ചെന്നൈ:തമിഴ്‌നാട്ടിലെ മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയിൽ വീശിയ നിവാർ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്നുമരണം. മൂന്നുപേർക്ക് പരിക്കേറ്റു.
തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശവുമുണ്ടായി. അപകട, വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽനിന്ന് 2,27,300 പേരെ മാറ്റിപ്പാർപ്പിച്ചു.
നിവാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ തമിഴ്‌നാട്ടില്‍ മരിച്ചത് മൂന്നുപേരാണ്. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരിച്ചത്. നാഗപട്ടണം ജില്ലയിലെ വേദാരണ്യത്ത് പതിനാറുകാരന്‍ ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ കാറ്റില്‍ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.
ചെന്നൈ റോയപ്പേട്ട് റോഡിലൂടെ നടക്കുമ്പോള്‍ മരം കടപുഴകിവീണ് അമ്പതുകാരനും കോയമ്പേട്ട് വീടിന്റെ മട്ടുപ്പാവില്‍ പൊട്ടിവീണ വൈദ്യുത കേബിളില്‍നിന്ന് ഷോക്കേറ്റ് ബിഹാര്‍ സ്വദേശിയായ ഇരുപത്തേഴുകാരനുമാണ് മരിച്ചത്.
തമിഴ്നാട്ടിലെ മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശവുമുണ്ടാക്കി. 101 വീടുകള്‍ നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 26 കന്നുകാലികള്‍ ചത്തു. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, വിഴുപുരം തുടങ്ങിയ ജില്ലകളില്‍ മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതത്തൂണുകള്‍ക്കും നാശമുണ്ടായി. കാറ്റിനൊപ്പം പെയ്ത മഴയില്‍ ചെന്നൈ, കടലൂര്‍, വിഴുപുരം തുടങ്ങിയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി 11.30-നും വ്യാഴാഴ്ച പുലര്‍ച്ചെ 2.30-നും ഇടയിലാണ് കരകടന്നത്. പൂര്‍ണമായും കരയില്‍ കടന്നശേഷം ദുര്‍ബലമായ കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നു.