Advertisment

അധികമാരും വീട്ടിനകത്ത് വളര്‍ത്താത്തതും മറ്റേതൊരു ഇന്‍ഡോര്‍ പ്ലാന്‍റിനെപ്പോലെയും നട്ടുപിടിപ്പിക്കാവുന്നതുമായ ചില ചെടികള്‍ ഇതാ...!

author-image
സത്യം ഡെസ്ക്
New Update

ചില പൂച്ചെടികള്‍ ഇന്‍ഡോര്‍ ആയും ഔട്ട്‌ഡോര്‍ ആയും വളര്‍ത്താവുന്നതാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാലാവസ്ഥ ഇഷ്ടപ്പെടുന്ന പല ചെടികളെയും വീട്ടിനുള്ളിലും വളര്‍ത്താം. എന്നാല്‍, അധികമാരും വീട്ടിനകത്ത് വളര്‍ത്താത്തതും മറ്റേതൊരു ഇന്‍ഡോര്‍ പ്ലാന്‍റിനെപ്പോലെയും നട്ടുപിടിപ്പിക്കാവുന്നതുമായ ചില ചെടികള്‍ ഇതാ...

Advertisment

publive-image

ആന്തൂറിയം

ഫ്ലമിങ്ങോ ഫളവര്‍ എന്നിറിയപ്പെടുന്ന ഈ ചെടി പെയിന്‍റേഴ്‌സ് പാലെറ്റ്, ടെയ്ല്‍ ഫ്‌ളവര്‍ എന്നീ പേരുകളിലും വിളിക്കപ്പെടുന്നു. അനുകൂല കാലാവസ്ഥയാണെങ്കില്‍ മിക്കവാറും വര്‍ഷം മുഴുവനും തന്നെ പൂക്കളുണ്ടാകുന്ന ചെടിയാണിത്.

ആന്തൂറിയം പൂക്കള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതിനാല്‍ അലങ്കാരത്തിന് ഉപയോഗിക്കാനായി പല സ്ഥലങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. വീടിനകത്ത് വളര്‍ത്തിയാല്‍ വായുവിലുള്ള വിഷാംശങ്ങളായ ഫോര്‍മാല്‍ഡിഹൈഡ്, അമോണിയ, ടൈലിന്‍ എന്നിവ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. പകുതി തണലുള്ളതും അല്‍പം ചൂടുള്ളതുമായ അന്തരീക്ഷമാണ് ആന്തൂറിയം ചെടികള്‍ ഇഷ്ടപ്പെടുന്നത്.

പച്ചച്ചാണക സ്‌ളറി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവയെല്ലാം വളമായി നല്‍കാം. നേരിട്ട് സൂര്യപ്രകാശം ഇലകളില്‍ പതിച്ചാല്‍ കരിഞ്ഞുപോകും. അതുപോലെ കൂടുതല്‍ നനച്ചാല്‍ വേര് ചീയലിന് കാരണമാകും.

പൂച്ചവാലന്‍ ചെടി

നീളമുള്ളതും മൃദുലമായതും രോമങ്ങളുള്ളതുമായ ഈ പൂവ് പൂച്ചയുടെയും കുറുക്കന്റെയും കുരങ്ങന്റെയുമൊക്കെ വാലിനെ അനുസ്മരിപ്പിക്കുന്നതുകൊണ്ട് പല പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഏകദേശം രണ്ടടി നീളത്തിലുള്ള പൂക്കള്‍ ഇരുണ്ട പിങ്ക് നിറത്തിലും കടും ചുവപ്പ് നിറത്തിലും കാണപ്പെടുന്നുണ്ട്.

ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ചെടിയാണിത്. തൂക്കിയിട്ട് വളര്‍ത്താന്‍ യോജിച്ച ചെടിയാണിത്. വളരെ പോഷകമുള്ള മണ്ണില്‍ എളുപ്പത്തില്‍ വളര്‍ന്ന് പുഷ്പിക്കുന്ന ചെടിയാണ്. കമ്പ് മുറിച്ച് നട്ട് വളര്‍ത്താം. ഈ കമ്പുകള്‍ മണല്‍ കലര്‍ത്തിയ മണ്ണില്‍ ജൈവവളം ചേര്‍ത്ത് വേര് പിടിപ്പിക്കാം.

മുല്ല

നല്ല ഭംഗിയുള്ള പൂക്കള്‍ക്ക് അത്രമേല്‍ സുഗന്ധവുമുണ്ടെന്നതാണ് പ്രത്യേകത. വേനല്‍ക്കാലത്തിന് മുമ്പായി പൂക്കുന്ന മുല്ലയ്ക്ക് വെളുത്ത് നിറം മാത്രമല്ല, പിങ്കും മങ്ങിയ മഞ്ഞനിറവുമുള്ള പൂക്കളുള്ള ഇനവുമുണ്ട്.

നല്ല സൂര്യപ്രകാശത്തില്‍ വീടിന് പുറത്തു വളര്‍ത്തുമെങ്കിലും പകുതി തണലത്തും വളര്‍ത്താവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് വേണമെന്ന് മാത്രം.

മണ്ണും മണലും ചാണകപ്പൊടിയും തുല്യ അളവില്‍ എടുത്ത് ചട്ടിയില്‍ നിറയ്ക്കാം. ചട്ടിയില്‍ നൂറ് ഗ്രാം കുമ്മായവും അന്‍പത് ഗ്രാം വേപ്പിന്‍ പിണ്ണാക്കും നിറച്ച് രണ്ടു ദിവസം വെച്ച് നനച്ചുകൊടുക്കണം. ഇതിലേക്ക് വേരോടുകൂടിയ തൈകള്‍ നടണം. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പോട്ടിങ്ങ് മിശ്രിതം മാറ്റി നടണം.

ബേര്‍ഡ് ഓഫ് പാരഡൈസ്

പിങ്കും നീലയും ഓറഞ്ചും പച്ചയും നിറങ്ങളില്‍ കാണപ്പെടുന്ന ഈ ചെടി ഏകദേശം ആറ് അടി ഉയരത്തില്‍ വളരും. പൂക്കള്‍ക്ക് പക്ഷികളുടെ ശരീരപ്രകൃതിയോട് സാമ്യമുള്ളതിനാലാണ് ഈ പേര് വന്നത്.

റോയല്‍ ഹോള്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ അവാര്‍ഡ് നേടിയ ചെടിയാണിത്. നല്ല നീര്‍വാര്‍ച്ചയുള്ളതും വളക്കൂറുള്ളതുമായ മണ്ണില്‍ നന്നായി വളരും. തണുപ്പുള്ള കാലാവസ്ഥയില്‍ വീട്ടിനകത്ത് വളര്‍ത്താന്‍ യോജിച്ച ഇനമാണിത്. പൂക്കളുണ്ടാകാത്ത സമയത്തും ഈ ചെടികളുടെ കൗതുകമുള്ള ഇലകള്‍ ഏറെ ആകര്‍ഷണീയമാണ്.

ഹെലിക്കോണിയ

ബൊളീവിയയിലെ ഔദ്യോഗിക പുഷ്പമായ ഹെലിക്കോണിയ കേരളത്തില്‍ വളരെ നന്നായി വളരുന്നതാണ്. വാഴയ്ക്ക് സമാനമായ ഇലകളോടുകൂടിയ ഈ ചെടി ഏകദേശം നാല് അടി ഉയരത്തില്‍ വളരും. വേനല്‍ക്കാലത്ത് പൂക്കളുണ്ടാകും.

പൂമ്പാറ്റകളെയും ഹമ്മിങ്ങ് ബേര്‍ഡ് അടക്കമുള്ള ചില പക്ഷികളെയും ആകര്‍ഷിക്കുന്ന പൂക്കള്‍ ആഴ്ചകളോളം നിലനില്‍ക്കും. ഈര്‍പ്പമുള്ള മണ്ണിലാണ് നന്നായി വളര്‍ന്ന് പുഷ്പിക്കുന്നത്. ഹെലിക്കോണിയയുടെ കിഴങ്ങാണ് നടീല്‍ വസ്തു.

jasmine flower garden
Advertisment