Advertisment

പാലായില്‍ കറന്റ് ഇനി കേബിള്‍ വഴി... 13.5 കോടിയുടെ കേന്ദ്ര പദ്ധതി പ്രവര്‍ത്തനം തുടങ്ങി

author-image
സുനില്‍ പാലാ
Updated On
New Update

സുനില്‍ പാലാ

Advertisment

കോട്ടയം: പാലാ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി ഇനി കേബിള്‍ വഴി . ഇതിനായി 13.5 കോടിയുടെ പണികള്‍ പൂര്‍ത്തിയായി വരുന്നതായി പാലാ വൈദ്യുതി ഭവന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി മാത്യു, അസി. എഞ്ചിനീയര്‍ ഡി. അശോക്, സബ് എഞ്ചിനീയര്‍ ചന്ദ്രലാല്‍ എന്നിവര്‍ പാലാ പ്രസ്സ് ക്ലബ്ബില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

publive-image

കേന്ദ്ര സംയോജിത ഊര്‍ജ്ജ വികസന പദ്ധതിയുടെ രണ്ടാം ഘട്ട പണികള്‍ ഈ മാസം 31-നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പാലായിലും പരിസര പ്രദേശങ്ങളിലുമായി 35 കിലോമീറ്ററോളം 11 കെ.വി. എബിസി കേബിളുകളും 10 കിലോ മീറ്ററോളം എല്‍.ടി. എബിസി കേബിളുകളും സ്ഥാപിക്കുന്ന പണികളാണ് പൂര്‍ത്തീകരിക്കുന്നത്.  പുതുതായി 20 ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതിന് പുറമെ 10 കിലോമീറ്ററില്‍ പുതിയ 11 കെ.വി. ഒ. എച്ച്. ലൈനും 20 കിലോമീറ്ററില്‍ ത്രീ ഫേസ് ലൈനും വലിച്ചു.

കേടായ ഏഴായിരത്തോളം മീറ്ററുകള്‍ പദ്ധതിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മുണ്ടുപാലം മുതല്‍ അന്ത്യാളം വരെ 4 കിലോമീറ്റര്‍ ഭൂഗര്‍ഭ 11 കെ.വി. കേബിള്‍ പണികള്‍ ഉടന്‍ ആരംഭിക്കും. പാലാ ടൗണിന്റെ അതിര്‍ത്തികളില്‍ ബോര്‍ഡര്‍ മീറ്റര്‍ സ്ഥാപിച്ച് കൃത്യമായ വൈദ്യുതി ഉപഭോഗം മനസിലാക്കുന്നതിനും, പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും ഇടതടവില്ലാതെ, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി മാത്യൂ ചൂണ്ടിക്കാട്ടി.

പദ്ധതിക്കാവശ്യമായ 13. 5 കോടി രൂപാ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിക്കുന്നതാണ്. ടൗണിന്റെ ഉള്‍ഭാഗങ്ങളില്‍ മരച്ചില്ലകള്‍ ലൈനില്‍ ടച്ച് ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയാണ് പ്രധാനമായും കേബിളുകള്‍ വലിക്കുന്നത്. വര്‍ക്കുകള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനാല്‍ പാലായുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കുമെന്നും , പുതിയ വികസന പദ്ധതി പൂര്‍ത്തീകരണത്തിനായി പൊതുജനങ്ങളും, വ്യാപാരികളും സഹകരിക്കണമെന്നും പാലാ വൈദ്യുതി ഭവന്‍ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. സബ് എഞ്ചിനീയര്‍ ഇളങ്ങുളം എം.സി. ചന്ദ്രലാലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പുതിയ കേബിള്‍ പദ്ധതി പണികള്‍ നടക്കുന്നത്.

Advertisment