Advertisment

അനില്‍ ചെയ്ത പാതകമെന്താണ് ? ബി.ബി.സി. ഡോക്യുമെന്‍ററി വിവാദം നടക്കുന്നതിനിടെ അത് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കരുതെന്നു പറഞ്ഞു; രണ്ടു പതിറ്റാണ്ടിനു മുമ്പു നടന്ന ഗുജറാത്ത് കലാപം ഇപ്പോള്‍ പൊടിതട്ടിയെടുത്തു ഡോക്യുമെന്‍ററിയാക്കിയതെന്തിനാണ് ? ജി 20 അധ്യക്ഷ പദം മോദിക്കുള്ള വലിയ അംഗീകാരമാണ്; അതിന്‍റെ തിളക്കം കെടുത്തുകയായിരുന്നു ഡോക്യുമെന്‍ററിയുടെ ഒരു ലക്ഷ്യം ! ബി.ജെ.പിയില്‍ തലയില്‍ ആള്‍സഞ്ചാരമുള്ളവരുണ്ടെങ്കില്‍ അനിലിനെ വളച്ചെടുക്കണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

എ.കെ ആന്‍റണിയേപ്പോലെ പരിശുദ്ധനായ കോണ്‍ഗ്രസ് നേതാക്കള്‍ വിരളം. അതാണല്ലോ ആന്‍റണിക്കുള്ള പ്രസക്തിയും. അടിയന്തിരാവസ്ഥയെ എതിര്‍ത്തു ഗോഹട്ടി എ.ഐ.സി.സി. സമ്മേളനത്തില്‍ പ്രസംഗിച്ചതു മാത്രമല്ല ആന്‍റണിയെ വ്യത്യസ്തനാക്കുന്നത്. മുഖ്യമന്ത്രി പദങ്ങളും കേന്ദ്രമന്ത്രി പദങ്ങളും വലിച്ചെറിയാന്‍ അദ്ദേഹം കാട്ടിയ ധൈര്യം കോണ്‍ഗ്രസില്‍ എത്രപേര്‍ക്കുണ്ടാവും ?

ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധിക്കു സീറ്റു കൊടുത്തപ്പോള്‍ (അടിയന്തിരാവസ്ഥയ്ക്കു ശേഷം) ആന്‍റണി അതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി പദം വലിച്ചെറിഞ്ഞു. പിന്നീട് ഇന്ദിരയുടെയും രാജീവ് ഗാന്ധി മുതല്‍ പ്രിയങ്ക വരെയുള്ളവരുടെയും അപദാനങ്ങള്‍ വാഴ്ത്തേണ്ടിവന്നു എന്നത് വിധിയുടെ വിളയാട്ടം.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തോറ്റപ്പോഴാണ് രണ്ടാമതും മുഖ്യമന്ത്രി പദം വലിച്ചെറിഞ്ഞത്. യോഗക്ഷേമ സഭയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സമ്പന്നതയുടെ ആഡംബരങ്ങള്‍ കാണാതായപ്പോള്‍ അവരെ ഒന്നു പുകഴ്ത്തി. ന്യൂനപക്ഷങ്ങള്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന് സത്യം പറഞ്ഞു. അതോടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയെന്നു പറഞ്ഞ് ലീഗുള്‍പ്പെടെയുള്ളവര്‍ ആന്‍റണിക്കു നേരേ തിരിഞ്ഞു. അതായിരുന്നു തോല്‍വിക്കു കാരണം. ഭൂരിപക്ഷ ഹിന്ദുക്കള്‍ സഹായത്തിനെത്തിയതുമില്ല (അന്നും ഇന്നും കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടി സി.പി.എം. ആണല്ലോ).


പീന്നീട് കേന്ദ്ര സിവില്‍ സപ്ലെയ്സ് മന്ത്രിയായി. ഒരു ചോദ്യോത്തരത്തില്‍ അഴിമതിയുടെ ഒരു ചെറു നിഴല്‍ തന്‍റെ മന്ത്രിപദത്തിനു മേല്‍ അറിയാതെ വന്നു വീണു എന്ന ചിന്ത ഉണ്ടായപ്പോള്‍ അതും വലിച്ചെറിഞ്ഞു. അങ്ങനെയുള്ള ആന്‍റണിയുടെ മകനാണ് അനില്‍ ആന്‍റണി. മത്തന്‍ കുത്തിയാല്‍ കുമ്പളം ഉണ്ടാവില്ലെന്നു കളിയാക്കുന്നവരോടാണീ മറുപടി. ആന്‍റണിക്കു ചേര്‍ന്ന മകന്‍ തന്നെയാണ് അനില്‍.


അനില്‍ ചെയ്ത പാതകമെന്താണ് ? ബി.ബി.സി. ഡോക്യുമെന്‍ററി വിവാദം നടക്കുന്നതിനിടെ അത് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കരുതെന്നു പറഞ്ഞു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ബി.ജെ.പിയുടേതു മാത്രമല്ല. രണ്ടു പതിറ്റാണ്ടിനു മുമ്പു നടന്ന ഗുജറാത്ത് കലാപം ഇപ്പോള്‍ പൊടിതട്ടിയെടുത്തു ഡോക്യുമെന്‍ററിയാക്കിയതെന്തിനാണ്.

ജി 20 എന്ന വന്‍ ശക്തികളുടെ രാജ്യാന്തര ഗ്രൂപ്പിന്‍റെ അധ്യക്ഷ പദത്തില്‍ ഇന്ത്യ വരികയാണ്. അത് മോദിക്കുള്ള വലിയ അംഗീകാരമാണ്. അതിന്‍റെ തിളക്കം കെടുത്തണം. അതായിരുന്നു ആ ഡോക്യുമെന്‍ററിയുടെ ഒരു ലക്ഷ്യം. അതു തിരിച്ചറിഞ്ഞ അനില്‍ ഒരു ചെറിയ മുന്നറിയിപ്പു നല്‍കി. രാജ്യമാണ് പ്രധാനമെന്നായിരുന്നു അതിന്‍റെ കാതല്‍. കോണ്‍ഗ്രസുകാര്‍ എന്തിനാണ് കുരച്ചുചാടിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

ആന്‍റണിക്കെതിരെ ഇത്രനാളും മനസില്‍ കൊണ്ടുനടന്ന കലിപ്പുകളെല്ലാംകൂടി അനിലിന്‍റെ ചുമലില്‍ ചാര്‍ത്തിയതാകാം. ആന്‍റണിക്കെതിരെ നേരിട്ടു പറഞ്ഞാല്‍ ഏല്‍ക്കില്ലല്ലോ.

അനില്‍ മിടുക്കനാണ്. പണ്ട് ഒരിക്കല്‍ ഞാന്‍ എ.കെ ആന്‍റണിയെ കാണാന്‍ വഴുതക്കാട്ടെ അഞ്ജനത്തിലെത്തി. അന്നു ചെറിയ കുട്ടിയാണ് അനില്‍. അവന്‍ എന്‍റെ ഹെല്‍മെറ്റ് എടുത്തുകൊണ്ടോടി. ആന്‍റണി കെഞ്ചി പറഞ്ഞിട്ടും അവന്‍ തന്നില്ല. ഒടുവില്‍ അവനെ അനുനയിപ്പിക്കാന്‍ ഞാനെത്ര പാടുപെട്ടെന്നോ. അന്നേ നിഷേധിയാണ് അനില്‍. നിഷേധികളെയാണ് ഈ നാടിനാവശ്യം. ടി.ഒ. ബാവ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ കടല്‍കിഴവന്‍മാരെ കടപുഴക്കിയെറിഞ്ഞാണല്ലോ ആന്‍റണി എന്ന നിഷേധി കോണ്‍ഗ്രസിന്‍റെ തലപ്പത്തെത്തുന്നത്.

അതുകൊണ്ടാണ് മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലെന്നു ഞാനുറപ്പിച്ചു പറഞ്ഞത്. ആന്‍റണിയുടെ മകന്‍ തന്നെയാണു താന്‍ എന്ന് അനില്‍ തെളിയിച്ചു. അതില്‍ അഭിനന്ദിക്കുകയാണു വേണ്ടത്. കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ച് അനില്‍ മാതൃക കാട്ടി. കടിച്ചുതൂങ്ങി കിടക്കുന്നവര്‍ക്കുള്ള അടിയാണത്.


ബി.ജെ.പിയില്‍ തലയില്‍ ആള്‍സഞ്ചാരമുള്ളവരുണ്ടെങ്കില്‍ അനിലിനെ വളച്ചെടുക്കണം. ക്രിസ്ത്യാനികള്‍ക്കിടയില്‍ ബ.ജെ.പിക്കു വേരോട്ടമില്ല. അവര്‍ക്കു ഭയമാണ്. ബീഫ് നിരോധിക്കുമെന്നും രാമരാജ്യം സ്ഥാപിക്കുമെന്നുമൊക്കെ കവിളില്‍ ശൂലം കുത്തി നടക്കുന്ന പൊട്ടന്‍ സ്വാമിമാര്‍ പറഞ്ഞു പറഞ്ഞ് അവരെ ഭയപ്പെടുത്തി വച്ചിരിക്കുകയാണ്.


കേന്ദ്രമന്ത്രിമാര്‍ വരുമ്പോള്‍ അലക്കിതേച്ച ഉടയാടകളിട്ട് മുമ്പില്‍ ചെല്ലുമെന്നല്ലാതെ പിതാക്കന്‍മാര്‍ വോട്ടു ബി.ജെ.പിക്കു കുത്താന്‍ കുഞ്ഞാടുകളോട് പറയാറില്ല. തരും തരും എന്ന പ്രതീതി സൃഷ്ടിക്കും. അത്രേയുള്ളു. അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയിട്ടും പ്രതിക്ഷിച്ച ഗുണം കിട്ടിയില്ല. ആ ഒഴിവ് കിടപ്പുണ്ടല്ലോ. അനിലിനെ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിയാക്കുക. കോണ്‍ഗ്രസിനു തല്ലുകൊടുക്കാന്‍ പറ്റിയ സന്ദര്‍ഭം പാഴാക്കരുത്. അനില്‍ ആന്‍റണി കൊടിവച്ച കാറില്‍ മോദിയുടെ പടംവച്ച കിരീടവുമായി എ.കെ ആന്‍റണിയെ കാണാനെത്തിയാല്‍ എങ്ങനെയായിരിക്കും ?

കേരളമാണ് ജാതീയ വേര്‍തിരിവുള്ള മികച്ച സംസ്ഥാനം. അതിനാല്‍ ക്രിസ്ത്യാനികളെ പിടിക്കാനുള്ള ഇപ്പോഴത്തെ മാര്‍ഗം അനിലാണ്. വേണമെങ്കില്‍ ഈ ഉപദേശം കാര്യമായെടുത്തോ ബി.ജെ.പി നേതാക്കളേ ?

Advertisment