Advertisment

ആർക്കെങ്കിലും ഓർമ്മയുണ്ടോ ഈ പഞ്ചരത്‌നങ്ങളെ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഒരേ ദിവസം ജനിച്ച ഇവരിൽ നാല് പെൺകുട്ടികളും ഒന്നിച്ചൊരേദിവസം വിവാഹിതരാകാൻ പോകുകയാണ്.

Advertisment

publive-image

തിരുവന്തപുരം പോത്തൻകോടുള്ള പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളാണ് ഇവർ. തിരുവനന്തപുരം സർക്കാർ ആശുപത്രിയിൽ 1995 നവംബർ 18 നാണ് ഇവർ അഞ്ചുപേരും മിനിറ്റുകളുടെ ഇടവേളകളിൽ പിറന്നുവീണത്. നാലുപെണ്ണും ഒരാണും.

ഒന്നിച്ചുപിറന്ന അഞ്ചുപേരും പഞ്ചരത്‌നങ്ങളാണെന്ന് അച്ഛൻ പ്രേംകുമാർ പറയുമായിരുന്നു. മാധ്യമങ്ങളിൽ അന്ന് ഇത് വലിയ വാർത്തയായി മാറപ്പെട്ടു. ഉത്രം നക്ഷത്രത്തിൽ ജനിച്ച ഇവർക്ക് നാളിനനുയോജ്യമായ പേരുകളാണ് മാതാപിതാക്കളിട്ടത്. പെൺകുട്ടികൾക്ക് ഉത്രജ, ഉത്തര, ഉത്തമ, ഉത്ര എന്നും ആൺകുട്ടിക്ക് ഉത്രജൻ എന്നും പേരിട്ടു. വീടിന്റെ പേരും മാറ്റി 'പഞ്ചരത്‌നം' എന്നാക്കി.

എല്ലാവർക്കും ഒരേപോലെ വസ്ത്രങ്ങളും സ്‌കൂൾബാഗുകളും കുടകളും വാങ്ങിനൽകാൻ പ്രേംകുമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അവർ ഒരേപോലെയാണ് അംഗനവാടി മുതൽ ,പ്രൈമറി, ഹൈസ്‌കൂൾ വരെ ഒക്കെ പഠിച്ചിരുന്നത്.അഞ്ചുപേരും ഒരേതരത്തിൽ ഒരേ നിറത്തിൽ സ്‌കൂളിലേക്ക് പോകുന്നതും മടങ്ങിവരുന്നതും നാട്ടുകാർക്കും വലിയ കൗതുകമായിരുന്നു.

പെട്ടെന്നുണ്ടായ ഭാര്യ രമാദേവിയുടെ ഹൃദ്രോഗം കുടംബത്തിനൊരാഘാതമായി. ഒരു ചെറുകിട കച്ചവട ക്കാരനായിരുന്ന പ്രേംകുമാറിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവിയിലുള്ള ആശങ്കയും ഭാര്യയുടെ രോഗവും മൂലം മാനസികമായി തളർന്ന അയാൾ 2004 ൽ ആത്മഹ ത്യചെയ്തതോടെ കുടുംബം പൂർണ്ണമായും വഴിയാധാരമായി.പറക്കമുറ്റാത്ത അഞ്ചുമക്കളുമായി ഒരു വരുമാനവുമില്ലാതെ ജീവിതത്തിനുമുന്നിൽ പകച്ചുനിന്ന രമാദേവി പലരാത്രികളിലും മക്കളെ ചേർത്തു പിടിച്ചു കരഞ്ഞിരുന്നു. ജീവിതത്തിൽ ആകെ ഒറ്റപ്പെട്ട അവസ്ഥ.രോഗിയായ താൻകൂടി മരണപ്പെട്ടാൽ ഈ കുഞ്ഞുങ്ങൾ എന്തുചെയ്യുമെന്ന ചിന്ത അവരെ നിരന്തരം അലട്ടി.

രമാദേവിയുടെ സങ്കടകഥയറിഞ്ഞ പലരും അവർക്കു സഹായവുമായി മുന്നോട്ടുവന്നു. അതിൽ മാദ്ധ്യമങ്ങൾ വഹിച്ച പങ്കും അവർ നൽകിയ സഹായവും വളരെ വിലപ്പെട്ടതായിരുന്നു.നാട്ടുകാരും സംഘടനകളും ഒപ്പമെത്തി.

ആ ആപദ്ഘട്ടത്തിൽ ധാരാളം സുമനസ്സുകൾ സഹായഹസ്തവുമായി മുന്നോട്ടുവന്നതും അവർ രമാദേവിയ്ക്ക് ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിക്കാനും അവർക്ക് തിരുവനന്തപുരം ജില്ലാ സഹകരണബാങ്കിൽ ക്ലാസ്സ് 4 ജീവനക്കാരിയായി ജോലിതരപ്പെടുത്തി നൽകിയതും ആ കുഞ്ഞുങ്ങൾക്ക് വലിയ താങ്ങായി മാറി.തന്നെയും മക്കളെയും തനിച്ചാക്കി ജീവിതം മതിയാക്കിപ്പോയ ഭർത്താവിനെ ഓരോ നിമിഷവും ഓർത്തുകൊണ്ട് 5 മക്കൾക്കുമായി രമാദേവി ജീവിക്കുകയായിരുന്നു. സ്ഥിരമായ വരുമാനമുണ്ടായതിനാൽ മക്കൾക്ക് മൂന്നുനേരവും മതിയായ ഭക്ഷണവും വസ്ത്രങ്ങളും നൽകാൻ അവർക്കു ബുദ്ധിമുട്ടേണ്ടിവന്നില്ല.കൂടാതെ പല സഹായങ്ങളും അവർക്കു ലഭിച്ചിരുന്നു.

ഇന്ന് മക്കൾക്ക് 24 വയസ്സുവീതമായി. തന്നാലാകുന്ന രീതിയിൽ മക്കളെയെല്ലാം രമാദേവി വിദ്യാഭ്യാസം ചെയ്യിച്ചു. ഒരു മകൾ ഫാഷൻ ഡിസൈനറാണ്. രണ്ടു മക്കൾ അനസ്തേഷ്യ ടെക്‌നീഷ്യൻസ്, മറ്റൊരാൾ ഓൺലൈൻ എഴുത്തുകാരി. മകൻ ഐ.ടി എഞ്ചിനീയറാണ്.

നാലു പെണ്മക്കൾക്കും അനുയോജ്യരായ വരന്മാരെ രമാദേവി കണ്ടെത്തിയിരിക്കുന്നു. അടുത്ത വർഷം ഏപ്രിൽ 26 ന് ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് നാലുപേർക്കും ഒരേദിവസം ഒരേ മുഹൂർത്തത്തിൽ താലികെട്ടാണ്.

മകൻ ഐ.ടി.എഞ്ചിനീയറാണ്. സഹോദരിമാരെ വിവാഹം കഴിച്ചയച്ചശേഷം ജോലിയിൽ കൂടുതൽ വ്യാപൃതനാകാനും വിദേശത്തുപോകാനും ഉയരങ്ങളിലെത്തപ്പെടാനുമാണ് അവന്റെ ആഗ്രഹമെന്നും സഹോദരിമാർക്ക് അവനെ കാണാതെ കഴിയേണ്ടിവരുന്ന ദുഃഖത്തേക്കാളുപരി സഹോദരങ്ങൾ വിട്ടകലുന്നത് അവനേറെ പ്രയാസമാകുമെന്നതും രമാദേവിയുടെ ആകുലതകളാണ്.

എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്നും പ്രതീക്ഷയോടെ മുന്നേറി മക്കൾ അഞ്ചുപേരെയും ഒരു കരയിലടുപ്പിച്ച ആത്മനിർവൃതിയിലാണ് ഇന്ന് രമാദേവി.

Advertisment