Advertisment

വിവേകികള്‍ സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടു നില്‍ക്കും; എന്നാല്‍ അങ്ങനെ ചിന്തിക്കാത്ത ചില മഹാത്മാക്കളും സമൂഹത്തിലുണ്ട്; അതില്‍ പ്രധാനികളാണ് അഡ്വ. സൈബി ജോസ് കിടങ്ങൂരും, ചിന്താ ജെറോമും ! സൈബി ജോസിനെതിരെയും, ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയും കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്; വിധിയുടെ പേരിലുള്ള കലിപ്പിന്‍റെ അക്കൗണ്ടിലെഴുതി ഇത്‌ തള്ളാവുന്നതല്ല-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

നമ്മുടെ ചെയ്തികള്‍ നാം ഉള്‍പ്പെടുന്ന സമൂഹത്തിന് എത്രമാത്രം നാണക്കേടുണ്ടാക്കുമെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് വിവേകമുള്ളവര്‍ പല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. അങ്ങനെ ചിന്തിക്കാത്ത ചില മഹാത്മാക്കളും ഈ സമൂഹത്തിലുണ്ട്. അതില്‍ പ്രധാനികളാണ് അഡ്വ. സൈബി ജോസ് കിടങ്ങൂരും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമും.

കിടങ്ങൂര്‍ വക്കീലിന്‍റെ കഥ പലതവണ പറ‍ഞ്ഞതാണെങ്കിലും വീണ്ടും ആ ഗതികേടിനു മുതിരുന്നത് പ്രശ്നത്തിന്‍റെ ഗൗരവക്കൂടുതല്‍ തന്നെ. മുന്‍ മന്ത്രി കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോഴത്തെ പ്രകോപനത്തിനു കാരണം.

ജുഡീഷ്യറിയിലെ അഴിമതികളെക്കുറിച്ച് ആദ്യം തെളിവുസഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചത് ക്രൈം നന്ദകുമാറാണ്. ഇന്ദ്രപ്രസ്ഥത്തെ വിഗ്രഹങ്ങളുടെ മുഖത്തേക്കാണ് നന്ദകുമാര്‍ ആരോപണങ്ങള്‍ ആംഗലേയ ഭാഷയില്‍ എറിഞ്ഞു കളിച്ചത്. ആരും ഒരു കോര്‍ട്ടലക്ഷ്യ കേസുപോലും എടുത്തില്ല. ആരും കേസ് കൊടുത്തുമില്ല. കാരണം പിടികിട്ടിയല്ലോ. കൂടുതല്‍ നാറേണ്ടെന്നു ബന്ധപ്പെട്ടവര്‍ ചിന്തിച്ചുകാണും.


പിന്നീടാണ് കെ.ടി ജലീല്‍ ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ചത്. ആരും കോര്‍ട്ടലക്ഷ്യത്തിന്‍റെ വാളെടുത്തില്ല. ആരൊക്കെയോ കഴുത്തിനു കുത്തിപ്പിടിച്ചോ എന്നറിയില്ല ജലീല്‍ അതുമായി മുന്നോട്ടു പോയി. ആ ജലീലാണ് പുതിയ പോസ്റ്റുമായി രംഗത്തിറങ്ങിയത്. നേരത്തേ ഉണ്ടായിരുന്നത്ര ഗാഢമല്ല. പക്ഷേ മൂര്‍ച്ചക്കൊട്ടു കുറവുമില്ല.


മനോരമ ടിവിയില്‍ വീട് എന്നൊരു പരിപാടിയുണ്ട്. സാധാരണ പണക്കാരുടെ കൊട്ടാരങ്ങളാണ് വിഷയമാകാറ്. കോടികള്‍ വിലമതിക്കുന്ന കൊട്ടാരങ്ങള്‍ കണ്ട് പാവം പ്രേഷകനും സ്വപ്നലോകത്തെ ബാലഭാസ്കര്‍മാരായി കിടന്നുറങ്ങും. അത്രേയുള്ളു. പ്രാഞ്ചിയേട്ടന്‍മാരാണ് കൂടുതലും ഇരുന്നുകൊടുക്കുക. പിറ്റേ ദിവസം ആദായനികുതി വകുപ്പുകാര്‍ വീട്ടില്‍ കയറുമെന്ന് ഈ പ്രാഞ്ചികള്‍ക്കറിയില്ല. ആദായനികുതിക്കാരുടെ ഇഷ്ടവിഭവമാണ് എല്ലാ ചാനലുകളിലും പ്രാഞ്ചി കൊട്ടാരങ്ങളുടെ കഥകള്‍. കിടങ്ങൂര്‍ വക്കീലിന്‍റെ കൊട്ടാരത്തേക്കുറിച്ചുള്ള മനോരമ ടി.വി പരിപാടിയും ജലീല്‍ അറ്റാച്ചു ചെയ്തിട്ടുണ്ട്.

ജലീലിന്‍റെ പോസ്റ്റില്‍ നിന്ന്:

ജസ്റ്റിസ് സിറിയക് ജോസഫ് കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി പോയപ്പോള്‍ സൈബി ജോസ് കിടങ്ങൂര്‍ കുറ്റിയും പറിച്ച് ബാംഗ്ലൂരിലേക്കും അവിടെ നിന്ന് സിറിയക് ജോസഫ് സുപ്രീംകോടതി ജഡ്ജിയായി പോയപ്പോള്‍ ഡല്‍ഹിയിലേക്കും പ്രാക്ടീസ് മാറ്റിയെന്ന ആരോപണം ബന്ധപ്പെട്ടവര്‍ അന്വേഷിക്കണം. ജസ്റ്റിസ് സിറിയക് ജോസഫിന്‍റെയും കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിന്‍റെ പങ്ക്കച്ചവടക്കാരനെന്ന് ആരോപിക്കപ്പെട്ട അഡ്വ. സൈബി ജോസ് കിടങ്ങൂരിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവകകള്‍ പരിശോധിച്ചാല്‍ ഇരുവരും നടത്തിയ 'ഇടപാടുകളിലെ' അവിഹിത വിഹിതം വയ്പിന്‍റെ ചുരുളഴിയും.

ഇതാണ് ജലീലിന്‍റെ പോസ്റ്റ്. സിറിയക് ജോസഫ് തന്‍റെ പദവി ഉപയോഗിച്ച് അനുജന്‍റെ ഭാര്യ നാന്‍സി ജയിംസിന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പദവി തരപ്പെടുത്തിയെന്നും നേരത്തേ ജലീല്‍ ആരോപിച്ചിരുന്നു. ജലീലിന്‍റെ മന്ത്രിപദം തെറിപ്പിച്ച വിധിയെഴുതിയ ലോകായുക്തയായിരുന്നു സിറിയക് ജോസഫ്. അതിന്‍റെ കലിപ്പു കാണും. പക്ഷേ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. വിധിയുടെ പേരിലുള്ള കലിപ്പിന്‍റെ അക്കൗണ്ടിലെഴുതി തള്ളാവുന്നതല്ല. പ്രാഞ്ചിയുടെ വീരകഥ കേള്‍ക്കേണ്ടവര്‍ക്കായി ലിങ്ക് ഇതാ:

സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോള്‍ ഇദ്ദേഹം ആകെ 9 വിധികളേ പുറപ്പെടുവിച്ചുള്ളു എന്ന് അഡ്വ. ജയശങ്കറാണ് ഒരു പരിപാടിയില്‍ പറഞ്ഞത്. പക്ഷേ ജലീല്‍ ഒന്നു മനസിലാക്കണം. ഇദ്ദേഹത്തെ നിയമിച്ചത് അങ്ങയുടെ കാരണഭൂതനാണ്. അതെന്തു ഉപകാരസ്മരണയാണെന്നുകൂടി വെളിപ്പെടുത്തുമോ ? നിര്‍ബന്ധിക്കുന്നില്ല. ടെന്‍ഷന്‍ വേണ്ട.


മറ്റൊരു മാതൃകാ വനിതാരത്നം ചിന്ത ജെറോമാണ്. നല്ല പ്രസംഗം, ഭാഷ, അവതരണം. നീണ്ടകരക്കാരിയാണെന്നു സംസാരം കേട്ടാല്‍ തോന്നുകയേയില്ല. ചെറുപ്പത്തില്‍ സി.പി.എം. വന്‍പിച്ച ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചത്. രാഷ്ട്രീയം സേവനമാണ്. ഏതു അധികാര കസേരയും പോരാട്ട ആയുധമാണ്. ഇതൊക്കെ ചിന്തയങ്ങു മറന്നുപോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ശമ്പള കുടിശികയായി 8.5 ലക്ഷം ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയതോടെയാണ് കള്ളി വെളിച്ചത്തായത്.


ചിന്തയുടെ അപേക്ഷയിന്‍മേലാണ് ഉത്തരവെന്ന് ഓര്‍ഡറില്‍ പറയുന്നുണ്ട്. മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ചാണ് ചിന്തയെ സര്‍ക്കാര്‍ തൃപ്തിപ്പെടുത്തിയത്. കുടിശികയോ ശമ്പള വര്‍ധനയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത പറയുന്നു. ശമ്പളം നിജപ്പെടുത്താനാണ് താന്‍ ആവശ്യപ്പെട്ടത്. നിജപ്പെടുത്തല്‍ എന്നു പറഞ്ഞാല്‍ കുടിശിക ഒന്നിച്ചു തരണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നും ഒക്കെയാണ് അര്‍ത്ഥമെന്ന് ശ്രീകണ്ഠേശ്വരം പോലും സ്വപ്നത്തില്‍ ചിന്തിച്ചിട്ടുണ്ടാവില്ല.

താന്‍ വര്‍ധനയോ കുടിശികയോ ആവശ്യപ്പെട്ടെങ്കില്‍ കത്തു പുറത്തുവിടാന്‍ ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചു. എല്ലാ വെല്ലുവിളികളും ഏറ്റുവാങ്ങാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആയുസിനിയും ബാക്കി. സെക്രട്ടറിയേറ്റില്‍ പോലും ആ പാവങ്ങളെ കടത്തിവിടാറില്ല. പിന്നെയാ, ചിന്തയുടെ കത്തു ചോര്‍ത്തുന്നത്. വാങ്ങുന്ന ചിന്തയും കൊടുത്ത സര്‍ക്കാരും ഒന്നോര്‍ക്കണം. 1957 ല്‍ ആദ്യം അധികാരമേറ്റ ഇ.എം.എസ് സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ തീരുമാനം മന്ത്രിമാര്‍ക്കുള്ള ശമ്പളം വെട്ടിക്കുറക്കാനായിരുന്നു. വന്‍ നേട്ടങ്ങള്‍ ഖജനാവിനു കൈവരിക്കാനായിരുന്നില്ല. അതൊരു മാതൃക സൃഷ്ടിക്കലാണെന്നാണ്‌ അന്ന് ഇ.എം.എസ് മന്ത്രിമാരോട് പറഞ്ഞത്.

ഇപ്പോഴോ വാരിക്കോരിയാണ് നല്‍കുന്നത്. കെട്ടിടനിര്‍മ്മാണ തൊഴിലാളി, ആശാകിരണം തുടങ്ങിയ എത്ര പെന്‍ഷനുകളാണ് ഏറെക്കാലമായി നല്‍കാന്‍ കഴിയാതെ പോകുന്നത്. അതിനിടയിലാണിതൊക്കെ. "എബ്രാനല്‍പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും."

Advertisment