Advertisment

ജനപങ്കാളിത്തം വിളിച്ചോതി പാലാ കാര്‍ഷികമേള

author-image
സുനില്‍ പാലാ
New Update

 

Advertisment

പാലാ: റബര്‍ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പാലാ രൂപത ആവിഷ്‌കരിച്ച കര്‍ഷക ശാക്തീകരണ പദ്ധതിയായ കര്‍ഷകബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍  സംസ്ഥാന കാര്‍ഷികമേളയ്ക്ക് കരുത്തായി മാറി.

publive-image

രൂപതയുടെ വിവിധ ഇടവകകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കര്‍ഷകദളങ്ങളും സ്വാശ്രയസംഘങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും നബാര്‍ഡ്, കൃഷിവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന തൊഴില്‍ സംരംഭകത്വ വരുമാനവര്‍ധന പദ്ധതികളും ശ്രദ്ധേയമായി.

രൂപതയിലാദ്യമായി പി.എസ്.ഡബ്ല്യു.എസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരമറ്റത്ത് ആരംഭിച്ച  അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയും മൂഴൂര്‍ ഫാര്‍മേഴ്‌സ് ക്ലബ് അടക്കം വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ച കര്‍ഷക കൂട്ടായ്മകളും ചക്ക, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് കര്‍ഷകര്‍ക്ക് അധികവരുമാനം സ്വായത്തമാക്കാനാകുന്ന സംരംഭകത്വ പ്രവര്‍ത്തനങ്ങളും   വ്യാപകമാകുന്നതിന്റെ സാക്ഷ്യപ്പെടുത്തലായി കാര്‍ഷികമേള മാറി.

കാര്‍ഷികവിളകള്‍, ഉത്പന്നങ്ങള്‍ മാത്രമല്ല, നൂതന കാര്‍ഷിക സമ്പ്രദായത്തിലൂടെയുള്ള പച്ചക്കറികൃഷി, വൈവിധം നിറഞ്ഞ പുഷ്പാലങ്കാരം എന്നിവയിലും അതിഭീമന്‍ ചേനയും മത്തങ്ങയും അടക്കം വിവിധ കാര്‍ഷിക ഉത്പന്നങ്ങളാലും മേള സജീവമാണ്. തേങ്ങാക്കുലകളും കപ്പയും കിഴങ്ങുവര്‍ഗങ്ങളും മറ്റുംകൊണ്ട് മേളയില്‍ ഗ്രാമീണ കാര്‍ഷിക സംസ്‌കാരത്തിന്റെ നേര്‍പ്പതിപ്പായി മാറി മേള.

മേളയുടെ രണ്ടാംദിനമായ ഇന്നലെ സിസ്റ്റര്‍ ആനി പൊരിയത്തിന്റെ അധ്യക്ഷതയില്‍ നടന്ന കപ്പയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണസെമിനാറിന്റെ ഉദ്ഘാടനം മുൻ എം.പി. ജോയി ഏബ്രഹാം നിര്‍വഹിച്ചു.

തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവര്‍ഗ വിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.എസ്. സജീവ് ക്ലാസ് നയിച്ചു. തുടര്‍ന്ന് പുഷ്അപ്പ്, കഷണ്ടി മത്സരങ്ങളും നാടന്‍പാട്ട്, മാര്‍ഗംകളി മത്സരങ്ങളും മണ്ണയ്ക്കനാട് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ ഇന്ന് കാർഷികമേള സന്ദർശിച്ചു.

Advertisment