Advertisment

അസാധ്യമായിട്ട് ഒന്നുമില്ല; പെട്രോള്‍ പമ്പ് ജീവനക്കാരനായ അച്ഛന്‍ മകനെ പഠിപ്പിച്ചത് വീട് വിറ്റ്, വാടകവീട്ടിലേക്ക് മകന്‍ കൊണ്ടുവന്നത് സിവില്‍സര്‍വ്വീസ് പരീക്ഷയുടെ ഒന്നാം റാങ്ക് തിളക്കം!

New Update

ഡല്‍ഹി:  കഷ്ടപ്പാടുകളും യാതനകളും നിറഞ്ഞ ജീവിതത്തിനിടെയാണ് മധ്യപ്രദേശില്‍ നിന്നുളള ഈ 24കാരന്‍ സ്വപ്‌നം സാക്ഷാത്കരിച്ചത്. ഏറ്റവും ചെറിയ പ്രായത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമത് എത്തുന്നവരുടെ കൂട്ടത്തിലാണ് ഇന്‍ഡോര്‍ സ്വദേശിയായ ഈ ചെറുപ്പക്കാരനും ഇടംപിടിച്ചത്. പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മകനാണ് പ്രദീപ് സിങ്.

Advertisment

publive-image

മകന്റെ കഴിവിലുളള വിശ്വാസം മുന്‍നിര്‍ത്തി സ്വന്തം വീട് വില്‍ക്കാനുളള തീരുമാനത്തില്‍ ഒരു പുനരാലോചനയ്ക്ക് പോലും തയ്യാറാവാതെയാണ് പ്രദീപ് സിങ്ങിന്റെ പഠനത്തിന് അച്ഛന്‍ പിന്തുണ നല്‍കിയത്. നിലവില്‍ വാടക വീട്ടിലാണ് പെട്രോള്‍ പമ്പ് ജീവനക്കാരനും ബിഹാറിലെ ഗോപാല്‍ ഗഞ്ച് സ്വദേശിയുമായ മനോജ് സിങ്ങും കുടുംബവും കഴിയുന്നത്.

1996ലാണ് പ്രദീപ് സിങ്ങ് ജനിച്ചത്. ബികോമില്‍ ബിരുദം എടുത്ത പ്രദീപ് സിങ്ങിന് ചെറുപ്പക്കാലം മുതല്‍ തന്നെ ഐഎഎസ് ഒരു സ്വപ്‌നമായിരുന്നു. കുട്ടിക്കാലത്ത് ഐഎഎസ് എന്താണ് എന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. മാതാപിതാക്കളില്‍ നിന്ന് കേട്ടറിഞ്ഞ വിവിധ പരീക്ഷകളില്‍ വിജയം കൈവരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കഥകളാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസില്‍ പൂവിടാന്‍ ഇടയാക്കിയത്.

സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഡല്‍ഹിയില്‍ താമസിച്ചാണ് പ്രദീപ് സിങ്ങ് പഠിച്ചത്. പഠനത്തിനും താമസത്തിനുമുളള ചെലവിന് സ്വന്തം വീട് വില്‍ക്കാന്‍ അച്ഛനായ മനോജ് സിങ്ങിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മകന്റെ കഴിവില്‍ അത്രയ്ക്ക് വിശ്വാസമായിരുന്നു മനോജ് സിങ്ങിന്. തുടര്‍ന്ന് വാടകയ്ക്ക് കുടുംബസമ്മേതം മനോജ് സിങ്ങ് താമസിക്കുന്നതിനിടെയാണ് മകനെ കുറിച്ചുളള സന്തോഷ വാര്‍ത്ത വന്നത്.

നിലവില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ്ങ് വെളുപ്പിന് എഴുന്നേറ്റാണ് പഠനം ആരംഭിക്കുന്നത്. കോച്ചിങ്ങിനെക്കാള്‍ അധ്വാനത്തിനാണ് പ്രദീപ് സിങ്ങ് വില കല്‍പ്പിക്കുന്നത്. തന്റെ നേട്ടത്തിന്റെ 90 ശതമാനവും അധ്വാനത്തിനാണ് യുവാവ് നീക്കിവെയ്ക്കുന്നത്.

civil service pradeep singh ias
Advertisment