Advertisment

ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കുപോലും സംഭവിക്കാത്ത തെറ്റ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ കടന്നുകൂടിയതാണ് ഗുരുതരം; എഴുതിയവരോ പരിശോധകരോ ഗവേഷണ പ്രബന്ധങ്ങള്‍ വായിക്കാറില്ലെന്ന് ഇതിലൂടെ വ്യക്തം ! വസന്തതിലകത്തിലെഴുതിയ തന്‍റെ കവിത കേകയിലാണെഴുതിയതെന്ന് ഗവേഷിച്ചു ഡോക്ടറേറ്റ് നേടിയ ഒരു പ്രഗല്‍ഭയെക്കുറിച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാട് പുശ്ചത്തോടെ പറഞ്ഞിട്ടേറെനാളായില്ല-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

സാംസ്കാരിക-വിദ്യാഭ്യാസ മേഖലയാണ് ഒരു സമൂഹത്തിന്‍റെ വളര്‍ച്ചയുടെ ആണിക്കല്ല്. സാമ്പത്തിക-ഭൗതിക സാഹചര്യ വളര്‍ച്ച ജീവിത സുഖസൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതല്ലല്ലോ അര്‍ത്ഥപൂര്‍ണമായ ജീവിതം. വയലാര്‍ മരിക്കുമ്പോള്‍ പോക്കറ്റില്‍ ചില്ലറ തുട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പി. കുഞ്ഞിരാമന്‍ നായര്‍ ദരിദ്രനായും പുറംതള്ളപ്പെട്ടവനുമായാണ് മരിച്ചത്. നടന്‍ ടി.പി മാധവന്‍ പത്തനാപുരം ഗാന്ധിഭവനില്ലായിരുന്നെങ്കില്‍ നടതള്ളിയവര്‍ക്കിടയില്‍ വിരൂപനായി വല്ല ക്ഷേത്രങ്ങളിലും ജീവിതത്തെ ഇരുത്തി തീര്‍ത്തേനേ. അതിന്‍റെ അര്‍ത്ഥം അവരൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തിന്‍റെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ ചെറുതെന്നല്ല.

പത്രങ്ങളില്‍ രാഷ്ട്രീയ വാര്‍ത്തകളേക്കാള്‍ വിദ്യാഭ്യാസ-സാംസ്കാരിക വാര്‍ത്തകള്‍ ഇടംപിടിക്കുന്നു. അതിന്‍റെ മഹത്വം കൊണ്ടല്ല. ആ രംഗങ്ങള്‍ ചീഞ്ഞു നാറുന്നു. എങ്കിലല്ലേ വാര്‍ത്തകളാകൂ.

ചിന്ത ജറോമിന്‍റെ 'വാഴക്കുല' ഏറെ ചര്‍ച്ചചെയ്തതിനാല്‍ ആവര്‍ത്തിക്കുന്നില്ല. എന്നാല്‍ ചിന്തയുടെ മറുപടി കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്. അതിങ്ങനെയാണ് (ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളെ കുറിച്ച് ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കുറെ ദിവസമായി മൗനത്തിലായിരുന്ന ചിന്ത പ്രതികരിച്ചത്.) അറിവില്ലായ്മ കൊണ്ടു സംഭവിച്ച പിഴവല്ല. സാന്ദര്‍ഭിക പിഴവാണ്. പിശകില്‍ ഖേദിക്കുന്നു. പല പ്രമുഖരും വായിച്ചതാണ്. ഓണ്‍ലൈനില്‍ വന്ന ആശയം സ്വീകരിക്കുകയേ ചെയ്തിട്ടുള്ളു. കോപ്പിയടിച്ചതല്ല.


ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കുപോലും സംഭവിക്കാത്ത തെറ്റ് ഗവേഷണ പ്രബന്ധത്തില്‍ കടന്നുകൂടിയതാണ് ഗുരുതരം. തര്‍ക്കോവിസ്കിയുടെ ചലച്ചിത്ര സപര്യയെക്കുറിച്ചുള്ളതായിരുന്നു പ്രമേയമെങ്കില്‍ കുഴപ്പമില്ലായിരുന്നു. നെരൂദയുടെ കവിതയില്‍ പിഴച്ചുപോയാലും പിടിച്ചുനില്‍ക്കാമായിരുന്നു. കൂലിപ്പണിക്കാരനുപോലും അറിയാവുന്ന വിവരം തെറ്റായി ഗവേഷണ പ്രബന്ധത്തിലായിപ്പോയതാണു കുഴപ്പം.


ഇതിലൂടെ ഒന്നു വ്യക്തമായി. എഴുതിയവരോ പരിശോധകരോ ഗവേഷണ പ്രബന്ധങ്ങള്‍ വായിക്കാറില്ല. ഡോക്ടറേറ്റ് നല്‍കുന്ന സര്‍വ്വകലാശാലയിലെ പണ്ഡിതന്‍മാര്‍ മറിച്ചുനോക്കുക കൂടിയില്ല. 500 - 600 ഗവേഷണ പ്രബന്ധങ്ങളാണ് പ്രതിവര്‍ഷം. ആര്‍ക്കുവേണ്ടിയാണ് ഈ വംശവര്‍ധന. വസന്തതിലകത്തിലെഴുതിയ തന്‍റെ കവിത കേകയിലാണെഴുതിയതെന്ന് ഗവേഷിച്ചു ഡോക്ടറേറ്റ് നേടിയ ഒരു പ്രഗല്‍ഭയെക്കുറിച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാട് പുശ്ചത്തോടെ പറഞ്ഞിട്ടേറെനാളായില്ല. കൂലിക്കാരാണ് മിക്കയിടത്തും ഗവേഷണ പ്രബന്ധങ്ങള്‍ എഴുതുന്നത്. 160 ‍ഡോളര്‍ കൊടുത്ത് വിദേശത്തു നിന്നും പേപ്പര്‍ ഡോക്ടറേറ്റ് വാങ്ങുന്നതാണിതിലും ഭേദം. കാരണം അവരാരും ഇതുംകൊണ്ടു കുട്ടികളെ പഠിപ്പിക്കാനെത്തുകയില്ലല്ലോ.

ജാതിയോ പ്രായമോ വിദ്യോഭ്യാസ യോഗ്യതയോ മാര്‍ക്കോ തെറ്റായെഴുതി ജോലി നേടിയവര്‍ക്ക് കിട്ടിയ ജോലി പോകും എന്നതാണല്ലോ ന്യായം. അതിനാല്‍ ഈ ഡോക്ടറേറ്റ് ചിന്തതന്നെ മടക്കി അയക്കണം. ഞാന്‍ തെറ്റെഴുതിയതു കണ്ടെത്താത്ത ഈ സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ് എനിക്കു വേണ്ടെന്നു പറയണം. ഡോക്ടറേറ്റില്ലെന്നുവച്ച് ആകാശം ഇടിഞ്ഞുവീഴില്ല. ചിന്തയുടെ രാഷ്ട്രീയ ഭാവിയുടെ കൂമ്പടയുകയുമില്ല. കുറ്റബോധം കൊണ്ടാണോ എന്നറിയില്ല ഇതുവരെ ചിന്ത പേരിനൊപ്പം ഡോക്ടര്‍ എന്നു വച്ചിട്ടില്ല. അതു മാന്യത.

പത്തും ഇരുപതും വര്‍ഷം കൊണ്ടു ഡോക്ടറേറ്റ് നല്‍കുന്ന രീതി ഇല്ലാതാക്കണം. രാഷ്ട്രീയക്കാരുടെ നിരങ്ങല്‍കേന്ദ്രമായ സിന്‍ഡിക്കേറ്റിന്‍റെ ഡോക്ടറേറ്റ് നല്‍കല്‍ അധികാരം പിന്‍വലിക്കണം. ഇടതുപക്ഷ രാഷ്ട്രീയക്കാരനായാല്‍ ഗ്രന്ധകര്‍ത്താവുകൂടിയാകണം എന്നതാണു രീതി. അതുപോലെ ഡോക്ടറേറ്റ് കിട്ടിയതാകണം നേതാവെന്ന രീതി മാറണം. ഒറിജിനല്‍ ഡോക്ടറേറ്റ് കിട്ടിയവര്‍ക്കുകൂടി നാണക്കേടാണിത്.


മറ്റൊന്ന് അടൂരിന്‍റെ രാജിയാണ്. അതു നന്നായി. ശങ്കര്‍ മേനോന്‍ കക്കൂസു കഴുകാന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികളെ നിയോഗിച്ചതാണല്ലോ തുടക്കം. അതു തുടക്കത്തിലേ അടൂര്‍ ഇടപെട്ട് ഒഴിവാക്കിയാല്‍ മതിയായിരുന്നല്ലോ. വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയപ്പോള്‍ ചെയര്‍മാന്‍ ഇടപെടേണ്ടതായിരുന്നല്ലോ. കള്ളവൗച്ചറെഴുതി 30000 രൂപ വീട്ടുവാടക എഴുതിയെടുത്തപ്പോഴൊക്കെ ഓര്‍ക്കേണ്ടേ ?


അഭിനയത്തിനു പ്രതിഫലം വാങ്ങാതിരുന്ന ദിലീപിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോഴും മോഹന്‍ ലാലിന്‍റെ മുഖം ഗുണ്ടയുടേതെന്നു പറഞ്ഞപ്പോഴും ഓര്‍ക്കണം ഏറ്റവും കൂടുതല്‍ ആരാധക ശത്രുക്കളുള്ളത് അടൂരിനാണെന്ന് (രണ്ടു പെണ്ണുങ്ങളില്‍ അഭനയിക്കാന്‍ ലാലിനെ സമീപിച്ചതും പറ്റില്ലെന്നു ലാല്‍ പറഞ്ഞതുമൊക്കെ എയറിലുണ്ട്). കുറെ ചലച്ചിത്ര പ്രതിഭകള്‍ കൂടി അക്കാദമിയില്‍ നിന്നു രാജിവച്ചു. കോക്കസ് ഇല്ലാതായെന്നു വിചാരിച്ചാല്‍ മതി. കാസറവള്ളിക്കും ശങ്കര്‍ മോഹന്‍ അവാര്‍ഡു നല്‍കിയെന്ന് (അതോ അടൂരോ ?) ഇപ്പോള്‍ ബോധ്യമായി. പ്രായമാകുമ്പോള്‍ വകതിരിവു കൂടേണ്ടതാണ്. എന്തുകൊണ്ടോ നമ്മുടെ സാംസ്കാരിക നായകന്‍മാരെ അതങ്ങുപേക്ഷിച്ചുപോവുകയാണല്ലോ.

ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ കെ.വി മോഹന്‍ കുമാറാണ് അടുത്ത വെടിപൊട്ടിച്ചത്. ഐ.എ.എസുകാരനും വയലാര്‍ അവാര്‍ഡ‍ു ജേതാവുമായ അദ്ദേഹത്തിന്‍റെ 'ഉഷ്ണ രാശി' എന്ന നോവലിന് 2019 ലെ സാഹിത്യ അക്കാദമി അവാര്‍ഡു നല്‍കാനുള്ള ജൂറി നിര്‍ദേശം അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റി തള്ളിയെന്നാണ് ആരോപണം. സര്‍ക്കാര്‍ സഹായത്തോടെ കോഴിക്കോട്ടു നടന്ന സാഹിത്യമേള സ്വന്തക്കാരുടെ കൂടല്‍ മാത്രമാക്കി അധ:പതിപ്പിച്ചെന്നും മോഹന്‍ കുമാര്‍ ആരോപിച്ചു. അക്കാദമി അധ്യക്ഷന്‍ എം. മുകുന്ദനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അക്കാദമി അവാര്‍ഡുകളൊക്കെ 'കൊളീജിയം' മാതൃകയിലായെന്നു തോന്നുന്നു. അവിടെ ബന്ധുക്കള്‍. ഇവിടെ സ്വന്തക്കാര്‍. ദൈവത്തിന്‍റെ സ്വന്തം നാടെന്നു കേട്ടിട്ടിപ്പോള്‍ അഭിമാനപൂരിതമാകുന്നു അന്തരംഗം വീണ്ടും.

Advertisment