Advertisment

വീടണയാനുള്ള ഞാണിന്മേൽക്കളി ! സമൂഹമാദ്ധ്യമങ്ങളിലെല്ലാം വൈറലായ ഈ ചിത്രത്തിനു പിന്നില്‍ !

New Update

publive-image

Advertisment

ചിത്രം ഛത്തീസ്‌ ഗഡിലെ 'ടാട്ടിബന്ധ് ചൗക്കിൽ' നിന്നുള്ളതാണ്. ഇന്നുരാവിലെ പകർത്തിയ ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിലെല്ലാം വൈറലാണ്. ഇതിന്റെ വീഡിയോയും പ്രചാരത്തിലുണ്ട്. ടാട്ടിബന്ധ് തലസ്ഥാനമായ റായ്പ്പൂരിനു തൊട്ടടുത്ത സ്ഥലമാണ്.

ടാട്ടിബന്ധിൽനിന്നും സ്വന്തം ഗ്രാമത്തിലേക്ക് പോകാനായി ലോറിക്കാരുമായി കൂലിപറഞ്ഞുറപ്പിച്ചശേഷം ചരക്കുലോറിയുടെ മുകളിൽക്കയറാനുള്ള തത്രപ്പാടാണിത്. ഒരു കയ്യിൽ കൈകുഞ്ഞുമായി മറുകൈകൊണ്ട് അപകടം പിടിച്ചരീതിയിൽ ലോറിക്കു മുകളിലേക്ക് വലിഞ്ഞുകയറുന്ന യുവാവിന്റെ കാഴ്ച ഞെട്ടിക്കുന്നതാണ്. തൊട്ടപ്പുറം ലോറിക്കുമുകളിലേക്ക് കയറാൻ ശ്രമിക്കുന്ന സ്ത്രീയെയും താഴെ തങ്ങളുടെ ഊഴം കാത്തുനിൽക്കുന്ന മറ്റു സ്ത്രീകളെയും കാണാം.

publive-image

മഹാരാഷ്ട്രയിൽനിന്നും ,ആന്ധ്ര, തെലുങ്കാനയിൽ നിന്നൊക്കെ നൂറുകണക്കിന് തൊഴിലാളുകൾ 10 ദിവസങ്ങളോളം 800 മുതൽ 1500 താണ്ടിയാണ് ഛത്തീസ്ഗഡിലെത്തിയത് . ചിലർക്ക് ഇവിടെനിന്നും 100 ഉം 200 ഉം കിലോമീറ്റർ ദൂരമുള്ള ഗ്രാമങ്ങളിലേക്ക് പോകണം. മറ്റു ചിലർക്ക് ഒഡീഷ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കു പോകണം. ആളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്.

പല സ്ഥലങ്ങളിലും വഴിയിൽ തമ്പടിച്ചിരിക്കുന്ന ചരക്കു ലോറിക്കാരും , ടെമ്പോ, മെറ്റഡോർ ഡ്രൈവർമാരും ഇവരെ ക്യാൻവാസ് ചെയ്ത് നിയമവിരുദ്ധമായി ഒരാളിൽ നിന്ന് 1000 രൂപ മുതൽ 4000 രൂപ വരെ വാങ്ങി താഴെയും, മുകളിലും ആളുകളെ കുത്തിത്തിരുകിയാണ് കൊണ്ടുപോകുന്നത്. പണം നല്കാനില്ലാത്തവർ വീണ്ടും കാൽനടയായി നടന്നു നീങ്ങുന്നു.

publive-image

ഇവിടെ ഒരു ചതിയുണ്ട്. വാഹനത്തിൽക്കയറ്റുമ്പോൾ തന്നെ അവർ മുഴുവൻ പണവും വാങ്ങും. പോലീസ് ചെക്ക്പോസ്റ്റിനു മുന്‍പ്  ഇറങ്ങി ചെക്ക് പോസ്റ്റ് കടന്നുവരാൻ ആവശ്യപ്പെടും. പക്ഷേ ചെക്ക് പോസ്റ്റ് കടന്നുവരുമ്പോഴേക്കും വാഹനങ്ങൾ മുങ്ങിയിരിക്കും. ഇത്തരം നിരവധി അനവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

ഉത്തരേന്ത്യയിലെ പ്രധാന ഹൈവേകളിലെല്ലാം ഇപ്പോഴും ആയിരക്കണക്കിന് തൊഴിലാളികൾ കാൽനടയായി മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ,ബംഗാൾ എന്നിവിടങ്ങളിലേക്ക് കുടുംബമായും അല്ലാതെയും നടന്നു നീങ്ങുന്നത് കാണാവുന്നതാണ്. ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടും സ്ഥിതിയിൽ മാറ്റം വന്നിട്ടില്ല.

kanappurangal
Advertisment