Advertisment

'സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി'; പതിനാല് ദിവസം ജയിലില്‍ കിടത്തുമെന്ന് പി സി ജോര്‍ജ്

author-image
Charlie
Updated On
New Update

publive-image

Advertisment

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തിന് പിന്നില്‍ പി സി ജോര്‍ജിന്റേയും സരിത എസ് നായരുടേയും ഗൂഢാലോചനയുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. സരിതയുമായി തനിക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്. കൊച്ചുമകളുടെ സ്ഥാനത്തായതിനാല്‍ ' ചക്കരപ്പെണ്ണേ' എന്നാണ് വിളിക്കാറ്. മാന്യയായ ഒരു പെണ്‍കുട്ടി വ്യവസായ സംരംഭവുമായി ഇറങ്ങി തിരിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയത്തിലെ നരാധരാന്മാര്‍ നശിപ്പിച്ച പാവപ്പെട്ട സ്ത്രീയാണ് സരിത. അന്ന് അവര്‍ക്കൊപ്പം താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പി സി ജോര്‍ജ് പറഞ്ഞു.

സ്വപനാ സുരേഷ് തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ എത്തി തന്നെ കണ്ടിരുന്നുവെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങളെല്ലാം സ്വപ്‌ന എഴുതിയിട്ടുണ്ടെന്ന അവകാശപ്പെടുന്ന ഒരു പേപ്പര്‍ ഉയര്‍ത്തികൊണ്ടാണ് പി സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. ഒരു സ്ത്രീയോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ഇത് വായിച്ചപ്പോഴാണ് തനിക്ക് മനസ്സിലായത്. പിണറായിയുടെ ചരിത്രം ഉള്‍പ്പെടെ ഇതില്‍ ഉണ്ട്. മുഖ്യമന്ത്രി നേരിട്ട് കച്ചവടം നടത്തിയെന്ന് പറഞ്ഞപ്പോള്‍ താന്‍ പേടിച്ച് പോയെന്നും പി സി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി മറന്നു പോയ ബാഗില്‍ നോട്ടു കെട്ടുകള്‍ ഉണ്ടായിരുന്നു. നയതന്ത്ര ബാഗ് തിരികെ ലഭിച്ചപ്പോള്‍ 30 കിലോ സ്വര്‍ണമുണ്ടായിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപെട്ടത് ജനങ്ങളെ കബളിപ്പിക്കാന്‍ ആണെന്നും പിസി ജോര്‍ജ് കൂട്ടിചേര്‍ത്തു. സ്വപ്ന പറയുന്നത് എല്ലാം സത്യം ആണെന്ന് വിശ്വസിക്കുന്നു. സിപിഐഎം പിണറായിക്ക് എതിരെ പ്രതികരിക്കണം. എന്ത് കൊണ്ടാണ് സിപിഐഎം ഇത് ചര്‍ച്ച ചെയ്യാത്തത്. എന്നെ ഒരു ദിവസം ജയിലിലിട്ട പിണറായി വിജയനെ കാണിച്ചു തരാം. പതിനാല് ദിവസം പിണറായി വിജയനെ ജയിലില്‍ കിടത്തുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പി സി ജോര്‍ജിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍-

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് ഞാന്‍ അന്നു പറഞ്ഞിരുന്നു. ആരോപണം നിഷേധിക്കുകയാണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെയെന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടും ഉണ്ടായില്ല. കള്ളക്കടത്തുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത് ശരിയാണോ. കേരളത്തിന് അപമാനമല്ലേ. പി സി ജോര്‍ജ്ജും സരിത എസ് നായരും തമ്മില്‍ വിഷയത്തില്‍ ഗൂഢോലചന നടത്തിയെന്നാണ് വാര്‍ത്ത. വല്ല്യ ആനക്കാര്യമാണോ. സരിതയുമായി എത്രയോ വര്‍ഷമായി സംസാരിക്കുന്നതാണ്. എന്റെ കൊച്ചുമകളേയെന്ന തരത്തില്‍ ചക്കരക്കൊച്ചെയെന്നാണ് ഞാന്‍ സരിതയെ വിളിക്കുന്നത്. നിരപരാധിയായ മാന്യയായ ഒരു പെണ്‍കുട്ടി വ്യവസായ സംരംഭവുമായി ഇറങ്ങി തിരിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയത്തിലെ നരാധരാന്മാര്‍ നശിപ്പിച്ച പാവപ്പെട്ട സ്ത്രീയാണത്. പിണറായിക്കും വേണമെങ്കില്‍ ചാക്കിടാം.

അവരെ നശിപ്പിച്ചവര്‍ക്കെതിരെ സരിത കേസ് കൊടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആ സിബിഐ ചോദ്യം ചെയ്യാന്‍ എന്നെ വിളിക്കുന്നുണ്ട്. സരിത കൊടുത്ത മൊഴിക്കകത്ത് കാര്യങ്ങളെല്ലാം പിസി ജോര്‍ജിന് അറിയാം എന്ന് പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ പോയിട്ടില്ല. തിരക്ക് കാരണം. അതാണ് ഞാനും അവരും തമ്മിലുള്ള ബന്ധം. സഹോദരനെ പോലെ പെരുമാറിയത് പി സി ജോര്‍ജ് മാത്രമാണെന്ന് സരിത പറയുകയും ചെയ്തിരുന്നു.ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം കാണണമെന്ന് സ്വപ്ന ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരില്‍ ഞങ്ങള്‍ കണ്ടത്. തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ വെ്ച്ചാണ് കണ്ടത്.

അവരുടെ കൈപ്പടയില്‍ അവര്‍ എഴുതിയ പേപ്പറാണിത്. ഗസ്റ്റ് റൂമിലുള്ള പേപ്പറാണിത്. വെള്ളപേപ്പര്‍ കിട്ടാത്തതിനാലാണ് ഇതില്‍ എഴുതിയത്. ഒരു സ്ത്രീയോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ഇത് വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. പിണറായിയുടെ ചരിത്രം ഉള്‍പ്പെടെ ഇതില്‍ ഉണ്ട്. മുഖ്യമന്ത്രി നേരിട്ട് കച്ചവടം നടത്തിയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ച് പോയി. 'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്‌നാ സുരേഷിനെ വിളിച്ചു. ദുബായില്‍ നിന്നും പോകേണ്ട സീറ്റ് ശരിപ്പെടുത്താന്‍ പറഞ്ഞു. ആദ്യമായിട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്ന് വിളിക്കുന്നത്. അത് പ്രകാരം എല്ലാ കാര്യങ്ങളും സെറ്റ് ചെയ്തു. അങ്ങനെ മുഖ്യമന്ത്രി പോയി. എന്നാല്‍ മുഖ്യമന്ത്രി ഒരു ബാഗ് കൊണ്ടുപോയില്ലായെന്ന് ശിവശങ്കര്‍ രണ്ടാമതും വിളിച്ച് സ്വപ്നയെ അറിയിക്കുകയായിരുന്നു. അതും എത്തിച്ച്‌കൊടുക്കണമെന്ന് പറഞ്ഞു.

അങ്ങനെ ഒരു ഉദ്യോഗസ്ഥനെ വിളിച്ച് അതും എത്തിച്ച് കൊടുത്തു. സ്‌കാന്‍ ചെയ്തപ്പോള്‍ നോട്ട് കെട്ടുകളായിരുന്നു. അന്ന് സരിത്താണ് പിആര്‍ഒ. മുഖ്യമന്ത്രി പറഞ്ഞതാണല്ലോയെന്ന് പറഞ്ഞ് അയച്ചു. താമസിയാതെ തിരിച്ച് മറ്റൊരു ബാഗേജ് വന്നു. നയതന്ത്ര ബാഗേജ് ആയതിനാല്‍ ആരും പരിശോധിച്ചില്ല. സരിത്തിന്റെ വീട്ടിലേക്കാണ് പാര്‍സല്‍ പോയത്. കസ്റ്റംസ് ബാഗേജ് തുറക്കണം എന്നാവശ്യപ്പെട്ടു. അതിനിടെ ശിവശങ്കര്‍ വിളിച്ച് അത് തുറക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. കസ്റ്റംസ് തുറന്നു. മുപ്പത് കിലോ സ്വര്‍ണം കിട്ടി. അതില്‍ ശിവശങ്കറും സ്വപ്‌നയും സരിത്തുമെല്ലാം പ്രതിയായി. പക്ഷെ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി.എന്‍ഐഎ അന്വേഷിച്ച കേസില്‍ ശിവശങ്കര്‍ ജയിലില്‍ പോയി മൂന്നാം മാസം പുറത്തിറങ്ങി സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി.

Advertisment