Advertisment

"മണ്ണെണ്ണയ്ക്ക് വിലക്കൂടുതലാണ്, ഇത്രക്കെന്തിനൊഴിക്കുന്നു" ? ഭാര്യയുടെ ആത്മഹത്യ മൊബൈലില്‍ പകര്‍ത്തിയ ഭര്‍ത്താവ് ചോദിച്ചത് ഇങ്ങനെ !! രാജ്യത്തെ ഞെട്ടിച്ച സ്ത്രീധനപീഢനത്തിന്‍റെ പിന്നിലെ കഥയിങ്ങനെ...

New Update

publive-image

Advertisment

ഭാര്യ ആത്മഹത്യ ചെയ്യുന്ന വീഡിയോ എടുത്തുകൊണ്ട് ഭർത്താവ് പറഞ്ഞു "മണ്ണെണ്ണയ്ക്ക് വിലക്കൂടുതലാണ്, ഇത്രക്കെന്തിനൊഴിക്കുന്നു" ?

അതിക്രൂരവും അമാനവീയവുമായ ഒരു കൊലപാതകത്തിൻ്റെ കഥയാണിത്. ഇക്കഴിഞ്ഞ നവംബർ 20 ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള 'ഗുഡാദൗടുജി' പോലീസ് സ്റ്റേഷനതിർത്തിയിൽ "ഭോഡ്ക്കി" എന്ന ഗ്രാമത്തിൽ നടന്നതാണ്.

അനിൽകുമാർ എന്ന വ്യക്തിയുടെ ഭാര്യയായിരുന്നു മനീഷ എന്ന ഗ്രഹണി. 2012 ലാണ് ഇവർ വിവാഹിതരായത്. രണ്ടുമക്കളുമുണ്ട്. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് നിരന്തരമായി മനീഷയെ പലതവണ പീഡിപ്പിച്ചിരുന്നു. ഒരുതവണ കൊലപ്പെടുത്താനും ശ്രമം നടന്നതായി മനീഷയുടെ സഹോദരൻ പവൻ പറയുന്നു.

publive-image

സംഭവദിവസം സ്ത്രീധനത്തെച്ചൊല്ലി അനിൽകുമാറും മനീഷയും വഴക്കിടുകയും അനിൽ, മനീഷയെ തല്ലുകയും ചെയ്തതായി പറയുന്നു. സഹികെട്ടാവണം ആത്മഹത്യചെയ്യാനായി മനീഷ മണ്ണെണ്ണ കാൻ എടുത്തു ശരീരത്തേക്ക് മണ്ണെണ്ണ ഒഴിക്കവേ തൻ്റെ മൊബൈലിൽ അത് ഷൂട്ടു ചെയ്തുകൊണ്ട് ഭർത്താവായ അനിൽ പറഞ്ഞത് " മണ്ണെണ്ണയ്ക്ക് വിലക്കൂടുതലാണ് , ഇത്രക്കെന്തിനൊഴിക്കുന്നു?" എന്ന്. (മട്ടിതേൽ മെഹംഗാ ഹേയ്, ഇത്നാ ക്യോo ഡാൽരെഹേ ഹോ ?)

അനിലിന്റെ വാക്കുകേട്ടതും മനീഷ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിക്കൊണ്ട് വീടിനുപുറത്തേക്കോടി. കുട്ടികൾ ഉറക്കെ നിലവിളിക്കുന്നതും ആളുകളുടെ ഒച്ചപ്പാടും വീഡിയോയിൽ പകർത്തപ്പെട്ടു. കമ്പിളി കൊണ്ടുവരാൻ ആരോ പറയുന്നതും കേൾക്കാമായിരുന്നു.

ഭർത്താവിന്റെ ഹീനകൃത്യം അവിടെയും അവസാനിച്ചില്ല. മനീഷ സ്വന്തം ശരീരത്ത് തീകൊളുത്തി പുറത്തേക്കോടി വഴിയിൽ വീണുപിടയുന്നതുൾപ്പെടെ അയാൾ പകർത്തിയ ദൃശ്യങ്ങൾ അനിൽകുമാർ, മനീഷയുടെ സഹോദരനും വീട്ടുകാർക്കും അപ്പോൾത്തന്നെ വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാർ മനീഷയുടെ ശരീരത്തെ തീകെടുത്തി ഉടൻതന്നെ ജുൻജുനുവിലെ എസ് കെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നതിനാൽ ജയ്‌പ്പൂരിലേക്കു റെഫർ ചെയ്യുകയാ യിരുന്നു. നവംബര്‍ 22 ന് മനീഷ മരിക്കുകയും ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അനിൽകുമാർ, അയാളുടെ ജ്യേഷ്ഠൻ, മാതാപിതാക്കൾ, അമ്മാവൻ, അമ്മാവി എന്നിങ്ങനെ 6 പേരേ പോലീസ് കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരേ ഐപിസി 498 എ (സ്ത്രീധനപീഡനം) 306 (ആത്മഹത്യക്ക് പ്രേരിപ്പിക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്ത് ജയിലിലടച്ചതായും ജുൻജുനു എസ് പി ദേഹരി സിംഗ് അറിയിച്ചു.

സാധു പ്രകൃതക്കാരിയായിരുന്ന മനീഷ ഗ്രാമീണരോടെല്ലാം നല്ല സൗഹൃദം പുലർത്തിയിരുന്നതായി അയൽവാസികൾ ഓർക്കുന്നു. 8 വർഷം ഒപ്പം താമസിക്കുകയും തൻ്റെ രണ്ടുമക്കളുടെ അമ്മയുമായിരുന്ന ഭാര്യയെ സ്വന്തം ഭർത്താവുതന്നെ സ്ത്രീധനത്തിനുവേണ്ടി ഇത്ര ക്രൂരമായി കൊലയ്ക്കുകൊടുത്ത സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഭോഡ്ക്കി ഗ്രാമീണർ.

voices
Advertisment