Advertisment

ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോഴുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്; പൗഡർ കുട്ടപ്പന്മാർക്കും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്; വർമസാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ: വീഡിയോയുമായി പി.വി. അന്‍വര്‍ എംഎല്‍എ

New Update

publive-image

Advertisment

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശത്തിനും പരിഹാസത്തിനും മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രംഗത്ത്. താന്‍ കാനയിലും കനാലിലും ഒന്നുമല്ല ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ആഫ്രിക്കന്‍ രാജ്യമായ ഘാനയിലുണ്ടെന്ന അനുമാനത്തില്‍ ട്രോളുമായി മലയാളികള്‍ രംഗത്തെത്തിയിരുന്നു. ഘാന പ്രസിഡന്റിന്റെ ഫേസ്ബുക് പേജില്‍ എംഎല്‍എയെ വിട്ടുതരണമെന്നും എത്ര വില വേണമെങ്കിലും തരാമെന്നും ഇല്ലെങ്കില്‍ ഇന്നോവ അയക്കുമെന്നും ഒക്കെയായിരുന്നു ട്രോളുകള്‍.

പുതിയ സംരംഭവുമായി അവിടെ എത്തിയതാണെന്നും സര്‍ക്കാര്‍ സഹായത്തോടെയാണ് കമ്പനിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്. വിമര്‍ശം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസുകാരുടെയും സ്‌നേഹം ഇത്രനാളും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം തനിക്കുണ്ടെന്ന പരിഹാസവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

പി.വി.അൻവറിന്റെ വീഡിയോയ്ക്കൊപ്പം ചേർത്ത കുറിപ്പ്:

എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌.. ആദ്യമേ പറയാമല്ലോ.. ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോളുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്.

ഇനി കാര്യത്തിലേക്ക്‌ വരാം.. രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല.. അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്‌.നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്‌. കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്‌.. (വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ്‌ കിട്ടൂ.)

പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്‌.. എല്ലാവരും അവിടൊക്കെ തന്നെ കാണണം. എന്നാൽ ശരി.. വർമ്മസാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ..

https://www.facebook.com/pvanvar/videos/918715618933958/

Advertisment