Advertisment

പത്മ' ജനങ്ങളുടെ പുരസ്‌കാരം, അക്രമം പരിഹാരമാര്‍ഗമല്ല: നരേന്ദ്ര മോഡി

New Update

ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ 'ജനങ്ങളുടെ' പുരസ്‌കാരമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. നേരത്തെ, തിരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം പേരായിരുന്നു പത്മ ജേതാക്കളെ കണ്ടെത്തിയിരുന്നത്. ഇന്ന് ആ തീരുമാനമെടുക്കുന്നത് ജനങ്ങളാണ്. ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ക്കായി 46,000 പേരുടെ നാമനിര്‍ദേശമാണു ലഭിച്ചത്.

Advertisment

publive-image

2014-ല്‍ ലഭിച്ചതിനേക്കാള്‍ 20 മടങ്ങ് അധികമായിരുന്നു അത്. ഇവരില്‍ നിന്ന് 141 പേര്‍ക്ക് പുരസ്‌കാരം നല്‍കാനായിരുന്നു തീരുമാനം. ഈ കണക്ക് സൂചിപ്പിക്കുന്നത് ജനങ്ങളുടെ പുരസ്‌കാരമായി 'പത്മ' മാറിയെന്നാണ്. പുരസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിലവില്‍ ഓണ്‍ലൈനായാണു നടപ്പാക്കുന്നത്. നേരത്തെ അത് ചിലരുടെ കുത്തകയായിരുന്നെന്നും പ്രതിമാസ റേഡിയോ പ്രഭാഷണമായ 'മന്‍ കി ബാത്തില്‍' പ്രധാനമന്ത്രി പറഞ്ഞു.

അക്രമങ്ങള്‍ ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും പറഞ്ഞു. ഒരു പ്രശ്‌നം മറികടക്കാന്‍ മറ്റൊരു പ്രശ്‌നമുണ്ടാക്കിയിട്ടു കാര്യമില്ലെന്നും അക്രമത്തിലൂടെയും ആയുധങ്ങളിലൂടെയും പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നവര്‍ മുഖ്യധാരയിലേക്കു മടങ്ങിവരണം. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവരുടെയും ഇന്ത്യയുടെയും കഴിവില്‍ വിശ്വാസമര്‍പ്പിക്കണമെന്നും 2020-ലെ ആദ്യ മന്‍ കി ബാത്തിലൂടെ മോദി ആഹ്വാനം ചെയ്തു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങളുടെ ആക്രമണം കുറഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു 'അക്രമം യാതൊന്നിനും പരിഹാരമല്ലെന്ന' പ്രധാനമന്ത്രിയുടെ പ്രസ്താവന. സമാധാനപരമായുള്ള പ്രശ്‌നപരിഹാരത്തിന് ഇന്ത്യക്കാര്‍ മുന്നോട്ടു വരണമെന്നും അതുവഴി ഇന്ത്യയെ മുന്നോട്ടു നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസം മുന്‍പ് വിവിധ സായുധ സംഘങ്ങളിലെ 644 പേരാണ് ആയുധംവച്ചു കീഴടങ്ങിയത്. ഒരിക്കല്‍ ആയുധങ്ങളില്‍ വിശ്വസിച്ചിരുന്നവര്‍ പോലും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി സമാധാനത്തിന്റെയും ഐക്യത്തിന്റെയും വഴി സ്വീകരിക്കാന്‍ ഇന്നു തയാറാകുന്നു. ത്രിപുരയില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 80 പേരാണു കീഴടങ്ങിയത്.

2022-ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യ. ആ വര്‍ഷം തന്നെ ഇന്ത്യക്കാരനെ ഗഗന്‍യാന്‍ പദ്ധതിയിലൂടെ ബഹിരാകാശത്തെത്തിക്കും. ഇതിനു വേണ്ടി വ്യോമസേനയുടെ നാലു പൈലറ്റുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ കഴിവിനെയും ധൈര്യത്തെയും സ്വപ്നങ്ങളെയുമാണ് ആ ചെറുപ്പക്കാര്‍ പ്രതിനിധാനം ചെയ്യുന്നത്. നാലുപേരും ഏതാനും ദിവസങ്ങള്‍ക്കകം പരിശീലനത്തിനായി റഷ്യയിലേക്കു തിരിക്കും. ഇന്ത്യ-റഷ്യ സൗഹൃദത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയ അധ്യായമായിരിക്കും ഇതെന്നും മോഡി പറഞ്ഞു.

modi man ki bath pm
Advertisment