Advertisment

അജ്ഞാത മൃതദേഹമെന്ന നിലയിൽ അന്വേഷണം : 48 മണിക്കൂറിനുള്ളിൽ സംഭവം കൊലപാതകമാണെന്ന് തെളിയിച്ച് പ്രതിയെ പിടികൂടി പോലീസ്

author-image
സുനില്‍ പാലാ
New Update

പാലാ: വീട്ടുമുറ്റത്തിനോടു ചേർന്ന പുരയിടത്തിൽ കിടന്ന പ്ലാസ്റ്റിക്ക് കയറിന്റെ കഷണം കയ്യിലെടുത്ത് പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ്, പാപ്പന് നേരെ ഒരു നോട്ടം നോക്കിയതേ, പാപ്പന്റെ തല കുനിഞ്ഞു.

Advertisment

വീടിനു പിന്നിലേക്ക് വിളിച്ചു കൊണ്ടു പോയി ഇനി സത്യം പറഞ്ഞോളൂ എന്ന് ഡിവൈ.എസ്. പി. കർശന സ്വരത്തിൽ പറഞ്ഞതോടെ പതിഞ്ഞ സ്വരത്തിൽ പാപ്പൻ പറഞ്ഞു; "ശല്യം സഹിച്ച് സഹിച്ച് മടുത്തിട്ടു ചെയ്തു പോയി സാറെ..... "മേലുകാവ് ഇരുമാപ്ര പള്ളിക്ക് സമീപം കൊക്കയിൽ കാണപ്പെട്ട അജ്ഞാത മൃതദ്ദേഹം, അച്ഛൻ കൊന്ന മകന്റേതാണെന്ന ചുരുളഴിയുകയായിരുന്നു അവിടെ.

മൂന്നിലവ് ടൗണിൽ ടാക്സി ജീപ്പ് ഡ്രൈവറായ പാപ്പൻ എന്ന ചാക്കോയുടെ ഇളയ മകൻ ജോൺസൺ ജോബിയുടെതാണ് മൃതദ്ദേഹമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേസന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകാൻ പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ് മേലുകാവിലെത്തിയത്.

publive-image

മൃതദ്ദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക്ക് കയർ മേലുകാവ് എസ്. ഐ. ലെബി മോൻ, ഡിവൈ.എസ്. പി.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നീട് പാപ്പന്റെ മൂന്നിലവ് കൊന്നയ്ക്കലെ വീട്ടിലെത്തി പരിസരം പരിശോധിക്കവെയാണ് അതേ പ്ലാസ്റ്റിക്ക് കയറിന്റെ ബാക്കി ഭാഗം പുരയിടത്തിൽ കിടന്നത് ഡിവൈ. എസ്. പി. ഷാജിമോന്റെ കണ്ണിൽപ്പെട്ടത്. അതിനു മുമ്പ് മേലുകാവ് പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും മകൻ ആത്മഹത്യ ചെയ്തതാവും എന്ന നിലപാടാണ് പാപ്പൻ ആവർത്തിച്ചത്.

സംഭവ ദിവസം വൈകിട്ട് നരിമറ്റം ഷാപ്പിൽ നിന്നും ജോൺസണും കൂട്ടുകാരും മദ്യപിക്കുകയും തുടർന്ന് രാത്രി 8 മണിയോടെ ഒരു ഓട്ടോറിക്ഷയിൽ ജോൺസൺ മൂന്നിലവിലെ വീട്ടിലേക്ക് പോയതായും അന്വേഷണ സംഘത്തിന് തെളിവുകൾ കിട്ടിയിരുന്നു. സമീപത്തെ വീടുകളിൽ നിന്നും പാപ്പന്റെ കുടുംബാംഗങ്ങളിൽ നിന്നും അന്ന് രാത്രി വീട്ടിൽ വഴക്കുണ്ടായതായും പോലീസിന് സൂചന ലഭിച്ചു. എന്നാൽ വഴക്കിട്ട ജോൺസൺ തന്നെ മർദ്ദിച്ച ശേഷം പുറത്തേക്ക് പോയെന്നായിരുന്നൂ പാപ്പന്റെ ആദ്യ മൊഴി.

സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന ജോൺസൺ വെള്ളറയിലെ വീട്ടിലായിരുന്നൂ താമസം. എന്നാൽ മൂന്നിലവിലെ വീട്ടിൽ മിക്കപ്പോഴും പണം ആവശ്യപ്പെട്ട് എത്തുകയും കൊടുത്തില്ലെങ്കിൽ മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുക ഇയാളുടെ പതിവായിരുന്നൂവെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം മദ്യലഹരിയിലെത്തിയ ജോൺസൺ ചാക്കോയുടെ ഇരു കവിളിലും ആഞ്ഞടിക്കുകയും തടസ്സം പിടിക്കാനെത്തിയ അമ്മയെ പിടിച്ച് തള്ളുകയും ചെയ്തു.വീട്ടുപകരണങ്ങളും നശിപ്പിച്ചു. സഹികെട്ട ചാക്കോ ചുറ്റികയെടുത്ത് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജോൺസൺ മരിച്ചുവീണു. പ്ലാസ്റ്റിക്ക് കയറിട്ട് കെട്ടി സ്വന്തം ജീപ്പിൽ കയറ്റിക്കൊണ്ടു പോയാണ് മൃതദ്ദേഹം കൊക്കയിൽ തള്ളിയത്.

അജ്ഞാത മൃതദ്ദേഹമെന്ന നിലയിൽ അന്വേഷണം ആരംഭിച്ച പോലീസ് സംഘം വിദഗ്ധമായി അന്വേഷണത്തിലൂടെ 48 മണിക്കൂറിനുള്ളിൽ സംഭവം കൊലപാതകമാണെന്ന് തെളിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Advertisment