Advertisment

കടുത്തുരുത്തി സമ്മേളനത്തില്‍ ജനം കുറഞ്ഞതിനെ ചൊല്ലി ജോസഫ് ഗ്രൂപ്പില്‍ തര്‍ക്കം ? ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് കടുത്തുരുത്തിയില്‍ വീണ്ടും സമ്മേളനം നടത്തണമെന്ന് മോന്‍സ് ജോസഫിന് ജോസഫിന്‍റെ നിര്‍ദേശം. 'പുത്തന്‍' ജോസഫുകാര്‍ പാരവച്ചെന്ന് പരമ്പരാഗത ജോസഫുകാര്‍ !!

New Update

publive-image

Advertisment

< ജോസഫ് വിഭാഗം വ്യാഴാഴ്ച നടത്തിയ കടുത്തുരുത്തി സമ്മേളനത്തില്‍ പിജെ ജോസഫ് പ്രസംഗിക്കുമ്പോള്‍ >

കോട്ടയം : ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയില്‍ നടത്തിയ റാലിയെ വെല്ലുവിളിച്ച് ജോസഫ് വിഭാഗം നടത്തിയ പ്രകടനത്തില്‍ ജനക്കൂട്ടം കുറഞ്ഞതിനെചൊല്ലി വിവാദം.

അയ്യായിരത്തോളം പേര്‍ പങ്കെടുത്ത ജോസ് കെ മാണി നയിച്ച പ്രകടനത്തിന് മറുപടിയായി മോന്‍സ് ജോസഫ് നയിച്ച പ്രകടനത്തില്‍ മുന്നൂറോളം പേരെ തികച്ചു പങ്കെടുപ്പിക്കാന്‍ കഴിയാതെ വന്നതിനെ ജോസ് വിഭാഗം കളിയാക്കുന്നതിനിടെ ഇത് ജോസഫ് വിഭാഗത്തിലും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ആള്‍ക്കൂട്ടം കുറഞ്ഞതിനു മോന്‍സ് ജോസഫിനെ പിജെ ജോസഫ് ശാസിക്കുന്നത് വരെ തര്‍ക്കം എത്തിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ആളുകളെ സംഘടിപ്പിച്ചു വീണ്ടും പൊതുസമ്മേളനവും പ്രകടനവും നടത്തണമെന്ന് പിജെ ജോസഫ് മോന്‍സിന് നിര്‍ദേശവും നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ട് .

കേരള കോണ്‍ഗ്രസുകളുടെ ഏറ്റവും വലിയ തട്ടകമായ കടുത്തുരുത്തിയില്‍ പിജെ ജോസഫ് പ്രസംഗിക്കുമ്പോള്‍ മുന്നൂറു പേര്‍ തികച്ചു സദസില്‍ ഉണ്ടായിരുന്നില്ല . ശുഷ്കമായ വേദിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി ജോസ് വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ജോസഫ് വിഭാഗത്തിനു നാണക്കേടായി.

publive-image

എന്നാല്‍ ആള്‍ക്കൂട്ടം കുറഞ്ഞത് മാണി വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തിലേയ്ക്ക് വന്ന  മാണി വിഭാഗം നേതാക്കള്‍ വേണ്ടത്ര സഹകരിക്കാതിരുന്നത് മൂലമാണെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആരോപണം.

മാണി വിഭാഗത്തില്‍ നിന്നും എത്തിയ സജി മഞ്ഞക്കടമ്പനാണ് ജോസഫ് വിഭാഗത്തിന്‍റെ ജില്ലാ പ്രസിഡന്‍റ്. സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ജോസഫ് ഗ്രൂപ്പിനകത്തെ പരമ്പരാഗത ജോസഫ് വിഭാഗവും മാണി ഗ്രൂപ്പില്‍ നിന്നെത്തിയ 'പുത്തന്‍' ജോസഫുകാരും തമ്മില്‍ കിടമത്സരം നിലനില്‍ക്കുന്നുണ്ട്.

publive-image

< വ്യാഴാഴ്ചത്തെ കടുത്തുരുത്തി സമ്മേളനത്തില്‍ മോന്‍സ് ജോസഫ് പ്രസംഗിക്കുമ്പോള്‍ >

പഴയ ജോസഫ് വിഭാഗം നേതാവ് വിജെ ലാലിയെ കോട്ടയം ജില്ലാ പ്രസിഡന്‍റ് ആക്കാനായിരുന്നു ജോസഫ് വിഭാഗത്തിന് താല്‍പര്യം. എന്നാല്‍ സി എഫ് തോമസിന്‍റെയും പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ സജി മഞ്ഞക്കടമ്പന് അനുകൂലമായിരുന്നു. ഈ തര്‍ക്കം കടുത്തുരുത്തി പരിപാടിയിലും പ്രതിഫലിക്കുകയായിരുന്നു.

ഒരു മാസം മുന്‍പ് തീരുമാനിച്ച കടുത്തുരുത്തി സമ്മേളനം ജോസഫ് വിഭാഗത്തിലെ ചില ഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കാരണം 2 തവണ മാറ്റിവച്ച് മൂന്നാം തവണയാണ് നടത്താന്‍ കഴിഞ്ഞത്.

publive-image

< ജോസ് കെ മാണി വിഭാഗം കഴിഞ്ഞ മാസം നടത്തിയ കടുത്തുരുത്തി പ്രകടനം >

മോന്‍സിന്‍റെ സ്വന്തം തട്ടകമായ കടുത്തുരുത്തിയില്‍ നടത്തുന്ന സമ്മേളനം ജോസ് വിഭാഗത്തെ തോല്‍പ്പിക്കുന്ന വിധമായിരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പിജെ ജോസഫ് നല്‍കിയിരുന്നത്.

പാലായിലെയും കടുത്തുരുത്തിയിലെയും സമ്മേളനങ്ങള്‍ കഴിയുമ്പോള്‍ പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പമെന്നു മനസിലാകുമെന്ന് പിജെ ജോസഫ് പരസ്യ വെല്ലുവിളിയും നടത്തിയിരുന്നു.

എന്നിട്ടും സംഘാടകരുടെ ഭാഗത്തുനിന്നും വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പിജെ ജോസഫിനും കൂട്ടര്‍ക്കും. ജോസ് പക്ഷം ജോസഫ് പ്രസംഗിക്കുന്ന സമയത്തെ ആള്‍ക്കൂട്ടത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.

pj joseph jose k mani pj joseph and jose k mani
Advertisment