Advertisment

പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി വേണ്ടെന്ന് ഒരേ സ്വരത്തില്‍ അംഗങ്ങള്‍, സര്‍ക്കാരിന് പ്രതിവര്‍ഷ ലാഭം 17 കോടി

New Update

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ ലഭിക്കുന്ന സബ്‌സിഡി ഉപേക്ഷിക്കാന്‍ അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യ സബ്സിഡി ഒഴിവാക്കാന്‍ എം.പിമാര്‍ അഭിപ്രായ സമന്വയത്തോടെ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

publive-image

ലോക്സഭയുടെ ബിസിനസ് ഉപദേശക സമിതി യോഗത്തില്‍ എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ കാന്റീനിലെ ഭക്ഷ്യ സബ്സിഡി ഒഴിവാക്കാന്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. എം.പിമാര്‍, അവരുടെ അതിഥികള്‍, പാര്‍ലമെന്റ് ജീവനക്കാര്‍ എന്നിവര്‍ക്കായിരുന്നു സബ്‌സിഡി നിരക്കില്‍ കാന്റീനില്‍ നിന്ന് ഭക്ഷണം ലഭിച്ചിരുന്നത്.

തീരുമാനത്തോടെ പ്രതിവര്‍ഷം 17 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് ലാഭിക്കാന്‍ സാധിക്കുക. പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണം ഇനി യഥാര്‍ത്ഥ വിലയ്ക്ക് വില്‍ക്കും. രണ്ടു രൂപയ്ക്ക് ചപ്പാത്തി, 5 രൂപയ്ക്ക് കാപ്പി, 65 രൂപയ്ക്ക് ഹൈദരാബാദി ബിരിയാണി, 45 രൂപയ്ക്ക് മട്ടണ്‍ കറി എന്നിങ്ങനെയായിരുന്നു കാന്റീനിലെ വിലനിലവാരം. പാര്‍ലമെന്റ് കാന്റീനില്‍ 80% വരെ സബ്‌സിഡി നല്‍കുന്നുണ്ടെന്ന് വെളിച്ചത്തുവന്നശേഷം 2015-ല്‍ ഇതിനെതിരേ എതിര്‍പ്പുയര്‍ന്നിരുന്നു. അന്നത്തെ ബി.ജെ.ഡി എം.പി ബൈജയന്ത് ജയ് പാണ്ട സ്പീക്കര്‍ക്ക് കത്തെഴുതി.

എം.പിമാര്‍ക്ക് ലഭിക്കുന്ന സൗജന്യങ്ങളെക്കുറിച്ച് ആദ്യമായല്ല ആക്ഷേപം. മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ന്യൂഡല്‍ഹിയില്‍ അനുവദിച്ച ഔദ്യോഗിക വസതികള്‍ കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത് വിവാദമായിരുന്നു. സ്പീക്കറും രാഷ്ട്രപതിയുടെ ഓഫീസും ഇടപെട്ടിട്ടും ഒഴിയാന്‍ താമസക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന്, വസതികളിലെ വൈദ്യുതി ബന്ധവും കുടിവെള്ളവും കട്ട് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

parliament canteen
Advertisment