല. അതിനു താഴെയുള്ളവരുടെ കാര്യം പറയാതിരിക്കുകയാണു ഭേദം.

എന്നാല്‍ മതം മാറി ക്രിസ്ത്യാനിയും മുസ്ലിമും ആയവര്‍ക്കൊന്നും അയിത്തമോ തൊട്ടുകൂടായ്മയോ ഇല്ല. മതംമാറ്റത്തെ ഇവിടുത്തെ രാജാക്കന്‍മാര്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരെ ഭയന്നായിരിക്കണം. മുസ്ലിം സമുദായക്കാരുടെ വിദേശ വ്യാപാരത്തിന്‍റെ ലാഭം പറ്റിയതുകൊണ്ടാവണം. അങ്ങനെ ഈഴവരാകെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയി മതം മാറി തിരിക്കാന്‍ കാരണം ഗുരുവാണ്.

അന്ന് നമ്പൂതിരികള്‍ സ്ത്രീലംമ്പടന്‍മാരും പ്രോക്രികളും അയിത്തത്തിന്‍റെ ആശാന്‍മാരുമായിരുന്നു. അവര്‍ ജീവിച്ചതുതന്നെ ഭക്ഷണം കഴിക്കാനും പരസ്ത്രീ ബന്ധത്തിനുമായിരുന്നു. ഒരു സ്ത്രീയില്‍ (നായരില്‍ താഴേക്ക് പരസ്യമായി ബന്ധമില്ല) ആര്‍ത്തി തോന്നിയാല്‍ ചെയ്യുന്നതാണു 'സംബന്ധം'. നമ്പൂതിരി വന്ന് ഒരു പുടവ കൊടുത്ത് രാത്രി അവിടങ്ങു കൂടും. കുറെ ഭൂമി എഴുതി നല്‍കും. വല്ലപ്പോഴും വരുന്ന നമ്പൂതിരിക്കുവേണ്ടി കാത്തിരിക്കുന്ന സ്ത്രീജന്‍മങ്ങള്‍. അവര്‍ ഉത്പാദിപ്പിക്കുന്ന കുട്ടികള്‍ വല്ലപ്പോഴും കാണുന്ന നമ്പൂതിരി പിതാവിനെ പ്രതികാരത്തോടും ഭയത്തോടും നോക്കിയിരുന്നതൊക്കെ സമ്പന്നമായ നമ്മുടെ സാഹിത്യ സൃഷ്ടികളില്‍ വിവരിച്ചിട്ടുള്ളത് ഈ തലമുറക്കറിയില്ലെന്നുറപ്പ്.


വീട്ടില്‍ ഭാര്യമാരുണ്ടെങ്കിലും പരക്കെ ആളറിയാത്ത രഹസ്യ ലൈംഗിക വേഴ്ചയെയാണ് സംബന്ധം കൊണ്ടു വിവക്ഷിക്കുന്നത്. അങ്ങനെ ഒരു 'സംബന്ധ'മാണ് ഇപ്പോള്‍ ത്രിപുരയില്‍ അരങ്ങേറുന്നത്. രാഷ്ട്രീയമാണെന്നു മാത്രം. അതും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍.


അയിത്തം കല്‍പിച്ചു മാറ്റിനിര്‍ത്തുന്ന പുലയപ്പെണ്ണിന്‍റെ ചെറ്റപൊക്കാന്‍ പോകുന്ന മേല്‍ജാതിക്കാരെക്കുറിച്ച് പഴയ കഥകളില്‍ കുറെ വായിച്ചിട്ടുണ്ട്, കവിതകളിലും. അതേപോലൊരു ഏര്‍പ്പാടാണിത്. എന്തു നാണംകെട്ട രീതിയാണിത് ? അടിയന്തിരാവസ്ഥയെ എതിര്‍ക്കാന്‍ അന്നത്തെ ബി.ജെ.പിയോടു കൂട്ടുകൂടി മല്‍സരിച്ചു സര്‍ക്കാരുണ്ടാക്കി. അതിലൊരു തെറ്റുമില്ല. തെറ്റെന്നൊരു രേഖയും ഒരു പ്ലീനത്തിലും അംഗീകരിച്ചിട്ടുമില്ല. പിന്നെന്തിനാണീ നാടകം ?

2018 ഫെബ്രുവരി 18 നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 43.59 ശതമാനം വോട്ടുനേടിയ ബി.ജെ.പിയാണു സര്‍ക്കാരുണ്ടാക്കിയത്. 60 ല്‍ തെരഞ്ഞെടുപ്പു നടന്ന 59 സീറ്റില്‍ 36 സീറ്റുകള്‍ അവര്‍ നേടി. 44.35 ശതമാനം വോട്ടും നേടിയെങ്കിലും സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് 16 സീറ്റേ നാടാനായുള്ളു.

2023 ഫെബ്രുവരി 16 നാണു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചു നിന്നാല്‍ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷ പലരിലുമുണ്ട്. ബി.ജെ.പി എത്രമാത്രം ജനങ്ങള്‍ക്കിടയില്‍ വേരോട്ടം നേടിയെന്ന് ഈ തെരഞ്ഞെടുപ്പിലേ അറിയൂ. കാരണം ഒന്നുമില്ലാതിരുന്ന ബി.ജെ.പിക്ക് വിലാസമുണ്ടാക്കിക്കൊടുത്തത് സി.പി.എമ്മില്‍ നിന്നു വിട്ടുവന്ന നേതാക്കളും അണികളുമാണ്. ബംഗാളില്‍ സി.പി.എം അണികള്‍ ഒന്നടങ്കം മമത ബാനര്‍ജിക്കൊപ്പം പോയി. ഇവിടെ സി.പി.എം അത്ര നിലംപരിശായിട്ടില്ല.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് - സി.പി.എം സഖ്യമെന്ന ആശയം മുന്നോട്ടുവച്ചിരുന്നെങ്കില്‍ ജനങ്ങള്‍ ഒന്നുണര്‍ന്നേനേ. രാഷ്ട്രീയ സഖ്യമില്ല; തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മാത്രം. ഇരു പാര്‍ട്ടികളുടെയും കൊടി പാടില്ല. പകരം ദേശീയ പതാക. ഇനി മുന്നണി ജയിച്ചാല്‍ സ്ഥിരതയുള്ള ഭരണകൂടം ഉണ്ടാകുമെന്നാര്‍ക്കുറപ്പു പറയാനാകും ? വി.പി. സിംഗിന്‍റെയും ദേവഗൗഡയുടെയുമൊക്കെ കേന്ദ്രഭരണം നാം കണ്ടതാണ്. ഗൗഡയെ കോണ്‍ഗ്രസും സി.പി.എമ്മും പിന്തുണച്ചതാണ്. ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനും സി.പി.എം പിന്തുണയുണ്ടായിരുന്നു.


അതിനാല്‍ പൊളിഞ്ഞു ദ്രവിച്ചു പഴകിയ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചു സി.പി.എം ത്രിപുര നഷ്ടപ്പെടുത്തുമോ എന്നാണറിയേണ്ടത്. കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യത്തിനു തയ്യാറായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്നു എന്നു പറഞ്ഞ് മറ്റ് സംസ്ഥാനങ്ങളില്‍ അവിടുത്തെ രാഷ്ട്രീയമല്ലേ നോക്കേണ്ടത്.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിൽ കോണ്‍ഗ്രസ്, ഡി.എം.കെ എന്നിവരോടൊപ്പം രാഷ്ട്രീയ സഖ്യമുണ്ടാക്കി മല്‍സരിച്ചപ്പോള്‍ ആരുടെയും കൈയ്യില്‍ ദേശീയ പതാകയായിരുന്നില്ല. ഈ പാര്‍ട്ടികളൊക്കെ അവരുടെ പതാകകള്‍ കൈയ്യിലേന്തിയാണ് സംയുക്ത റാലി നടത്തിയത്. അവിടെ രണ്ടു എം.പിമാരേയും കിട്ടി. അവിടിതാകാമെങ്കില്‍ എന്തുകൊണ്ടു ത്രിപുരയില്‍ ആയിക്കൂടാ ?

ഇതു സ്യൂഡോ നിലാപാടുകളാണ്. ഇതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം. കാരണം ബി.ജെ.പിയെ തളക്കണം. അതാണു രാഷ്ട്രീയ ലക്ഷ്യം. ജയിച്ചാല്‍ സംയുക്ത സര്‍ക്കാര്‍. നട്ടെല്ലില്ലാതെ എത്ര നാളിനി ഇന്ത്യന്‍ രാഷട്രീയത്തില്‍ നില്‍ക്കാന്‍ കഴിയും ? ജെ.എന്‍.യു ബുദ്ധിജീവികള്‍ തലപ്പത്തെത്തിയാല്‍ ഇതാകുമോ ഫലം ?

Advertisment